ഒരിക്കൽ ഞാൻ അധ്യാപകരുടെ മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു. കൂടുതലും വനിതാ അധ്യാപകരുള്ള അസോസിയേഷനായിരുന്നു അത്. കാൻസറിനെക്കുറിച്ചു സംസാരിക്കണമെന്ന് അവരുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ സ്തനാർബുദം ആണെന്നു പറഞ്ഞു ഞാൻ പ്രഭാഷണം ആരംഭിച്ചു. അപ്പോൾ ഒരു ടീച്ചർ എഴുന്നേറ്റുനിന്നു ഡോക്ടറോട് ഒരു കാര്യം പറഞ്ഞോട്ടെ എന്നു ചോദിച്ചു. ചോദിച്ചോളൂ എന്നു ഞാൻ മറുപടി നൽകി.
‘‘ബ്രെസ്റ്റ് കാൻസർ ഒക്കെ പ്രധാനപ്പെട്ടതായിരിക്കും ഡോക്ടർ, പക്ഷേ, ഞങ്ങൾക്ക് ഒവേറിയൻ കാൻസറിനെക്കുറിച്ചു പറഞ്ഞുതരുമോ?’’ അവർ ചോദിച്ചു. സാധാരണ ആൾക്കാർ അങ്ങനെയൊന്നും ചോദിക്കാറില്ല. അതിനാൽ, എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യമെന്ന് ഞാൻ അവരോട് അന്വേഷിച്ചു. എന്റെ പ്രഭാഷണത്തിനുശേഷം ആ ടീച്ചർ ചോദ്യം ചോദിക്കാനുണ്ടായ സാഹചര്യം എന്നോടു പറഞ്ഞു.
ആൻ ടീച്ചറും മറഞ്ഞിരുന്ന അർബുദവും
ഈ ടീച്ചറിന്റെ സ്കൂളിൽ കണക്കു പഠിപ്പിക്കുന്ന ഒരു ടീച്ചറുണ്ട്. അവരുടെ കൂട്ടുകാരിയായ ഒരു പ്ലസ് ടു അധ്യാപികയാണ് ഈ സംഭവത്തിന് ആധാരമായിട്ടുള്ള ആൾ. ആ ടീച്ചറിനെ നമുക്ക് ‘ആൻ’ എന്നു വിളിക്കാം. ആൻ ടീച്ചറിനെ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ടീച്ചർ നല്ല എനർജറ്റിക്കുമാണ്. മൂന്നു കുട്ടികളാണ്. ഭർത്താവ് വിദേശത്താണു ജോലി ചെയ്യുന്നത്. ടീച്ചർ വീട്ടിലെ കാര്യങ്ങളും സ്കൂളിലെ കാര്യങ്ങളും ഭംഗിയായി കൊണ്ടുപോകുന്ന ഒരാളാണ്; അതേസമയം നല്ല ജോലിത്തിരക്കുമുണ്ട്.
അങ്ങനെയിരിക്കെ, കാര്യങ്ങളൊന്നും പഴയതു പോലെ നന്നായി ചെയ്യാൻ പറ്റുന്നില്ല എന്നു ടീച്ചറിന് അനുഭവപ്പെട്ടു. വയസ്സ് 40 ആയതുകൊണ്ടായിരിക്കാം എന്നു വിചാരിച്ച് ആശ്വസിച്ചു. അക്കാര്യം കൂട്ടുകാരികളായ മറ്റു ടീച്ചർമാരോടു പങ്കുവയ്ക്കുകയും ചെയ്തു. ടീച്ചറിനെ കണ്ടാൽ അങ്ങനെയൊന്നും തോന്നില്ല, ടീച്ചർ നല്ല ചെറുപ്പമാണ് എന്നൊക്കെയായിരുന്നു അവരുടെയെല്ലാം മ റുപടി. എന്നാൽ ടീച്ചറിന് ഇടയ്ക്കിടെ ഗ്യാസിന്റെ ബുദ്ധിമുട്ട് വരാൻ തുടങ്ങി. പണ്ടു മുതൽ വീട്ടിൽ അരിഷ്ടം കഴിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അവർക്ക്. അതിനാൽ ഗ്യാസ് ഉണ്ടായപ്പോൾ അരിഷ്ടം കഴിച്ചു പ്രശ്നം പരിഹരിച്ചു. ഇങ്ങനെ പലതവണ സംഭവിച്ചു.
