Tuesday 30 November 2021 06:09 PM IST

ആ ഒരൊറ്റ ദിവസം യഥാർഥ ജീവിതത്തിൽ ഞാനും പ്ലംബർ മണിയനായി: നടൻ നന്ദുവിന്റെ വെളിപ്പെടുത്തൽ...

V R Jyothish

Chief Sub Editor

nand3432

മദ്യപാനത്തേക്കുറിച്ച് പറയുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് പെട്ടെന്നു കടന്നുവരുന്ന കഥാപാത്രമാണ് സ്പിരിറ്റ് എന്ന ചിത്രത്തിലെ പ്ലംബർ മണിയൻ. അതിൽ  പ്ലംബർ മണിയനെ അവിസ്മരണീയമാക്കിയത് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദുവാണ്. ഒരുതുള്ളി മദ്യം പോലും തൊടാതെ മദ്യപനായി അഭിനയിച്ചതിനെക്കുറിച്ച്  മനോരമ ആരോഗ്യം ഡിസംബർ ലക്കത്തിൽ നന്ദു പങ്കുവയ്ക്കുന്നുണ്ട്. ജീവിതത്തിൽ ഒരേ ഒരു ദിവസം പ്ലംബർ മണിയനായ കഥയേക്കുറിച്ചും  അതോടൊപ്പം നന്ദു വിവരിക്കുന്നു.  

‘‘മദ്യപാനം എനിക്ക് അന്യമായിരുന്നില്ല. പക്ഷേ മണിയനെപ്പോലെ മര്യാദകെട്ട മദ്യപാനം ഉണ്ടായിട്ടില്ല; ഒരു സന്ദർഭം ഒഴികെ. കല്യാണത്തിന് മുൻപാണ് ആ സംഭവം. സിനിമയൊന്നുമില്ലാതെ കഷ്ടപ്പെടുന്ന കാലം. അത്യാവശ്യം മദ്യപാനം ഉണ്ട് . ഒരു ദിവസം സുഹൃത്തുക്കളുമായി മദ്യപിച്ച് രാത്രി തമ്പാനൂർ ബസ് സ്റ്റാൻഡിനടുത്ത് വിജയന്റെ തട്ടുകടയിൽ നിന്ന് ആഹാരം കഴിച്ചു. നേരെ ബസ് സ്റ്റാൻഡിന് അടുത്തുള്ള ഒരു കടത്തിണ്ണയിൽ ഇരുന്നത് ഓർമയുണ്ട്. പിന്നെ കണ്ണുതുറന്നപ്പോൾ സമയം രാവിലെ ഏഴു കഴിഞ്ഞു. നഗരം നല്ല തിരക്കിലാണ്. സുഹൃത്തുക്കൾ എന്നെ രാത്രി റോഡുവക്കിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു.

cdcdfds

റോഡിന് അരികിലുള്ള ഒരു തിട്ടയിലാണ് ഞാൻ കിടന്നിരുന്നത്. ഒന്ന് ചരിഞ്ഞിരുന്നെങ്കിൽ റോഡിൽ വീണ് ഏതെങ്കിലും വണ്ടിക്ക് അടയായേനേ. അങ്ങനെ ഒരുരാത്രി ഞാനും പ്ലംബർ മണിയനായി റോഡിൽ കിടന്നു. ഒരു രാത്രി മാത്രം. എങ്കിലും ആ രാത്രി ഇപ്പോഴും എന്നെ പേടിപ്പിക്കുന്നു. പലപ്പോഴും ബസ്‌സ്റ്റാ‌ൻഡിലാണെന്ന ധാരണയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു. അതേ... പ്ലംബർ മണിയൻ ഒരു പക്ഷേ ഞാനാവാം... നിങ്ങളുമാവാം.’’

നന്ദുവിന്റെ അഭിനയ–ജീവിത വിശേഷങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ 2021 ഡിസംബർ ലക്കം മനോരമ ആരോഗ്യം വായിക്കുക

Tags:
  • Manorama Arogyam
  • Health Tips