Wednesday 16 April 2025 05:08 PM IST

കൊടും ചൂടേറ്റ് പൊള്ളല്‍, സൂര്യാഘാതം- വേനലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Asha Thomas

Senior Desk Editor, Manorama Arogyam

summer43243

ഒാരോ വർഷം ചെല്ലുന്തോറും ചൂടു വർധിച്ചു വരികയാണ്. അതനുസരിച്ചു ചൂടുമായി ബന്ധപ്പെട്ടു വരുന്ന ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നു. ലളിതമായ ജീവിതശൈലീ ക്രമീകരണങ്ങൾ വഴി ഈ ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങളിലെ ചൂടിനെ അതിജീവിക്കാനും ഉന്മേഷത്തോടെ നിലകൊള്ളാനും സാധിക്കും. ആദ്യം അമിതചൂടു സൃഷ്ടിക്കുന്ന ലഘുവും ഗുരുതരവുമായ അപകടങ്ങളെ കുറിച്ചറിയാം.

ഹീറ്റ് എഡിമ തടയാം

ചൂടുകാലത്തു പ്രത്യേകിച്ചും വയോജനങ്ങളിൽ കൈകാലുകളിൽ നീര് കാണാറുണ്ട്. ഇതിനു ഹീറ്റ് എഡിമ എന്നു പറയുന്നു. രണ്ടു കാരണം കൊണ്ടാണ് ഇതു വരുന്നത്. ചൂടുകാലത്തു രക്തധമനികൾ വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ചില ആന്തരിക മാറ്റങ്ങളാണ് ഒരു കാരണം.
കൂടാതെ, ചൂടു കൂടുമ്പോൾ ആന്റി ഡൈയൂററ്റിക് ഹോർമോൺ പോലുള്ള ഹോർമോണുകൾ അധികമായി ഉൽപാദിപ്പിക്കപ്പെടുകയും മൂത്രത്തിന്റെ അളവു കുറയുകയും ചെയ്യും. തന്മൂലം കൈകാലുകളിൽ നീരു വരാം.

പരിഹാരം- കാലുകൾ ഉയർത്തിവച്ചു കിടക്കുന്നതു നീരു കുറയ്ക്കും. കംപ്രസീവ് സ്േറ്റാക്കിങ് ഉപയോഗിക്കാം. ഈ അവസ്ഥയിൽ ഡൈയൂററ്റിക് മരുന്നുകൾ ഫലപ്രദമല്ല. അത് അവസ്ഥ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. മിക്കവാറും ഒന്നും ചെയ്യാതെ തന്നെ കാലിലെ നീരു വലിഞ്ഞുപോകാം.

കോച്ചിപ്പിടുത്തം ഉണ്ടായാൽ

വേനൽക്കാലത്തു യാതൊരു മുൻകരുതലുകളും എടുക്കാതെ കഠിനമായി അധ്വാനിക്കുന്നവരിലും അത്‌ലീറ്റുകളിലും മറ്റുമാണു പേശികൾ കോച്ചിപ്പിടിക്കുന്ന പ്രശ്നം (Heat Cramps) കൂടുതലായി കാണുന്നത്. കണങ്കാലിലെയും തുടയിലെയും പേശികളിലാണു പ്രധാനമായും കോച്ചിപ്പിടുത്തം ഉണ്ടാകുന്നത്. സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും ശരീരത്തിലെ അളവു കുറയുന്നതാണു കാരണം. വേനലിൽ വിയർത്തുപോകുന്ന ജലാംശത്തിനു പകരമായി വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഈ ലവണ നഷ്ടം പരിഹരിക്കപ്പെടുന്നില്ല.

പരിഹാരം- കുടിക്കുന്ന വെള്ളത്തിൽ അൽപം ഉപ്പു കലർത്തി കുടിക്കുക. ലവണ നഷ്ടം പരിഹരിക്കാൻ ഒആർഎസ് ചേർത്ത വെള്ളം കുടിക്കുന്നതും നല്ലത്. കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം എന്നിവ കുടിക്കാം.
വിശ്രമം എടുക്കണം.

