Tuesday 10 July 2018 03:15 PM IST

നമ്മളാകണം നമ്മുടെ ഹീറോ; വിജയരഹസ്യങ്ങള്‍ പങ്കുവച്ച് ഫെഡറൽ ബാങ്ക് സി ഒ ഒ ശാലിനി വാരിയര്‍

Shyama

Sub Editor

shalini_warrier1
ഫോട്ടോ: സരിൻ രാംദാസ്

ഇരുപത്തിയേഴു വർഷത്തെ ബാങ്കിങ് പരിചയമുണ്ട് ശാലിനി വാരിയര്‍ക്ക്. കയറി വന്ന വഴികളിൽ ആദ്യത്തെ സ്ത്രീ എന്ന ടാഗ് ലൈനുകൾ പല തവണ സ്വന്തമാക്കിയിട്ടുമുണ്ട്. സമ്പന്ന രാജ്യമായ ബ്രൂണൈ, ദരിദ്ര രാജ്യമായ ഇന്തൊനീഷ്യ, അയൽരാജ്യമായ പാക്കിസ്ഥാൻ, ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെട്ടിരുന്ന ആഫ്രിക്ക, പ്രവാസികളുടെ സ്വപ്നമായ ദുബായ് എന്നിങ്ങനെ പല നാടുകളിലായി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിനൊപ്പം ഇരുപത്തിയഞ്ചു വർഷം പ്രവർത്തിച്ച ശാലിനി ഇപ്പോൾ ഫെഡറൽ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ആലുവയിലുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം റാങ്കു മുതൽ തുടങ്ങുന്നു ശാലിനി എന്ന അൻപത്തിയൊന്നുകാരിയുടെ വിജയ യാത്രകളുടെ തുടക്കം.

ഇഷ്ടങ്ങളുടെ വഴിയേ

പാലക്കാടാണ് തറവാടെങ്കിലും അച്ഛന്റെ ജോലിയും സ്ഥലം മാറ്റവും കാരണം ഞാൻ രണ്ടാം ക്ലാസ് വരെ പഠിച്ചത് പുണെയിലാണ്. രണ്ടു തൊട്ട് പത്തു വരെ ചെന്നൈയിൽ, അതിനു ശേഷം ബെംഗളൂരുവിലേക്കു പോയി. സിഎ പഠിച്ചത് അവിടെയാണ്. ഒന്നാം റാങ്കുമായാണ് സിഎ പാസായത്. എന്റെ സഹോദരി ഡോക്ടറായിരുന്നു. എൻജിനീയറിങ്ങോ എംബിബിഎസ്സോ അല്ല എന്റെ വഴി എന്ന് അന്നേ മനസ്സിലാക്കിയതാണ്. ഒൻപതിലോ പത്തിലോ പഠിക്കുമ്പോഴാണ് എന്താകണം എന്നു ചിന്തിച്ചു തുടങ്ങിയത്. ബികോം പഠിക്കുമ്പോൾ എന്റെയൊരു സുഹൃത്തിന്റെ അച്ഛനെ പരിചയപ്പെട്ടു. അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. അദ്ദേഹത്തോടു സംസാരിച്ചപ്പോഴാണ് എന്റെ സ്ട്രങ്ത് അക്കങ്ങളാണെന്ന് ബോധ്യമായത്.

സിഎയ്ക്കു പഠിക്കുമ്പോൾ തന്നെ തോന്നിയിരുന്നു പ്രൈവറ്റ് പ്രാക്ടീസ് ചെയ്താൽ എനിക്ക് അതില്‍ ഒരു സംതൃപ്തി കിട്ടില്ലെന്ന്. അങ്ങനെ സ്വന്തമായി തിരഞ്ഞെടുത്തതാണ് ബാങ്കിങ്. സ്ത്രീകൾക്കു ബാങ്ക് തരുന്ന സാധ്യതകളേയും അവസരങ്ങളേയും കുറിച്ച് പഠിച്ചു വച്ചിരുന്നു. സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും, അതു നടപ്പിൽ വരുത്താനുള്ള പിന്തുണയും വീട്ടുകാർ തന്നു.

സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ (എസ്‌സി‌ബി) മാനേജ്മെന്റ് ട്രെയ്നിയായിട്ടായിരുന്ന് ആദ്യ നിയമനം. പതിനൊന്നു പേർ ജോയിൻ ചെയ്തതിൽ ഒരേയൊരു സ്ത്രീ ഞാനായിരുന്നു. പെണ്ണായതു കൊണ്ടു തന്നെ പലയിടത്തും രണ്ടു രീതിയിൽ മികവു തെളിയിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യം നല്ല എംപ്ലോയി എന്ന നിലയിലും രണ്ടാമത് പെണ്ണായതു കാരണം മറ്റുള്ളവരേക്കാൾ താഴ്ന്നു പോകില്ലെന്നും. സ്ത്രീകൾക്കു നല്ല സപ്പോ ർട്ട് തരുന്ന ബാങ്കായിരുന്നു എസ്‌സി‌ബി.

ഇന്ത്യക്കു പുറത്തുള്ള എന്റെ ആദ്യ നിയമനം ബ്രൂണൈയിലായിരുന്നു. ആ നാട്ടിലെ ആദ്യത്തെ വനിത ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായിരുന്നു ഞാൻ. ബാങ്കിന്റെ ജോലികളുമായി ബന്ധപ്പെട്ട് യുഎഇ, ബ്രൂണൈ, ഇന്തൊനീഷ്യ, ആഫ്രിക്ക, പാക്കിസ്ഥാൻ... അങ്ങനെ പല രാജ്യങ്ങളിൽ യാത്ര ചെയ്യാനുള്ള അവസരമുണ്ടായി. എസ്‌സിബി ഇന്റർനാഷനൽ എക്സ്പോഷർ തന്നപ്പോൾ ഫെഡറൽ ബാങ്ക് ഇന്ത്യയെ അറിയാൻ സഹായിച്ചു. ഒരിക്കൽ പോലും അറിയാതെ പോകുമായിരുന്ന ഇന്ത്യയുടെ ഉള്ളറകളിലേക്ക് ചെല്ലാൻ സാധിച്ചു. അവിടുത്തെ ആളുകളെ ബാങ്കുമായി അടുപ്പിക്കാൻ കഴിഞ്ഞു.

shalini_warrier3
1. ഘാനയിൽ നടന്ന ട്രെയിനിങ്ങിൽ 2. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒാഫ് ഇൻഡ്യ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമൊപ്പം

നാടും നഗരവും താണ്ടി

മൂന്നു ലക്ഷത്തിനടുത്ത് ആളുകൾ മാത്രം താമസിക്കുന്ന കൊച്ചു രാജ്യമാണു ബ്രൂെെണ. ആ നാടിന്റെ സംസ്കാരവും രീതികളും ഒന്നും അറിയാതെയാണ് അവിെട എത്തുന്നത്. വളരെ ആവേശമായിരുന്നു എനിക്ക്. പക്ഷേ, ചെന്നപ്പോൾ റിബലുകളായ ഒരുപറ്റം മനുഷ്യരുടെ ഇടയിൽപെട്ട അവസ്ഥ. അവർക്ക് എന്നോടുള്ളതു വ്യക്തിപരമായ ഇഷ്ടക്കേടല്ല എന്ന് അപ്പോഴേ മനസ്സിലായി. ആദ്യമായി ഓഫിസർ പോസ്റ്റിൽ ഒരു സ്ത്രീയെ കണ്ടതിന്റെ, മറ്റൊരു നാട്ടുകാരി വന്നതിന്റെയൊക്കെ ബുദ്ധിമുട്ട്. അവരുടെ സഹകരണം നേടുക എന്നതായിരുന്നു ആ ദ്യത്തെ വെല്ലുവിളി.

വെള്ളത്തിൽ ഊന്നി നിൽക്കുന്ന ‘വാട്ടർ ഹൗസ്’ ആണ് ബ്രൂണൈയുടെ പ്രത്യേകത. ക്യാംപോങ് അയർ (ജലഗ്രാമങ്ങൾ) തന്നെയുണ്ടവർക്ക്. സമ്പന്നരാണെങ്കിലും സാധാരണ ജീവിതരീതിയാണ്. ആളുകളെ നേരിട്ടു പോയി കണ്ട് സൗഹൃദം ഉണ്ടാക്കിയെടുത്തു. നാട്ടുകാരോടും അവിടുത്തെ ഗവൺമെന്റിനോടുമൊക്കെ ബാങ്കിങ്ങിനെ കുറിച്ചു മാത്രമല്ല, മതം, വിനോദസഞ്ചാരം അങ്ങനെ പലതിനെക്കുറിച്ചും സംസാരിച്ചു. നമ്മുടെ നാടിനെ പറ്റിയും പറഞ്ഞു കൊടുത്തു. ബാങ്കിങ് എന്നത് സിംഹഭാഗവും ആളുകളുമായുള്ള ഇടപെടലുകളാണ്. മെല്ലെ അവരെന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. മറ്റൊരിടത്തേക്കു ട്രാൻസ്ഫർ ആയപ്പോൾ അവർക്കൊക്കെ ഞാൻ പോകുന്നത് വിഷമമായിരുന്നു.

