കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടീല, കന്നി നിലാവത്ത് കസ്തൂരി പൂക്കുന്നു കൈതേ കൈതേ കൈനാറി, താഴമ്പൂ മണക്കുന്ന തണുപ്പുള്ള രാത്രിയിൽ... താഴമ്പൂ എന്നും കൈനാറി എന്നുമൊക്കെ അറിയപ്പെടുന്ന കൈതപ്പൂവിനെ പാടിപുകഴ്ത്തുന്ന ഗാനങ്ങൾ ഒട്ടേറെ. എങ്കിലും കൈത ഒരു ഗ്രാമത്തെ ഒട്ടാകെ പ്രശസ്തിയിലേക്കെത്തിച്ചത് ഏറെ വാസനയുള്ള, പൂജയ്ക്ക് എടുക്കാത്ത ഈ പൂവിന്റെ പേരിലല്ല. തൊട്ടാൽ കൈ മുറിയുന്ന മുള്ളുകളുള്ള കൈതയിൽ പിന്നെന്തു ചന്തം വിടരാൻ? ചന്തം മാത്രമല്ല, സുഖകരമായ നിദ്രയ്ക്കും കാലങ്ങളോളം മലയാളികൾ ആശ്രയിച്ചത് ഈ ചെടിയെ ആയിരുന്നു.
പേരിലും കൈത
തഴപ്പായകളുടെ നിർമാണംകൊണ്ട് പേരിൽപ്പോലും ‘തഴ’ കയറിപ്പറ്റിയ കൊല്ലം ജില്ലയിലെ തഴവ ഗ്രാമമാണ് മുൾച്ചെടിയുടെ ഇലയെ വിരിച്ചിരിക്കാനും കിടക്കാനും പാകത്തിൽ പരുവപ്പെടുത്തി താഴമ്പൂവിന്റെ വാസനയെക്കാൾ പ്രശസ്തമായത്. വിട്ടൊഴിയാത്ത ഗ്രാമഭംഗിയും കൈതോലയിൽ നെയ്തെടുക്കുന്ന കരകൗശലങ്ങളുടെ മാറ്റും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
മാവേലിക്കരയിൽ നിന്ന് ദേശീയപാതയിലൂടെ മുൻപോട്ട് നീങ്ങവെ കരുനാഗപ്പള്ളിക്കു മുൻപ് പുതിയകാവ്–ചക്കുവള്ളി റോഡിലേക്ക് തിരിഞ്ഞ് തഴവയിലേക്കു സഞ്ചരിച്ചു. ‘ഈ വഴി പൊയ്ക്കോളു. അങ്ങോട്ടൊക്കെ പല വീടുകളിലും പായ നെയ്യുന്നവരുണ്ട്. സ്കൂളിനു പിന്നിൽ ഒരു വീട്ടിൽ പായ കെട്ടുന്നവരുമുണ്ട്.’ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആദിത്യ വിലാസം സ്കൂളിനു സമീപം നാലും കൂടിയ കവലയിൽ മങ്ങാട്ടു മുക്കിലേക്ക് വഴി അന്വേഷിച്ചപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർ സൗഹൃദത്തോടെ പറഞ്ഞു.

വീതികുറഞ്ഞതെങ്കിലും ടാറിട്ട മനോഹരമായ റോഡിലൂടെ മലയാളിത്തമുള്ള ഗ്രാമത്തിലേക്കു കടന്നു. പൂഴിമണ്ണിന്റെ മങ്ങിയ വെളുപ്പ് നിലത്തും സമൃദ്ധമായ വൃക്ഷങ്ങളുടെ ഇലച്ചാർത്തൊരുക്കിയ പച്ചപ്പ് മുകളിലും... കാലത്തിനൊത്ത് മാറിയ കെട്ടിടങ്ങൾ, ചില പുരയിടങ്ങൾക്കു മതിലുകളൊഴിവാക്കി ചെടികൾകൊണ്ടൊരുക്കിയ അതിരുകൾ... ഭംഗിയുള്ള വേറിട്ട കാഴ്ച. വഴിയരികിൽ ചില ഭാഗത്ത് കൈതച്ചെടി കാണാം.
