Friday 11 November 2022 12:45 PM IST : By സ്വന്തം ലേഖകൻ

ഭാര്യയോട് കള്ളം പറഞ്ഞ് കുഴിയിൽ ചാടരുതേ ഭർത്താവേ...; ദാമ്പത്യത്തിൽ വേണ്ടത് ‘നേരേ വാ നേരേ പോ’ രീതി

lie

കൊച്ചുകൊച്ചു കാര്യങ്ങളാണ് ജീവിതത്തിലെ പ്രകാശം കെടുത്തുന്നത്. അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോയാൽ ഏതു ബന്ധവും സുന്ദരമാക്കാം–
പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പംക്തി തുടരുന്നു

അടുത്തിടെ കണ്ട ഒരു ഷോട്ട് ഫിലിം ഒാർമ വരുന്നു. കേരളത്തിനു പുറത്തുള്ള സ്ഥലമാണ് പശ്ചാത്തലം. പഴയ പെൺസുഹൃത്തിനെ രാത്രി അവിചാരിതമായി കണ്ട ഭർത്താവ് അവരോടൊപ്പം ഭക്ഷണം കഴിക്കാൻ കയറുന്നു. കൃത്യസമയത്ത് ഭാര്യയുടെ ഫോൺ വരുന്നു. സ്ത്രീ സുഹൃത്തിനെ കുറിച്ച് പറഞ്ഞാൽ ഭാര്യ തെറ്റിധരിച്ചാലോ എന്നു ഭയമാണ് ഭർത്താവിന്. അതുകൊണ്ട് താൻ മുത്തശ്ശിയുടെ കൂടെയാണെന്ന് കള്ളം പറയുന്നു. തെളിവായി ഒരുമിച്ചുള്ള ഫോട്ടോ എടുത്ത് സുഹൃത്തിന്റെ മുഖം ഫേസ് ആപ്പിൽ ‌പ്രായം കൂടുതലാക്കി അയച്ചുകൊടുക്കുന്നു... അതോടെ ഭാര്യ അതു വിശ്വസിക്കുന്നു.

ഇതിപ്പോൾ പറയാൻ കാര്യമുണ്ട്. എന്റെയടുത്ത് ദാമ്പത്യപ്രശ്നങ്ങളുമായി വരുന്ന പലരിലും വഴക്കുകളുടെ തുടക്കം എന്തെങ്കിലുമൊരു കൊച്ചു കള്ളം ആയിരിക്കും. പലപ്പോഴും താൽക്കാലിക രക്ഷയ്ക്കായാണ് പലരും കള്ളം പറയുന്നത്. പക്ഷേ, പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നല്ലേ. പറയുന്നത് ശരിയല്ല എന്നു മനസ്സിലായാൽ വിശ്വാസം പോയി സംശയം വരും. പിന്നീട് പലതും കൂട്ടിവായിക്കാൻ തുടങ്ങും. സംശയങ്ങൾ അങ്ങനെയല്ലെന്നു സ്ഥാപിക്കാൻ ഒരുപാട് യത്നിക്കേണ്ടി വരും. അതുകൊണ്ട് ബന്ധങ്ങളിൽ പ്രത്യേകിച്ച് ദാമ്പത്യത്തിൽ എപ്പോഴും നേരേ വാ നേരേ പോ രീതിയാണ് നല്ലത്.

ദാമ്പത്യം തകർക്കുന്ന കളളങ്ങൾ

പണ്ടൊക്കെ ആൾക്കാർ കള്ള് കുടിച്ചു കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് സ്ഥിരം കള്ളം പറഞ്ഞുകൊണ്ടിരുന്നത്. ഇന്ന് മൊബൈൽഫോൺ തുറക്കുമ്പോഴാണ് കള്ളം പറയേണ്ടിവരുന്നത്. ഭാര്യ ഭർത്താവിനെ പാൽ തിളയ്ക്കുന്നത് നോക്കാൻ ഏൽപിച്ചുപോയി. ഭർത്താവ് വാട്സ് ആപ്പിൽ കുത്തിയിരുന്ന് പാല് തിളച്ചുതൂവി. ഭാര്യ വന്നപ്പോൾ ഭർത്താവ് നല്ല ഉറക്കം. ഭാര്യ കുലുക്കി വിളിച്ചപ്പോൾ , ‘അയ്യോടീ ഞാനങ്ങ് ഉറങ്ങിപ്പോയി’ എന്നു ഭർത്താവ് കള്ളം പറഞ്ഞു. ഭാര്യ ഒന്നും മിണ്ടാതെ മൊബൈൽ എടുത്ത് വാട്സ് ആപ്പിലെ ലാസ്റ്റ് സീൻ എടുത്തു മുഖത്തിനു നേരെ നീട്ടിപ്പിടിച്ചു. രണ്ടു മിനിറ്റ് മുൻപുള്ള സമയമായിരുന്നു ലാസ്റ്റ് സീനിലേത്.!!!!

ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും കൂടി കാണാൻ വന്നു. വൈകിട്ട് ഒാഫിസ് കഴിഞ്ഞുവന്നാൽ ഭർത്താവ് എപ്പോഴും വാട്സ് ആപ്പിലാണ്. ചോദിച്ചാൽ മുട്ടുശാന്തിക്ക് എന്തെങ്കിലും കള്ളം പറയും. ഭാര്യ മിടുക്കിയായിരുന്നു. അവൾ കയ്യോടെ കള്ളത്തരങ്ങളൊക്കെ പൊളിച്ചു. വാട്സ് ആപ് വഴി പണ്ട് കോളജിൽ കൂടെപഠിച്ച പെൺകുട്ടിയുമായി ചാറ്റ് ചെയ്യുകയാണ് ഭർത്താവെന്നു കണ്ടെത്തി. ആ വാശിക്ക് അവൾ കൂടെ പഠിച്ചവനുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. അത് ഭർത്താവ് അറിഞ്ഞു. അതോടെ വഴക്കായി, വിവാഹമോചനത്തിന്റെ വക്കിലാണ് ഇപ്പോൾ.

