Wednesday 03 October 2018 05:41 PM IST

അങ്കിളിന്റെ ഫാദർ ആരാണെന്നു ചോദിച്ച, തമ്പിയുടെ ‘രാജുമോൻ’ ഇവിടെയുണ്ട്

Vijeesh Gopinath

Senior Sub Editor

t1
ചിത്രങ്ങൾ: ബേസിൽ പൗലോ

മലയാള സിനിമ കണ്ട എക്കാലത്തേയും പ്രഗത്ഭരായ സംവിധായകരിൽ ഒന്നാം നിരക്കാരനായ തമ്പി കണ്ണന്താനം മരണത്തിന്റെ ഹിമപാതയിലേക്കിറങ്ങി മറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് ‘രാജാവിന്റെ മകൻ’ എന്ന ‘എവർഗ്രീൻ ക്ലാസ് ആൻഡ് മാസ്’ ക്ലാസിക്കാണ്. ചിത്രത്തിലെ നായകൻ വിൻസന്റ് ഗോമസിനോളം പ്രശസ്തമാണ് രാജുമോൻ എന്ന കഥാപാത്രവും. ‘‘രാജുമോൻ ഒരിക്കൽ എന്നോടു ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്...’’ എന്ന് തുടങ്ങുന്ന ഡയലോഗ് മലയാളി മറക്കില്ല. എന്നാൽ രാജുമോനായി തിളങ്ങിയ പ്രശോഭ് ഇപ്പോൾ എവിടെ എന്ന ചോദ്യം മലയാളികൾക്കുണ്ടായിരുന്നു. ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു വനിത. വനിതയിൽ പ്രസിദ്ധീകരിച്ച, പ്രശോഭുമായുള്ള വിജീഷ് ഗോപിനാഥിന്റെ അഭിമുഖ സംഭാഷണം വായിക്കാം:

appus copy.indd

ഇടപ്പള്ളി അക്ഷയ സൂപ്പർമാർക്കറ്റിൽ വച്ച് പ്രശോഭിന്റെ ഫോട്ടോ എടുക്കുന്നതു കണ്ടപ്പോൾ ഷോപ്പിങ്ങിനു വന്ന ചേച്ചിക്ക് സംശയം. ‘ഇതെന്താ പരിപാടി, പ്രശോഭിെന ഇനി സിൽമേലെങ്ങാനും എടുത്തോ?’ സൂപ്പർമാർക്കറ്റു നടത്തുന്ന ഈ ചെറുപ്പക്കാരൻ ഒരുകാലത്തെ മലയാളസിനിമയിലെ സൂപ്പർ ബാലതാരം ആയിരുന്നെന്ന് പാവം ചേച്ചിക്കറിയില്ലല്ലോ... പതിമൂന്നു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവയില്‍ മിക്കതും നൂറു ദിവസം തികച്ച് ഒാടിയതാണ്. മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം വീട്ടിലിരിപ്പുണ്ട്. ലാലേട്ടന്റെ ആ മാസ്സ് ഡയലോഗിന്റെ നനുത്ത ഒാര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. ‘രാജുമോൻ ഒരിക്കൽ എന്നോടു ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്, ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീടെന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്. രാജകുമാരൻ. രാജാവിന്റെ മകൻ. യെസ് അയാം എ പ്രിൻസ്, അണ്ടർവേൾഡ് പ്രിൻസ്...’’ രാജാവിന്റെ മകനിലെ ആ രാജുമോനാണ് ദേ ഈ ചിരിച്ചോണ്ടു നിൽക്കണ പ്രശോഭ്. ഇത്രയും കേട്ടപ്പോൾ എന്നും കാണുന്ന ആളെ ഇതുവരെ കാണാത്തതു പോലെ നോക്കി വിശ്വാസം വരാതെ സാധനങ്ങളെടുത്ത ബാസ്ക്കറ്റുമായി ചേച്ചി സ്ഥലം വിട്ടു.