ഒരു ദിവസം ക്ലാസ് എടുത്തുകൊണ്ടിരിക്കെ ടീച്ചറിനു മൂത്രശങ്ക. പെട്ടെന്നു വാഷ്‌റൂമിൽ പോകേണ്ട സാഹചര്യമുണ്ടായി. ടീച്ചർ ഒരു ജനറൽ ഫിസിഷനെ പോയിക്കണ്ടു മരുന്നു കുറിപ്പിച്ചു സ്വയം മേടിച്ചു. പെട്ടെന്നുതന്നെ ആശ്വാസം ലഭിച്ചു. പക്ഷേ, വീണ്ടും ഈ പ്രശ്നമുണ്ടായി. അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ ആൻ ടീച്ചറിന്റെ കാര്യം എന്നോടു പറഞ്ഞ സഹാധ്യാപികയായ ആ ടീച്ചർ ആൻ ടീച്ചറോടു പറഞ്ഞു:‘‘ഈയിടെ ആയിട്ടു ടീച്ചറിനു വയറു ചാടുന്നുണ്ടല്ലോ; അതുപോലെതന്നെ ക്ഷീണിക്കുന്നുമുണ്ട്.’’
‘‘അതിപ്പോ ഓട്ടത്തിന്റെ ആയിരിക്കും. ഭക്ഷണമൊന്നും ശരിക്കു കഴിക്കുന്നില്ല.’’ അതായിരുന്നു ടീച്ചറിന്റെ മറുപടി.
ഒരാഴ്ച കൂടി മുൻപോട്ടു പോയി. ഒരു ദിവസം പെട്ടെന്നു ടീച്ചറിനു ഛർദി വന്നു. ടീച്ചർ നേരെ ആശുപത്രിയിലെത്തി.
ഇത്തവണ കൃത്യമായ ചെക്കപ്പിനു വിധേയയായി. അപ്പോഴാണ് അറിയുന്നത് ടീച്ചറിന് ലോക്കലി അഡ്വാൻസ്ഡ് ഒവേറിയൻ കാൻസർ ആണ് എന്ന്; ഒവേറിയൻ ട്യൂമർ! അതിനെ തുടർന്നു ചികിത്സ ആരംഭിച്ചു. ആറു മാസത്തെ കീമോ തെറപ്പി, സർജറി തുടങ്ങിയ ചികിത്സാരീതികൾ. കുറെ നാൾ കഴിഞ്ഞു ടീച്ചർ തിരികെ ജോലിക്കു വന്നു.
ആൻ ടീച്ചറിന്റെ ഈ അനുഭവം മനസ്സിൽ വച്ചാണ് ഈ ടീച്ചർ ഒവേറിയൻ കാൻസറിനെക്കുറിച്ചു സംസാരിക്കാമോ എന്ന് എന്നോട് ചോദിച്ചത്. ഒപ്പം ഇങ്ങനെയൊരു ചോദ്യം ഉയർത്തുകയും ചെയ്തു.
‘‘ആന്‍ ടീച്ചറിനു ഗ്യാസും പിന്നെ ഒന്നുരണ്ടു തവണ വാഷ് റൂമിൽ പോകണമെന്നു തോന്നിയതുമല്ലാതെ വേറെ പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും തോന്നിയില്ലല്ലോ. സാധാരണ കാൻസർ വരുമ്പോൾ വളരെ ക്ഷീണിച്ചു പോവുകയൊക്കെ ചെയ്യില്ലേ. അങ്ങനെയൊന്നും ഉണ്ടായില്ലല്ലോ?’’
‘‘എന്തെങ്കിലുമൊരു ലക്ഷണമുണ്ടായിരുന്നെങ്കിൽ നേരത്തെ ആശുപത്രിയിൽ വന്നേനെ ഡോക്ടർ. പക്ഷേ, ഒരു പ്രശ്നവും-തോന്നിയിരുന്നില്ല.’’ ഒവേറിയൻ കാൻസർ അഡ്വാൻസ്ഡ് സ്േറ്റജിലാണെന്നു മനസ്സിലായ പലരും എന്നോടു പറഞ്ഞതാണ് ഈ വാക്കുകൾ. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നവരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയർന്ന സ്ഥാനങ്ങളിലിരിക്കുന്നവരുമായിരുന്നു അവരൊക്കെ.
