Wednesday 16 February 2022 03:28 PM IST

‘ചാകാൻ കിടക്കുന്നവനാണോടാ പെണ്ണ്’ എന്ന് ചോദിച്ചു കളിയാക്കിയവരുണ്ട്; കനീഷിന് വൃക്കയ്ക്ക് പകരം സ്വന്തം ജീവിതം പകുത്തുനൽകിയ സിനി, അപൂർവ പ്രണയകഥ

Priyadharsini Priya

Senior Content Editor, Vanitha Online

ciny-kaneesh1

പ്രണയത്തിനു കണ്ണില്ല, കാതില്ല, യുക്തിയില്ല.! പക്ഷേ, ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഉൾക്കരുത്തുണ്ട്. കാരണം എന്താണെന്ന് അറിയുമോ? ഉള്ളിൽ ഉലയാതെ ജ്വലിച്ചു നിൽക്കുന്ന സ്നേഹം. ലോകം മുഴുവൻ വിട്ടുകളയാൻ പറഞ്ഞാലും തിരയും തീരവും പോലെ അവ പരസ്പരം പുണർന്നു കൊണ്ടിരിക്കും. 'ഇതു മതി, ഇതുമാത്രം മതി, ഇതില്ലാതെ കഴിയില്ല' എന്ന് ഹൃദയം മന്ത്രിക്കുന്നത് കേൾക്കാതിരിക്കാൻ കഴിയില്ലല്ലോ.! 

സിനിയെ ആദ്യമായി കാണാൻ പോകുമ്പോൾ കനീഷും കരുതിക്കാണും, 'കൊച്ചുപെൺകുട്ടിയുടെ മനസ്സാണ്, പക്വതയില്ലായ്മയാണ്.. പറഞ്ഞു തിരുത്താം. ജീവിതമാണോ മരണമാണോ ദൈവം തനിക്ക് വിധിച്ചതെന്ന് അറിയില്ല. അതിനിടയിൽ ഒരു പെൺകുട്ടിയുടെ കണ്ണുനീർ വീഴാൻ താൻ കാരണമാകരുത്.' പക്ഷേ, കനീഷിനെ  ഞെട്ടിച്ചുകൊണ്ട് സിനി പറഞ്ഞു, 'ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും എനിക്ക് അണ്ണന്റെ ഒപ്പം മതി.'

രണ്ടു വൃക്കകളും പരാജയപ്പെട്ട കായംകുളം കരിയിലകുളങ്ങര സ്വദേശിയായ കനീഷിന് സ്വന്തം വൃക്ക നൽകാൻ ആഗ്രഹിച്ചെത്തിയതാണ് കൊട്ടാരക്കര സ്വദേശിനിയായ സിനി. പക്ഷെ, വൃക്കയ്ക്ക് പകരം പകുത്തുനൽകിയത് സ്വന്തം ജീവിതമാണെന്ന് മാത്രം. ഇന്ന് ഇരുവരും പ്രണയത്തിന്റെ പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. കനീഷിനും സിനിയ്ക്കും കൂട്ടായി അഞ്ചു വയസ്സുള്ള മകൻ തേജസും ഒപ്പമുണ്ട്. ഈ പ്രണയദിനത്തിൽ വിധി പകർന്നു നൽകിയ 'മധുരം' വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സിനിയും കനീഷും. 

പറന്നിറങ്ങിയ 'ബ്യൂട്ടിഫുൾ ബട്ടർഫ്ലൈ' 

കെഎസ്ആർടിസിയുടെ ആലപ്പുഴ ഡിപ്പോയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന കാലത്താണ് അണ്ണന് അസുഖം വരുന്നത്. രണ്ടു വൃക്കകളും തകരാറിലായതോടെ സഹായം അഭ്യർഥിച്ചുകൊണ്ട് ഒരു ആഴ്ചപ്പതിപ്പിൽ അണ്ണന്റെ കഥ അച്ചടിച്ചു വന്നു. 2011 ലാണ് സംഭവം. അന്നു ഞാൻ അടൂരിൽ അയാട്ട പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഒരു നല്ല ചെറുപ്പക്കാരൻ, രണ്ടു കിഡ്നിയും പോയി സഹായിക്കണം എന്നപേക്ഷിച്ചു കൊണ്ടുള്ള വാർത്ത കണ്ടപ്പോൾ എനിക്ക് വിഷമമായി. അന്ന് അണ്ണന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇന്നും 40 ശതമാനം മാത്രമാണ് കാഴ്ചശക്തി. 