t3

‘‘ഇതാ കുഴപ്പം. ഇങ്ങനൊരു ഭൂതകാലമുണ്ടായിരുന്നെന്നു പറഞ്ഞാൽ ആരും ആദ്യമൊന്ന് അദ്ഭുതപ്പെടും. കുട്ടിക്കാലത്തൊരു സിനിമാ ജീവിതമുണ്ടായിരുന്നുവെന്ന് ഞാൻ പോലും മറന്നു പോയി.’’ പ്രശോഭ് പറയുന്നു. ‘‘സത്യം പറഞ്ഞാൽ തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് നാളേറെയായി. സൂപ്പർമാർക്കറ്റിലെ തിരക്കുകളും മറ്റും കഴിയുമ്പോൾ രാത്രി ഏറെ വൈകും. ആ സമയത്ത് സിനിമയൊന്നും ഉണ്ടാവില്ല. സിഡി വാങ്ങി രണ്ടും മൂന്നും ദിവസം കൊണ്ട് ഒരു സിനിമ കണ്ടു തീർക്കും. പിന്നെ ആവേശം വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയോടാണ്. പതിനഞ്ചു വർഷത്തോളമായി നിരന്തരം യാത്രകൾ പോവുന്നു. കാടിന്റെ ഹൃദയമിടിപ്പുകൾ പകർത്തുന്നു...’’ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുള്ള ഇൻഡ്രോ സീൻ പ്രശോഭ് പറഞ്ഞു കഴിഞ്ഞു. പക്ഷേ, ആ പഴയ കാലം.... ‘പാസ്പോർട്ട് ’ സിനിമയിലേക്ക്...

t2

‘മോളെ അച്ഛന്റെ നെഞ്ചത്ത് കമിഴ്ത്തി കിടത്തണം, അവൾ പേടിക്കരുതല്ലോ?’; നോവു പടർത്തി ഈ കുറിപ്പ്

ഒരുച്ചയൂണാണ് പ്രശോഭിന് സിനിമയിലേക്കുള്ള ഇലയിട്ടത്. പിന്നീട് ആ ഇലയിൽ നിറഞ്ഞത് കുട്ടിക്കഥാപാത്രങ്ങളുടെ ഒരുപാടു വിഭവങ്ങൾ. കോഴിക്കോട്ടുകാരനായ പ്രശോഭിന്റെ സിനിമാ യാത്ര തുടങ്ങിയ ആ ഉച്ച ഇങ്ങനെയായിരുന്നു ‘‘ അച്ഛന‍ു മദ്രാസിൽ ബാങ്കിലായിരുന്നു ജോലി. അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഞാന്‍ വളർന്നതും പഠിച്ചതും ചെന്നൈയിലും എറണാകുളത്തും കോഴിക്കോടുമൊക്കെയായി. ഞങ്ങളുടെ ബന്ധുവാണ് ബാലൻ കെ നായർ. മദ്രാസിൽ ഷൂട്ടിനു വരുമ്പോൾ അദ്ദേഹം വീട്ടിൽ വരും. അങ്ങനെ ഒരിക്കല്‍ ഊണു കഴിക്കാന്‍ വീട്ടിൽ വന്നപ്പോൾ ‘നീ പോരുന്നോടാ’ എന്ന് അദ്ദേഹം ചോദിച്ചു പോലും. അന്നഭിനയിച്ചു െകാണ്ടിരുന്ന ‘പാസ്പോർട്ട്’ എന്ന സിനിമയിൽ ഒരു കുട്ടിയെ വേണം. ചെറിയൊരു റോൾ. എന്തായാലും ഞാൻ കൂടെ പോയി. അതാണ് ആദ്യ സിനിമ. എനിക്കന്ന് മൂന്നു വയസ്സേയുള്ളൂ. ഇതൊക്കെ പിന്നീട് അച്ഛൻ പറഞ്ഞു കേട്ടുള്ള ഒാർമയാണ്. ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ നിന്നെന്നോ എന്തു ചെയ്തെന്നോ ഒന്നും കൃത്യമായി പറയാൻ പറ്റില്ല.

