Monday 10 August 2020 04:54 PM IST : By സ്വന്തം ലേഖകൻ

അപകടം അവന്‍ മുന്‍കൂട്ടി കണ്ടപോലെ; പാവങ്ങള്‍ക്ക് ഭക്ഷണത്തിന് ഒരു സംഖ്യ ഏല്‍പ്പിച്ചാണ് പോയത്; ചങ്ങാതിയുടെ കുറിപ്പ്

sharafu

കരിപ്പൂര്‍ വിമാന ദുരന്തത്തിലെ നൊമ്പരക്കാഴ്ചയായിരുന്നു ഷറഫു. കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് യാത്ര തിരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ മരണമാണ് വേദനകള്‍ക്കു മേല്‍ വേദന പടര്‍ത്തുന്നത്. യാത്രയ്ക്കിടെ 'ബാക് ടു ഹോം' എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം ഷറഫു പോസ്റ്റ് ചെയ്തിരുന്നു. ഭാര്യക്കും മകള്‍ക്കുമൊപ്പമിരിക്കുന്ന ചിത്രത്തിന് തലക്കെട്ടായായിരുന്നു ഷറഫുവിന്റെ വാക്കുകള്‍. തന്നെ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷമേറ്റി ഷറഫു ഇട്ട ആ ഒറ്റവരി വാചകം പ്രിയപ്പെട്ടവര്‍ക്ക് സന്തോഷത്തിനു പകരം സമ്മാനിച്ചത് തോരാത്ത കണ്ണീര്‍. 

നാട്ടിലേക്കുള്ള ടിക്കറ്റുറപ്പിക്കും മുമ്പ് പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞ് ഒരു തുക നല്‍കിയാണ് പ്രിയസുഹൃത്ത് ഷറഫു യാത്രയായതെന്ന് സുഹൃത്ത് ഷാഫി പറക്കുളം തന്റ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നെ കാണാന്‍ വന്നെന്നും അകാരണമായി മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രത്യേക ടെന്‍ഷന്‍ തോന്നുന്നുവെന്ന് പറഞ്ഞ് ഷറഫു കരഞ്ഞെന്നും ഷാഫി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

അപകടത്തില്‍ പരുക്കേറ്റ ഷറഫുവിന്റെ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. നല്ലൊരു സൗഹൃദ വലത്തിനുടമയായ ഇദ്ദേഹത്തെ പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ സുഹൃത്തുക്കള്‍ കണ്ടിരുന്നില്ല. സാമൂഹിക രംഗത്തും സജീവമായിരുന്ന ഷറഫു സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു.വിമാന അപകടമുണ്ടായ ഉടന്‍ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു. എന്നാല്‍ എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ പട്ടികയില്‍ ആദ്യം തന്നെ ഷറഫുവിന്റെ പേര് തെളിഞ്ഞു. ഇതോടെ സുഹൃത്തുക്കള്‍ പരസ്പരം ഫോണ്‍ വിളിച്ച് സങ്കടം പങ്കുവച്ചു. അതോടൊപ്പം ഷറഫുവിന്റെ പ്രിയതമയെയും പൊന്നുമോളെയും കുറിച്ച് അന്വേഷണവും ആരംഭിച്ചു. അവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന പ്രാര്‍ഥനയിലാണ് എല്ലാവരും. 

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്..നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു..എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ..പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്..കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു...ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..ആമീന്‍ യാ റബ്ബല്‍ ആലമീന്‍.ഷാഫി പറക്കുളം.