Wednesday 16 April 2025 05:48 PM IST

മുഖത്ത് ആഞ്ഞടിക്കുന്ന കാറ്റ്, സൈക്കിൾ തെല്ലൊന്നു ചെരിഞ്ഞാൽ തെറിച്ചുപോകും: പ്രതിസന്ധികളെ കരുത്താക്കിയ അയൺമാൻ

Asha Thomas

Senior Desk Editor, Manorama Arogyam

2varun435435

തുടർച്ചയായി മൂന്നു വർഷങ്ങളിൽ ‘അയൺമാൻ’ ആയതിന്റെ സന്തോഷത്തിലാണ് തൃശൂർ സ്വദേശിയായ ഡോ. വരുൺ പി. മേനോന്‍. പേരു കേൾക്കുമ്പോൾ മിസ്റ്റർ‍ ഇന്ത്യ പോലെയൊക്കെ ഒരു ടൈറ്റിലാണോ അയൺമാൻ എന്നു സംശയം തോന്നാം. അങ്ങനെയല്ല...3.8 കിലോമീറ്റർ നീന്തൽ,  180.2 കിലോമീറ്റർ സൈക്കിളോട്ടം,  42.2 കിലോമീറ്റർ ഒാട്ടം....ഈ മൂന്ന് ഇനങ്ങളും ചേർന്ന ഒരു ട്രയാത്‌ലൺ മത്സരമാണ് അയൺമാൻ.

ട്രയാത്‌ലൺ എന്നു കേൾക്കുമ്പോൾ വെറും സിംപിളായി തോന്നും. പക്ഷേ, സാധാരണക്കാർക്ക് ഇതു പൂർത്തിയാക്കുക വലിയ ബുദ്ധിമുട്ടു തന്നെയാണ്.  മൂന്ന് ഇനങ്ങളും ഏകദേശം 16- 17 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. അതും നിരപ്പായ വഴികളിലോ  സുപരിചിതമായ റൂട്ടുകളിലോ അല്ല പോകേണ്ടത്. പരിചിതമല്ലാത്ത ദേശം, പാതകൾ, കാലാവസ്ഥ, അപ്രതീക്ഷിതമായി വരുന്ന കാറ്റും മഞ്ഞും മഴയും ...ഇടയ്ക്ക് എന്തു സംഭവിച്ചാലും പുറമേ നിന്നു സഹായം തേടാൻ പറ്റില്ല. ഒാടുന്നതിനിടെ കാൽ കോച്ചിപ്പിടിച്ചാലോ സൈക്കിളിന്റെ ടയർ പഞ്ചറായാലോ സ്വയം പരിഹരിച്ചു മത്സരം പൂർത്തിയാക്കാം. അതു സാധിക്കുന്നില്ലെങ്കിൽ അവിടെ വച്ചു നിർത്താം. മത്സരം പൂർത്തിയാക്കിയില്ലെങ്കിൽ റജിസ്ട്രേഷനു കെട്ടിവച്ച പണം നഷ്ടമാകും. 

2023 ൽ കസാഖിസ്ഥാനിൽ വച്ചു നടന്ന അയൺമാൻ മത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ഡോ. വരുണും ഈ റെയ്സിന്റെ സങ്കീർണതകളെക്കുറിച്ചു ശരിക്കും അറിയുന്നത്. ഇനിയങ്ങോട്ട് തന്റെ അയൺമാൻ അനുഭവങ്ങളെക്കുറിച്ചു ഡോ. വരുൺ പറയുന്നതു കേൾക്കാം. 