അടുത്ത നിയമനം ഇന്തൊനീഷ്യയിലായിരുന്നു. ബ്രൂണൈയ്ക്കു നേരെ വിപരീതമാണ് അവിടം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിറയെ ആളുകളുള്ള നഗരം. നമ്മുടെ മുംബൈ പോലയാണ് അവിടുത്തെ ജക്കാർത്ത. 180ഓളം ബാങ്കുകൾ, അവ തമ്മിൽ കടുത്ത മത്സരവും.

ആളുകൾ ‘ബഹാസ’ ഭാഷയിലാണ് സംസാരിച്ചിരുന്നത്. ഞാൻ ഭാഷ പഠിച്ചു. അവരു പറയുന്നതൊക്കെ മനസ്സിലാക്കാനും ചെറിയ രീതിയിൽ മറുപടി നൽകി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനും സാധിച്ചു. രണ്ടര വ ർഷം അവിടെ നിന്ന ശേഷം അടുത്ത പോസ്റ്റിങ് ദുബായിലായിരുന്നു. എനിക്കവിടെ പാക്കിസ്ഥാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ ചുമതലയാണുണ്ടായിരുന്നത്. ആ സമയത്താണ് ഈ നാടുകളിലേക്കൊക്കെ യാത്ര ചെയ്യാനുള്ള അവസരം വന്നത്. പാക്കിസ്ഥാനിലേക്ക് മൂന്നോ നാലോ തവണ പോയിട്ടുണ്ട്.

ഞാനീ പറയുന്നത് രാഷ്ട്രീയമായി ശരിയാണോ എന്നറിയില്ല. എന്നാലും ഇന്ത്യയുമായി വളരെയധികം സാമ്യമുള്ള നാടാണ് പാക്കിസ്ഥാൻ. മനുഷ്യർ രണ്ടു നാട്ടിലും ഒരുപോലെ.വസ്ത്രധാരണം, ഭക്ഷണം, തെരുവുകൾ... എല്ലാം ഒരു പോലെ. അവിടെ എനിക്ക് നേരിട്ട് ആളുകളോട് ഇടപെടേണ്ട ജോലി ആയിരുന്നില്ല. ബാങ്കിൽ തന്നെ ചെയ്യാനുള്ള ടെക്നിക്കൽ കാര്യങ്ങളായിരുന്നു കൂടുതൽ.

തൃപ്പൂണിത്തുറയിലെ ഈ വീട്ടിലെ പരവതാനികളൊക്കെ കറാച്ചിയിൽ നിന്നു വാങ്ങിയതാണ്. കാർപ്പെറ്റുകൾ, കോട്ടൺ സൽവാറുകൾ, തുകൽ വസ്തുക്കൾ... ഈ മൂന്നു കാര്യങ്ങളുടെ ഷോപ്പിങ്ങിന് ഏറ്റവും നല്ല സ്ഥലമാണ് പാക്കിസ്ഥാൻ. ഉറുദുവാണ് കൂടുതലും സംസാരിക്കുന്നതെങ്കിലും ഹിന്ദിയും അവർ നന്നായി പറയും. എന്നോട് സംസാരിച്ചു കുറച്ചു കഴിയുമ്പോഴാകും അവർക്കു ഞാൻ ആ നാട്ടുകാരിയല്ല എന്നു മനസ്സിലാകുന്നത്. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോഴും അവർ മര്യാദ വിട്ട് ഒരിക്കൽ പോലും പെരുമാറിയിട്ടില്ല.

ആഫ്രിക്ക എന്നു കേൾക്കുമ്പോഴേ കറുത്തിരുണ്ട ഭൂഖണ്ഡം എന്നൊരു ഇമേജാണ് ആളുകൾക്ക്. ആഫ്രിക്ക അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്. ബാങ്കിങ് വളരെ നല്ല നിലയിൽ നടക്കുന്നിടമാണത്. ആളുകൾ വളരെ മതവിശ്വാസികളാണ്. ക്രിസ്തുമതവും ഇസ്‌ലാം മതവുമാണ് പ്രധാനമായുള്ളത്.

