Saturday 12 February 2022 12:48 PM IST : By Najim Kochukaluku

‘ലൈല അഫ്‌ലാജ്’ ലൈലയുടേയും ഖൈസിന്റെയും നാട്; ആ ഗുഹയിലുണ്ട് ഇഷ്കിന്റെ റൂഹുകൾ...

laila-aflaj-land-of-laila-majnu-cover

ലൈല – മജ്നു പ്രണയ ജോഡികളിലെ ലൈലയുടെ നാട് – ‘ലൈല അഫ്‌ലാജ്’. വലന്റൈൻ ദിനമുള്ള ഫെബ്രുവരിയിൽ ലൈല അഫ്‌ലാജിനോളം പ്രണയം നിറഞ്ഞ വേറേത് നാടുണ്ട് പരിചയപ്പെടാൻ.

ലൈലാ, ഇന്നത്തെ രാത്രിയുടെ ആകാശം നീ കാണുന്നുണ്ടോ. പൂത്തുലഞ്ഞ കിനാവു പോലെ മാനംനിറയെ സ്വർണ നിറമുള്ള നക്ഷത്രങ്ങൾ. പതിനാലാം രാവിന്റെ അർധയാമത്തിലും സുബർക്കത്തിലെ വിളക്കുകൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. രാവേറെക്കഴിഞ്ഞിട്ടും ഇന്നും ഞാൻ വെണ്ണിലാവിൽ തിളങ്ങുന്ന മലനിരകളെ നോക്കിയിരിക്കുകയാണ്. നോക്കൂ, ഇവിടുത്തെ പാറകൾക്കു മീതെ ഞാൻ കോറിയിട്ട നിന്റെ പേരുകളിൽ വിരഹിയായ നിശാമാരുതൻ മുത്തമിട്ടു വട്ടം കറങ്ങുന്നു. മണൽപ്പരപ്പിലെ ഇത്തിരിപ്പച്ചയിലേക്ക് മഞ്ഞു തുള്ളികൾ വീണു തുടങ്ങിയിട്ടും എന്റെ മനസ്സു ചുട്ടുപൊള്ളുകയാണ്, ഇടനെഞ്ചു തകരുന്നു, ശരീരം വിറയാർന്നു തളരുന്നു... ലൈലാ അറിയുന്നുണ്ടോ ഈ നൊമ്പരം, കേൾക്കുന്നുണ്ടോ ഈ ഗദ്ഗദം...

പേനത്തലപ്പിൽ നിന്നു കടലാസിലേക്ക് ഇടതടയില്ലാതെ വരികളുതിർന്നു. ഒരുപക്ഷേ, മനസ്സിൽ ഇപ്പോഴും ഒളിമങ്ങാതെ കത്തുന്ന സ്നേഹത്തിന്റെ കുളിരായിരിക്കാം. പ്രണയമെന്തെന്നറിയാത്ത ബാല്യത്തിൽ ലൈല – മജ്നു കഥ മനസ്സിൽ കൗതുകമുണർത്തിയിരുന്നു. നാടോടിക്കഥയെന്നു പിൽക്കാലത്തു പലരും തിരുത്തിയപ്പോഴും ലൈലയും മജ്നുവും ലോകത്തെവിടെയോ ജീവിച്ചിരുന്ന മനുഷ്യരാണെന്നു മനസ്സു പറഞ്ഞു. വർഷങ്ങൾ ഏറെക്കഴിഞ്ഞ് സൗദി അറേബ്യയിൽ എത്തിയപ്പോൾ അതു വെറും തോന്നലല്ലെന്നു തിരിച്ചറിഞ്ഞു. ‘ലൈല അഫ്‌ലാജ്’ ഗ്രാമത്തിലാണത്രേ പ്രണയിതാക്കൾ ജീവിച്ചിരുന്നത്. പ്രണയാഗ്നിയിൽ വെന്തുരുകിയ മജ്നു അവസാന നാളുകൾ എണ്ണിത്തീർത്ത സ്ഥലം സന്ദർശിച്ചപ്പോൾ ഹൃദയം വികാരനിർഭരമായി.

