ഞൊടിയിടയിൽ തയാറാക്കാം കിടിലൻ സദ്യ. ഇതാ ഇഞ്ചി തൈരു മുതൽ പാൽ പായസം വരെ എട്ടു കറികളുടെ ഈസി റെസിപ്പികൾ...
1.ഇഞ്ചി തൈര്
ചേരുവകൾ
∙ഇഞ്ചി -1/2 ഇഞ്ച് വലുപ്പത്തിൽ
∙പച്ചമുളക് - 2എണ്ണം
∙തൈര് -1/4 കപ്പ്
∙ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മിക്സിയുടെ ബ്ലെൻഡറിൽ എല്ലാ ചേരുവകളും ചേർത്ത് പൾസ് ചെയ്തെടുക്കുക. ഇതിനെ പാത്രത്തിലേക്കു മാറ്റുക. ഇഞ്ചി തൈര് റെഡി.
2.പയർ തോരൻ
ചേരുവകൾ
∙അച്ചിങ്ങ പയർ -250 ഗ്രാം
∙തേങ്ങ -2 ടേബിൾ സ്പൂൺ
∙പച്ചമുളക് -1 എണ്ണം
∙വെളിച്ചെണ്ണ -2 ടീസ്പൂൺ
∙ചുവന്ന മുളക് -2 എണ്ണം
∙കടുക് -1/2 ടീസ്പൂൺ
∙ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
∙ഉപ്പ് -ആവശ്യത്തിന്
∙കറിവേപ്പില
ഉണ്ടാക്കുന്ന വിധം
പാനിലേക്കു എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ ഉഴുന്ന് പരിപ്പും ചുവന്നമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കുക. മുറിച്ച് വെച്ച പയറും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വച്ചു വേവിക്കുക. മിക്സിയുടെ ബ്ലെൻഡറിൽ കുറച്ചു തേങ്ങയും ഒരു പച്ചമുളകും ചേർത്ത് ചതച്ചെടുക്കുക. പയർ വെന്തു വരുമ്പോൾ അതിലേക്കു തേങ്ങ ചതച്ചത് ചേർത്ത് ഇളക്കുക. പയർ തോരനും റെഡി
3.ഓലൻ
ചേരുവകൾ
∙കുമ്പളങ്ങ - 1 കപ്പ്
∙പച്ചമുളക് -2 എണ്ണം
∙തേങ്ങാപാൽ -1/4 കപ്പ്
∙വെളിച്ചെണ്ണ -1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
കുമ്പളങ്ങയും പച്ചമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. കുറച്ചു വെളിച്ചെണ്ണ കൂടി മുകളിൽ തൂവുക. ഓലനും റെഡി.
4.മത്തൻ വൻപയർ എരിശ്ശേരി
ചേരുവകൾ
∙വൻപയർ -1/4 കപ്പ്
∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
∙മത്തൻ -1 കപ്പ്
∙മുളക് പൊടി - 3/4 ടീസ്പൂൺ
∙കുരുമുളക് പൊടി -1/2 ടീസ്പൂൺ
∙തേങ്ങ -1/2 കപ്പ്
∙ജീരകം -1/8 ടീസ്പൂൺ
∙വെളിച്ചെണ്ണ -2 ടീസ്പൂൺ
∙കടുക് -1/2 ടീസ്പൂൺ
∙ചുവന്ന മുളക് -2 എണ്ണം
∙ഉപ്പ് - ആവശ്യത്തിന്
∙കറിവേപ്പില
ഉണ്ടാകുന്ന വിധം
വൻപയർ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വന്നതിലേക്കു മത്തനും മുളക് പൊടിയും കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. 1/4 കപ്പ് തേങ്ങയും ജീരകവും കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്തു വന്ന മത്തനും പയറും മിക്സിലേക്കു അരച്ചത് ചേർത്തിളക്കി രണ്ടു മിനിറ്റ് വേവിക്കുക. ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക, ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് കൊടുക്കുക.1/4 കപ്പ് തേങ്ങ കൂടി ചേർത്ത് ചുവക്കുന്നത് വരെ വറുക്കുക. ഇത് കൂടി വേവിച്ചു വച്ചത്തിലേക്കു ചേർത്ത് ഇളക്കുക. എരിശ്ശേരിയും റെഡി.
5.ബീറ്റ്റൂട്ട് പച്ചടി
ചേരുവകൾ
∙ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് -1/4 കപ്പ്
∙മുളക് പൊടി -1/2 ടീസ്പൂൺ
∙തേങ്ങ -1/4 ടീസ്പൂൺ
∙കടുക് -1/8 ടീസ്പൂൺ
∙തൈര് -2 ടേബിൾ സ്പൂൺ
∙വെളിച്ചെണ്ണ -1 ടീസ്പൂൺ
∙ഉപ്പ് -ആവശ്യത്തിന്
∙കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ബീറ്റ്റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേർത്ത് അരച്ചെടുക്കുക. ബീറ്റ്റൂട്ട് വെന്തു വരുമ്പോൾ ഈ മിക്സ് ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് കൊടുക്കുക. കറി വേപ്പിലയും വെളിച്ചെണ്ണയും കൂടി തൂവിയ ശേഷം തീ കെടുത്തുക. പച്ചടി തയ്യാർ.