മങ്ങാട്ടു മുക്കിൽ
മങ്ങാട്ടു മുക്കിലെ രമണി അമ്മയുടെ വീടായിരുന്നു ലക്ഷ്യം. പഴയ മട്ടിൽ നിരപ്പലകകളിട്ട സരസ്വതി സ്‌റ്റോഴ്സിനു സമീപത്തു നിന്ന് വഴിതിരിഞ്ഞ് കയറിയത് പാടങ്ങളുടെ ഇടയിലേക്കായിരുന്നു. വയലിനു സമീപം നീണ്ടു വളർന്ന ഓലകൾ വിടർത്തി പീലി വിരിച്ച മയിലിനെപ്പോലെ നിൽക്കുന്നു. കതിരിട്ട നെൽച്ചെടികൾക്കിടയിലൂടെ നീളുന്ന പാതയുടെ ഒരു വശത്ത് നിരയൊപ്പിച്ച് നിൽക്കുന്ന തെങ്ങുകൾ. ഗ്രാമസൗന്ദര്യം വരച്ചിട്ടതുപോലെ. പകുതി നെയ്ത പായ വശത്തേക്കൊതുക്കി രമണി അമ്മ ഞങ്ങളെ സ്വാഗതം ചെയ്തു. കേരള ടൂറിസം വകുപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ തഴ ഉൽപന്നങ്ങൾ തയാറാക്കാനും അതിന്റെ വിദ്യകൾ പഠിപ്പിക്കാനും പോകുന്ന രമണി അമ്മ പരമ്പരാഗതമായി തഴപ്പായ നെയ്യുന്ന കുടുംബത്തിലെ അംഗമാണ്. ഭർത്താവിന്റെ അമ്മ ചെല്ലമ്മയും ചേട്ടത്തി തങ്കമ്മയും ഒപ്പമുണ്ട്.

വീട്ടമ്മമാർക്ക് സ്വന്തം
‘തഴകൊണ്ട് പായയും വട്ടിയുമൊക്കെ നിർമിച്ച് ഉപജീവനം കഴിച്ചിരുന്നവരാണ് ഈ പഞ്ചായത്തിൽ ഏറെ ആളുകൾ. ഇവിടെ മാത്രമല്ല, ക്ലാപ്പന, ഓച്ചിറ ഇങ്ങനെ സമീപ പ്രദേശങ്ങളിലും പലരുമുണ്ടായിരുന്നു. ഇപ്പോൾ നെയ്യുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു’ പണ്ട് പഞ്ചായത്ത് മെമ്പറായിരുന്ന ചെല്ലമ്മ പഴയകാല ഓർമകൾ അയവിറക്കി. തഴ അറത്തുകൊണ്ടുവന്ന് മുള്ള് ചീന്തിക്കളഞ്ഞ്, ആൺ–പെൺ തഴകൾ തിരിഞ്ഞ് ചകിരിയുടെ നാരിട്ട് കെട്ടും. പെൺതഴകൊണ്ട് നെയ്യുന്നതാണ് മെത്തപ്പായ.
അരിപ്പായയും ചിക്കുപായയും നെയ്യാനാണ് ആൺ തഴ എടുക്കുന്നത്. ഇവയുടെ കെട്ടുകൾ വലിയ കുട്ടകങ്ങളിൽ തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങുന്നതാണ് രണ്ടാം ഘട്ടം. തിരിച്ചും മറിച്ചുമിട്ട് പുഴുങ്ങിയെടുത്ത കെട്ടുകൾ തോട്ടിലെ ഒഴുക്കുവെള്ളത്തിൽ താഴ്ത്തിയിടും. അടുത്ത ദിവസം അവ വെള്ളത്തിൽ നിന്നെടുത്ത് വെയിലത്ത് വയ്ക്കും. രണ്ടോ മൂന്നോ ദിവസം വെയിലത്തിട്ട് ഉണങ്ങിയെടുക്കുമ്പോൾ ഒന്നാന്തരം വെള്ള നിറമാകും തഴകൾക്ക്. പഴയകാലത്ത് സ്ത്രീകൾക്ക് സ്വന്തം വരുമാനം നൽകിയിരുന്നു ജോലിയായിരുന്നു പായ നെയ്ത്തെന്ന് ഇവർ ഓർ ക്കുന്നു. പുരുഷൻമാർ പാടത്ത് പണിക്കു പോകും, വൈകിട്ട് തഴ ചെത്തി വീട്ടിലെത്തിക്കും. വീട്ടിലിരുന്നു സ്ത്രീകൾ ബാക്കി ജോലി ചെയ്യും, പായ വിൽക്കും.