‘‘ 2023 ൽ കസാഖിസ്ഖാനിൽ അയൺമാൻ റെയ്സിനു സുഹൃത്തിനൊപ്പം പോകുമ്പോൾ‘ഒരു സൗത്ത് ഏഷ്യൻ രാജ്യമാണല്ലൊ എന്നതും പോകേണ്ട വഴികളൊക്കെ നിരപ്പായതാണ് എന്നുമായിരുന്നു ആശ്വാസം. മത്സരത്തിനായി നമ്മുടെ സൈക്കിൾ അവിടെയെത്തിക്കാനും എളുപ്പമാണ്. പക്ഷേ, കസാഖിസ്ഥാനിൽ ചെന്നപ്പോൾ കരുതിയതു പോലല്ല കാര്യങ്ങൾ. കാര്യം, നിരപ്പായ റൂട്ടു തന്നെ. പക്ഷേ,  മുഖത്തോട്ട്  ആഞ്ഞടിക്കുന്ന കാറ്റു കാരണം മല ചവിട്ടിക്കയറ്റുന്ന ഫീലാണ്. നീന്തേണ്ടതു നദിയിലാണ്. തണുപ്പു കൂടുതലായതു കൊണ്ട് വെറ്റ് സ്യൂട്ട് എന്ന വില കൂടിയ സ്യൂട്ട് പ്രത്യേകം വേണം. മണിക്കൂറുകൾ ദൈർഘ്യമുള്ള റെയ്സായതുകൊണ്ട് ക്ഷീണവും കാൽ കോച്ചിപ്പിടുത്തവും വരാതിരിക്കാൻ ന്യൂട്രീഷന്റെ കാര്യത്തിൽ പ്രത്യേക മുന്നൊരുക്കങ്ങൾ വേണം. ഇതൊക്കെ അവിടെ വച്ചാണ് അറിയുന്നത്. 

ഞാൻ കൊണ്ടുപോയതു ഒരു ശരാശരി സൈക്കിളായിരുന്നു. എല്ലാവരും റെയ്സിനെത്തിയിരിക്കുന്നതു വളരെ വിലപിടിപ്പുള്ള , നൂതന മോഡൽ സൈക്കിളുകളിൽ.  അതൊക്കെ പോരാഞ്ഞിട്ട്– ഞങ്ങൾ മാത്രമേയുള്ളു നേരേ ഫുൾ അയൺമാൻ മത്സരത്തിനു വന്നത്. അവിടെ വന്നവരെല്ലാം ഹാഫ് അയൺമാൻ (ഒാരോ ഇനത്തിലും നേർ പകുതി ദൂരം മാത്രമുള്ള റെയ്സ്) പങ്കെടുത്തു പരിചയമുള്ളവരാണ്.  

ഇതൊന്നും അറിയാതെ എന്തിന് എടുത്തുചാടി മത്സരത്തിനു പോയെന്നു തോന്നാം. അതിനു പിന്നിലൊരു ഫ്ളാഷ്‌ബാക്കുണ്ട്. ചെറുപ്പം മുതലേ ഞാൻ നീന്തൽ പഠിച്ചിട്ടുണ്ട്. കളികളിലും സ്പോർട്സിലും സജീവമായിരുന്നു. പിജി പഠനം തുടങ്ങിയതോടെ അതൊക്കെ വിട്ടു. പിന്നെ ആദ്യമായി നീന്തുന്നതു മകനെ നീന്തൽ പഠിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ്. അവിടെ വച്ച് 50–60 വയസ്സു പ്രായമുള്ള കുറച്ചുപേരേ പരിചയപ്പെട്ടു. അവർ വെറ്ററൻസ് മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നവരാണ്. അവരുടെ പ്രോത്സാഹനം കൊണ്ടു നീന്തൽ പരിശീലനം തുടങ്ങി. ചെറിയ ചില മത്സരങ്ങളിലൊക്കെ പങ്കെടുത്തു. ബിരുദ പഠനകാലത്തെ പോലെ സൈക്ലിങ്ങും ഒാട്ടവുമൊക്കെ വീണ്ടും തുടങ്ങി.  പതുക്കെ ഇതും മൂന്നും ചേർന്ന ട്രയാത‌്‌ലൺ മത്സരങ്ങളിൽ പങ്കെടുത്തു. അങ്ങനെയൊരു മത്സരവേളയിലാണ് ട്രയാത്‌ലൺ മത്സരങ്ങളുടെ രാജാവായ അയൺമാനെക്കുറിച്ചു കേൾക്കുന്നത്. 

