ഞങ്ങളെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് രക്തത്തിലെ പഞ്ചസാര എത്ര വരെ ആകാം?’ പ്രമേഹരോഗികൾക്കായി നടത്തിയ ഒരു വെബിനാറിൽ പ്രായമുള്ള ഒരു രോഗിയുെട ചോദ്യമായിരുന്നു അത്. അദ്ദേഹത്തോട് ആദരവ് തോന്നി. വളരെ വ്യക്തമായ ഒരു ചോദ്യം, പഞ്ചസാരയുടെ അളവ് പ്രമേഹം ചികിത്സിക്കുന്ന വേളയിൽ എല്ലാവരിലും ഒരുപോലെ അല്ല എന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു.
ഏത് പ്രായത്തിലാണെങ്കിലും പഞ്ചസാരയുടെ ‘നോർമൽ’ അളവ് ഒന്നു തന്നെയാണ്. എന്നാൽ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ എത്തിക്കണം എന്നതിനു പുറമേ രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൂടിയുണ്ട്.
1) ഹൈപ്പോഗ്ലൈസീമിയ എന്ന അപകടാവസ്ഥ (രക്തത്തിലെ പഞ്ചസാര 70mg/dl-ൽ താഴെ ആകുന്നത്) ഒഴിവാക്കുക.
2) പ്രമേഹം, ഹൃദയത്തിലും വൃക്കയിലും ഉണ്ടാക്കാനിടയുള്ള ഗുരുതര ആഘാതങ്ങൾ ഒഴിവാക്കണം.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രമേഹ ചികിത്സാ വേളയിൽ 65 വയസ്സ് കഴിഞ്ഞ രോഗികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. HbA1c അളവ് 7.5% ൽ താഴെ നിർത്തേണ്ടവർ, 8% വരെ ആകാവുന്നവർ, 8.5 ശതമാനമോ അതിലധികമോ ആകാവുന്നവർ. എന്നാൽ താരതമ്യേന പ്രായം കുറവുള്ള പ്രമേഹരോഗികൾക്ക് HbA1c യുടെ അളവ് 7% ത്തിൽ താഴെ ആകണം. 2013 മുതൽ ഈ നിർദേശം നിലവിലുണ്ട്. സ്വാഭാവികമായിട്ടും നമുക്കൊരു സംശയമുണ്ടാകാം- എന്തിനാണ് ഈ വേർതിരിവ്?
രോഗിക്കനുസരിച്ച് ചികിത്സ മാറണം
രക്തത്തിലെ പഞ്ചസാര ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇല്ലാത്ത ഒരാൾക്ക് രാവിലെ ഉണർന്നു എഴുന്നേറ്റ് പഞ്ചസാര പരിശോധിക്കുമ്പോൾ 100 mg/dl-ൽ താഴെയായിരിക്കണം. ഭക്ഷണത്തിന് രണ്ടു മണിക്കൂർ ശേഷം 140 mg/dl-ൽ താഴെയായിരിക്കും. മൂന്നു മാസത്തെ പഞ്ചസാരയുടെ അളവ്, HbA1c 5.7%-ൽ താഴെയായിരിക്കും.
ഒരാൾ പ്രമേഹരോഗി ആണെങ്കിൽ വെറുംവയറ്റിലെ പഞ്ചസാര 126 mg/dl-ൽ കൂടുതലും, ഭക്ഷണത്തിനുശേഷം ഉള്ളത് 200 mg/dl ൽ കൂടുതലും, HbA1c ആകട്ടെ 6.5%-ൽ കൂടുതലുമായിരിക്കും. പ്രമേഹ പ്രാരംഭദിശയിലുള്ളവരാണെങ്കിൽ നോർമലിനും രോഗാവസ്ഥയുടെയും ഇടയിലായിരിക്കും.
എല്ലാ ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് പ്രമേഹ പ്രാരംഭാവസ്ഥ മുതൽ വ്യക്തിക്ക് ഹൃദയം, വൃക്ക, നാഡീവ്യൂഹം തുടങ്ങിയ പ്രധാന അവയവങ്ങളിൽ ആഘാതങ്ങൾ വന്നുതുടങ്ങും. അപ്പോൾ പ്രമേഹം ചികിത്സിക്കുന്ന വേളയിൽ രക്തത്തിലെ പഞ്ചസാര നോർമൽ ആയി നിലനിർത്തുക അല്ലേ വേണ്ടത്?
എന്നാല്‍ അങ്ങനെയല്ല. ഓരോ രോഗികൾക്കും വ്യക്തമായ ചികിത്സാ മാനദണ്ഡങ്ങളുണ്ട്. കാരണങ്ങൾ വിശദമാക്കാം.
വയസ്സ് 40, രോഗമറിഞ്ഞത് ഇന്നലെ
ഇന്നലെ രക്തം പരിശോധിച്ചപ്പോഴാണ് ആ ചെറുപ്പക്കാരന് രോഗമുണ്ട് എന്നറിഞ്ഞത്. പ്രമേഹം കണ്ടെത്തിയതാകട്ടെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല. ആറുമാസത്തിലൊരിക്കൽ നടത്തിയ എക്സിക്യൂട്ടീവ് ചെക്കപ്പിലാണ്. ആധുനിക ചികിത്സാ മാർഗരേഖകൾ കൃത്യമായി പാലിക്കുകയാണെങ്കിൽ ഈ വ്യക്തിയെ ചികിത്സിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര തീവ്രമായി നിയന്ത്രിച്ച്, പ്രമേഹമില്ലാത്ത ഒരാളുടെ അളവുകളിൽ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. ശരിയായ ചികിത്സ സ്വീകരിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയുമാണെങ്കിൽ പ്രമേഹം അപ്രത്യക്ഷമാകാനുള്ള സാധ്യത വരെഇദ്ദേഹത്തിനുണ്ട്. ഇവിടെ ലക്ഷ്യമാക്കുന്ന A1c അളവ് 6% ൽ താഴെ ആയിരിക്കും.