നിശ്ശബ്ദനായ കൊലയാളി
ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ കാൻസർ സൈലന്റ് കില്ലർ എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി പ്രത്യേക ലക്ഷണങ്ങളൊന്നും ഈ അസുഖം കാണിക്കാറില്ല. മറ്റെന്തെങ്കിലും രോഗ മാണെന്ന സംശയത്തിൽ പരിശോധന നടത്തുമ്പോഴായിരിക്കും അണ്ഡാശയ കാൻസർ കണ്ടുപിടിക്കുന്നത്. ഈ അസുഖത്തെ സൈലന്റ ് കില്ലർ എന്നു പലരും വിശേഷിപ്പിക്കുന്നത് അതിനാലാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്നു നമുക്കു നോക്കാം.
വയറിന്റെ-താഴ്ഭാഗത്ത് ഇടുപ്പിന്റെ ഉള്ളിൽ ഗർഭാശയത്തിന്റെ ഇരു വശങ്ങളിലുമായാണ് ഓവറി അഥവാ അണ്ഡാശയം സ്ഥിതി ചെയ്യുന്നത്. സ്ത്രീ ഹോർമോണുകളുടെ ഉൽപാദനം, പ്രത്യുൽപാദനപരമായി സജീവമായ സമയത്ത് അ ണ്ഡം ഉൽപാദിപ്പിക്കൽ എന്നിവയാണ് ഈ അവയവത്തിന്റെ പ്രവർത്തനങ്ങൾ. പ്രധാനമായും മൂന്നുതരം കാൻസറുകളാണ് അണ്ഡാശയത്തിൽ കണ്ടുവരുന്നത്. ഇതിൽ ‘എപ്പിതീലിയൽ’ (Epithelial) ഒവേറിയൻ കാൻസറുകളാണ് ഏതാണ്ട് 95 ശതമാനവും. ഇതിന്റെ വിവിധ ഉപവിഭാഗങ്ങളാണു സാധാരണ നാം കാണുന്ന അണ്ഡാശയ കാൻസറുകൾ.
അടുത്ത വിഭാഗമാണ് ‘ജേം സെൽ ട്യൂമറുകൾ’ (Gem Cell Tumor). ഇതു സാധാരണയായി ചെറു പ്രായത്തിലാണു കാണപ്പെടുന്നത്. പൊതുവെ ചികിത്സിച്ചു ഭേദപ്പെടുത്താവുന്നവയാണ് ഇതിൽ ഭൂരിഭാഗവും. മൂന്നാമത്തെയാണു ‘സ്ട്രോമൽ ട്യൂമറുകൾ’ (Stromal Tumor). ഇവയും നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കാനും എളുപ്പമുള്ളവയാണ്.
ഇവയിൽ ഏറ്റവും സാധാരണവും അപകടകാരിയും ‘എ പ്പിതീലിയൽ (Epit helial) ഒവേറിയൻ കാൻസറാണ്. അതിനാൽ അവയെക്കുറിച്ചു വിശദമായി പ്രതിപാദിക്കാം.
രോഗലക്ഷണങ്ങൾ
1. ഏറ്റവും സാധാരണലക്ഷണമെന്നു പറയുന്നതു നീണ്ടുനിൽക്കുന്ന ‘അബ്ഡോമിനൽ ബ്ലോട്ടിങ്’ ആണ്. നാം-ഇതിനെ ഗ്യാസ് കെട്ടുക, വയറു കമ്പിക്കുക എന്നൊക്കെയാണ് വിളിക്കുന്നത്. സാധാരണ ഇത് ആർത്തവം തുടങ്ങുന്നതിനു തൊട്ടു മുൻപ് അല്ലെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കുമ്പോഴാണു തോന്നുക.
അതിനാൽ 40 വയസ്സിനുശേഷം രണ്ടാഴ്ചയിൽ കൂടുതൽ ഈ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു മെഡിക്കൽ പരിശോധനയോ അല്ലെങ്കിൽ വളരെ സിംപിളായ ഒരു അൾട്രാ സൗണ്ട് പരിശോധനയോ നടത്തേണ്ടതു പ്രധാനമാണ്.
