Friday 11 February 2022 04:54 PM IST : By ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം

പഴങ്ങൾ തൊലികളഞ്ഞ് കഴിക്കാം; കാൻസർ രോഗിയുടെ ആഹാരത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

vdsfger5435

ചികിത്സാ സമയത്ത് കാൻസർ രോഗി ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത്?

കാൻസർ ചികിത്സാസമയത്ത് പലർക്കും ആശങ്ക ഉണ്ടായേക്കാവുന്ന കാര്യങ്ങളിൽ ഒന്നാണ് ഇത്. എല്ലാവർക്കുമായി ഒരു ഭക്ഷണക്രമം, അങ്ങനെ ഒന്നില്ല എന്ന് പറയാതെ തന്നെ മനസ്സിലാകുമല്ലോ. മറിച്ച്, ഓരോ രോഗിയും ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾക്ക് അനുസൃതമായി ആഹാരം ക്രമീകരിക്കുകയാണു വേണ്ടത്.

എന്താണ് ആരോഗ്യകരമായ ഒരു ഡയറ്റ്?

ധാരാളം പഴവർഗങ്ങളും പച്ചക്കറികളും തവിട് ഉള്ള ധാന്യങ്ങളും മിതമായ അളവിൽ മത്സ്യമാംസാദികളും പാൽ ഉൽപ്പന്നങ്ങളും, വളരെ പരിമിതമായ അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങുന്നതാണ് ആരോഗ്യകരമായ ഒരു ഡയറ്റ്.

എന്നാൽ, കാൻസർ ചികിത്സയ്ക്കിടയിൽ ഡയറ്റിൽ മാറ്റങ്ങൾ അനിവാര്യമാണ്. കൂടുതൽ പ്രോട്ടീനും കാലറിയും രോഗിക്ക് ആവശ്യമായി വരുന്നു.

ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് രോഗിക്ക് എന്തെല്ലാം പ്രശ്നങ്ങൾ ആണ് നേരിടേണ്ടി വരുന്നത്?

രോഗത്തിന്റെ ഭാഗമായി പലർക്കും വിശപ്പില്ലായ്മയും, വായിൽ കയ്പും ഉണ്ടാകാം. ചിലർക്ക് രോഗം കണ്ടെത്തുന്ന സമയത്ത് ശരീരം മെലിഞ്ഞു കാണപ്പെടുന്നു. മറ്റു ചിലർക്കാകട്ടെ, ചികിത്സയുമായി ബന്ധപ്പെട്ട് ചില പാർശ്വഫലങ്ങൾ കണ്ടേക്കാം. ഉദാ: ചിലർക്ക് വയറില്‍ അസ്വസ്ഥത അനുഭവപ്പെടാം. മറ്റു ചിലർക്ക് വയറിളക്കം ഉണ്ടാകുന്നു. ചിലരിലാകട്ടെ മലബന്ധം ഉണ്ടാകുന്നു. കുറേ പേർക്ക് വായ ഉണങ്ങുന്നതാകാം പ്രശ്നം. വായിലെ തൊലി പോകുന്നതു കാരണം ചൂടോ എരിവോ ഉള്ള ആഹാരം കഴിക്കാനാകാത്തവരുമുണ്ട്. മേൽ പറഞ്ഞ അവസ്ഥകൾക്കനുസരിച്ച് ആഹാരം ക്രമീകരിക്കേണ്ടിവരും എന്ന് മനസ്സിലാകുമല്ലോ.

ചികിത്സാസമയത്ത് വണ്ണം കൂട്ടണോ കുറയ്ക്കണോ?