അന്ന് സിനിമാഷൂട്ടിങ്ങുകള്‍ കൂടുതലും മദ്രാസിലാണ്. അതുകൊണ്ടുതന്നെ ബാങ്കിലെത്തുന്ന സിനിമാക്കാർ പലരും അച്ഛന്‍റെ സുഹൃത്തുക്കളായി. അങ്ങനെ ആരോ വീട്ടിൽ വന്നപ്പോഴാണ് മുറ്റത്തു കളിച്ചു കൊണ്ടിരുന്ന എന്നെ കണ്ടതും അടുത്ത സിനിമയിലേക്കുള്ള വഴി തുറന്നതും. ‘കാറ്റത്തെ കിളിക്കൂട്’ ആയിരുന്നു അത്. പിന്നെ, അനുബന്ധം, ആൾക്കൂട്ടത്തിൽ തനിയെ, കാതോടുകാതോരം, ഉണ്ണികളെ ഒരു കഥപറയാം, വിവാഹിതരേ ഇതിലേ, രാജാവിന്റെ മകൻ... അതൊരു തുടർച്ച പോലെയായിരുന്നു. ഇതിനിടയിൽ ചെന്നൈയിൽ നിന്നു ഞങ്ങൾ കൊച്ചിയിലേക്കു പോന്നു. രാജാവിന്റെ മകൻ, ഉണ്ണികളേ ഒരു കഥപറയാം ഒക്കെ കൊച്ചിയില്‍ വന്ന േശഷം അഭിനയിച്ചവയാണ്.

രണ്ടു കാര്യങ്ങളിലേ അച്ഛനു നിര്‍ബന്ധം ഉണ്ടായിരുന്നൊള്ളു. ഒന്ന്, ക്ലാസുകൾ നഷ്ടപ്പെടുത്താൻ പാടില്ല. പിന്നെ, പ്രതിഫലം മോഹിച്ച് അഭിനയിക്കരുത്. എംടി, ഭരതൻ, െഎവി ശശി, കമൽ, ബാലചന്ദ്രമേനോൻ, തമ്പി കണ്ണന്താനം... ഇവരുടെയൊക്കെ സിനിമകളിൽ അന്നഭിനയിക്കാനായത് അതുകൊണ്ടാവാം. മുഖം കാണിച്ചത് പാസ്പോർട്ടിലായിരുന്നെങ്കിലും മുഴുനീള വേഷം ചെയ്തത് കാറ്റത്തെ കിളിക്കൂടിലാണ്. പ്രതിഫലം വാങ്ങാൻ അച്ഛൻ തയാറായില്ല. പക്ഷേ, നിർമാതാവായ പിവി ഗംഗാധരൻ ‘‘അവന്റെ ആദ്യ സിനിമയാണ്, എന്തെങ്കിലും നൽകിയേ പറ്റൂ എന്നു പറഞ്ഞ് ഒരു കുഞ്ഞുമോതിരം സമ്മാനിച്ചു. അതിപ്പോഴും അലമാരയിലുണ്ട്. ’’ കുട്ടിക്കാലത്തിന്റെ സ്വർണ്ണത്തിളക്കമുണ്ട് പ്രശോഭിന്റെ കണ്ണിൽ. ഒാർമകളിലെ ഉമ്മയും ഒരുരുള ചോറും പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾക്ക് മുന്നിലിരിക്കുകയാണ് പ്രശോഭ്. പല ചിത്രങ്ങളെയും പഴമയുടെ വിരലുകൾ മായ്ച്ചു കളഞ്ഞിട്ടുണ്ട്. പ്രശോഭിന്റെ ഷൂട്ടിങ് ഒാർമകൾക്കുമുണ്ട് ആ മങ്ങൽ. ‘‘ഞാൻ ആ ലോകത്തു നിന്നേ മാറി കഴിഞ്ഞു. അതു കൊണ്ടാവും അത്രയ്ക്കൊന്നും ഒാർമകളിലേയ്ക്ക് എത്താൻ പറ്റാത്തത്. ഇപ്പോൾ മനസ്സിൽ വൈൽ‍ഡ് ലൈഫ് ഫൊട്ടോഗ്രഫി മാത്രമേ ഉള്ളു. അന്ന് അച്ഛനും സംവിധായകരും പറഞ്ഞു തന്നതു പോലെ നിൽക്കും ചിരിക്കും കരയും അത്രയേയുള്ളൂ.