വാർത്തയ്‌ക്കൊപ്പം അണ്ണന്റെ ഫോട്ടോയും അഡ്രസും ഉണ്ടായിരുന്നു. 'വേഗം അസുഖം മാറും, വിഷമിക്കേണ്ട' എന്നുപറഞ്ഞ് ആ വിലാസത്തിലേക്ക് ഞാൻ ആദ്യമായി ഒരു കത്തെഴുതി. അന്നുതന്നെ അണ്ണനോട് എന്തോ പ്രത്യേകത തോന്നിയിരുന്നു, എന്നാലത് പ്രണയം ആയിരുന്നില്ല. എന്റെ പേരോ, അഡ്രസ്സോ ഒന്നും സൂചിപ്പിക്കാതെ 'ബ്യൂട്ടിഫുൾ ബട്ടർഫ്ലൈ' എന്ന പേരിലാണ് കത്തുകളെഴുതിയത്. അങ്ങനെ എഴുത്തുകൾ അയക്കുന്നത് പതിവായി. 

അന്ന് ഓർക്കൂട്ടിന്റെ കാലമായിരുന്നു. ഒരെഴുത്തിൽ എന്റെ ഓർക്കൂട്ട് ഐഡി കൂടി പങ്കുവച്ചതോടെ അണ്ണന്റെ ഒരു ബന്ധുവിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നു. അദ്ദേഹത്തിൽ നിന്ന് അണ്ണന്റെ ഫോൺ നമ്പർ ഞാൻ സംഘടിപ്പിച്ചു. പിന്നെ വിളിച്ചു തുടങ്ങി, കുറെയേറെ സംസാരിച്ചു. ഞങ്ങൾക്കിടയിലെ സ്നേഹം പതിയെ പ്രണയമായി മാറി. 

ciny-kaneesh3

കായംകുളത്ത് പുതിയിടം അമ്പലമുണ്ട്, അവിടെയെത്തുമ്പോൾ അണ്ണൻ ഇപ്പോഴും പറയും, 'ഇവിടെ നിൽക്കുമ്പോഴാണ് നീ ആദ്യമായി ഫോൺ വിളിച്ചതെന്ന്.' അന്ന് നോക്കിയയുടെ ഒരു പഴഞ്ചൻ ഫോണായിരുന്നു കയ്യിൽ. അതിൽ മെസേജ് അയക്കും. അപ്പോഴെല്ലാം എന്റെ കിഡ്‌നി അണ്ണന് കൊടുക്കണം എന്നായിരുന്നു ചിന്ത. പക്ഷേ, രക്തഗ്രൂപ്പ് വേറെ ആയതുകൊണ്ട് അത് നടന്നില്ല. 

ഒരിക്കൽ നേരിൽ കാണണമെന്ന് അണ്ണൻ ആഗ്രഹം പറഞ്ഞു. അന്ന് ഡയാലിസിസ് നടന്നുകൊണ്ടിരിക്കുകയാണ്. കഴുത്തിൽ ഫിസ്റ്റുല ഇട്ടിരുന്ന സമയം. എന്റെ കോളജിനടുത്ത് അടൂർ വച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. എഴുത്തുകളിലൂടെയും ശബ്ദത്തിലൂടെയും മാത്രം അറിയുന്ന ഒരാളെ നേരിൽ കണ്ടപ്പോൾ 'അയ്യോ, ഇത്രയും വയ്യാത്ത ആളാണല്ലോ' എന്ന് തോന്നി. കണ്ടപ്പോൾ എന്റെ ഇഷ്ടം കൂടിയതേ ഉള്ളൂ.. അന്നൊക്കെ അണ്ണൻ ഇഷ്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കുറേ ശ്രമിച്ചിരുന്നു. 

അമ്പലത്തിൽ വച്ച് മിന്നുകെട്ട് 

ഞാൻ ക്രിസ്ത്യനാണ്, അണ്ണൻ ഹിന്ദുവും. എന്റെ വീട്ടിൽ പപ്പയും അമ്മയും രണ്ടു ആങ്ങളമാരും ഉണ്ട്. എന്റെ സഹോദരനോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു, പക്ഷേ, കിഡ്‌നി രോഗിയാണെന്നറിഞ്ഞപ്പോൾ സമ്മതിച്ചില്ല. വീട്ടിൽ നിന്ന് എതിർപ്പ് ഉണ്ടായേക്കുമെന്ന്  ഉറപ്പായിരുന്നു. എന്റെ നിർബന്ധത്തെ തുടർന്ന് 2012 മാർച്ച് 23ന് അണ്ണന്റെ വീടിനടുത്തുള്ള അമ്പലത്തിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ വീട്ടുകാർ അറിയാതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞു ഒന്നും സംഭവിക്കാത്തത് പോലെ ഞാനെന്റെ വീട്ടിലേക്ക് പോയി. 

