Thursday 29 September 2022 12:32 PM IST : By സ്വന്തം ലേഖകൻ

അമ്പത്തിയഞ്ചാം വയസ്സിൽ വനിതാ എസ്ഐയ്ക്കൊരു മോഹം, ഓട്ടൻതുള്ളൽ പഠിക്കാന്‍; ആറുമാസം കൊണ്ട് പഠിച്ചു, അരങ്ങേറ്റവും കഴിഞ്ഞു!

vinaya-police445

വഴി തടസ്സപ്പെടുത്തി ധർണ നടത്തുന്നവരെ നീക്കം ചെയ്യുമ്പോൾ ‘നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന....’ എന്നൊരു ശ്ലോകം വിനയ പൊലീസിന്റെ ചുണ്ടിലെത്തിയാൽ അദ്ഭുതപ്പെടരുത്. കാരണം, 55–ാം വയസ്സിൽ ഈ വനിതാ എസ്ഐയ്ക്കൊരു ആഗ്രഹം, ഓട്ടൻ തുള്ളൽ പഠിക്കണമെന്ന്. എന്നാ ഒരു കൈ നോക്കിയിട്ടു തന്നെയെന്നായി തീരുമാനം. പഠിച്ചു. അരങ്ങേറ്റവും നടത്തി. ഇരിങ്ങാലക്കുടയിലെ റൂറൽ ജില്ലാ വനിതാ സ്റ്റേഷനിലെ എസ്ഐ എൻ.എ. വിനയയാണ് ആറുമാസം കൊണ്ട് ഓട്ടൻതുള്ളൽ അഭ്യസിച്ചത്.

ആറാട്ടുപുഴ പ്രദീപാണ് ഗുരു. ജോലിയുടെ ഒഴിവു സമയങ്ങളിലായിരുന്നു പരിശീലനം. കഴിഞ്ഞ 24ന് ഉൗരകത്തമ്മ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. സമകാലിക പ്രശ്നങ്ങൾ ആരെയും വെറുപ്പിക്കാതെ വിമർശനാത്മകമായി അവതരിപ്പിക്കാൻ കഴിയുന്ന കലാരൂപം എന്ന നിലയിലാണ് ഓട്ടൻതുള്ളൽ തിരഞ്ഞെടുത്തതെന്നു വിനയ പറയുന്നു. ഓട്ടൻതുള്ളലിലൂടെയുള്ള ഹാസ്യാത്മ വിമർശനങ്ങൾ ആരെയും വേദനിപ്പിക്കാറില്ല. ഭരണാധികാരികൾക്ക് അപ്രിയമാകാതെ നാട്ടിലുള്ള പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവരെ തിരുത്താനും ഇത് ഉപയോഗിക്കാം.

ജനങ്ങൾക്കു ബോധവത്കരണത്തിനായും ഓട്ടൻതുള്ളൽ പോലുള്ള ആക്ഷേപഹാസ്യ കല ഉപയോഗിക്കാമെന്ന് എസ്ഐ വിനയ പറയുന്നു. സ്ത്രീ ശാക്തീകരണം പോലുള്ള വിഷയങ്ങളിൽ സാമൂഹിക അവബോധം വളർത്താൻ ഓട്ടൻതുള്ളൻ എന്ന ജനകീയ കല ഉപയോഗിക്കാനാണു തീരുമാനം. ഇതൊക്കെ നടക്കുമോ? എന്നു സംശയിക്കുന്നുണ്ടോ? എങ്കിൽ കേട്ടോളൂ.. ''കണ്ടാലറിവാൻ കൊള്ളില്ലെങ്കിൽ നീ കൊണ്ടാലറിയൂ – മതിനില്ലാ സംശയം’’  – കുഞ്ചൻ നമ്പ്യാർ

Tags:
  • Spotlight
  • Inspirational Story