Friday 31 July 2020 11:43 AM IST : By സ്വന്തം ലേഖകൻ

‘അവൾ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ മതി; എത്രകാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാം’; കണ്ണീരോടെ ശ്രീനാഥ്‌

sreendddf-31

ഹിന്ദു രജിസ്റ്റർ മാര്യേജ് ആക്ട് പ്രകാരം വിവാഹിതയായ പെൺകുട്ടിയെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയുടെ അച്ഛൻ അയച്ച ഗുണ്ടാസംഘമാണ് ഭർത്താവിനെയും കൂടെയുള്ളവരെയും മർദ്ദിച്ചവശരാക്കിയ ശേഷം പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയത്. കോലഞ്ചേരിയിലാണ് സംഭവം. 

ഭാര്യയെ കണ്ടെത്തിത്തരണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുകയാണ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീനാഥ്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് യുവാവ് പറയുന്നു. തുടർന്ന് കോലഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ശ്രീനാഥ് പറയുന്നു.

ബെംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ നാലു വർഷം മുമ്പാണ് ബിഎഎംസ് വിദ്യാർഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി ശ്രീനാഥ് പ്രണയത്തിലാകുന്നത്. വീട്ടിൽ വിവാഹാലോചനകൾ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചതായി ശ്രീനാഥ് പറയുന്നു. അങ്ങനെ നാട്ടിലെത്തി ക്വാറന്റീൻ കാലം പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ജൂലൈ ഏഴിന് പെൺകുട്ടി വീട്ടിൽ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയിൽ ദേവീക്ഷേത്രത്തിലെത്തി വിവാഹം നടത്തി. 

മാതാപിതാക്കൾ വിഷമിക്കാതിരിക്കാൻ ശിവകാമിയെ കൊണ്ടുതന്നെ വീട്ടിലേക്കു വിളിപ്പിച്ചു. സ്നേഹത്തോടെ പെരുമാറിയ വീട്ടുകാർ സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി. അനുനയിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി തയാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാൽ കൊണ്ടുപോയില്ല. ഇതിനിടെ പെൺകുട്ടിയെ, കാണാനില്ലെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നൽകി.

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പൊലീസ് വിളിച്ചതനുസരിച്ചാണു യുവതിയുമായി യുവാവ് കോലഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തുന്നത്. മിസിങ് കേസ് ഫയൽ ചെയ്തിരുന്നതിനാൽ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കേണ്ടി വന്നു. കോലഞ്ചേരി കോടതിയിലെത്തിച്ച് പെൺകുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ ഭർത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു.

sreenath-31

ശിവകാമിയുമായി കാറിൽ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടർന്നെത്തിയ ഗുണ്ടാസംഘം ഇവരെ തടഞ്ഞു. ആളുകളും സിസിടിവിയും ഇല്ലാത്ത സ്ഥലം നോക്കി വാഹനം തടയുകയായിരുന്നെന്ന് ശ്രീനാഥ് പറയുന്നു. തന്നെ കാറിൽ നിന്ന് വലിച്ചിറക്കി, ഒപ്പമുണ്ടായിരുന്നവരെ മർദിച്ചു. തർക്കത്തിനിടെ ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി പരാതി നൽകുമ്പോൾ ഒരു ഫയൽ പൊലീസ് എടുത്തു കാണിച്ചു.

ഇതെല്ലാം അയാൾക്കെതിരെയുള്ള പരാതികളാണ്. ഗുണ്ടാപ്പിരിവു മുതൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം എന്ന മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം. ഇതിനിടെ കഴിഞ്ഞ 23നാണ് കോലഞ്ചേരിയിൽ നിന്നെത്തിയ ഒരാൾ ‘മകളെ അയാൾ കൊലപ്പെടുത്തിയിട്ടുണ്ടാകും’ എന്ന് അറിയിക്കുന്നത്. ഇതോടെ ഭയന്ന് വീണ്ടും കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. ഹേബിയസ് കോർപ്പസിന്റെ കാര്യം സംസാരിച്ചപ്പോൾ വക്കീൽ ഉഴപ്പുകയാണെന്നു തോന്നി.

ഒരാളെ കാണാതായെന്ന പരാതിയിൽ രണ്ടാഴ്ചയായിട്ടും കോടതി ഹിയറിങ് വച്ചില്ലെന്നതാണ് അങ്ങനെയൊരു സംശയത്തിനു കാരണം. മറ്റൊരു അഭിഭാഷകനു വക്കാലത്ത് നൽകി. പൊലീസ് സ്റ്റേഷനിലും മറ്റും നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിക്ക് ഇതുവരെ അപായം സംഭവിച്ചതായി അറിവില്ല. ആ വിശ്വാസത്തിലാണു താനിപ്പോഴുള്ളതെന്നും ശ്രീനാഥ് പറയുന്നു. ഒരു കാരണവശാലും തനിക്ക് ശിവകാമിയെ നൽകില്ലെന്ന വാശിയിലാണു അവളുടെ പിതാവ്. അവളെ വേറെ വിവാഹം കഴിപ്പിക്കാനാണു ശ്രമം.

ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞതിനാൽ അവൾ എന്റെ ഭാര്യ തന്നെയാണ്. എത്രയും പെട്ടെന്ന് കോടതി ഇടപെട്ട് ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്നാണ് ആവശ്യം. ഈ സമയം കൊണ്ട് മനസ്സ് മാറ്റി അവളെ തന്നിൽനിന്ന് അകറ്റാനാണ് ശ്രമമെങ്കിൽ അത് അവൾ തന്നെ നേരിട്ടു പറയണം. അവൾ എവിടെ ആയിരുന്നാലും ആരും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും അറിഞ്ഞാൽ മതി. എത്ര കാലം വേണമെങ്കിലും അവൾക്കായി കാത്തിരിക്കാൻ തയാറാണെന്നും ശ്രീനാഥ് പറയുന്നു. 

latest updates...

Tags:
  • Spotlight