laila-aflaj-land-of-laila-majnu-way

കഥയിലെ മജ്നുവിന്റെ ജീവിതത്തിലെ പേര് ഖൈസ്. ദരിദ്ര കുടുംബത്തിൽ ജീവിച്ച ഖൈസ് സമ്പന്നന്റെ മകളായ ലൈലയെ പ്രണയിച്ചു. കേട്ടു പഴകിയ പ്രണയങ്ങൾ പോലെ ലൈല മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയായി. മരുഭൂമിയിൽ എത്തിപ്പെട്ട ഖൈസ് ഹൃദയനൊമ്പരവുമായി മരണം പൂകി. അഫ്‌ലാജിലെ ഒരു ഗുഹയിലാണത്രേ മജ്നു താമസിച്ചിരുന്നത്. ഗുഹയ്ക്കു സമീപത്തുള്ള പാറ നിറയെ ലൈലയുടെ പേര് എഴുതി വച്ചിട്ടുണ്ട്. മോഹഭംഗത്തിന്റെ വേദനയിൽ മജ്നുവാണ് അത് എഴുതിയതെന്നു കരുതപ്പെടുന്നു.

നജ്ദ് ഗ്രാമം

മജ്നുവും ലൈലയും സ്നേഹസമാഗമം നടത്തിയ നാടു കാണാൻ പുറപ്പെടുമ്പോൾ വഴിയെ കുറിച്ച് ധാരണയില്ലായിരുന്നു. സൗദിയിലെ ഗ്രാമവീഥികളിലൂടെ പതുക്കെ നീങ്ങി. ടാറിട്ടതെങ്കിലും റോഡിനു വീതി കുറവാണ്. ഈന്തപ്പനത്തോട്ടവും വരണ്ട കുന്നുകളും താണ്ടി വാഹനം നീങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ പെട്രോൾ പമ്പിലെത്തി. സമീപത്തുള്ള കെട്ടിടത്തിനു മുന്നിൽ വാഹനം നിർത്തി. നജ്ദ് ഗ്രാമം – അറബിക് ഭാഷയിൽ അവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ‘സൗദി അറേബ്യ’ രാഷ്ട്രമായി രൂപീകരിക്കുന്നതിനു മുൻപ് ചെങ്കടലിനും പേർഷ്യൻ ഉൾക്കടലിനും നടുവിൽ അറേബ്യയെന്ന ഒറ്റവിലാസത്തിൽ മരുഭൂമി അറിയപ്പെടുന്ന കാലത്തുണ്ടായിരുന്ന ഗ്രാമമാണു നജ്ദ്. പേർഷ്യൻ കവി നിസാമിയുടെ വരികളിൽ ‘നജ്ദ്’ എന്നൊരു ഗ്രാമത്തെ കുറിച്ചു പറയുന്നുണ്ട്. അതു ലൈലയുടേയും മജ്നുവിന്റേയും നാടാണ്. നജ്ദ് പിൽക്കാലത്ത് ലൈല അഫ്‌ലജ് എന്നു പേരു മാറിയെന്നു കഥ. റിയാദിൽ നിന്നു വാദിദവാസിർ വഴി സഞ്ചരിച്ചാൽ ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത്. അബഹയിലേക്കു പോകുന്ന പ്രധാനപാതയിലുള്ള ഈ പട്ടണം കഴിഞ്ഞാൽ അഫ്‌ലാജ്. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നു 350 കി.മീ. അകലെയാണ് ലൈല അഫ്‌ലാജ്. അഫ്‌ലാജ് പട്ടണത്തിന്റെ ഹൃദയഭാഗം ‘ലൈല’ എന്നാണ് അറിയപ്പെടുന്നത്. ലൈലയും അഫ്‌ലാജും കൂട്ടിച്ചേർന്ന് ഇവിടം ‘ലൈല അഫ്‌ലാജ് എന്നറിയപ്പെടുന്നു. അരുവിയുടെ അറബിക് പദമാണ് അഫ്‌ലാജ്. ലൈല എന്ന വാക്കിനർഥം രാത്രി. അറബിക് കവിതകളുടെ പശ്ചാത്തലത്തിൽ രാവിനു പ്രണയവും അരുവിക്കു സാന്ത്വനവുമെന്നു പര്യായം. ഗൗർ ആഷിഖീൻ ലൈല അഫ്‌ലാജ് പട്ടണം എത്തുന്നതിനു 10 കി. മീ മുൻപാണു അൽഗൈൽ ഗ്രാമം. അവിടെ നിന്നു നാട്ടുപാതയിലേക്കു തിരിഞ്ഞ് കുറച്ചു ദൂരം സഞ്ചരിച്ചാൽ തബൗദ. തണലില്ലാത്ത മലകളുടെ നിരയാണു തബൗദ. പൊരിവെയിലത്തു തലയുയർത്തി നിൽക്കുന്ന മലകളിലൊന്നിലാണു മജ്നുവിന്റെ ഗുഹ. പക്ഷേ, വഴി ചോദിക്കാൻ ആ പ്രദേശത്ത് ആരെയും കണ്ടില്ല.