ഇടനിലക്കാർ വേണ്ട, ക്യൂവിലും നിൽക്കേണ്ട; ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം ഇനി ഓൺലൈനായി

‘രാജാവിന്റെ മകനി’ൽ അഭിനയിക്കുന്നത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. എന്നെ ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തി തട്ടിക്കൊണ്ടു പോവുന്ന രംഗങ്ങളൊക്കെ രാത്രിയിലാണ് ഷൂട്ട് ചെയ്തത്. ലൊക്കേഷനിൽ ഞാൻ ഉറക്കത്തിലായിരിക്കും. അതുകൊണ്ടു തന്നെ വലുതായി ‘അഭിനയിക്കേണ്ടി’ വരില്ല. പക്ഷേ, ഷൂട്ടിനിടെ ഗ്ലാസ്സു പൊട്ടുന്ന ശബ്ദവും മറ്റും കേൾക്കുമ്പോൾ ചാടി എണീക്കൂം. അതോടെ റീ ടേക്ക് എടുക്കേണ്ടി വരും. എങ്കിലും ലാലേട്ടൻ എന്നെ രക്ഷിക്കാൻ വരുന്നതും തോളിൽ എടുത്തു കിടത്തുന്നതും എല്ലാം ചെറിയ ഒാർമയുണ്ട്. ‘ഉണ്ണികളേ ഒരു കഥ പറയാം’ കുറച്ചു കൂടി ഒാർമയിലുണ്ട്. നാലാം ക്ലാസ്സിലായിരുന്നു അപ്പോൾ. കൊടൈക്കനാലിൽ ഒ രു പുഴയുടെ തീരത്തായിരുന്നു ലൊക്കേഷൻ. ഒരവധിക്കാലം. ആ സിനിമ ഒരാഘോഷം തന്നെയായിരുന്നു. ഒരു സ്കൂളിലെ വികൃതികളെയെല്ലാം ഒറ്റ ക്ലാസ്സിലാക്കിയതു പോലെ. പത്തു കുട്ടികൾ. കളിയും ബഹളവും... ആക്ഷൻ പറഞ്ഞാലും ആരെങ്കിലും ഒരാൾ എന്തെങ്കിലും തെറ്റുവരുത്തും. കുറെ കഷ്ടപ്പെട്ടാണ് ഷൂട്ട് ചെയ്തത്. എന്നെയൊക്കെ ഡയലോഗ് പഠിപ്പിക്കാന്‍ സ്ക്രിപ്റ്റും കൊണ്ട് അച്ഛൻ പുറകെ നടക്കുകയായിരുന്നു.