2. അടിവയറിലോ അല്ലെങ്കിൽ വയറു മുഴുവനോ തോന്നുന്ന വേദന, കൊളുത്തിപ്പിടിക്കൽ അല്ലെങ്കിൽ അടിവയറിൽ ആർത്തവസമയത്തു ചിലർക്ക് ഉണ്ടാകുന്നതുപോലെയുള്ള കൊളുത്തി വലിക്കുന്ന വേദന (Cramping Pain) .
3. മൂത്രസംബന്ധമായപ്രശ്നങ്ങൾ. കൂടെക്കൂടെ മൂത്രം പോവുക, അറിയാതെ മൂത്രം പോവുക, ഇടയ്ക്കിടെ മൂത്രം പോകണമെന്ന തോന്നൽ (Urinary Urgency) ഉണ്ടാകുക എന്നിവയാണ്.
4. വിശപ്പില്ലായ്മ - അൽപം കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞു പോകുന്ന അവസ്ഥയുണ്ടാകുന്നു.
5. ആർത്തവചക്രത്തിൽ വരുന്ന മാറ്റങ്ങൾ -(Menstrual Changes). പീരിയഡ്സിനിടയ്ക്ക് രക്തസ്രാവം അഥവാ സ്പോട്ടിങ് ഉണ്ടാകുന്നതും ആർത്തവവിരാമശേഷവും യോനിയിൽനിന്നും രക്തസ്രാവം (Vaginal Bleeding) ഉണ്ടാകുന്നതും ഒവേറിയൻ കാൻസർ ലക്ഷണമായേക്കാം. ഇതു പോലെയുള്ള ആർത്തവവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഏതാണ്ടു 15 ശതമാനം സ്ത്രീകളിലേ കാണപ്പെടാറുള്ളൂ.
6. മലശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ- അഞ്ചിലൊന്നു രോഗികൾക്കു മാത്രമേ ഇതു കാണപ്പെടാറുള്ളു. മലബന്ധം, കുടൽസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം അല്ലെങ്കിൽ ഇവ മാറിമാറി വരുന്ന അവസ്ഥ എന്നതും ഇത്തരം കാൻസറിന്റെ ലക്ഷണമാണ്. അണ്ഡാശയ രോഗത്തിന്റെ അഡ്വാൻസ്ഡ‍് സ്േറ്റജിലാണ് ഇതു സാധാരണ കാണപ്പെടുന്നത്.
ലക്ഷണങ്ങൾ നീണ്ടുനിന്നാൽ
ഈ രോഗലക്ഷണങ്ങളെല്ലാം രോഗിയിൽ കാണണമെന്നില്ല. അതുപോലെ ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ എല്ലാവരിലും വല്ലപ്പോഴും ഉണ്ടാകാറുണ്ട്. അതിനാൽ നാം ഇതു ഗൗരവമായി എടുത്തെന്നും വരികയില്ല. അങ്ങനെ രോഗം മൂർച്ഛിച്ച അവസ്ഥയിലായിരിക്കാം ചികിത്സ തേടുക. അ തിനാലാണ് ഒവേറിയൻ കാൻസറിനെ നിശ്ശബ്ദ കൊലയാളി എന്നു വിളിക്കുന്നത്.
എന്നാൽ മേൽപറഞ്ഞ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ പ്രത്യേകിച്ച്, 40-45 വയസ്സിനു ശേഷമാണെങ്കിൽ അൾട്രാസൗണ്ട് പരിശോധനയോടൊപ്പം അടുത്തുള്ള ഒരു ഡോക്ടറെ കാണിക്കാനും പ്രത്യേകം ശ്രദ്ധി,ക്കുക.-
രോഗനിർണയ പരിശോധനകൾ
വിദഗ്ധ ക്ലിനിക്കൽ പരിശോധനയോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും കൂടി ചെയ്യുമ്പോൾ 90 ശതമാനം രോഗനിർണയം സാധ്യമാണ്. ഇതിനൊപ്പം നടത്തുന്ന സി എ 125 (CA 125) എന്ന ട്യൂമർ മാർക്കറിന്റെ അളവും കൂടിയാകുമ്പോഴേ രോഗനിർണയം പൂർണമാകൂ.