laila-aflaj-land-of-laila-majnu-guide-abdulla

ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കാർ വന്നു. ചെളിപുരണ്ട കാറിന്റെ ഡോർ തുറന്ന് അറബ് വംശജൻ പുറത്തിറങ്ങി. മുഷിഞ്ഞ ‘തോബ’ യുടെ അറ്റം ചുരുട്ടിപ്പിടിച്ച് അയാൾ ഞങ്ങൾക്കു നേരേ നെറ്റി ചുളിച്ചു. ‘ഇവിടെ എന്തിനു വന്നു?’ എന്നാണ് അയാളുടെ നോട്ടത്തിന്റെ അർഥം പിടികിട്ടി. ‘‘വേൻ ഗൗർ ലൈല?’’ അറബി ഭാഷയിൽ ലൈല ഗുഹ എവിടെയാണെന്ന് അയാളോടു ചോദിച്ചു. ഗുഹ കാണാൻ വന്നതാണെന്നു തിരിച്ചറിഞ്ഞപ്പോൾ അ യാൾ പുഞ്ചിരിച്ചു. തോബ (അറബി പുരുഷന്മാരുടെ വസ്ത്രം) മടക്കിയിട്ട് അയാൾ മലയുടെ മുകളിലേക്കു വിരൽ ചൂണ്ടി. ഒരു കുന്നിനപ്പുറത്താണു ഗുഹയെന്ന് അദ്ദേഹം വിശദീകരിച്ചു. ലൈല ഗുഹയ്ക്ക് പ്രാദേശികമായി ‘ഗൗർ ആഷിഖീൻ’ എന്നൊരു പേരുമുണ്ട്. അവിടേക്കു പോകാനുള്ള വഴി അറിയാമോ എന്നു ചോദിച്ചപ്പോൾ ‘ഫലൂസ്’ തന്നാൽ കൂടെ വരാമെന്ന് അദ്ദേഹം പറഞ്ഞു. വഴികാട്ടിയായി വരുന്നതിനു പ്രതിഫലമാണു ഫലൂസ്. 10 റിയാൽ നൽകി അയാൾക്കൊപ്പം മല കയറി.

പ്രണയ കുടീരം

laila-aflaj-land-of-laila-majnu-hill

അയാൾ മുന്നിൽ നടന്നു, ഞങ്ങൾ പുറകെ. വെയിലിന്റെ ചൂട് നെറുകയിൽ തീ പടർത്തി. പ്രണയകുടീരം കാണാനുള്ള സഹനത്തിന്റെ തീവ്രതയിൽ അതു സഹിച്ചു. കുന്നിന്റെ പകുതിയെത്തിയപ്പോൾ അറബി വീണ്ടും ‘ഫലൂസ്’ ചോദിച്ചു. അതു നേരത്തേ തന്നല്ലോ എന്നു ഞങ്ങളുടെ മറുപടി. ‘നിങ്ങൾ നാലു പേരില്ലേ?’ മുഖത്തു നിന്നു ചിരി മായ്ക്കാതെ അയാൾ ആവശ്യപ്പെട്ടു. വീണ്ടും 10 റിയാൽ നൽകി മലകയറ്റം തുടർന്നു. കുന്നിന്റെ നെറുകയിൽ എത്തിയപ്പോഴേക്കും ഞങ്ങൾ നാലു പേരിൽ നിന്ന് 40 റിയാൽ അയാൾ വാങ്ങി. 10 റിയാൽ പ്രതിഫലം ചോദിച്ചിട്ട് 40 റിയാൽ വാങ്ങിയത് ന്യായമല്ലെന്നു പറഞ്ഞപ്പോൾ അയാൾ വീണ്ടും ചിരിച്ചു. ‘നിങ്ങൾ നാലു പേരില്ലേ? എല്ലാവർക്കും ഗുഹ കാണണ്ടേ?’ അയാൾ ചോദ്യം ആവർത്തിച്ചു. മലയുടെ മുകളിൽ കൊണ്ടു പോയി കൊള്ളയടിക്കുന്ന സംഘങ്ങളെ കുറിച്ചു കേട്ടിട്ടുണ്ട്. ഇയാൾ കൊള്ളസംഘത്തിലെ ആളാണോയെന്നു സംശയിച്ചു. കുന്നിന്റെ മറുഭാഗത്തു പോകണമെന്ന് അയാൾ പറഞ്ഞപ്പോൾ ആശങ്ക കൂടി. ഞങ്ങൾ നാലാളുണ്ട്, ധൈര്യം സംഭരിച്ച് അയാൾ നിൽക്കുന്നയിടത്തേക്കു നീങ്ങി. മണ്ണും കല്ലും അടർന്നു നിൽക്കുന്ന കുന്നിന്റെ ചെരിവിൽ ഒരിടത്തേക്ക് അയാൾ ചൂണ്ടിക്കാട്ടി. ‘റ’ എഴുതിയപോലെ ഗുഹാമുഖം. കവാടത്തിനു ചുറ്റും പാറയിൽ കുറിപ്പുകൾ. ലൈല – മജ്നു പ്രണയത്തിന്റെ കുടീരം.