അവിടുള്ള സ്റ്റാഫിന് പുതിയ ബാങ്കിങ് രീതികൾ പഠിപ്പിച്ചു കൊടുക്കുക, പുതിയ പ്രോഡക്റ്റ്സ് പരിചയപ്പെടുത്തുക ഇതൊക്കെയായിരുന്നു എന്‍റെ ജോലി. കിഴക്കേ ആഫ്രിക്കയിൽ നിറയെ ഗുജറാത്തികളുണ്ട്. പക്ഷേ, പടിഞ്ഞാറൻ ആ ഫ്രിക്കയിലെ കാര്യം വ്യത്യസ്തമായിരുന്നു. ഞാൻ ദുബായിൽ നിന്നു വന്ന് അവരെ മൊത്തമായി മാറ്റി മറിക്കാന്‍ നോക്കുന്നു എന്നു കരുതി അവർ ആദ്യം അടുപ്പിച്ചതേയില്ല. സമയമെടുത്ത് സംസാരിച്ചും പല കാര്യങ്ങള്‍ വിശദീകരിച്ചും ഒക്കെയാണ് ഞാന്‍ പറയുന്ന മാറ്റങ്ങള്‍ നല്ലതിനാണെന്ന് അവരെ മനസ്സിലാക്കി കൊടുത്തത്.

ഘാനയും കെനിയയുമൊക്കെ അപാരമായ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇത്തിരി ബുദ്ധിമുട്ടിയത്. ഞാനൊരു സസ്യാഹാരിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വെജിറ്റേറിയൻ എന്ന ലേബലിൽ വരുന്ന മാംസാഹാരം കഴിക്കേണ്ടി വരും.

ലോകം മുഴുവൻ സഞ്ചരിക്കുമ്പോഴും ഇന്ത്യയിലേക്കു തിരികെ വരണം, ഇവിടെ താമസിക്കണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കെയാണ് ഫെഡറൽ ബാങ്ക് എംഡി ശ്രീനിവാസനുമായി സംസാരിക്കാൻ ഇടവന്നത്. ഇങ്ങനെയൊരു ഓപ്പണിങ് ഇവിടെയുണ്ടെന്നറിഞ്ഞതും ഞാൻ ആ പോസിഷ ൻ ഏറ്റെടുക്കാമെന്നു വച്ചു.

മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ ബാങ്കിങ്ങിൽ തിളങ്ങുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. ഐസിഐസിഐയുടെ തലപ്പത്തുള്ള ചന്ദ കൊച്ചാർ, ആക്സിസ് ബാങ്കിന്റെ എംഡിയും സിഒഒയുമായ ശിഖ ശർമ, എസ്‌ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ... അങ്ങനെ പലരും. ആളുകളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാനും അവരോട് സിംപതിക്കു പകരം എംപതി തോന്നാനും സ്ത്രീകൾക്കുള്ള കഴിവാണ് ബാങ്കിങ്ങിൽ അവർക്ക് ഉയർച്ച നൽകുന്നതെന്ന് എനിക്കു തോന്നുന്നു.

പോസിറ്റീവ്‍ ആയും നെഗറ്റീവ് ആയുമുള്ള വേർതിരിവുക ൾ സ്ത്രീകൾക്കു മേൽ വയ്ക്കുന്നത് എനിക്കിഷ്ടമല്ല. ആത്മവിശ്വാസവും പഠിച്ച വിഷയത്തിലുള്ള ഗാഢമായ അറിവും ചെയ്യുന്ന ജോലിയിൽ മിടുക്കുമുണ്ടെങ്കിൽ എവിടെയും തലകുനിക്കേണ്ടി വരില്ല. ഏതു മേഖലയിലുമുള്ള സ്ത്രീക്ക് ‘ഇവർ ഈ സ്ഥാനത്ത് എത്തിയത് കഴിവുകൊണ്ടാണോ അതോ പെണ്ണായതു കൊണ്ടാണോ’ എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ഇത്തരം ഒരു ചോദ്യം പുരുഷനു നേരിടേണ്ടി വരില്ല. ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ഉയരുന്ന ഇത്തരം ചോദ്യങ്ങൾക്കു നമ്മുടെ പ്രവൃത്തി മറുപടി പറയട്ടെ.