∙ കോൺട്രാസ്റ്റ് (Contrast) കൊടുത്തുള്ള സി ടി സ്കാൻ (CT Scan) - വയറിന്റെയും നെഞ്ചിന്റെയും - ചെയ്യുന്നതുവഴി രോഗത്തിന്റെ വ്യാപ്തി നിശ്ചയിക്കാൻ സാധിക്കും.
∙ പെറ്റ് സ്കാൻ (PET Scan): പ്രധാനമായും ചികിത്സയോടുള്ള രോഗത്തിന്റെ പ്രതികരണം മനസ്സിലാക്കാനാണു പെറ്റ് സ്കാൻ ചെയ്യുക. ചില പ്രത്യേക സാഹചര്യങ്ങളിൽ സ്േറ്റജിങ്ങിനും (Staging) പെറ്റ് സ്കാൻ പ്രയോജനപ്പെടുത്താറുണ്ട്.
∙ എം ആർ ഐ സ്കാൻ (MRI Scan): സർജറിക്കു മുൻപു ട്യൂമറിന്റെ വ്യാപനം മനസ്സിലാക്കാൻ പ്രയോജനപ്പെടുത്തുന്നു.
അണ്ഡാശയ കാൻസറിന്റെ ചികിത്സ
സർജറിയും കീമോതെറപ്പിയുമാണ് ഈ രോഗത്തിനുള്ള ചികിത്സ. ചില പ്രത്യേക സാഹചര്യങ്ങളിൽ റേഡിയേഷനും പ്രയോജനപ്പെടുത്തുന്നു.
∙ സർജറി
അണ്ഡാശയ കാൻസർ സർജറിയുടെ പേര് ‘സൈറ്റോറിഡക്ടീവ് സർജറി’ (Cytoreductive Surgery - CRS) എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ സർജറിക്കായി വയറു തുറന്നതിനുശേഷം തിരിച്ചടയ്ക്കുമ്പോൾ വയറിനുള്ളിൽ ഒരു നിശ്ചിത അളവിൽ (1 cm3)-കൂടുതൽ അസുഖം ഉണ്ടാകാൻ പാടില്ല എന്നതാണ് ഇതിന്റെ അടിസ്ഥാന നിയമം. അതിനായി എന്തൊക്കെ മുറിച്ചു മാറ്റണമോ അതെല്ലാം ചെയ്യണം. അതിനാൽ ഒവേറിയൻ കാൻസർ സർജറി പരിചയസമ്പന്നനായ ഒരു സർജിക്കൽ ഓങ്കോളജിസ്റ്റിനെക്കൊണ്ടു മാത്രം ചെയ്യിക്കുക.
രോഗം കൂടുതലുള്ളവരിൽ ഈ സർജറി നടപ്പിലാക്കാൻ ബുദ്ധിമുട്ട് ആയതിനാൽ കുറച്ചു കീമോതെറപ്പി നൽകി രോ ഗം കുറച്ചശേഷം സിആർഎസ് ചെയ്യുന്നു. ഇതിനെ ഇന്റർവെൽ സി ആർ എസ് (Interval CRS ) എന്നും കീമോതെറപ്പിക്കു മുൻപു ചെയ്യുന്നതിനെ പ്രൈമറി സൈറ്റോറിഡക്ടീവ് സർജറി (Primary Cytoreductive Surgery ) എന്നും വിളിക്കുന്നു.
കൃത്യമായി എടുത്ത ഒരു സി ടി സ്കാൻ, സി എ 125 (CA 125) എന്ന ട്യൂമർ മാർക്കറിന്റെ അളവ് എന്നിവ നോക്കി ഒരു സർജിക്കൽ ഓങ്കോളജിസ്റ്റ് ആണ് സർജറി ആദ്യം വേണോ, അതോ കീമോതെറപ്പിക്കുശേഷം മതിയോ എന്നു തീരുമാനിക്കുന്നത്.