6.പഴം പുളിശ്ശേരി
ചേരുവകൾ
∙നേന്ത്രപഴം -1 എണ്ണം
∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
∙മുളക് പൊടി -1/2 ടീസ്പൂൺ
∙തേങ്ങ -1/4 കപ്പ്
∙പച്ചമുളക് -2 എണ്ണം
∙ജീരകം -1/8 ടീസ്പൂൺ
∙തൈര് -1/4 കപ്പ്
∙വെളിച്ചെണ്ണ -1 ടീസ്പൂൺ
∙കടുക് -1/2 ടീസ്പൂൺ
∙ചുവന്ന മുളക് - 2 എണ്ണം
∙ഉലുവപ്പൊടി -ഒരു പിഞ്ച്
∙കറിവേപ്പില
∙ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
നേന്ത്രപ്പഴം നാലായി മുറിച്ച് ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. മിക്സിയിൽ തേങ്ങയും പച്ചമുളകും ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. പഴം എന്തു വരുമ്പോൾ അതിലേക്ക് ഈ കൂട്ട് ചേർത്ത് ഇളക്കുക. തൈര് കൂടി ചേർത്ത് ഇളക്കുക.ഇതിലേക്ക് കടുകും മുളകും കറിവേപ്പിലയും ഉലുവ പൊടിയും ചേർത്ത് വറുത്തിടുക. പുളിശേരി റെഡി.
7.സാമ്പാർ
ചേരുവകൾ
∙തുവരപരിപ്പ് വേവിച്ചത് -1/2 കപ്പ്
∙മുരിങ്ങക്കായ -1/2 കപ്പ്
∙മത്തൻ -1/2 കപ്പ്
∙ഉരുളകിഴങ്ങ് - 1/2 കപ്പ്
∙വെണ്ടയ്ക്ക -1/2 കപ്പ്
∙തക്കാളി -1/2 കപ്പ്
∙വാളൻപുളി -1 നെല്ലിക്ക വലുപ്പത്തിൽ
∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
∙മുളക് പൊടി -1/2 ടീസ്പൂൺ
∙സാമ്പാർ പൊടി -3 ടീസ്പൂൺ
∙കടുക് -1/2 ടീസ്പൂൺ
∙ചുവന്ന മുളക് -2 എണ്ണം
∙വെളിച്ചെണ്ണ -1 ടീസ്പൂൺ
∙കറിവേപ്പില
∙മല്ലിയില
∙ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മത്തനും മുരിങ്ങക്കായും ഉരുളക്കിഴങ്ങും ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ തക്കാളി കൂടി ചേർത്ത് വേവിക്കുക. പുളി കലക്കി ആ വെള്ളവും ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.അതിലേക്കു പരിപ്പും കൂടി ചേർത്തിളക്കുക.ഒരു ബൗളിൽ സാമ്പാർ പൊടി കുറച്ചു വെള്ളവും ചേർത്ത് കട്ട കൂടാതെ മിക്സ് ചെയ്തെടുക്കുക ഈ മിക്സ് കൂടി ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. കറി വേപ്പിലയും മല്ലിയിലയും ചേർത്ത് കൊടുക്കുക.
കടുകും മുളകും കറി വേപ്പിലയും ചേർത്ത് വറുത്തിട്ടാൽ സാമ്പാറും റെഡി.
8.പാൽ പായസം
ചേരുവകൾ
∙പൊടിയരി -1/4 കപ്പ്
∙വെള്ളം -3/4 കപ്പ്
∙പാൽ -1.5 ലിറ്റർ
∙പഞ്ചസാര -3/4 കപ്പ്
∙കണ്ടൻസ്ഡ് മിൽക്ക് -3 ടീസ്പൂൺ
∙ഏലക്ക പൊടിച്ചത് -1/2 ടീസ്പൂൺ
∙വെണ്ണ -1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
പൊടിയരി നന്നായി കഴുകിയ ശേഷം കുക്കറിൽ വെള്ളം ഒഴിച്ച് 2 വിസിൽ വരുത്തുക. വെന്തു വന്ന അരിയിലേക്ക് പാൽ ഒഴിച്ച് 10 മിനിറ്റ് കുറുക്കുക. കുറുകി വരുമ്പോൾ പഞ്ചസാര ചേർത്ത് 5 മിനിറ്റ് കുറുക്കുക.(മധുരം ആവശ്യത്തിന് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയാം )
കുറച്ചു കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് കൊടുത്താൽ ടേസ്റ്റ് കുറച്ചു കൂടി കൂടുന്നതാണ്. പഞ്ചസാരയും ഏലക്കയും ചേർത്ത് പൊടിച്ചതും കൂടി ഇട്ടു ഇളക്കുക. ഇതിനു പകരം ഏലക്ക ഫ്ലെവർ ഉള്ള ഇവപറെരേറ്റഡ് മിൽക്ക് ഉണ്ടെങ്കിൽ ചേർത്ത് കൊടുക്കാം. തീ കെടുത്തുന്നതിനു മുമ്പായി കുറച്ചു വെണ്ണ കൂടി ചേർത്താൽ അടിപൊളി പായസം റെഡി.