laila-aflaj-land-of-laila-majnu-cave

ഗുഹയുടെ മുന്നിൽ നിന്നാൽ അഫ്‌ലാജ് പട്ടണം മുഴുവൻ കാണാം. ഈന്തപ്പനത്തോട്ടം, മരുഭൂമി, കുന്നുകൾ, ഗ്രാമവീഥി, വീടുകൾ... ഒരിടത്തേയ്ക്കു ചൂണ്ടിക്കാട്ടി അയാൾ ‘ലൈലയുടെ വീട്’ അവിടെയാണെന്നു പറഞ്ഞു. ‘‘ആ വഴിയിലൂടെയാണ് ആരും കാണാതെ ലൈല മലയുടെ മുകളിലേക്കു വന്നത്. കുതിരപ്പുറത്താണ് ഖൈസ് എത്തിയിരുന്നത്.’’ സിനിമാക്കഥ പറയുന്ന പോലെ അയാൾ പറഞ്ഞു. ലൈലയും ഖൈസും പ്രണയം പങ്കുവച്ചിരുന്ന ഗുഹയുടെ മുന്നിൽ ഞങ്ങൾ നിശബ്ദരായി. അവരുടെ ഇഷ്ടത്തിന്റെ ഓർമയിലുടെ മനസ്സു പോയി. നിലാവിനെയും നക്ഷത്രങ്ങളെയും സാക്ഷിയാക്കിയ പ്രണയം. പിന്നീട്, ഗ്രാമം മുഴുവൻ ആ കഥ പാട്ടായത്. ലൈലയെ ബന്ധുക്കൾ മറ്റൊരാൾക്കു വിവാഹം കഴിച്ചു നൽകിയത്...

‘‘സൗദിഅറേബ്യയുടെ വടക്കൻ മേഖലയിലെ ‘തൈമ’യിലുള്ളയാളാണ് ലൈലയെ വിവാഹം കഴിച്ചത്. ഹൃദയം നഷ്ടപ്പെട്ട ഖൈസ് പ്രണയിനിയെ തിരഞ്ഞു മരുഭൂമിയിലൂടെ അലഞ്ഞു. കടന്നു പോയ വഴികളിലെ പാറകളിൽ ലൈലയുടെ പേരു കുറിച്ചു. അവളുടെ ഓർമകൾ കവിതാശകലങ്ങളായി എഴുതി വച്ചു. ഭ്രാന്തനെ പോലെ അലഞ്ഞ ഖൈസിനെ ആളുകൾ ‘മജ്നൂൻ’ അഥവാ ഭ്രമം ബാധിച്ചവൻ എന്നു പരിഹസിച്ചു. ഖൈസ് പിന്നീട് മജ്നുവായി...’’ 40 റിയാലിനു ജോലി ചെയ്യുന്ന വഴികാട്ടിയെ പോലെ അയാൾ കഥ പറഞ്ഞു. അബ്ദുല്ല അൽദോസരി – ഒടുവിൽ അയാൾ സ്വയം പരിചയപ്പെടുത്തി. ബദുക്കളുടെ ശാഖയിൽപെട്ടതാണു ദോസരി വിഭാഗം. സൗദിയിലെ ആദിമ ഗോത്രമാണു ബദുക്കൾ (ബദവി). ലൈല അഫ്‌ലാജ് ഉൾപ്പെടുന്ന ജനവാസ മേഖലയിൽ ഭൂരിപക്ഷം ദോസരികളാണ്. ‘വാദിദവസീർ’ എന്ന സ്ഥലപ്പേരിന് അർഥം ദോസരികളുടെ താഴ്‌വരയെന്നാണ്.