രോഗം മൂലം മെലിയുന്നവർ കൂടു തൽ മെലിയാതിരിക്കുന്നതിനും അ ല്ലെങ്കിൽ മുൻപുള്ള ശരീരഭാരം തിരിച്ചു പിടിക്കാനുമാകും ശ്രമിക്കുന്നത്. രോഗം പ്രാരംഭഘട്ടത്തിലാണെങ്കിൽ സാധാരണ രീതിയിൽ ശരീരഭാരം കുറയാറില്ല. അങ്ങനെയെങ്കിൽ ചികിത്സാ സമയത്ത് അനാവശ്യമായി വണ്ണം കൂടുന്നത് ഒഴിവാക്കണം. പലരുടെയും ചികിത്സ കഴിയുമ്പോൾ അഞ്ചും ആറും കിലോ കൂടുന്നതായി ശ്രദ്ധിക്കാറുണ്ട്. അത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ശരീരഭാരം വർധിക്കുന്നതിനായി എന്തെല്ലാം കഴിക്കണം?

ശരീരഭാരം വർധിക്കുന്നതിനായി താഴെപ്പറയുന്ന ആഹാരങ്ങൾ ശ്രദ്ധിക്കുക. (ഇവ എല്ലാം നൽകണം എന്നില്ല. രോഗിക്ക് ഇഷ്ടപ്പെടുന്നത് മാത്രം നൽകിയാൽ മതിയാകും.)

ഉയർന്ന കാലറി ഉള്ളവÐ

ചോറ് , ഏത്തപ്പഴം, അവക്കാഡോ, ഡ്രൈഫ്രൂട്ട്സ്, കൊഴുപ്പ് നീക്കം ചെയ്യാത്ത പാൽ.

ഉയർന്ന പ്രോട്ടീൻ ഉള്ളവÐ മുട്ട, മാംസാഹാരങ്ങൾ, പ്രോട്ടീൻ പൊടികൾ, പാലുൽപ്പന്നങ്ങൾ, ചീസ്, നട്ട്സ്.

വെള്ളം കുടിക്കുന്നത് എത്രമാത്രം പ്രധാനമാണ്?

‘‘എന്തു വേണമെങ്കിലും കഴിച്ചോളാം. പക്ഷേ വെള്ളം കുടിക്കാൻ മാത്രം പറയരുത് ’’ എന്നു പറയുന്ന
രോഗികളുണ്ട്.

ചികിത്സാ സമയത്ത് നന്നായി വെള്ളം കുടിക്കണം. ആഹാരത്തിനിടയിലെ ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് ഉചിതം. ദിവസേന മൂന്ന് ലീറ്റർ വരെ വെള്ളം ഡോക്ടറുടെ നിർദേശത്തോടെ കൂടിക്കുന്നതു നല്ലതാണ്. (ചിലർക്ക് ഒരു ദിവസം കുടിക്കാവുന്ന വെള്ളത്തിന്റെ അളവിന് പരിധി വച്ചിട്ടുണ്ട് എന്ന് ഓർമിക്കുക. ഉദാ: ഹൃദ്രോഗികൾ, വൃക്ക പ്രശ്നങ്ങൾ ഉള്ളവർ). കാർബണേ‌റ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

മാംസാഹാരവും മത്സ്യാഹാരവും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?.

നന്നായി വേവിച്ചു വേണം മാംസവും മത്സ്യവും ഭക്ഷിക്കാൻ. ചികിത്സാ സമയത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പച്ച മാംസവും പച്ചമത്സ്യവും കഴുകുന്നതിനും മുറിക്കുന്നതിനും വെവ്വേറെ പാത്രങ്ങളും ബോർഡും ഉപയോഗിക്കണം. സാലഡിലും മറ്റും ഉപയോഗിക്കുന്ന മത്സ്യമാംസാദികൾ നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരു
ത്തുക.

പഴങ്ങളും പച്ചക്കറികളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

ചികിത്സാ സമയത്ത് പഴങ്ങളും പച്ചക്കറികളും ഒഴിവാക്കണം എന്നില്ല. പക്ഷേ, ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉദാ: വേവിച്ച പച്ചക്കറികൾ കഴിക്കുന്നതാണ് ഉചിതം. തയാറാക്കിവച്ച സാലഡും മറ്റും കഴിക്കുന്നത് നല്ല ശീലം അല്ല. പഴങ്ങളിലും പച്ചക്കറികളിലും അണുക്കളുടെ സാന്നിധ്യം വലിയ പ്രശ്നമാണ്. തൊലി നീക്കം ചെയ്ത പഴങ്ങൾ ആണ് നല്ലത്. പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നെങ്കിൽ വെജിറ്റബിൾ ബ്രഷ് കൊണ്ട് ക്ലീൻ ചെയ്തു കഴിക്കുക.