എപ്പോഴാണ് പങ്കാളിയോട് കള്ളം പറയേണ്ടിവരുന്നത്? ഒന്നുകിൽ തെറ്റായ എന്തോ കാര്യം ചെയ്യുമ്പോൾ. അല്ലെങ്കിൽ നമ്മൾ പറയുന്ന കാര്യത്തെ പങ്കാളി അതിന്റെതായ അർഥത്തിൽ എടുക്കില്ല എന്ന തോന്നൽ കൊണ്ട്.

‘‘എന്തിനാ കള്ളം പറയുന്നത്, ഉള്ളത് ഉള്ളപോലെ പറഞ്ഞാൽ പോരേ... ’’എന്നു ചോദിച്ചാൽ ചിലർ പറയും, അച്ചന് എന്റെ ഭാര്യയെ അറിയാൻ മേലാഞ്ഞിട്ടാ...ഈ ചെറിയ കാര്യം മതി, ഒരു മാസത്തേക്ക് മനസ്സമാധാനം കളയാൻ....അവിടെയാണ് പ്രശ്നം. ഭാര്യയുടെ മനസ്സമാധാനം സംസാരം കൊണ്ടോ നടപ്പുകൊണ്ടോ പ്രവർത്തി കൊണ്ടോ ഭർത്താവ് തകർക്കരുത്. ഭർത്താവിന്റെ സമാധാനം ഭാര്യയും നശിപ്പിക്കരുത്.

സഞ്ചരിക്കുന്ന മിക്സി...

ഒരു സ്ത്രീക്ക് ഭർത്താവിനെ ഭയങ്കര സംശയം. അവൾ ഒാഫിസിൽ പോയാലും ഇടയ്ക്ക് ഭർത്താവിനെഫോൺ വിളിക്കും. ‘‘ജോസുമോനേ...എന്നാ എടുക്കുവാ?’’ അവൻ പറയും ‘‘കംപ്യൂട്ടർ നോക്കുവാ’’.

‘‘കള്ളൻ... കംപ്യൂട്ടർ നോക്കുവാണേൽ അടുക്കളയിൽ പോയി ആ മിക്സി ഒന്ന് ഒാൺ ചെയ്തേ...’’

അവൻ മിക്സി ഒാൺ ചെയ്തു. അവൾക്കു സന്തോഷമായി. ആള് വീട്ടിൽ ഉണ്ടല്ലൊ.

മൂന്നാല് മാസം ഈ അന്വേഷണവും മിക്സി ഒാൺ ചെയ്യലും മുറയ്ക്ക് നടന്നു. ഒരു ദിവസം ഒാഫിസ് വിട്ട് അഞ്ചരയ്ക്കു വരേണ്ടവൾ രണ്ടരയ്ക്കു വന്നു. സിറ്റ് ഔട്ടിൽ മോൻ സ്ലേറ്റേൽ വരച്ചു കൊണ്ടിരിക്കുന്നു.

‘‘ഡാഡി എന്തിയേടാ...?’’ അവൾ ചോദിച്ചു.

‘‘എവിടാന്നറിയത്തില്ല. രണ്ടു മണിയായപ്പോൾ മിക്സിയും കാറേൽ കേറ്റിക്കോണ്ട് ഡാഡി പോകുന്നതു കണ്ടു.!!!’’

പങ്കാളികൾ തമ്മിൽ പരസ്പരം വിശ്വാസമില്ലാതെ വന്നാൽ എങ്ങോട്ടു തിരിഞ്ഞാലും സംശയമാകും. ഈ സംശയം കൊണ്ട് സഹികെട്ടിട്ടാണ് ചിലരൊക്കെ കള്ളത്തിന്റെ കൂട്ടുപിടിക്കുന്നത്. ദമ്പതികൾ തമ്മിൽ പരസ്പരം മനസ്സിലാക്കുന്നിടത്ത്, വിശ്വാസവും സ്നേഹവും ഉള്ളിടത്ത് കള്ളം പറയേണ്ടിവരില്ല.

ചെറിയൊരു കള്ളമല്ലേ...അതുകൊണ്ട് എന്തു ദോഷം വരാനാണ് എന്നാണ് ആളുകൾ ചിന്തിക്കുക. പക്ഷേ, ദാമ്പത്യമെന്ന വലിയ കപ്പലിനെ മുക്കിക്കളയുന്നത് കൊച്ചു കള്ളങ്ങൾ സൃഷ്ടിക്കുന്ന വിള്ളലുകളാണ്. ആ വിള്ളലിലൂടെ പരസ്പര വിശ്വാസവും സ്നേഹവും ഒലിച്ചു പോയി സംശയവും പകയും നിറയും.

∙ ഏതു ബന്ധത്തിലായാലും കൊച്ചു കള്ളങ്ങൾ പറയുന്നതു പോലും ഒഴിവാക്കുക.

∙ കള്ളം പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം പങ്കാളികൾ പരസ്പരം അനുവദിച്ചുകൊടുക്കണം.

∙ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുക. പറയുന്നത് അതേ അർഥത്തിൽ മനസ്സിലാക്കുന്ന പങ്കാളിയോട് കള്ളം പറയേണ്ടിവരില്ല.

Tags:
  • Relationship