ജീവിതം തനിയേ....

ഞാന്‍ വിവാഹം കഴിച്ചിട്ടില്ല, തനിയെ ജീവിതം ആസ്വദിക്കുക എന്നതാണ് എന്റെ ചോയിസ്. ലോകത്തിന്റെ നാനാ ഭാഗത്തും നല്ല സുഹൃത്തുക്കളുണ്ടെനിക്ക്. ഇന്തൊനീഷ്യയിൽ വച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവർക്ക് ബാങ്കിങ് കാര്യമായിട്ടറിയില്ല. ബിസിനസ് രംഗത്തുണ്ടായിരുന്ന അവരുടെ കാശു മുഴുവൻ അവരുടെ ബാങ്ക് ഊറ്റിയെടുക്കുകയായിരുന്നു. എല്ലാ ബാങ്കിനോടുമുള്ള അവരുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എനിക്കിടപെട്ട് അവരെ ഞങ്ങളുടെ ബാങ്കിലേക്കു കൊണ്ടുവരാനും മികച്ച സേവനം നൽകാനും സാധിച്ചു. അവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ബ്രൂണൈയിലും ഇതുപോലൊരു സുഹൃത്തുണ്ട്, ശാന്തി. ആദ്യത്തെ പോസ്റ്റിങ്ങിനു ശേഷം നാലു കൊല്ലം കഴിഞ്ഞ് വീണ്ടും ചെന്നപ്പോള്‍ അന്വേഷിച്ചറിഞ്ഞ്, അവരെന്നെ കാണാൻ വന്നു. 12 കൊല്ലത്തിന്റെ ബലമുണ്ട് ഞാനും ശാന്തിയുമായുള്ള സൗഹൃദത്തിന്.

അവധി സമയത്ത് യാത്ര, ഷോപ്പിങ്, സിനിമ കാണൽ ഇതൊക്കെ ചെയ്യും. വായനാ ശീലമുണ്ട്. ഫിക്‌ഷൻ, യാത്രാവിവരണങ്ങൾ അങ്ങനെ പലതും. ഇപ്പോൾ കിൻഡിലിലാണ് വായന. ജെയിംസ് പാറ്റേഴ്സണിന്റെ ‘മർഡർ മിസ്ട്രീസാ’ണ് ഇപ്പോൾ വായിക്കുന്നത്. ബിൽ ബ്രൈസൺന്റെ യാത്രാവിവരണങ്ങളാണ് അതിശയിപ്പിച്ചിട്ടുള്ള പുസ്തകം.

shalini_warrier2
ശാലിനി വാരിയർ അമ്മയോടൊപ്പം

പാഠപുസ്തകത്തിനപ്പുറം

ബാങ്കിങ്ങിലേക്കു വരാൻ ആഗ്രഹിക്കുന്നവരോട് എനിക്കു പറയാനുള്ളത് സ്വന്തം വിഷയത്തിലുള്ള അഗാധമായ അറിവും ആധികാരികതയും വേണമെന്നാണ്. എങ്കിൽ മാത്രമേ മറ്റുള്ളവർക്കു മുന്നിൽ തലകുനിക്കാതെ ജോലി ചെയ്യാൻ പറ്റൂ. പാഠപുസ്തകത്തിനപ്പുറം വേണ്ടതാണ് എംപതി. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ എന്താണെന്നു ക്ഷമയോടെ കേൾക്കാനും സത്യസന്ധമായ പരിഹാരങ്ങൾ നിർദേശിക്കാനുമുള്ള കഴിവുണ്ടാകണം. ചിട്ടയോടു കൂടി ചെയ്യേണ്ട ജോലിയാണ് ബാങ്കിങ്. കൃത്യതയില്ലായ്മയും അലസതയും വന്നാൽ പിൻതള്ളപ്പെടും. ഡിജിറ്റലൈസേഷൻ വന്നതോടു കൂടി ആളുകൾക്ക് ഓപ്ഷൻസ് കൂടി. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ വളരെ കുറച്ചു സമയം കൊണ്ട് തന്നെ വേറൊരു ബാങ്കിലേക്ക് അവർ പോകും. അതുകൊണ്ട് പെരുമാറ്റത്തിൽ വലിയ കാര്യമുണ്ട്.