ഒരു തോന്നലിന്റെ പുറത്തു റജിസ്റ്റർ ചെയ്തു. ആ വർഷം കോവിഡ് വന്നു, മത്സരം നടന്നില്ല. പിറ്റേ വർഷം മത്സരം നടന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് ഒാട്ടവും നീന്തലുമൊക്കെ മുടങ്ങിയതു കൊണ്ടു പങ്കെടുക്കാൻ ആത്മവിശ്വാസമില്ലായിരുന്നു. ഇനിയും മുടങ്ങിയാൽ റജിസ്ട്രേഷനു മുടക്കിയ പണം നഷ്ടമാകും. അങ്ങനെയാണ് 2023 ൽ നേരേ കസാഖിസ്ഥാനിൽ എത്തുന്നത്.  

17 മണിക്കൂർ കൊണ്ട് മൂന്ന് ഇനങ്ങളും പൂർത്തിയാക്കണം. ഒാരോന്നിനും വേഷം മാറ്റാനെടുക്കുന്ന സമയം, വിശ്രമം, ഭക്ഷണം, വെള്ളം കുടിക്കൽ എല്ലാറ്റിനും കൂടി ഇത്രയും സമയമേ ഉള്ളൂ. മാത്രമല്ല ഒാരോ ഇനവും പൂർത്തിയാക്കാൻ നിശ്ചിത സമയം ഉണ്ട്. അതിനുള്ളിൽ പൂർത്തിയാക്കിയാലേ അടുത്ത ഇനത്തിലേക്കു പോകാൻ സാധിക്കൂ.  നീന്തലിന്റെ കാര്യത്തിൽ എനിക്കു മേൽക്കൈ ഉണ്ട്, പക്ഷേ,  തെരുവുപട്ടികളെയും പാഞ്ഞുവരുന്ന ലോറികളെയും ഭയന്നു തൃശൂർ നഗരത്തിൽ സൈക്കിളുമായി ഇറങ്ങില്ലായിരുന്നു. സൈക്ലിങ് പരിശീലിച്ചതു മുഴുവനും ഇൻഡോറിലാണ്. അതുകൊണ്ട് നീന്തൽ പെട്ടെന്നു തീർത്താൽ കൂടുതൽ സമയം സൈക്ലിങ്ങിനും ഒാട്ടത്തിനുമെടുക്കാം എന്നു കരുതി. പക്ഷേ, കാറ്റു കാരണം സൈക്ലിങ് തീർക്കാൻ താമസിച്ചു.  എന്നിട്ടും, 17 മണിക്കൂറു കൊണ്ട് റെയ്സ് പൂർത്തിയാക്കി. 

varunironman434543

ഇതോടെ ഇനി അയൺമാനിൽ പങ്കെടുക്കാനില്ല എന്നുറപ്പിച്ചിരിക്കുകയായിരുന്നു. പക്ഷേ, 2024 ൽ തീരുമാനം മാറ്റി ഫിൻലൻഡിൽ നടന്ന ഹാഫ് അയൺമാനിൽ പങ്കെടുത്തു. 1.9 കി.മീ നീന്തൽ, 90 കി.മീ സൈക്ലിങ്, 21.1 കി.മീ ഒാട്ടം എന്നിവ ചേരുന്നതാണ് ഹാഫ് അയൺമാൻ. ഫിൻലൻഡിൽ സൂര്യാസ്തമയം വളരെ താമസിച്ചാണ്. അതുകൊണ്ട് ഉച്ചയ്ക്കു മത്സരം തുടങ്ങി അർധരാത്രിയാണു തീർക്കുക. അർധരാത്രിയാണെങ്കിലും നമ്മുടെ നാട്ടിലെ സായാഹ്നം പോലെയുള്ള വെളിച്ചമുണ്ടായിരിക്കും. അവിടെ തടാകത്തിലായിരുന്നു നീന്തൽ. സൈക്ലിങ്ങിനുള്ള വഴിയാകട്ടെ മലഞ്ചെരിവുകളും നിരപ്പായ പാതകളും ചേർന്നത്. സൈക്കിൾ തെല്ലൊന്നു ചെരിഞ്ഞാൽ തെറിച്ചുപോകാം.  എങ്കിലും  എട്ടു മണിക്കൂര്‍ 12 മിനിറ്റു കൊണ്ട് ആ റെയ്സ് പൂർത്തിയാക്കി

