Wednesday 07 October 2020 04:32 PM IST

‘പതിനായിരം പേപ്പർ വിത്ത് പേനകളുണ്ട്, ആവശ്യക്കാർ വാങ്ങിച്ചാൽ പട്ടിണിയില്ലാതെ കുറച്ചുകാലം’; വീൽചെയറിൽ അഭിമാനം കൈവിടാതെ വിഷ്ണു വിജയൻ

Priyadharsini Priya

Sub Editor

vishnu-vijayan

ലോക് ഡൗൺ പോസിറ്റീവ് ആക്കിയവരുടെ കഥകൾ നമ്മളേറെ കേട്ടുകഴിഞ്ഞു. എന്നാൽ ഈ കൊറോണക്കാലം കാരണം ദുരിതത്തിലായ ചിലരുണ്ട്. കഷ്ടിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പാടുപെടുന്നവർ, അന്നന്നത്തെ അന്നം കണ്ടെത്താൻ എന്തു ജോലിയ്ക്കും ഇറങ്ങി പുറപ്പെടുന്നവർ. എന്നിട്ടും സങ്കടങ്ങൾ മാത്രം സുനാമി പോലെ അലയടിച്ചു വരുമ്പോൾ ചിലപ്പോഴെങ്കിലും പതറിപ്പോകാറുണ്ട്. ഇനിയെന്തു ചെയ്യും എന്ന നിസ്സഹായത ജീവിതത്തെ തളർത്താറുണ്ട്. അത്തരത്തിൽ ദുരിതമനുഭവിക്കുന്ന അനേകം പേരിൽ ഒരാൾ മാത്രമാണ് തൊടുപുഴ സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ വിഷ്ണു വിജയൻ. ‘ഒന്നുകൊണ്ടും തളരില്ല ഞാൻ’ എന്നു വിഷ്ണു പറയുമ്പോഴും കണ്ണുകളിൽ വിഷാദം നിറയുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് മറുപടി ഇല്ലാതാകുന്നു. 

"തോടുപുഴ ഞറക്കുറ്റിയിലാണ് എന്റെ വീട്. ആശാരിപ്പണിയായിരുന്നു. ഇപ്പോൾ മൂന്നു വർഷമായി വീൽചെയറിലാണ് ജീവിതം. പഴയൊരു വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ ഉണ്ടായ ഒരപകടമാണ് ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് സുഷുമ്ന നാഡിയ്ക്ക് പരുക്കേൽക്കുകയായിരുന്നു. അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായി. കിടന്നകിടപ്പിൽ ഒരു വർഷത്തോളം ആശുപത്രിയിലായിരുന്നു. ഇപ്പോൾ ഇരുന്നും കിടന്നുമെല്ലാം ജോലി ചെയ്യാം. അധികനേരം ഒരേ പൊസിഷനിൽ തുടരാൻ പറ്റില്ല എന്നു മാത്രം.

vishnu-vfdss

ഭാര്യ അഞ്ജു, മകൻ വൈഭവ് എൽകെജിയിൽ പഠിക്കുന്നു, മകൾ വൈഷ്ണവിയ്ക്ക് മൂന്നു വയസ്സ്. അച്ഛൻ മരിച്ചിട്ട് ആറു മാസമായി. അമ്മ ജ്യേഷ്ഠനൊപ്പമാണ് താമസം. ചെറിയ കുഞ്ഞുങ്ങളല്ലേ, അവരെ നോക്കണം അതുകൊണ്ട് അഞ്ജു ജോലിയ്‌ക്കൊന്നും പോകുന്നില്ല. എനിക്ക് കിട്ടുന്ന ചില്ലറകൾ മാത്രമാണ് ഏക വരുമാനം. സോപ്പു നിർമാണം, കുട നിർമാണം, പേപ്പർപേന, പേപ്പർ ബാഗ് നിർമാണം, തയ്യൽ തുടങ്ങി എന്നെക്കൊണ്ട് പറ്റുന്ന എല്ലാ ജോലികളെല്ലാം ചെയ്യാറുണ്ട്. മോട്ടോർ ഘടിപ്പിച്ച ഒരു തയ്യൽ മെഷീൻ കൂട്ടുകാരൻ വാങ്ങി നൽകിയിരുന്നു. കിടന്നാണ് തയ്യലൊക്കെ യൂട്യൂബ് നോക്കി പഠിച്ചത്. ആദ്യം മോന്റെ ഷർട്ട് തയ്ച്ചുനോക്കി അത് ശരിയായതോടെ ആത്മവിശ്വാസമായി. ഇപ്പോൾ നൈറ്റി, അടിപ്പാവാടയൊക്കെ തയ്ച്ചു കൊടുക്കാറുണ്ട്. 