സൂര്യാതപം ഒഴിവാക്കാം

അൾട്രാവയലറ്റ് രശ്മികളും ചൂടും ഏൽക്കുന്നതു ചർമത്തിൽ ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നിവയ്ക്കു കാരണമാകും. പൊള്ളൽ, ചർമം ഇളകിപ്പോരുക, കഠിനമായ ചൊറിച്ചിൽ എന്നിവയും കാണാം. സൂര്യപ്രകാശമേറ്റാൽ പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളവരിലാണു സൂര്യാതപത്തിനു സാധ്യത കൂടുതലുള്ളത്.വസ്ത്രങ്ങൾ കൊണ്ടു മറയ്ക്കാത്ത, കവിൾ, കഴുത്തിന്റെ ഭാഗങ്ങൾ, കൈകാൽ ഭാഗങ്ങൾ എന്നിവിടങ്ങളിലാണു സൂര്യാതപം ഏൽക്കുക.

പരിഹാരം- കഴിയുന്നതും ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക. പുറത്തിറങ്ങുമ്പോൾ എസ്പിഎഫ് 15Ð30 ഉള്ള സൺസ്ക്രീനോ ലോഷനോ പുരട്ടുക. പൊള്ളൽ പോലെ കണ്ടാലും സൺസ്ക്രീൻ ലോഷൻ പുരട്ടാം.

കൊടുംചൂടിനാൽ ക്ഷീണം

സൂര്യാഘാതത്തിനു (Heat Stroke) തൊട്ടു മുൻപുണ്ടാകാവുന്ന ലഘുവായ ആരോഗ്യപ്രശ്നമാണു ഹീറ്റ് എക്സോഷൻ (Heat Exhaustion). തലവേദന, ശരീരാസ്വാസ്ഥ്യം, തലകറക്കം, ക്ഷീണം, തളർച്ച, ഒാക്കാനം, പേശികൾ കോച്ചിപ്പിടിച്ചു നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണു ലക്ഷണങ്ങൾ.

ഈ ഘട്ടത്തിൽ കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവർത്തനം പൂർണമായും സാധാരണ നിലയിലായിരിക്കും. പേരും വിശദാംശങ്ങളുമൊക്കെ ചോദിച്ചാൽ കൃത്യമായ ബോധത്തോടെ പറയാനാകും. ശരീരത്തിന്റെ ആന്തരതാപനില ഒരിക്കലും 40.5 ഡിഗ്രി സെൽഷ്യസിൽ കൂടുകയില്ല. ഈ ക്ഷീണാവസ്ഥ കൃത്യമായി പരിഹരിച്ചില്ലെങ്കിൽ സൂര്യാഘാതത്തിലേക്കു നീങ്ങാം.

പരിഹാരം- ചൂടേൽക്കുന്ന സ്ഥലത്തുനിന്നു മാറ്റി തണലിലേക്ക് ഇരുത്തുക. വെള്ളം കുടിക്കാൻ നൽകുക. തണുത്തവെള്ളം കൊണ്ടു ശരീരം തുടച്ചുകൊടുക്കുക. വിശറി കൊണ്ടോ ഫാൻ കൊണ്ടോ തണുപ്പിക്കുക.

സൂര്യാഘാതം ഘട്ടങ്ങളായി

അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ട ഒരു അത്യാഹിതമാണു സൂര്യാഘാതം (Heat Stroke). മൂന്നു കാര്യങ്ങളാണു പ്രധാനമായും സൂര്യാഘാതത്തിൽ സംഭവിക്കുന്നത്.

∙ നല്ല വെയിലേൽക്കുക.

∙ ശരീര ആന്തരികതാപനില 40.5 ഡിഗ്രി സെൽഷ്യസിനു (104 ഡിഗ്രി ഫാരൻഹീറ്റ്) മുകളിൽ ആവുക.

∙ ചൂട് കേന്ദ്രനാഡീവ്യൂഹത്തെ ബാധിച്ച്, വ്യക്തി അബോധാവസ്ഥയിൽ എന്ന പോലെ പെരുമാറുക.