∙ കീമോതെറപ്പി
രോഗിയുടെ ആരോഗ്യം, രോഗത്തിന്റെ അവസ്ഥ എ ന്നിവ നോക്കി വിവിധ മരുന്നുകളുടെ ഒരു കോമ്പിനേഷനായിട്ടാണു കീമോതെറപ്പി നൽകുന്നത്. മൂന്നാഴ്ച ഗ്യാപ്പിട്ട് ആറു കോഴ്‍സ് ആ ണു സാധാരണ കീമോതെറപ്പി നൽകുക. കീമോതെറപ്പിയോടുള്ള രോഗത്തിന്റെ പ്രതികരണമനുസരിച്ചു മരുന്നുകൾക്കും കീമോതെറപ്പി സൈക്കിളുകൾക്കും വ്യത്യാസം വരുന്നതാണ്. ഇനി അണ്ഡാശയ കാൻസർ ചികിത്സയ്ക്കിടെ കേൾക്കുന്ന ചില വാക്കുകളെ പരിചയപ്പെടാം
1. പ്രിസിഷൻ ഓങ്കോളജി (Precision Oncology)
ആധുനിക കാൻസർ ചികിത്സയിൽ രോഗിയെയും രോഗത്തിന്റെ വിവിധ അവസ്ഥകളെയും മനസ്സിലാക്കി ആ രോഗിക്കുവേണ്ടി മാത്രം ഒരു ചികിത്സാ പ്ലാൻ ഉണ്ടാക്കുന്നു. അതിനെയാണു പ്രിസിഷൻ ഓങ്കോളജി എന്നു വിളിക്കുന്നത്.
2. ഹൈപെക് ട്രീറ്റ്മെന്റ് (HIPEC Treatment - Hyperthermic intraperitoneal chemotherapy)
സൈറ്റോ റിഡക്ടീവ് സർജറിക്കു (Cytoreductive Surgery) ശേ ഷം വയറിനുള്ളിലേക്ക് ഉയർന്ന താപനിലയിൽ കീമോതെറപ്പി കൊടുക്കുക എന്നതിനെയാണു ഹൈപെക് എന്നു പറയുന്നത്. തിരഞ്ഞെടുത്ത രോഗികളിൽ ഇതു ഗുണം നൽകാറുണ്ട്.
3. ടാർജറ്റഡ് തെറാപ്പി (Target Therapy)
കാൻസർ കോശങ്ങളിൽ നടക്കുന്ന ചില ജനിതക വ്യതിയാനങ്ങളെ, അതായതു കാൻസർ കോശങ്ങൾ വളരാനും പടർന്നുപിടിക്കാനുമൊക്കെ സഹായിക്കുന്ന ഘടകങ്ങളെ തടയുന്ന മരുന്നുകൾ നൽകുക എന്നതാണ് ഇവിടെ നടക്കുന്നത്. അതേസമയം സാധാരണ കോശങ്ങൾക്കു കാര്യമായ നാശമുണ്ടാകുന്നില്ല താനും. ബേവാസിസുമാബ് (Bevasizumab), ഡാപാരിനിബ് (Daparinib) തുടങ്ങിയ ടാർജറ്റഡ് മരുന്നുകൾ ഒവേറിയൻ കാൻസർ ചികിത്സയ്ക്കു വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്.
അണ്ഡാശയ കാൻസർ നേരത്തെ കണ്ടുപിടിച്ചാൽ കൃത്യമായ സർജറിയും കീമോതെറപ്പിയും വഴി ചികിത്സിച്ചു ഭേദമാക്കാം. അതിനാൽ നാം, നിസ്സാരമെന്നു കരുതുന്ന ,പ്രത്യേകിച്ച് ഒരു രോഗത്തിന്റെയും ലക്ഷണമായി തോന്നാത്ത ലക്ഷണങ്ങളെ-ഗൗരവത്തോടെ എടുക്കുകയും തുടർനടപടി സ്വീകരിക്കുകയും വേണം.-
ഡോ. ജോജോ വി. ജോസഫ്
സീനിയർ കൺസൽറ്റന്റ്,-
സർജിക്കൽ ഒാങ്കോളജി വിഭാഗം,
കാരിത്താസ് കാൻസർ റിസർച്-ഇൻസ്റ്റിറ്റ്യുട്ട്, കോട്ടയം & ഇന്ദിരാഗാന്ധി കോ ഒാപറേറ്റീവ്
ഹോസ്പിറ്റൽ,-കൊച്ചി