രക്തത്തിലെ കൗണ്ട് കൂടാനായി മാതളനാരങ്ങയും ഈന്തപ്പഴവും കഴിക്കണം എന്നൊക്കെ കേട്ടിട്ടുണ്ടാകാം. ഈ പഴങ്ങളിൽ ഇരുമ്പിന്റെ അംശം കൂടുതലായതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. പക്ഷേ ചികിത്സാസമയത്ത് രക്തക്കുറവ് ഉണ്ടാകുന്നത് മജ്ജയിൽ മരുന്നുകൾ മൂലം ഉണ്ടാകുന്ന പ്രതിപ്രവർത്തന ഫലമായാണ് എന്ന് അറിയണം. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു പഴം എന്നതിനെക്കാൾ ഇഷ്ടമുള്ള പഴങ്ങൾ എന്ന് ചിന്തിക്കുക.‍

പാലും പാൽ ഉൽപ്പന്നങ്ങളും ഉപയോഗിക്കാമോ?

ചികിത്സാസമയത്ത് പാൽ ഒഴിവാക്കേണ്ടതില്ല. പാസ്ചറൈസ്ഡ് പാലും പാസ്ചറൈസ്ഡ് പാലിൽ നിന്നും ഉണ്ടാക്കുന്ന തൈരും ചീസും കഴിക്കാൻ ശ്രദ്ധിക്കുക. വായിലെ തൊലി നന്നായി പോകുകയും വയറിളക്കം ഉണ്ടാകുകയും ചെയ്യുന്നവരിൽ പാൽ ദഹിക്കുന്നതിന് ചില പ്രശ്നങ്ങൾ താൽക്കാലികമായി ഉണ്ടാകാം. അവർ കുറച്ചു നാളുകൾ പാലുൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടി വന്നേക്കാം.

കാൻസറിനൊപ്പം ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ഉള്ളവർ ആഹാരക്രമത്തിൽ പ്രത്യേകമായി എന്തെങ്കിലും മാറ്റം വരുത്തണോ?

കാൻസർ ചികിത്സാസമയത്ത് മറ്റു രോഗങ്ങൾക്കുള്ള ആഹാരക്രമം തുടർന്നും പാലിക്കണം. പ്രമേഹരോഗികൾ അവരുടെ ആഹാരക്രമം തുടരേണ്ടതാണ്. ഒരു ഡയറ്റീഷന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.

വിശപ്പില്ലായ്മയെ എങ്ങനെ കൈകാര്യം ചെയ്യണം ?

‘‘എനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല’’ എന്നു പറയുന്നവരുണ്ട്.

പ്രാതൽ, ഊണ്, അത്താഴം എന്നിങ്ങനെ മൂന്നുതവണ മാത്രമായി ആഹാരസമയം ചുരുക്കാതെ ഇടവേളകളിട്ട് ആഹാരം കഴിക്കാം. ഉദാ: രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ കുറേശ്ശെ ആയി കഴിക്കുന്നത് കുറച്ചുകൂടി എളുപ്പമാവാം. ചിലർക്ക് ഏതെങ്കിലും ഒരു ഭക്ഷണ സാധനം മാത്രമായിരിക്കും ഇഷ്ടം. എല്ലാം കഴിക്കാൻ അവരെ നിർബന്ധിക്കേണ്ടതില്ല. രാവിലെ സാധാരണ നാം കഴിക്കുന്ന വിഭവങ്ങൾ രാത്രിയിലും രോഗി കഴിക്കുന്നതിൽ തെറ്റില്ല.

ഗ്യാസ് പ്രശ്നമായാൽ ശ്രദ്ധിക്കേണ്ടത് ?