നാലു മാസം കഴിഞ്ഞാണ് അവർ ഇക്കാര്യം അറിയുന്നത്. അന്ന് അയാട്ട കഴിഞ്ഞു കൊട്ടാരക്കര ബികോം ചെയ്യുകയായിരുന്നു. ഒരവധി കിട്ടിയപ്പോൾ അണ്ണനെ കാണാൻ കോളജിൽ നിന്ന് പോയതായിരുന്നു. ആ ദിവസം തന്നെ ഒരാവശ്യത്തിനു എന്നെ അന്വേഷിച്ചു വീട്ടുകാർ കോളജിൽ വന്നു. അവിടെ ഞാനില്ല, അതോടെ എല്ലാം പൊളിഞ്ഞു. പിന്നെ ഞാനെന്റെ വീട്ടിലേക്ക് പോയില്ല, അണ്ണനൊപ്പം വന്നു. തൊട്ടുപിറകെ കോടതിയും കേസുമായി കുറേ പ്രശ്നങ്ങൾ ഉണ്ടായി. അവിടെവച്ച് അണ്ണന്റെ ഒപ്പം ജീവിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു. രോഗിയായ ഒരാളെ വിവാഹം കഴിച്ചതായിരുന്നു അവരുടെ പ്രശ്നം. മതമൊന്നും ഞങ്ങളുടെ കുടുംബങ്ങൾക്കിടയിൽ വിഷയമായിരുന്നില്ല. 

അണ്ണനുമൊത്തുള്ള ജീവിതം തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി. എല്ലാ കുടുംബങ്ങളിലെയും പോലെ ഞങ്ങൾക്കിടയിലും വഴക്കുണ്ടാകാറുണ്ട്. പക്ഷെ, ഒരിക്കലും പിണങ്ങിയിരിക്കാൻ പറ്റില്ല. ഒന്നോ രണ്ടോ മണിക്കൂറിൽ ഞാൻ പോയി മിണ്ടും. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇഷ്ടത്തിനും സ്നേഹത്തിനും കുറവ്‌ വന്നിട്ടില്ല. അണ്ണന്റെ അമ്മ ഇടയ്ക്ക് കളിയാക്കി പറയും, 'രണ്ടും ഒരുപോലെയാണ്, ചക്കിയ്ക്കൊത്ത ചങ്കരൻ'.

ciny-kaneesh4

ഒമ്പത് വർഷം കൊണ്ട് 950 ഡയാലിസിസ്

അണ്ണന് ഒമ്പത് വർഷം കൊണ്ട് 950 ഡയാലിസിസ് ചെയ്തു. അതിനിടയ്ക്ക് ഒരു വാലന്റൈൻസ് ഡേയ്ക്ക് ഞങ്ങളുടെ കഥ പത്രത്തിൽ അച്ചടിച്ചു വന്നു. കുറച്ചു ധനസഹായം ലഭിച്ചു. 2014 ൽ സെബാസ്റ്റ്യൻ പുന്നശ്ശേരി അച്ചൻ ഞങ്ങളുടെ പഞ്ചായത്തിൽ വന്ന് എല്ലാ വീടുകളിലും പിരിവ് നടത്തി 28 ലക്ഷം രൂപ പിരിച്ചെടുത്തു. അതിൽ 17 ലക്ഷം രൂപ അണ്ണന്റെ ചികിത്സയ്ക്കായി നൽകി. ബാക്കി തുക നിർധനരായ മറ്റു രോഗികൾക്ക് വീതിച്ചുകൊടുത്തു. ചികിത്സയ്ക്കുള്ള പണം റെഡി ആയതോടെ അണ്ണന്റെ അയൽവാസിയായ തുളസിയമ്മ കിഡ്‌നി നൽകാൻ തയാറായി. കണ്ടല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് രാജഗോപാൽ സാർ ആണ് ഇന്നുവരെ ഞങ്ങളുടെ എല്ലാ കാര്യത്തിനും ഒപ്പം നിന്നത്. അദ്ദേഹമാണ് സെബാസ്റ്റ്യൻ പുന്നശ്ശേരി അച്ചനെ ഞങ്ങളുടെ അടുത്തേക്ക് എത്തിച്ചത്.