നമ്മുടെ കുട്ടികൾ പഠനത്തിൽ മികച്ചവരായിട്ടും മറ്റുള്ളവരോട് സംവദിക്കാൻ പറ്റാത്തതിനു കാരണം എക്സ്പോഷർ ഇല്ലായ്മയാണ്. ബാങ്കിങ് ഫെസ്റ്റുകൾ, ക്ലാസുകൾ, സാമൂ ഹിക കൂട്ടായ്മകൾ ഇവയിൽ പങ്കെടുത്ത് ആളുകളോട് സംസാരിക്കുന്നത് ഗുണം ചെയ്യും. പുതിയ തലമുറയിൽ നിന്ന് എനിക്കു പഠിക്കാനുണ്ട്. സമയം കിട്ടുമ്പോഴൊക്കെ അവരുമായി ചര‍്‍ച്ചകൾ വയ്ക്കും. പുതിയ ആശയങ്ങള്‍, പ്രശ്നങ്ങളെ നേരിടുന്ന അവരുടെ രീതികൾ ഇതൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്.

ഫെഡറൽ ബാങ്കിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കാക്കി മാറ്റുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ടെക്നോളജിയും ആളുകളുമായി നേർക്കുനേരുള്ള ഇടപെടലുമൊക്കെ ജോലിയിലെ എന്റെ സ്ട്രോങ് സൈഡാണ്. അതുൾപ്പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ് തിരഞ്ഞെടുക്കാൻ കാരണം.

ഈയടുത്ത് ബാങ്കിന്റെ നേതൃത്വത്തിൽ അങ്കമാലിക്കടുത്തുള്ള മൂക്കന്നൂർ ഗ്രാമം ഏറ്റെടുത്ത് അവരെ ഡിജിറ്റൽ ബാങ്കിങ് പഠിപ്പിക്കുകയാണ്. ഓരോ വീട്ടിലും ചെന്ന് അവരെ നെറ്റ് ബാങ്കിങ്, ഫോൺ ബാങ്കിങ് ഒക്കെ പഠിപ്പിക്കും. ഇത്തരം പ്രോജക്റ്റുകൾ പലയിടത്തും നടപ്പിൽ വരുത്താനുള്ള പ്ലാനിങ്ങാണ് ഇപ്പോള്‍ മനസ്സിലുള്ളത്.

രസിക്കാം, പഠിക്കാം

∙ മികച്ച വിജയത്തിന് എളുപ്പവഴികളില്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സാണ് പഠിക്കാൻ ആദ്യം വേണ്ടത്.

∙ സിഎയ്ക്ക് ധാരാളം വിഷയങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ട് തുടർച്ചയായി ആറു മാസമെങ്കിലും പരീക്ഷയ്ക്കായി തയാറെടുക്കണം.

∙ വിഷയങ്ങൾ മാറി മാറി പഠിച്ചാൽ വിരസത മാറ്റാം. അതിനനുസരിച്ചു വേണം ടൈം ടേബിൾ സെറ്റ് ചെയ്യാൻ.

∙ കലണ്ടർ വയ്ക്കുക. പഠിച്ചതും ഇനി പഠിക്കാനുള്ളതും അതിൽ കൃത്യമായി കുറിച്ചു വയ്ക്കാം.

∙ വിശ്രമിക്കാനുള്ള സമയം കൂടി കണ്ടു വേണം ടൈം ടേബിൾ തയാറാക്കാൻ. ഇതു കൃത്യമായി പാലിക്കുക.

∙കിട്ടാവുന്നത്ര പഴയ ചോദ്യപ്പേപ്പറുകൾ ശേഖരിച്ച് മോക് ടെസ്റ്റ് നടത്തുക. ഇത് സമയ ക്രമീകരണം ശരിയാക്കാൻ സഹായിക്കും.

∙ഇന്റർനെറ്റ്, ടിവി എന്നിവയൊന്നും തീരെ ഒഴിവാക്കരുത്. എല്ലാം ആവശ്യത്തിന് ഉണ്ടായാലേ രസിച്ചു പഠിക്കാൻ പറ്റൂ.

{തൊഴില്‍ മേഖലയില്‍ ആരും േമാഹിക്കുന്ന ഉന്നത പദവിയിലെത്തിയ വനിതകള്‍, അവരുെട വിജയരഹസ്യങ്ങള്‍ പങ്കുവയ്ക്കുന്ന വനിത മാസികയിലെ പുതിയ പംക്തി.}