‘‘എന്തു കഴിച്ചാലും ഗ്യാസ് ആണ്!’’ ഗ്യാസ് ചിലർക്ക് വലിയ പ്രശ്നം ആണ്. അവർ ചില ആഹാരങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. ഉദാ: ബീൻസ്, കാബേജ്, ബ്രോക്കോളി (ചിലർക്ക് കുഴപ്പം ഉണ്ടാകണം എന്നില്ല. അവർക്ക് കഴിക്കാം) പയർ, പരിപ്പുവർഗങ്ങൾ പലരിലും ഗ്യാസ് പ്രശ്നം ഉണ്ടാക്കുന്നു. അവർ ഇവ എട്ടു മണിക്കൂർ കുതിർത്ത് പിന്നീട് എട്ടു മണിക്കൂർ വാരി വച്ച് മുളപ്പിച്ചതിനുശേഷം കഴിക്കുന്നതു നന്നായിരിക്കും. ആഹാരത്തിനിടയിലെ ഇടവേളകൾ കുറയ്ക്കുന്നതും നല്ലതാണ്.

രുചിയില്ലായ്മ പരിഹരിക്കാമോ?

‘‘ഒന്നിനും ഒരു ടേസ്റ്റും ഇല്ല!’’ചിലർക്ക് വായിൽ ഒരു മെറ്റാലിക് ടേസ്റ്റ് ആകും തോന്നുന്നത്. അവർ മെറ്റാലിക് പാത്രങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. ചിലർക്ക് ചെറിയ പുളിപ്പ് ഇഷ്ടമായിരിക്കും. അങ്ങനെയെങ്കിൽ നാരങ്ങ ആഹാരത്തോടൊപ്പം ചേർക്കുന്നത് ചിലപ്പോൾ രോഗികൾക്ക് ഇഷ്ടമാകും. എന്നാൽ നല്ല നെഞ്ചെരിച്ചിൽ ഉള്ളവർ സിട്രസ് പഴങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്.

മനംപുരട്ടലും ഛർദിയും കുറയ്ക്കാനാകുമോ?

‘‘ഭയങ്കര ഓക്കാനവും ഛർദിയും ആണ് എന്റെ പ്രശ്നം’’ എന്നു ചില രോഗികൾ പറയാറുണ്ട്. ഓക്കാനവും ഛർദിയും ഉള്ളവർ എരിവും പുളിയുമുള്ള ആഹാരം ഒഴിവാക്കുക. ഇഞ്ചിയും നാരങ്ങയും ഒരുപക്ഷേ ഇവർക്ക് ഗുണകരമാകാം.

(തുടരും)

വയറിളക്കം ഉള്ളവർ ശ്രദ്ധിക്കേണ്ടത് ?

വയറിളക്കം ഉള്ളവർ നാരു കൂടുതലുള്ളതും കൊഴുപ്പും എരിവും ഉള്ളതും ധാരാളം മധുരം കലർന്നതുമായ ഭക്ഷണം കുറയ്ക്കണം. വേവിക്കാത്ത പച്ചക്കറിയും തൊലിയോടെയുള്ള പഴവർഗങ്ങളും ഡ്രൈ ഫ്രൂട്ട്സും ഇക്കൂട്ടർ ഒഴിവാക്കുന്നതാണ് നല്ലത്. ആഹാരത്തിലൂടെ അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ നിർദേശിക്കുന്നത്. ലാക്ടോസ് ഫ്രീ ആയ ഉൽപന്നങ്ങൾ വയറിളക്കം ഉള്ളപ്പോൾ ഒഴിവാക്കുക. സോലുബിൾ ഫൈബർ കൂടുതൽ ഉള്ള ആഹാരങ്ങൾ കഴിക്കുന്നത് ഉചിതമാണ്. ഉദാ: ഓട്സ്, ആരോറൂട്ട് പോറിഡ്ജ്, ആപ്പിൾ അല്ലെങ്കിൽ കാരറ്റ് പുഴുങ്ങിയത്.

മലബന്ധം ഉള്ളവർ അറിയേണ്ടത്?

