Wednesday 20 October 2021 04:39 PM IST : By സ്വന്തം ലേഖകൻ

പതിവു തെറ്റിച്ചില്ല, നബിദിന ഘോഷയാത്രയിൽ സ്നേഹമധുരം വിളമ്പി ശ്യാമളകുമാരി ടീച്ചറെത്തി

syamala-kumari-7411

പെരുമാതുറക്കാരുടെ ശ്യാമളകുമാരി ടീച്ചർ ഇക്കുറിയും നബിദിനഘോഷയാത്രയിൽ നാട്ടുകാരുടെ മനംനിറച്ചു. പെരുമാതുറ ഗവൺമെന്റ് എൽപി സ്കൂളിൽ നിന്നു 2005ൽ പ്രധാനാധ്യാപികയായി വിരമിച്ച ശ്യാമളകുമാരി മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവു കൂടിയാണ്. പെരുമാതുറയിലെ നബിദിന ഘോഷയാത്രകളിൽ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് ടീച്ചർ .താൻ അക്ഷരമധുരം പകർന്ന കുട്ടികളോടു കുശലാന്വേഷണം നടത്തിയും നാട്ടുകാരോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞും മതങ്ങളുടെ പരിധികളില്ലാതെ മാനവ സ്നേഹത്തിന്റെ മാതൃകയായി.

കൈനിറയെ മധുര പലഹാരങ്ങളുമായെത്തുകയാണു പതിവു രീതിയെങ്കിലും‍ ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അതുണ്ടായില്ല. പകരം പെരുമാതുറ സെൻട്രൽ ജുമാമസ്ജിദ് ഒരുക്കിയ പായസക്കൂട്ടിനു തുക കൈമാറി ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്കു മധുരം നൽകുന്നതിനു വഴിയൊരുക്കുകയായിരുന്നു. പുലർച്ചെ ഏഴിനു മുൻപു മസ്ജിദ് അങ്കണത്തിലെത്തി ടീച്ചർ വിശ്വാസികൾക്കൊപ്പം നബിദിന ഘോഷയാത്രയിൽ ആദ്യാവസാനം പങ്കാളിയായി.

ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവിയുടെ നേതൃത്വത്തിൽ ആരംഭിച്ച നബിദിനസന്ദേശയാത്ര വലിയപള്ളി മുസ്ലീം ജമാഅത്തിലെത്തി തിരികെ ഒറ്റപ്പന വഴി സെൻട്രൽ ജമാഅത്ത് അങ്കണത്തിൽ സമാപിച്ചു. മസ്ജിദ് പരിപാലനസമിതി പ്രസിഡന്റ് നാസുമുദ്ദീൻ, ജനറൽസെക്രട്ടറി അബ്ദുൽവാഹീദ്, ഭാരവാഹികളായ ജബ്ബാർ, ഷാഫിപെരുമാതുറ, അസിസ്റ്റന്റ് ഇമാം നജീബുറുംഫ്നി, ഉസ്താദുമാരായ സുജാഹുദ്ദീൻമള്ഹരി,ഉനൈസ്കാഖസി, മനാഫ്മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.

More