Saturday 20 November 2021 11:01 AM IST : By സ്വന്തം ലേഖകൻ

പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല; ചോദ്യം ചെയ്ത കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് തല്ലി, സംഭവം മെഡിക്കൽ കോളജിൽ

medicalcollll7777

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് തല്ലി. വാർഡിലേക്കുള്ള പ്രവേശനം തടഞ്ഞതു ചോദ്യം ചെയ്ത ചിറയിൻകീഴ് കിഴുവില്ലം സ്വദേശി അരുൺദേവിനാണ് (28) മർദനമേറ്റത്. തർക്കത്തിനും കയ്യാങ്കളിക്കും ഒടുവിൽ അരുണിനെ പിടിച്ചുവലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. അവശനായ അരുൺ ചികിത്സ തേടി.

മർദന ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മൂന്നു സുരക്ഷാ ജീവനക്കാർക്ക് എതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.  അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. പഴയ മോർച്ചറിക്ക് എതിർവശം 17,18,19 വാർഡുകളിലേക്കുള്ള പ്രവേശന ഗേറ്റിൽ  രാവിലെ 11നായിരുന്നു സംഭവം. 17ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന അമ്മൂമ്മയ്ക്ക് 2 ദിവസമായി അരുൺ ആണ് കൂട്ടിരിക്കുന്നത്.

ഇന്നലെ കൂടുതൽ പരിശോധനകൾക്കായി രോഗിയെ കൊണ്ടു പോകേണ്ടതിനാൽ അമ്മയുടെ സഹോദരനെ കൂടി സഹായത്തിനു വിളിച്ചു വരുത്തി. രാവിലെ പുറത്തുപോയി ഇക്കോ ടെസ്റ്റിന്റെ ഫലവും വാങ്ങി ഗേറ്റിനു സമീപം എത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ തടഞ്ഞു. പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിടാൻ തയാറായില്ല. ചോദ്യം ചെയ്ത അരുണിനെ ജീവനക്കാർ അസഭ്യം വിളിച്ചുവെന്നു പൊലീസ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ സുരക്ഷാ ജീവനക്കാരിൽ ഒരാൾ പ്രവേശന പാസ് വലിച്ചുകീറി പ്രശ്നം വഷളാക്കി.

പിടിവലിയ്ക്കിടെ അരുൺ പ്രതികരിച്ചതോടെ യുവാവിനെ അകത്താക്കി ജീവനക്കാർ ഗേറ്റ് അടച്ചു. മറ്റുള്ളവർ വിഡിയോ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ വിശ്രമമുറിയുടെ മറവിൽ കൊണ്ടുപോയി വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഒടുവിൽ സി.ഐ ഇടപെട്ടാണ് ഇയാളെ പുറത്ത് എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാജീവനക്കാരും കൂട്ടിരിപ്പുകാരും തമ്മിൽ പ്രശ്നം. 13ന് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലും അടി നടന്നു.

പ്രവേശനം തടഞ്ഞതിനെ ചൊല്ലിയായിരുന്നു അന്നും സംഘട്ടനം. വിഷയത്തിൽ ഇരുകൂട്ടർക്കും എതിരെയും പൊലീസ് കേസ് എടുത്ത് വിട്ടു. സംഭവം വിവാദമായതോടെ ആശുപത്രിയിൽ എത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും തർ‌ക്കമുണ്ടായാൽ പൊലീസ് സഹായം തേടണമെന്നും ആശുപത്രി അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വീണ്ടും അടി പൊട്ടിയത്.

രണ്ട് സംഭവങ്ങളിലും സുരക്ഷാ ജീവനക്കാർക്ക് എതിരായാണ് പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് .സംഭവം പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാസ് കൈമാറ്റം ചെയ്ത് മറ്റൊരാളെ കൂടി പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനിടയാക്കിയത്. പുറത്തുവന്ന ദൃശ്യത്തിൽ കൂട്ടിരിപ്പുകാരനും അടിക്കുന്നതു കാണാം. മുറിയുടെ മറവിൽ കൊണ്ടുപോയി മർദിച്ചെന്ന പരാതി അന്വേഷിക്കും.

Tags:
  • Spotlight