മലബന്ധം ഉള്ളവർ നാരുള്ള ആഹാരം കൂടുതലായി ഉൾപ്പെടുത്തണം. ഈ രോഗികൾ വെള്ളം നന്നായി കുടിക്കുന്നതും പഴങ്ങൾ കഴിക്കുന്നതും മലബന്ധം കുറയ്ക്കും.

ചവയ്ക്കാൻ ബുദ്ധിമുട്ടു വന്നാൽ ?

‘‘ഒന്നും ചവയ്ക്കാൻ പറ്റുന്നില്ല! എന്നും രോഗികൾ പറയാറുണ്ട്’’ചിലർക്ക് നന്നായി ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടു കാണാറുണ്ട്. അങ്ങനെ ഉള്ളവർ എളുപ്പം ദഹിക്കാവുന്നതും നാരു പൊതുവെ കുറവുള്ളതുമായ സോഫ്റ്റ് ഡയറ്റിലേക്കു മാറുന്നതു നന്നായിരിക്കും. ഉദാ. ആപ്പിൾസോസ്, പുഴുങ്ങിയ ഏത്തപ്പഴം, പൊടിയരിക്കഞ്ഞി, സോഫ്റ്റ് ഇഡ‌്ലി, ഓട്സ് തുടങ്ങിയവ.

നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നതാണ് ചക്കയും കപ്പയും. പലർക്കും ഇഷ്ടമാണു താനും. എങ്കിലും ഡോക്ടറുടെ അനുവാദത്തോടെ മാത്രം കഴിക്കുക. സർജറി കഴിഞ്ഞവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ വിവരണങ്ങളിൽ നിന്ന് ചില കാര്യങ്ങൾ വ്യക്തമാണ് എന്ന് വിചാരിക്കുന്നു. ഓരോരുത്തരുടെയും രുചി വ്യത്യാസങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് ഡയറ്റ് മാറ്റണം. മേൽ പറഞ്ഞത് വായിച്ച് കാൻസർ രോഗികൾ കാബേജ് കഴിക്കരുത് എന്നാവരുത് മനസ്സിലാക്കുന്നത്.ഡയറ്റ് ഒന്ന് ട്രാക്ക് ചെയ്യുന്നത് നല്ലതാവും. അതിന് ഉപകരിക്കുന്ന ഒരുപാട് ആപ്പു കൾ ഇന്ന് നമ്മുടെ സ്മാർട്ട് ഫോണുകളിൽ ലഭ്യമാണ്. ഒരു ക്വാളിഫൈഡ് ഡയറ്റീഷൻ ആഹാരക്രമം നിർണ്ണയിക്കുന്നതിന് നിങ്ങളെ സഹായിക്കും. .

രോഗിയെ പരിചരിക്കുന്നവർ ശ്രദ്ധിക്കുക!

രോഗിയുടെ കൂടെയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. രോഗി ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞ് പിന്നാലെ നടക്കുന്നത് അവർക്ക് വലിയ മാനസിക സമ്മർദ്ദം പലപ്പോഴും ഉണ്ടാക്കുന്നു. ഇന്റർനെറ്റിലും മറ്റും കാണുന്ന ആഹാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ വഴക്കുകൾക്ക് വരെ കാരണം ആവാറുണ്ട്. രോഗികൾക്ക് പലപ്പോഴും ഇതിന്റെ ഒന്നും രുചി ഇഷ്ടപ്പെടാറില്ല. ഹെർബൽ ഉൽപ്പന്നങ്ങൾ കൊടുക്കുമ്പോൾ ഡോക്ടറുടെ അനുമതിയോടെ മാത്രം കൊടുക്കുക. വേവിക്കാത്ത ആഹാരം കൊടുക്കണോ എന്നതും പ്രത്യേകം ചോദിച്ചറിയുക.

ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം

സീനിയർ കൺസൽറ്റന്റ്
മെഡിക്കൽ ഒാങ്കോളജിസ്‌റ്റ്

രാജഗിരി ഹോസ്പിറ്റൽ

ആലുവ, കൊച്ചി

Tags:
  • Manorama Arogyam