Tuesday 03 December 2019 11:16 AM IST : By സ്വന്തം ലേഖകൻ

‘വിശക്കുമ്പോൾ ഞങ്ങളെല്ലാം മണ്ണുവാരിത്തിന്നും...’! കേരളത്തിന്റെ നെഞ്ചു പിളർത്ത് ആ കുരുന്നിന്റെ വാക്കുകൾ: നടുക്കുന്ന സത്യം

sreedevi

വിശപ്പ് സഹിക്ക വയ്യാതെ അഴുക്കും മാലിന്യങ്ങളും കുഴഞ്ഞ മണ്ണ് വാരിത്തിന്നുന്ന നാലു കുട്ടികൾ. പട്ടിണി കൊണ്ടു വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങൾ. ഇവരെ ചേർത്തു പിടിച്ച് ഹൃദയം നൊന്ത് നിസഹായയായ ഒരു അമ്മ. തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്തെ, മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഈ ദാരുണക്കാഴ്ച കേരളത്തിന്റെ നെഞ്ചു പിളർക്കുകയാണ്.

തിരുവനന്തപുരത്ത്, സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റർ മാത്രം അകലെ, ഉപ്പിടാംമൂട് പാലത്തിനു സമീപം റെയിൽവേ പുറമ്പോക്ക് കോളനിയിലാണ് ഫ്ലെക്സ് കൊണ്ടു മേഞ്ഞ, ബോർഡുകൾ വച്ചു മറച്ച ആ ഒറ്റമുറിക്കുടിൽ. അതിൽ മൂന്നു മാസം മുതൽ 7 വയസ്സു വരെയുള്ള 6 കുരുന്നുകൾ.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക്കും ജീവനക്കാരും അവിടെ ചെല്ലുമ്പോൾ കാണുന്നത് വിശപ്പു സഹിക്കാതെ മൂത്ത ആൺകുട്ടി മണ്ണുവാരി തിന്നുന്നതാണ്. താഴെയുള്ള മൂന്നു പേരും മണ്ണു തിന്നാറുണ്ടല്ലോയെന്ന് അവൻ നിഷ്കളങ്കമായി പറഞ്ഞു. അമ്മ ശ്രീദേവിയുടെ മടിയിൽ കിടന്നു വിശന്നു കരയുകയാണ് മൂന്നു മാസവും ഒന്നര വയസ്സുമുള്ള മറ്റു രണ്ടു കുഞ്ഞുങ്ങൾ. ആരുടെയും കണ്ണു നിറഞ്ഞുപോകുന്ന കാഴ്ച.

അച്ഛനെ അന്വേഷിച്ചപ്പോൾ കുട്ടികൾ ഭയന്നുവിറച്ചു: ‘‘അച്ഛൻ വന്നാൽ അടിക്കും, അമ്മയെയും അടിക്കും’’. മരംകയറ്റ തൊഴിലാളിയാണ് കുഞ്ഞുമോൻ. ശ്രീദേവിയുടെയും കുട്ടികളുടെ ശരീരത്തിൽ ക്രൂരതയുടെ മർദനപ്പാടുകൾ. സമിതി പ്രവർത്തകർ അടിയന്തരമായി എല്ലാവർക്കും ഭക്ഷണമെത്തിച്ചു. നിയമനടപടി പൂർത്തിയാക്കിയ ഇന്നലെ ഉച്ചയ്ക്കു വീണ്ടും എത്തിയപ്പോൾ തൊഴുകൈകളോടെ ശ്രീദേവി അപേക്ഷിച്ചു: ‘എന്റെ മക്കളെ ഏറ്റെടുക്കാമോ? ഭക്ഷണമെങ്കിലും കിട്ടുമല്ലോ?’

ഏഴും അഞ്ചും വയസ്സുള്ള ആൺകുട്ടികളെയും നാലും രണ്ടരയും വയസ്സുള്ള പെൺകുട്ടികളെയും അപ്പോൾ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ആൺകുട്ടികൾ സ്കൂളിൽ പോകുന്നവരാണ്.

സംഭവം കേരളമാകെ ചർച്ചയായതോടെ തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ സ്ഥലത്തെത്തി. ശ്രീദേവിക്ക് ഇന്നു തന്നെ കോർപറേഷനിൽ താൽക്കാലിക ജോലി നൽകുമെന്ന് ഉറപ്പു നൽകി. ഇളയ കുഞ്ഞുങ്ങൾക്കൊപ്പം ശ്രീദേവിയെ രാത്രിയോടെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്കും മാറ്റി. ശ്രീദേവിയുടെ മക്കളെ സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.