2014 ഒക്ടോബർ 14ന് എറണാകുളം മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു ഓപ്പറേഷൻ. അന്നൊക്കെ മാസം 40,000 രൂപയൊക്കെ ചികിത്സാ ചെലവ് വരുമായിരുന്നു. ഇപ്പോൾ മാസം ഒമ്പതിനായിരം രൂപ വേണം ചികിത്സയ്ക്ക്. അടുത്തിടെ അണ്ണന് കോവിഡ് വന്നപ്പോഴും ആദ്യം ബാധിച്ചത് കിഡ്നിയെയാണ്. ഇൻഫെക്ഷനായി അഞ്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു. ചെവിയ്ക്ക് ചെറിയ കേൾവിക്കുറവ് ഉണ്ട്. പ്രവാസികളും സുഹൃത്തുക്കളുമായി ഒരുപാട് പേർ സഹായിക്കാറുണ്ട്. അവരുടെ സഹകരണം കൊണ്ടാണ് ചികിത്സയൊക്കെ നടന്നുപോകുന്നത്. 

മുറ്റത്ത് വാഹനമെത്തുന്ന വീട് 

കുടുംബം നോക്കാൻ ആടിനെ വളർത്തുന്നുണ്ട്, പന്ത്രണ്ടെണ്ണം ഉണ്ട്. നടൻ സുരേഷ് ഗോപി സാറാണ് രണ്ടു ആടിനെ വാങ്ങിക്കാനുള്ള പണം തന്നത്. ചെറിയൊരു സ്റ്റേഷനറി കടയുണ്ട്. കോവിഡ് വന്നശേഷം കടയിൽ നിന്നുള്ള വരുമാനം കുറവാണ്. മോൻ കുഞ്ഞായത് കൊണ്ട് മറ്റൊരു ജോലി നോക്കാനും ബുദ്ധിമുട്ടാണ്. അണ്ണന്റെ അമ്മ തൊഴിലുറപ്പ് പണിയ്ക്ക് പോകുന്നുണ്ട്. അണ്ണന് കാഴ്ച കുറവായതു കൊണ്ട് മെക്കാനിക് ജോലിയൊന്നും ചെയ്യാൻ പറ്റില്ല. എന്നാലും പറ്റുന്ന പോലെ ചെറിയ ജോലികൾ ചെയ്യും. വണ്ടിയ്ക്ക് ജിപിഎസ് ഒക്കെ ഫിറ്റ് ചെയ്തു കൊടുക്കാറുണ്ട്. മൂന്നുനാല് മാസമായി ഇപ്പോൾ അതും കിട്ടാറില്ല. കൂട്ടുകാരനൊപ്പം ചേർന്ന് അണ്ണൻ എറണാകുളത്ത് നിന്ന് ചെരുപ്പ് വാങ്ങികൊണ്ടുവന്ന് ചെറിയ കച്ചവടം നടത്തുന്നുണ്ട്.  

എനിക്കിപ്പോൾ ഒരാഗ്രഹം മാത്രമേ ഉള്ളൂ, മുറ്റത്ത് വാഹനമെത്തുന്ന ഒരു വീട് സ്വന്തമായി വേണം. അണ്ണനെ ആശുപത്രിയിൽ കൊണ്ടുപോയി, കൊണ്ടുവരാനുള്ള സൗകര്യം ഉണ്ടായാൽ മതി. ഇപ്പോഴുള്ള വീട്ടിലേക്ക് വരാൻ വഴിയില്ല, പെട്ടെന്ന് ഒരസുഖം വന്നാൽ നടത്തി കൊണ്ടുപോകേണ്ട സാഹചര്യമാണ്.

ciny-kaneesh432

കനീഷിനും പറയാനുണ്ട്...

എന്റെ 23-ാം വയസ്സിൽ തുടങ്ങിയ രോഗമാണ്. കൈവിട്ടുപോയ അവസ്ഥയിലാണ് തിരിച്ചറിഞ്ഞത്. മദ്യപാനം, സിഗരറ്റ് വലി പോലുള്ള ദുർശീലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ശരീരം അറിയാതെ ജോലി ചെയ്തു. പെങ്ങളുടെ വിവാഹത്തിന് പണമുണ്ടാക്കാൻ ഓവർടൈം പണിയെടുക്കുമായിരുന്നു. ശരീരത്തിന്റെ ക്ഷീണം കൂടി, മൂത്രത്തിലൂടെ രക്തം വരാനൊക്കെ തുടങ്ങി. ഒട്ടും വയ്യാതായപ്പോഴാണ് ചികിത്സ തേടിയത്. രണ്ടു കിഡ്‌നിയും ചുരുങ്ങി പോയിരുന്നു. പിന്നെ ഡയാലിസിസിൽ ആയിരുന്നു ജീവിതം.