വാടക വീട്ടിലാണ് താമസം. മാസം മൂവായിരം രൂപ വാടകയിനത്തിൽ നൽകണം. അയൽവാസികളും സുഹൃത്തുക്കളുമാണ് ആ പണം കണ്ടെത്തി നൽകുന്നത്. സോപ്പുപൊടിയൊക്കെ വിറ്റാൽ കഷ്ടിച്ച് നൂറു രൂപയാണ് ചില ദിവസങ്ങളിൽ വരുമാനമായി കിട്ടുക. അതുകൊണ്ട് അടുപ്പ് പുകയും എന്നുമാത്രം. വീട്ടിൽ ടിവിയില്ലാത്തത് കൊണ്ട് മോന്റെ ഓൺലൈൻ പഠനവും കഷ്ടത്തിലാണ്. എന്റെ ഫോണിലോ അയൽക്കാരുടെ ഫോണിലോ ഒക്കെയാണ് ക്ലാസ് കാണുക. ഈ അവസ്ഥയിൽ മക്കളുടെ തുടർ വിദ്യാഭ്യാസത്തെ കുറിച്ച് ഓർക്കുമ്പോൾ പേടി തോന്നും.

vishny643srd

വരുമാനം നിലച്ചത് കൊറോണ വന്നതോടെയാണ്. ലോക് ഡൗണിനു മുൻപ് ഉണ്ടാക്കി വച്ച പേപ്പർ വിത്ത് പേനകൾ ഇപ്പോഴും വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. മുൻവർഷങ്ങളിൽ സ്‌കൂളുകളിൽ കൊണ്ടുപോയി വിൽക്കാറാണ് പതിവ്. ഇത്തവണ സ്‌കൂളുകൾ തുറക്കാതായതോടെ കച്ചവടവും മുടങ്ങി. പതിനായിരം പേനകളുണ്ട്. ആവശ്യക്കാർ ഒന്നിച്ചു കുറച്ചെണ്ണം വാങ്ങിച്ചാൽ എനിക്കത് വലിയ സഹായമാകും. ആരെങ്കിലുമൊക്കെ വാങ്ങിക്കണേ. എട്ടു രൂപയേ ഉള്ളൂ പേനയ്ക്ക്.

കാരിക്കോട് ആയുർവേദ ഹോസ്‌പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. സതീഷ് വാരിയരാണ് ഡോക്ടർ. ചികിത്സ കൊണ്ട് നല്ല മാറ്റം ഉണ്ടായതാണ്. പക്ഷെ, അത് തുടരാൻ ഇപ്പോൾ നിർവാഹമില്ല. ജീവിക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ചികിത്സ ഞാൻ വേണ്ടെന്ന് വച്ചു. പണത്തിനു പണം തന്നെ വേണ്ടേ. ഒരു ദിവസം കഴിഞ്ഞു പോകുന്നതിന്റെ കഷ്ടം എനിക്കും എന്റെ ഭാര്യയ്ക്കും അറിയാം. കൂട്ടുകാരാണ് ഏക സഹായം. പക്ഷെ, എത്രയാണ് അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? അതിനൊക്കെ ഒരു പരിധിയില്ലേ! ആദ്യ കാലങ്ങളിൽ കുടുംബത്തിന്റെ പിന്തുണയൊക്കെ ഉണ്ടായിരുന്നു. പിന്നീട് എല്ലാവരും അകന്നകന്നുപോയി. അതിലൊന്നും എനിക്ക് വിഷമമില്ല. ഇനിയുള്ള കാലവും അധ്വാനിച്ചു ജീവിക്കണം. ഇപ്പോൾ ഒരേയൊരു ആഗ്രഹമേയുള്ളൂ, മൂന്നു സെന്റ് സ്ഥലം സ്വന്തമായി കിട്ടിയിരുന്നെങ്കിൽ സർക്കാർ പദ്ധതിയിൽ ഒരു വീട്. അഞ്ജുവിനെയും കുട്ടികളെയും സേഫ് ആക്കണം."- പറഞ്ഞവസാനിപ്പിക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം. വിഷ്ണു വിജയൻ: 6238049820

Tags:
  • Spotlight