tk1

അതിലെ നായിക കാർത്തികയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. ലൊക്കേഷനിലെത്തിയാൽ എന്നെ ഏറ്റെടുക്കും, ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോൾ എനിക്ക് കുഞ്ഞുരുളകളാക്കി തരും. ഞാൻ അതുവാങ്ങാതെ കുസൃതികാണിച്ചു നടക്കും...പക്ഷേ, ആരുമായി ഇപ്പോൾ ബന്ധമില്ല. ആ കൂട്ടത്തിലെ കുട്ടികളൊക്കെ എവിടെയാണാവോ? ‘ആൾക്കൂട്ടത്തിൽ തനിയെ’ എനിക്കു മികച്ച ബാലനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് വാങ്ങി തന്നു. അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ അവാർഡ് സമ്മാനിച്ചു കഴിഞ്ഞ് പൊക്കിയെടുത്ത് ഒരുമ്മ തന്നു. ആ ചിത്രം ചില പത്രങ്ങളിൽ വന്നിരുന്നു. ഇന്നോർക്കുമ്പോൾ രസകരമായ ഒാർമ. അത്രയേയുള്ളു. ഉണ്ണികളെ ഒരു കഥപറയാം ആയിരുന്നു അവസാന സിനിമ. ആയിടയ്ക്ക് അച്ഛനു കോഴിക്കോടേയ്ക്കു സ്ഥലം മാറ്റമായി. ഫോൺ നമ്പർ മാറി. അവസരങ്ങള്‍ േതടി ഒരിടത്തേയ്ക്കും പോയില്ല. അതോടെ എന്റെ ജീവിതത്തിലെ സിനിമ എന്ന അധ്യായം അവസാനിച്ചു’’ ബാങ്കിൽ നിന്ന് കാട്ടിലേക്ക്... ക്യാമറയ്ക്കു മുന്നിൽ നിന്നു പോന്നെങ്കിലും പ്രശോഭിനെ ക്യാമറ ‘വെറുതെ വിട്ടില്ല.’ അതാണ് മുന്നിൽ വച്ചിരിക്കുന്ന ഈ വൈൽഡ് ലൈഫ് ഫോട്ടോകൾ. ലൊക്കേഷനിൽ നിന്നിറങ്ങി സ്കൂളിലേയ്ക്ക് പോയതോടെ നടൻ എന്ന പേര് പ്രശോഭിന്റെ ജീവിതത്തില്‍ നിന്നു മാഞ്ഞുപോയി. അടുത്തിരിക്കുന്ന ‘ചങ്ങായി’ മമ്മുക്കയുടെയും ലാലേട്ടന്റെയുമൊക്കെ ‘ചങ്കാ’യിരുന്നെന്ന് പല കൂട്ടുകാര്‍ക്കും അറിയില്ലായിരുന്നു. പിന്നീടൊരിക്കൽ പോലും പ്രശോഭിനെ സിനിമ മോഹിപ്പിച്ചില്ല.

അതിനിടയിലായിരുന്നു ജീവിതം തന്നെ പിടിവിട്ടു പോയേക്കാമെന്നു തോന്നിയ ആ അപകടം നടന്നത്. അച്ഛന്റെ ബൈക്കിനു പിന്നിലിരുന്ന് പോയതാണ്. നിയന്ത്രണം വിട്ട ബസ്സ് വലതു കാലിൽ വന്നിടിച്ചു. കാൽ പല കഷണങ്ങളായി നുറുങ്ങിപ്പോയി. മരണത്തെ മുന്നിൽ കണ്ടതാണ്. പിന്നെ ഒരു വർഷത്തോളം കിടക്കയിൽ ആറുമാസം ക്രച്ചസിൽ. നിഴലു പോലെ കൂട്ടുകാർ കൂടെ നിന്നു. അങ്ങനെ പഠനം വീട്ടിലായി. വീട്ടിലിരുന്നു പഠിച്ചു പാസ്സായി. ‘‘ക്യാംപസിൽ നിന്നിറങ്ങിയ ഉടൻ ബാങ്കിൽ ജോലി കിട്ടി.