എന്നിട്ടും വെറുതെയിരുന്നില്ല, കിട്ടുന്ന പണിയ്‌ക്കൊക്കെ പോയി. ജോലി കഴിഞ്ഞു സൂപ്പർഫാസ്റ്റ് ബസിലാണ് വരുക. യാത്രയിൽ തല പുറത്തേയ്ക്കിട്ട് ഛർദ്ദിക്കും. ഇതുകണ്ട് ഇയാൾ മദ്യപിച്ചിട്ടാണെന്ന് വരെ കഥയുണ്ടാക്കിയവർ ഉണ്ട്. പലപ്പോഴും ഡയാലിസിസിനുള്ള പണത്തിനായി പലരുടെയും കാലു പിടിച്ചു. ചിലസമയം മരിച്ചു പോകുമെന്ന് വരെ തോന്നിയിട്ടുണ്ട്. അപ്പോൾ ദൈവം പറഞ്ഞു, 'നീ അങ്ങനെ പോയാൽ ശരിയാവത്തില്ല എന്ന്.' 

സിനി വന്നതോടെ എന്റെ ജീവിതം കുറെ മാറി. 'ബ്യൂട്ടിഫുൾ ബട്ടർഫ്ലൈ' എന്ന പേരിലുള്ള അവളുടെ എഴുത്തുകൾ കണ്ട് ഒപ്പമുള്ളവർ പറഞ്ഞു, 'എടാ.. നിന്നെ ആരോ പറ്റിക്കുകയാണെന്ന്.' അന്ന് പെടലിയിലൂടെ ഡയാലിസിസ് ചെയ്യുന്ന സമയം. ഫിസ്റ്റുല ഒക്കെ ഫിറ്റ് ചെയ്ത് മൈക്കാട് പണിക്കൊക്കെ ഞാൻ പോയിട്ടുണ്ട്. കത്തിന്റെ കാര്യം അറിയുമ്പോൾ 'ചാകാൻ കിടക്കുന്നവനാണോടാ പെണ്ണ്' എന്ന് ചോദിച്ചു കളിയാക്കിയവരുണ്ട്. 

ആദ്യമായി സിനിയെ കാണാൻ പോയ ദിവസം ഞാൻ മറക്കില്ല. സിനി കലുങ്കിന്റെ അടുത്ത് നിൽക്കുകയാണ്. കാഴ്ച കുറവായതു കൊണ്ട് എനിക്കൊന്നും വ്യക്തമല്ല. ശൂന്യതയിൽ ഒരു രൂപം മാത്രമാണ് കണ്ടത്. സിനിയെ ഞാൻ കണ്ടുകൊണ്ടല്ല സ്നേഹിച്ചത്. പക്ഷേ, ഇവൾ മതി എന്റെ ജീവിതത്തിലേക്ക് എന്ന് തീരുമാനിച്ചാണ് അന്ന് മടങ്ങിയത്. വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു, "മോനെ.. അതൊരു പെങ്കൊച്ചാണ്, അവളുടെ ജീവിതം നശിപ്പിക്കരുത്."  

അതിനുശേഷം സിനിയെ പിന്തിരിപ്പിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ, ചത്താലും ജീവിച്ചാലും അണ്ണന്റെ ഒപ്പം മതിയെന്ന് അവൾ തീർത്ത് പറഞ്ഞു. അവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ വിവാഹത്തിന് തയാറായത്. കിഡ്‌നി മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പെട്ടെന്ന് നടത്താൻ തീരുമാനിച്ചതും സിനി എന്റെ ജീവിതത്തിലേക്ക് വന്നശേഷമാണ്. ദൈവം എന്റെ ആയുസ്സ് നീട്ടിത്തന്നത് പോലും അവൾക്ക് വേണ്ടിയാകും..

സിനി പറഞ്ഞതുപോലെ, എനിക്കും ഒരേയൊരു ആഗ്രഹമേ ഉള്ളൂ.. സ്വന്തമായി ഒരു വീട് വേണം. എന്റെ മോശം അവസ്ഥയിൽ ഒന്നും നോക്കാതെ എനിക്കൊപ്പം ഇറങ്ങി വന്നവളാണ്. സ്വന്തം വീടിന്റെ സുരക്ഷിതത്വം അവൾക്ക് ഉണ്ടാകണം. നാളെ എനിക്കെന്ത് സംഭവിച്ചാലും അവിടെനിന്ന് അവളോട് ആരും ഇറങ്ങിപ്പോകാൻ പറയരുത്. 

കനീഷ്: 9846214914

ciny-kaneesh6
Tags:
  • Love Story