 2025 ൽ മസ്കറ്റിൽ നടന്ന ഹാഫ് അയൺമാനിലും (അയണ്‍മാന്‍ 70.3) പങ്കെടുത്തു. ചെങ്കുത്തായ മലഞ്ചെരിവുകളിലൂടെ സൈക്കിൾ ചവിട്ടിക്കയറ്റുക ദുഷ്കരമായിരുന്നു. കടലിലായിരുന്നു നീന്തൽ. അന്നാദ്യമായാണു കടലിൽ നീന്തുന്നത്. പക്ഷേ, അപ്പോഴേക്കും സൈക്ലിങ്ങിൽ എക്സ്പർട്ട് ആയി. റെയ്സിനായുള്ള ന്യുട്രീഷൻ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു.  ഏഴു മണിക്കൂർ 51 മിനിറ്റു കൊണ്ടാണു റെയ്സ് പൂർത്തിയാക്കിയത്. 

അയൺമാൻ മത്സരം പല തരത്തിലുണ്ട്. സാധാരണക്കാർക്കു പങ്കെടുക്കാവുന്നതു കൂടാതെ പ്രഫഷനലുകൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ്പുകളുണ്ട്. അയൺമാൻ വേൾഡ് ചാംപ്യൻഷിപ് പോലെ. 

തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മാക്സിലോ ഫേഷ്യൽ സർജനാണ് ഡോ. വരുൺ. പ്രഫഷനൽ തിരക്കുകൾക്കിടയിലും ഇങ്ങനെയുള്ള താൽപര്യങ്ങൾക്കു പിന്നാലെ പോകുന്നതു കുടുംബത്തിന്റെ  പിന്തുണ കൂടിയുള്ളതുകൊണ്ടാണെന്നു വരുൺ പറയുന്നു. ‘‘ മുടങ്ങാതെ പരിശീലിച്ചാലേ റെയ്സിനായി ശരീരം പാകമായിരിക്കൂ. അതുകൊണ്ട്  ദിവസവും അര മണിക്കൂർ വച്ച് ഏതെങ്കിലും രണ്ട് ആക്ടിവിറ്റി ചെയ്യാൻ ശ്രദ്ധിക്കും. മിക്കവാറും രാവിലെ നാലരയോടെ ദിവസം തുടങ്ങും. ഒന്നുകിൽ നീന്തൽ, അല്ലെങ്കിൽ ഒാട്ടം. പരുക്കിനു സാധ്യത കൂടുതൽ ആയതുകൊണ്ട് ആഴ്ചയിൽ മൂന്നു നാലു ദിവസമേ ഒാടാറുള്ളൂ.  അതുമല്ലെങ്കിൽ ഇൻഡോർ സൈക്ലിങ്. ഇൻഡോർ സൈക്ലിങ്ങിൽ നമ്മുടെ സൈക്കിൾ  ഒരു മെഷീനുമായി ഘടിപ്പിച്ചിട്ടാണു ചവിട്ടുക. അപ്പോൾ പലതരം റൂട്ടുകൾ തിരഞ്ഞെടുത്ത് ആ എഫക്റ്റ് കിട്ടുന്നപോലെ സൈക്കിൾ ചവിട്ടാൻ സാധിക്കും. ഭക്ഷണം കഴിയുന്നത്ര ആരോഗ്യകരമാക്കും. 2026 ലെ അയൺമാൻ മത്സരത്തിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം.  ’’ പുതിയ നേട്ടങ്ങളെ എത്തിപ്പിടിക്കാനുള്ള ഊർജത്തോടെ ഡോ. വരുൺ പുഞ്ചിരിക്കുന്നു. 

Tags:
  • Manorama Arogyam