Wednesday 18 November 2020 03:05 PM IST : By സ്വന്തം ലേഖകൻ

‘അവൾ നന്നായി കണ്ടോട്ടെ, അവളെ അവരും കാണട്ടെ’; മാതാപിതാക്കളുടെയും കൂടെപ്പിറപ്പിന്റെയും ചേതനയറ്റ ശരീരത്തിൽ തൊട്ടുവിളിച്ച് അർച്ചന, കണ്ണീർക്കാഴ്ച

thrissur-pune-satara-accident-death-story.jpg.image.845.440 ചിത്രം: റസൽ ഷാഹുൽ ∙ മനോരമ

അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കാൽക്കീഴിലിരുന്ന് അർച്ചന പരിഭവം പറഞ്ഞു; തന്നെ തനിച്ചാക്കിപ്പോയതിന്. കണ്ടുനിൽക്കാനാകാതെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചവരോട് ബന്ധുക്കളിലാരോ വിളിച്ചുപറഞ്ഞു: ‘അവൾ നന്നായി കണ്ടോട്ടെ, അവളെ അവരും കാണട്ടെ... എഴുന്നേൽപ്പിക്കേണ്ട’.

കൂട്ടനിലവിളികൾക്കിടയിൽ, തളർന്ന വാക്കുകളോടെ ആ പതിനഞ്ചു വയസ്സുകാരി കൂടെപ്പിറപ്പിന്റെ ചേതനയറ്റ ശരീരത്തിൽ തൊട്ടുവിളിച്ചുകൊണ്ടേയിരുന്നു. മഹാരാഷ്ട്രയിലെ സത്താറയിൽ 4 ദിവസം മുൻപ് വാൻ പുഴയിലേക്കു മറിഞ്ഞ് മരിച്ച പുല്ലഴി വടക്കുമുറി കാരേക്കാട്ടെ വീട്ടിൽ ജി.മധുസൂദനൻ നായർ (54), ഭാര്യ കോലഴി കരുമത്തിൽ ഉഷ (44), മകൻ ആദിത്യ (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്കു 2.45ന് വടക്കുമുറിയിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചത്.

ഇതിനു തൊട്ടുമുൻപാണ്, അപകടത്തിൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട അർച്ചനയെ വീട്ടിലേക്കു കൊണ്ടുവന്നത്. മരിച്ചാൽ തന്റെ ശരീരം കുടുംബവീട്ടിലേക്കു കയറ്റിയിട്ടേ കൊണ്ടുപോകാവൂ എന്നായിരുന്നു മധുസൂദനൻ നായർ മുൻപ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ ഓർത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അകത്തളത്തിൽ കിടത്തിയ ശേഷമാണ് മൃതദേഹങ്ങൾ മകളെയും ബന്ധുക്കളെയും കാണിച്ചത്. ശേഷം ചെറുതുരുത്തിയിലേക്കു സംസ്കാരത്തിനായി കൊണ്ടുപോയി.

ദീപാവലി ദിനവും മധുസൂദനന്റെ പിറന്നാളും ഒന്നിച്ചുവന്ന 14ന് ആണ് നാടിനെ നടുക്കിയ വിയോഗം ഉണ്ടായത്. അപകടത്തിനു മണിക്കൂറുകൾക്കു മുൻപാണ് കേക്കു മുറിച്ചുള്ള പിറന്നാളാഘോഷം വിഡിയോ കോൾ വഴി ബന്ധുക്കൾ കണ്ടതും ആശംസകൾ അറിയിച്ചതും. മണിക്കൂറുകളുടെ ഇടവേളയിൽ മരണവാർത്തയും എത്തി. മുംബൈ വാഷി സെക്ടർ 16ൽ അയൽവാസി കുടുംബത്തിനൊപ്പം ഗോവയിലേക്കുള്ള വിനോദയാത്രാ മധ്യേയായിരുന്നു അപകടം. 

Tags:
  • Spotlight