പെൺതഴകൊണ്ട് നെയ്തെടുത്ത രണ്ട് പായകൾ കൂട്ടി നിറം മുക്കിയ കൈതോല കൊണ്ട് കെട്ടിയാണ് മെത്തപ്പായ തയാറാക്കുന്നത്. പായകെട്ടുന്നത് സാധാരണയായി പുരുഷൻമാരേ ചെയ്യാറുള്ളു. തഴമുറിക്കുന്നതു കാണിക്കാൻ പാടവരമ്പിലേക്കു നടക്കുമ്പോൾ തഴപ്പായ നിർമാണത്തിന്റെ ഘട്ടങ്ങൾ ആ അമ്മമാർ പങ്കിട്ടു. ‘‘തലമുറ മാറിയപ്പോൾ മക്കൾ പഠിപ്പും ഉദ്യോഗവും നേടിയപ്പോൾ അമ്മമാരോട് ‘ഇനി പായ നെയ്ത്തൊന്നും വേണ്ട’ എന്നു പറഞ്ഞിട്ടും കുട്ടികൾ കാണാതെ പായകളുണ്ടാക്കി ചെറിയ വരുമാനം സൂക്ഷിച്ച വീട്ടമ്മമാർ ധാരാളം.’’ പരിചയത്തിന്റെ കരുത്തിൽ കയ്യിൽ മുള്ളുകൊള്ളാതെ കൈതോലക്കെട്ട് വാരിയെടുത്ത് നടക്കുമ്പോൾ രമണി അമ്മ പറഞ്ഞു. ‘‘പിൽക്കാലത്ത് കരകൗശല സാമഗ്രികൾ എന്ന നിലയിലേക്ക് വളർന്നപ്പോഴാണ് പായയ്ക്കൊപ്പം നിത്യോപയോഗത്തിന് പറ്റിയ ബാഗ്, ഫോൾഡർ, പെൻ ഹോൾഡർ, സോസർ ഇങ്ങനെ നെയ്തെടുക്കുന്ന സാമഗ്രികൾക്ക് വൈവിധ്യമേറി. കോളജ് വിദ്യാർഥികളും വീട്ടമ്മമാരും ഇപ്പോൾ പുതു ഉൽപന്നങ്ങളുടെ നെയ്ത്ത് അഭ്യസിക്കാൻ എത്തുന്നു.’’ നെയ്തുകൊണ്ടിരുന്ന പായയുടെ കോൺമടക്കി നെയ്ത്ത് അവസാനിപ്പിച്ചു.
പാടങ്ങൾ ചെറുതായപ്പോൾ
വർഷങ്ങൾക്കിപ്പുറം, പാടങ്ങൾ ചെറുതായി, തോടുകളില്ലാതായി, തിരഞ്ഞ് കണ്ടെത്തേണ്ട ചെടിയെന്ന അവസ്ഥയിലായി കൈത. പായ നെയ്ത്ത് വീടുകളിൽ നിന്ന് സൊസൈറ്റികളിലേക്ക് മാറി. എങ്കിലും കൈതോല ചെത്തി, പുഴുങ്ങി, ഉണങ്ങി നെയ്തെടുക്കുന്ന ജോലികൾ ഇന്നും തഴവ ഗ്രാമത്തിന് അന്യമായിട്ടില്ല. പാടത്തിനു സമീപം മേയാൻ വിട്ട പോത്തിനെ വീട്ടിലേക്കു തെളിക്കുന്ന കർഷകൻ. സൈക്കിളിൽ വീട്ടിലേക്കു മടങ്ങുന്ന വിദ്യാർഥികൾ. മങ്ങാട്ടുമുക്കിലെ പഴമയുടെ ചന്തമുള്ള കടയിൽ അന്തിത്തിരക്കേറുമ്പോൾ ഗ്രാമക്കാഴ്ചകളുടെ സമ്പത്തുമായി കാർ ദേശീയപാത തേടിപ്പാഞ്ഞു..

പോകാം തഴവയിലേക്ക്
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലാണ് തഴവ ഗ്രാമം. കായംകുളം കൊല്ലം ദേശീയപാതയിൽ പുതിയകാവ്–ചക്കുവള്ളി റൂട്ടിൽ 3 കിലോമീറ്റർ. എം സി റോഡിൽ അടൂരിൽ നിന്നും പുതിയകാവിലേക്കെത്താം. കരുനാഗപ്പള്ളിയാണ് സമീപ റെയിൽവേ സ്റ്റേഷൻ