Monday 07 February 2022 04:45 PM IST

മുപ്പത് മിനിറ്റിൽ രുചികരമായ 157 വിഭവങ്ങൾ! കേട്ടിട്ട് ഞെട്ടേണ്ട, ജിജിയുടെ വേഗത്തിനും കൈപുണ്യത്തിനും റെക്കോർഡ് നേട്ടം

Priyadharsini Priya

Senior Content Editor, Vanitha Online

jiji-cooking67

മുപ്പത് മിനിറ്റിൽ രുചികരമായ 157 വിഭവങ്ങൾ! കേട്ടിട്ട് തല കറങ്ങുന്ന പോലെ തോന്നുന്നുണ്ടോ? ദിവസവും രണ്ടോ മൂന്നോ വിഭവം ഉണ്ടാക്കിയെടുക്കാൻ അടുക്കളയിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നവർ ഇത് കേട്ടാൽ ബോധം കെടും, ഉറപ്പ്! എന്തായാലും സംഗതി സത്യമാണ്. ആലപ്പുഴ സ്വദേശിയായ നാല്പത്തിയൊന്നുകാരി ജിജി സിബിച്ചനാണ് ഞൊടിയിടയിൽ 157 വിഭവങ്ങൾ തയാറാക്കി ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് നേട്ടത്തിലേക്ക് ഓടിക്കയറിയത്. 

ആലപ്പുഴ നെഹ്‌റു ട്രോഫി സ്റ്റാർട്ടിങ് പോയിന്റിന് സമീപമുള്ള തത്തംപള്ളി മേരാ മൻ ഹോംസ്റ്റേയിൽ അതിഥികളായെത്തുന്ന നാല്പതോളം പേർക്ക് നിത്യേന പാചകം ചെയ്തുള്ള പരിചയമാണ് ജിജിയെ റെക്കോർഡ് നേട്ടത്തിന് അർഹയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് അധികൃതർക്ക് മുന്നിൽ വെറും അരമണിക്കൂർ കൊണ്ട് രുചികരമായ 157 വിഭവങ്ങൾ ഒരുക്കി ജിജി കയ്യടി നേടിയത്. 

gigi8899

പുട്ട്, ഇഡ്ഡലി, ഉണ്ണിയപ്പം, കൊഴുക്കട്ട, ഫ്രഷ് ജ്യൂസ്, വിവിധതരം ഷേക്കുകൾ, ഇറച്ചി- മീൻ വിഭവങ്ങൾ എന്നിങ്ങനെ കൊതിയൂറും വിഭവങ്ങളാണ് ജിജിയുടെ വേഗത്തിലും കൈപുണ്യത്തിലും തയാറായത്. ഏഴു മാസത്തെ നിരന്തര പരിശീലനത്തിന് ഒടുവിലാണ് ജിജി മത്സരത്തിന് തയാറെടുത്തത്. മത്സരശേഷം വേദിയിൽ വച്ചുതന്നെ ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് അധികൃതർ പുരസ്‌കാരം കൈമാറി.

"പണ്ട് തൊട്ടേ എനിക്ക് പാചകത്തോട് താല്പര്യമുണ്ട്. ഏതു പാതിരാത്രി വിളിച്ച് ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞാലും ചെയ്യാൻ ഞാൻ റെഡിയാണ്. ആരോഗ്യം ഉള്ളപ്പോഴല്ലേ ഇതൊക്കെ നടക്കൂ.. ഹോംസ്റ്റേ തുടങ്ങിയതോടെ നല്ല തിരക്കായി. ഒന്നര മണിക്കൂറിനുള്ളിൽ നാല്പത് പേർക്കൊക്കെ ഭക്ഷണം പാകം ചെയ്യേണ്ടി വരാറുണ്ട്. ഒപ്പം സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ ഓർഡറുകളും എടുക്കുന്നുണ്ട്. മുപ്പത് മിനിറ്റിൽ ഓർഡറുകൾ പാകം ചെയ്തു, പായ്ക്ക് ചെയ്തു കൊടുക്കണം. അങ്ങനെയങ്ങനെ പാചകത്തിന് നല്ല സ്പീഡായി.

jiji-cooking

ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ് മത്സരവേദിയിൽ ലൈവ് റെക്കോർഡിങ് ആയിരുന്നു. പെട്ടെന്ന് പാചകം ചെയ്യുമ്പോഴും രുചിയിൽ ഒരിക്കലും കോംപ്രമൈസ് ചെയ്തില്ല. ഞാനുണ്ടാക്കിയ വിഭവങ്ങൾ രുചിച്ചു നോക്കി നല്ല സ്വാദ് ഉണ്ടെന്ന് എല്ലാവരും പറഞ്ഞു. പിന്നെ റെസിപ്പികളും പാകവും എല്ലാം എനിക്ക് കാണാപ്പാഠമാണ്. ഒന്നും ചിന്തിച്ചു സമയം കളയേണ്ട കാര്യമില്ല. 28 മോഡൽ ഇഡ്ഡലി ഉണ്ടാക്കിയിരുന്നു. മാവ് ഉപ്പിട്ട് പാകം പോലെ റെഡി ആക്കി വയ്ക്കാമല്ലോ.. ഒപ്പം കേക്ക്, ബിസ്കറ്റ് എല്ലാം ഉണ്ടാക്കിയിരുന്നു. കേക്കാണ് ആദ്യം തയാറാക്കിയത്. 20 മിനിറ്റ് ബേക്കിങ് സമയം വേണ്ടതു കൊണ്ട് തുടക്കം കേക്കിൽ ആയിരുന്നു. 

വീട്ടിൽ മൂന്നു മക്കളുണ്ട്. അവരുടെ കാര്യങ്ങൾ നോക്കണം. ഹോംസ്റ്റേ തുടങ്ങിയപ്പോൾ തൊട്ട് സഹായത്തിനു ആരുമില്ല. എല്ലാ ജോലിയും ചിരിച്ചുകൊണ്ട് അങ്ങ് ചെയ്യും. സിബിച്ചന് പാചക പരിപാടികൾ ഒന്നും അറിയില്ല. അങ്ങനെ ഒറ്റയ്ക്ക് പണി ചെയ്തു ശീലമായി. ഇതൊന്നും പോരാതെ തയ്യൽക്കട നടത്തുന്നുണ്ട്. എഴുതാനും ഭയങ്കര ഇഷ്ടമാണ്. പതിമൂന്ന് പാചക പുസ്തകങ്ങൾ ഇറക്കി. 24 മണിക്കൂറും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഗിന്നസ് റെക്കോർഡ് ആണ് അടുത്ത ലക്ഷ്യം. ഏതെങ്കിലും ഒരു വിഭവം കൂടുതൽ എണ്ണം, കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കണം. കുക്കിങ്ങിൽ വ്യത്യസ്തമായി എന്തൊക്കെ ചെയ്യാൻ പറ്റും എന്ന ആലോചനയിലാണ്. എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും വേണം."- ജിജി സിബിച്ചൻ വനിത ഓൺലൈനോട് പറഞ്ഞു. 

ചേർത്തല ഷാരോൺ പബ്ലിക്കേഷനുവേണ്ടി 13 പാചക പുസ്തകങ്ങൾ ജിജി എഴുതിയിട്ടുണ്ട്. കൂടാതെ പാചക മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ജിജി. ഭർത്താവ് സിബിച്ചൻ, മക്കൾ ജെയ്‌സൺ, സനേവ്, അഭിയ എന്നിവർ ജിജിയുടെ പാചക പരീക്ഷണങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 

gigi7888
Tags:
  • Pachakam