Tuesday 23 February 2021 11:02 AM IST : By സ്വന്തം ലേഖകൻ

നീന്തൽ അറിയില്ല, എന്നിട്ടും കുഞ്ഞുജീവനെ രക്ഷിക്കാൻ അവർ വെള്ളത്തിലേക്ക് ചാടി: കനാലിൽ വീണ കുരുന്നിന് പുതുജീവൻ

rescue

പീച്ചി ഇടതുകര കനാലിലെ ഒഴുക്കുള്ള വെള്ളത്തിലേക്കു കാൽ വഴുതി വീണ 3 വയസ്സുകാരനെ എട്ടാം ക്ലാസ് വിദ്യാർഥിനികൾ രക്ഷപ്പെടുത്തി. പീച്ചി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ജിസ്ന ജോയ്, ദിൽജ രാജൻ എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ബെൻ ബെന്നി (3) യുടെ ജീവൻ രക്ഷിച്ചത്. ഇന്നലെ 3.30 നായിരുന്നു സംഭവം.

കനാലിന്റെ സമീപത്തു താമസിക്കുന്ന വെളിയത്ത്പറമ്പിൽ ബെന്നിയുടെ മകൻ ബെന്നും കൂട്ടുകാരും കനാലിനരികിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കാലു തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാരിയായ ദിൽജയുടെ വീട്ടിലെത്തിയ ജിസ്ന, ദിൽജയോടൊപ്പം കനാലിനു സമീപം ഇരിക്കുമ്പോഴാണ് ബെൻ വെള്ളത്തിലേക്ക് വീണത്. നീന്തൽ വശം ഇല്ലാതിരുന്നിട്ടും ജിസ്ന വെള്ളത്തിലേക്ക് എടുത്തുചാടി. ബെന്നിനെ ചേർത്തുപിടിച്ചു കുറച്ചു മുന്നോട്ട് ഒഴുകിയ ജിസ്ന സമീപത്ത് കൈ നീട്ടിയ ദിൽജയുടെ കൈ പിടിച്ചു മുകളിലേക്ക് കയറി.

സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളാണു ജിസ്നയും ദിൽജയും. എസ്പിസി പരിശീലനത്തിലൂടെയാണ് അടിയന്തര ഘട്ടത്തിൽ പ്രതികരിക്കാനുള്ള ശേഷി ലഭിച്ചതെന്ന് ഇരുവരും പറഞ്ഞു. വിലങ്ങന്നൂർ സ്വദേശി ജോയ് പോൾ- മേരി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരൻ: ജിസ്മോൻ ജോയ്. പട്ടിലുംകുഴി രാജൻ - ജയശ്രീ ദമ്പതികളുടെ മകളാണ് ദിൽജ. സഹോദരൻ ദിൽരാജ്. സ്കൂൾ പ്രിൻസിപ്പൽ സി.കെ.ഷെറീന, പ്രധാനാധ്യാപകൻ പി.ജെ.ബിജു, സിപിഒ വി. സുകുമാരൻ, പിടിഎ പ്രസിഡന്റ് ചാക്കോ ഏബ്രഹാം എന്നിവർ വിദ്യാർഥിനികളെ അഭിനന്ദിച്ചു.

കൂടുതൽ വാർത്തകൾ