‘അടൂർഭാസിക്കെതിരെ പരാതി നൽകാൻ നീയാര്’; ‘മീ ടൂ...’ അനുഭവവുമായി കെപിഎസി ലളിത

പന്ത്രണ്ടു വർഷം വിവിധ ന്യൂജെൻ ബാങ്കുകളിൽ. അതോടെ പകലും രാത്രിയും ഒരുപോലെയായി തീർന്നു. ഒരാശ്വാസമെന്ന രീതിയിലാണ് കാട്ടിലേയ്ക്കുള്ള യാത്രകൾ തുടങ്ങിയത്. ബ്രാഞ്ച് മാനേജറായിരുന്ന രൂപക്ക് ആയിരുന്നു ഈ െഎഡിയ ആദ്യം പറഞ്ഞത്. അന്ന് ഇത്രയേറെ യാത്രികരില്ല. ഫോറസ്റ്റ് നിയമങ്ങൾ കർക്കശവുമല്ല. അതുകൊണ്ടു തന്നെ കാടിന്റെ വന്യത ശരിക്കുമറിയാനായി. ആദ്യ ചിത്രത്തെക്കുറിച്ചോർക്കുമ്പോൾ എനിക്ക് ആദ്യ സിനിമയെക്കുറിച്ചല്ല കാടിനുള്ളിൽ വച്ച് ഞാനെടുത്ത ചില ആദ്യ ഫോട്ടോകളെക്കുറിച്ചാണിപ്പോള്‍ പറയാനുള്ളത്. കരടിക്കുഞ്ഞിനെയും ചുമലിൽ വച്ച് നിൽക്കുന്ന ചിത്രമുണ്ട്. ആദ്യ കാടുയാത്രയില‍്‍ കിട്ടിയ ആദ്യ പടം. ഗൈഡിനൊപ്പം ബന്ദിപ്പൂർ കാട്ടിലേക്ക് കടന്നതും കരടിയെ കണ്ടു. ഞങ്ങളെ കണ്ടതും അത് ആക്രമിക്കാൻ ഒാടിയടുത്തു. ഗൈഡ് പെട്ടെന്ന് കൈയിലുള്ള കുട നിവർത്തി. അതോടെ കരടി പേടിച്ച് മരത്തിനു പിന്നിലെയ്ക്ക് തിരിച്ചോടി. വിറച്ചിട്ടാണോ എന്നറിയില്ല, ഇതിനിടയിൽ കൈയിലിരുന്ന ക്യാമറ ഞാൻ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു. നോക്കിയപ്പോൾ പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒാരോ ചിത്രത്തിനു പിന്നിലും ഒരുപാടു കഥകളുണ്ട്.

ബിജുലാൽ കൊടുവള്ളി എന്ന സുഹൃത്തു വന്നതോടെ യാത്രകൾ കൂടുതൽ ഉഷാറായി. ഇപ്പോൾ പതിനഞ്ചു വർഷത്തോളമായി കാടുകളും അവിടുത്തെ ജീവിതവും തേടി യാത്ര േപാകുന്നു. കേരള വനം വകുപ്പിന്‍റെ ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിയായി. ഇതിനിടയിൽ വിവാഹം.’’ ചിത്രങ്ങൾക്കും ഒാര്‍മകൾക്കും ഇടയിലേക്ക് ഭാര്യ അനുരാധയും മകൾ ദക്ഷിണയും കടന്നു വന്നു. അനുരാധയും ബാങ്ക് ജീവനക്കാരിയായിരുന്നെങ്കിലും രാജി വച്ച് പ്രശോഭിന്റെ ബിസിനസ്സിൽ സഹായിക്കുന്നു. യൂട്യൂബില്‍ അച്ഛന്റെ പഴയ സിനിമകൾ കാണുകയാണ് ദക്ഷിണയുടെ ഹോബി... അപ്പോഴാണ് സിനിമ പോലെ ട്വിസ്റ്റുള്ള ആ മുഹൂർത്തത്തെക്കുറിച്ച് പ്രശോഭ് പറഞ്ഞത്... ‘‘ഞാന‍്‍ പണ്ടു സിനിമയിലക്കെ അഭിനയിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അനുരാധയുടെ അമ്മ ഒരു കാര്യം ഒാർത്തു. കാറ്റത്തെക്കിളിക്കൂടിന്‍റെ ഷൂട്ടിങ് േകാഴിക്കോട് നടക്കുമ്പോൾ അമ്മയൊക്കെ കാണാൻ വന്നിരുന്നു. പക്ഷേ, അകത്തേയ്ക്ക് കടത്തി വിട്ടില്ല പോലും. ലാലേട്ടനും ശ്രീവിദ്യയ്ക്കും ഒക്കെ ഒപ്പമിരുന്ന ആ കുഞ്ഞിപ്പയ്യൻ പിൽക്കാലത്ത് ആ അമ്മയുടെ മരുമകനാവുമെന്ന് ആരറിഞ്ഞു അല്ലേ?’’ പ്രശോഭ് ചിരിക്കുന്നു. എവിടെയൊക്കെയോ ഇല്ലേ, പഴയ രാജുമോന്റെ ആ ചിരി....

'ശബരിമലയില്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട; പക്ഷെ, കുഞ്ഞുമനസ്സില്‍ ആര്‍ത്തവം അശുദ്ധിയാണെന്ന ചിന്ത കുത്തിനിറയ്ക്കരുത്!'