ഇഷ്കിന്റെ റൂഹ് മലയിറങ്ങുമ്പോഴേക്കും അബ്ദുല്ലയും ഞങ്ങളും സുഹൃത്തുക്കളായി. ‘നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ?’ അബ്ദുല്ലയോടു ചോദിച്ചു. അയാൾ ചിരിച്ചു. ‘‘അവൾ മരിച്ചു’’ അൽപനേരം മൗനത്തിനു ശേഷം അയാൾ പറഞ്ഞു. കണ്ണുകളെ ഒളിക്കാനെന്ന പോലെ അയാൾ അകലേയ്ക്കു നോക്കി. ‘‘വിവാഹം കഴിഞ്ഞു കുറച്ചു ദിവസം ഒരുമിച്ചു താമസിച്ചു. അതിഥിതിയായി വന്നെത്തിയ രോഗം അവളുടെ ജീവനെടുത്തു’’ ചിരി മാഞ്ഞ മുഖത്തോടെ അബ്ദുല്ല പറഞ്ഞു. ‘‘വേറെ വിവാഹം കഴിച്ചില്ലേ?’’ ഞങ്ങൾ ചോദ്യം തുടർന്നു. ‘‘മലയുടെ മുകളിലെ ഗുഹയിൽ വസിക്കുന്ന ഇഷ്കിന്റെ റൂഹുകൾ പൊറുക്കില്ല’’ നെഞ്ചിൽ കൈ വച്ച് അബ്ദുല്ല പറഞ്ഞു. കൃഷിക്കാരനാണ് അബ്ദുല്ല. സ്കൂളിൽ പോയിട്ടില്ല. മദ്റസയിലും പോയിട്ടില്ലേ എന്നു ചോദിച്ചപ്പോൾ അ ബ്ദുല്ലയുടെ മുഖത്തു ഗൗരവം. ‘‘സുഹൃത്തേ, ഞാൻ ബദുവാണ്. വിദ്യാഭ്യാസം ഞങ്ങൾക്ക് നിഷിദ്ധമാണ്.’’ ഞങ്ങള്‍ കാർ നിർത്തിയ സ്ഥലത്തു തിരികെയെത്തി. പെൺകുട്ടികൾക്കു പഠിക്കാൻ സ്കൂളുള്ള ഗ്രാമം അയാൾക്കു പഠനം നിഷേധിച്ചത്രേ! സംശയം തോന്നിയെങ്കിലും ഞങ്ങൾ അയാളോട് അതെക്കുറിച്ചു കൂടുതലൊന്നും ചോദിച്ചില്ല.

laila-aflaj-land-of-laila-majnu-inside-cave

യാത്ര പറഞ്ഞപ്പോൾ അയാൾ കാറിനടുത്തേക്കു വന്നു. എവിടേക്കാണ് പോകുന്നതെന്ന് അന്വേഷിച്ചു. റിയാദിലേക്കെന്നു പറഞ്ഞപ്പോൾ അയാളുടെ മുഖം തെളിഞ്ഞു. ‘‘മരിക്കുന്നതിനു മുൻപ് ആ നഗരം ഒന്നു നേരിൽ കാണണം.’’ അബ്ദുല്ല ആഗ്രഹം പ്രകടിപ്പിച്ചു. വീട്ടിൽ നിന്നു 350 കി.മീ. അകലെയുള്ള റിയാദ് നഗരം ആ നാട്ടിൽ ജന്മാവകാശമുള്ള അബ്ദുല്ലയ്ക്ക് ഇപ്പോഴും സ്വപ്നലോകം!! കാറ് റിയാദിനെ ലക്ഷ്യമാക്കി തിരിച്ചു. ഏഴാം നൂറ്റാണ്ട് കൺമുന്നിൽ തെളിഞ്ഞു. ഗ്രാമത്തിന്റെ അതിരിനപ്പുറം മരുഭൂമി, കുന്നുകൾ, മലകൾ... അവിടെയുണ്ടായ പ്രണയിയാണു മജ്നു, അയാളുടെ പ്രാണന്റെ വിലയാണു ലൈല...

*കൊല്ലം ജില്ലയിൽ ചോഴിയക്കോട് സ്വദേശിയായ ലേഖകൻ പ്രവാസിയും സഞ്ചാരിയുമാണ്