വയസ്സ് 42, പ്രമേഹം വന്നിട്ട് 8 വർഷം
ചെറുപ്പക്കാരനാണെങ്കിലും പ്രമേഹം വന്നിട്ട് എട്ടു വർഷമായി. പ്രമേഹം വന്ന ആദ്യത്തെ അഞ്ചുവർഷങ്ങൾ വളരെ പ്രാധാന്യമൊന്നും കൽപ്പിക്കാതെയാണ് ചികിത്സ നടത്തിയത്. ന്യൂറോപ്പതിയുമുണ്ട്. രണ്ട് കാലിലും തരിപ്പും പെരുപ്പും ഒക്കെ പ്രത്യക്ഷപ്പെട്ടപ്പോൾ അതിനുള്ള ചികിത്സ തേടി, അപ്പോഴും പ്രമേഹം തീവ്രമായി ചികിത്സിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായിരുന്നില്ല.അടുത്തിടെ ഇൻസുലിൻ കുത്തിവയ്പുകളും തുടങ്ങി. ഉദ്ധാരണശേഷിയിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ഈ അവസ്ഥയിൽ ആദ്യ രോഗിക്കു നേടാനാവുന്ന രോഗമില്ലാത്ത അവസ്ഥയിലേക്ക് ഇദ്ദേഹത്തെ എത്തിക്കാനാവില്ല. അതിശക്തമായ പ്രമേഹ നിയന്ത്രണം ഉചിതമാവില്ല. അതിനാൽ HbA1c 7 മുതൽ 7.5% വരെ നിലനിർത്താൻ സഹായിക്കുന്ന ചികിത്സ ആയിരിക്കും ഡോക്ടർമാർ നിർദേശിക്കുക. തീവ്രമായ ചികിത്സ ഇത്തരം രോഗികൾക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നിരിക്കും. ചികിത്സാവേളയിൽ പഞ്ചസാര താഴ്ന്നു പോകുന്നത് അപകടമാണ്.
ചികിത്സയോടുള്ള പ്രമേഹപ്രതികരണം എങ്ങനെ എന്നതും രോഗിയുടെ സഹകരണം എത്രത്തോളം എന്നതും പ്രധാനമാണ്. അതനുസരിച്ച് ഓരോ മൂന്നു മാസം കൂടുന്തോറും ചികിത്സാലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയും വേണം.
വയസ്സ് 52, മറ്റു രോഗങ്ങളുണ്ട്
ഈ രോഗിക്ക് 52 വയസ്സുണ്ട്. ഹൃദ്രോഗം, വൃക്കരോഗം എന്നിവയുമുണ്ട്. കേരളത്തി ലെ ഒരു സാധാരണ പ്രമേഹരോഗിയുടെ ചിത്രമാണിത്. പ്രമേഹം വന്നു ശരാശരി 10 മുതൽ 15 വർഷങ്ങൾ കഴിയുമ്പോൾ മൂന്നോ നാലോ അവയവങ്ങൾക്ക് പ്രമേഹം വരുത്തിയ രോഗങ്ങളുമായാണ് ചികിത്സയ്ക്കെത്തുന്നത്. അതിൽ വൃക്കരോഗങ്ങൾ പോലെ ചില സങ്കീർണ്ണതകൾ രോഗികൾ അറിഞ്ഞുപോലും കാണില്ല. പരിശോധനയിലാവും അവ കണ്ടെത്തുന്നതു തന്നെ.
ഇവിടെയും നിരാശപ്പെടേണ്ടതില്ല, ചികിത്സാ മാർഗരേഖകൾ നിർദേശിക്കുന്ന ലക്ഷ്യങ്ങൾ പാലിക്കുകയാണ് വേണ്ടത്. ഉദാഹരണമായി ഈ രോഗിക്ക് മറ്റു രോഗങ്ങൾ വഷളാകുന്നത് തടയുന്ന ചികിത്സകൾക്കൊപ്പം പ്രമേഹ നില HbA1c 7.5%-8% എന്ന നിലയിൽ നിർത്തിയാൽ മതിയാകും. എന്നാൽ രോഗാവസ്ഥ ചികിത്സയോട് പ്രതികരിക്കുന്നത് അനുകൂലമാണെങ്കിൽ വരും മാസങ്ങളിൽ കൂടുതൽ തീവ്രതയോടെ പഞ്ചസാര നിയന്ത്രിക്കാവുന്നതുമാണ്.
ഡോ. ജ്യോതിദേവ് കേശവദേവ്
ജോതിദേവ്സ് ഡയബറ്റിസ് സെന്റർ
തിരുവനന്തപുരം
(പ്രമേഹ ചികിത്സയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചും പുതിയ ചികിത്സയെക്കുറിച്ചും വിശദമായി അറിയാൻ മനോരമ ആരോഗ്യം നവംബർ ലക്കം വായിക്കുക)