സൂര്യാഘാതം രണ്ടുതരമുണ്ട്. ക്ലാസിക് (Classic) ഹീറ്റ്സ്ട്രോക്ക്, എക്സേർഷനൽ (Exertional) ഹീറ്റ് സ്ട്രോക്ക്.

∙ ക്ലാസിക് ഹീറ്റ് സ്ട്രോക്ക് ദീർഘനേരത്തേക്കു ചൂട് ഏൽക്കുന്നതുവഴി വരുന്നു. വയോജനങ്ങളിലും ദീർഘകാല രോഗങ്ങൾ ഉള്ളവരിലും കുട്ടികളിലും കൂടുതലായി
കാണുന്നു.

∙ ചൂടു കാലാവസ്ഥയിൽ ശാരീരികമായി അധ്വാനിക്കുന്നവരിലും കായികപ്രവൃത്തികളിൽ ഏർപ്പെടുന്നവരിലും വരുന്നതാണ് എക്സേർഷനൽ ഹീറ്റ് സ്ട്രോക്ക്. നല്ല ആരോഗ്യമുള്ളവരിലും ഇതു വരാം.

സൂര്യാഘാതത്തിൽ ചെയ്യേണ്ടത്

കൂടുതല്‍ സമയം തീവ്രതയേറിയ വെയില്‍ കൊള്ളുമ്പോള്‍ തലവേദന, ശരീരത്തില്‍ പൊള്ളലുകള്‍, ഛർദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അതു സൂര്യാഘാതം ആയിരിക്കാം. പെട്ടെന്നു വൈദ്യസഹായം ലഭ്യമാക്കിയില്ലെങ്കിൽ സൂര്യാഘാതം മാരകമായ പ്രശ്നങ്ങളിലേക്കു നയിക്കാം. ശരീരം വല്ലാതെ ചൂടുപിടിച്ചു തുടങ്ങുന്ന ഉടനെ ചികിത്സ തേടണം. കാരണം ശരീരം അമിതമായി ചൂടുപിടിക്കുന്നതോടെ രക്തസമ്മർദം താഴും. കൃത്യസമയത്തു വൈദ്യസഹായമോ പ്രഥമശുശ്രൂഷയോ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ രക്തപ്രവാഹത്തിനു തടസ്സം വന്നു തലച്ചോറിന്റെയും വൃക്കയുടെയും ഹൃദയത്തിന്റെയുമൊക്കെ പ്രവർത്തനം താറുമാറാകും. തുടർന്നു
മരണം വരെ സംഭവിക്കാം.

∙ സൂര്യാഘാതമേറ്റ വ്യക്തിയെ എത്രയും വേഗം തീവ്രപരിചരണ സംവിധാനമുള്ള ആശുപത്രിയിലേക്കു മാറ്റാനുള്ള നടപടികൾ ചെയ്യുക.

∙ സൂര്യാഘാതം വന്ന വ്യക്തിയുടെ ജീവൻ സംരക്ഷിക്കുന്നതിൽ വളരെ പ്രധാനമാണു പ്രഥമശുശ്രൂഷകൾ. ആദ്യം തന്നെ അബോധാവസ്ഥയിലുള്ള ആളെ തണലിലേക്കു മാറ്റിക്കിടത്തുക.

∙ വസ്ത്രങ്ങൾ നീക്കി, ശരീരം മുഴുവൻ തണുത്തവെള്ളം തളിച്ചോ നനഞ്ഞ തുണി കൊണ്ടു നനച്ചോ തണുപ്പിക്കുക.

∙ കഴുത്തിനു താഴെയും ശരീരമടക്കുകളിലും തുടയിടുക്കുകളിലും ഐസ്ക്യൂബുകൾ തുണിയിൽ പൊതിഞ്ഞു വയ്ക്കുന്നതും ശരീരതാപനില കുറയ്ക്കും.

വിവരങ്ങള്‍ക്കു കടപ്പാട്
ഡോ. ബി. പദ്മകുമാര്‍,  പ്രിന്‍സിപ്പല്‍, ഗവ.മെഡി. കോളജ്, പാരിപ്പള്ളി, കൊല്ലം

Tags:
  • Manorama Arogyam