അപൂര്‍വ സുന്ദരങ്ങളായ ചിത്രങ്ങളിലൂടെ പാട്ടുകളുടെ കഥകള്‍ പറയുന്നു ചിത്ര
അച്ഛനെ തോളിലിരുന്നു ദാസേട്ടനെ കണ്ട കഥ
ആറ്റുകാൽ അമ്പലത്തിലെ ഉത്സവത്തിനു യേശുദാസിന്‍റെ ഗാനമേളയുണ്ടെന്നറിഞ്ഞു ചേച്ചിയെയും എന്നെയും അച്ഛന്‍ െകാണ്ടുപോയി. അന്നെനിക്ക് ആറു വയസ്സാണ്. സ്റ്റേജില്‍ ഗാനമേള െപാടിപൊടിക്കുന്നു. തിരക്കിൽ ഒന്നും കാണാനാകാതെ നിന്നപ്പോൾ അച്ഛൻ എെന്ന തോളത്തെടുത്തു. അവിടെയിരുന്നാണ് ജീവിതത്തിലാദ്യമായി ഞാന്‍ ദാേസട്ടനെ കാണുന്നത്, നേരിട്ട് ആ പാട്ടു കേള്‍ക്കുന്നത്. ഒരിക്കലും മറക്കില്ല ആ നിമിഷം.
അന്നു സദസ്സിന്റെ മുൻനിരയിൽ എം.ജി. രാധാകൃഷ്ണൻ ചേട്ടൻ ഇരിപ്പുണ്ടായിരുന്നു. കച്ചേരി കഴിഞ്ഞപ്പോ ൾ രാധാകൃഷ്ണൻ ചേട്ടൻ ഞങ്ങളെ ദാസേട്ടന്റെ അടുത്തു കൊണ്ടുപോയി. ആദ്യം അച്ഛനെ, പിന്നെ ചേച്ചിയെ, ഏറ്റവും ഒടുവിലായി എന്നെയും ദാസേട്ടനെ പരിചയപ്പെടുത്തി. എന്റെ ഊഴമെത്തിയപ്പോൾ ഞാൻ ആരാധനയോടെ ഷേക്ക് ഹാൻഡിന് കൈ നീട്ടി. മണ്ണിൽ കളിച്ച് വിരലുകളിൽ കുമിള പൊട്ടിയിരിന്നു അന്ന്. വിരലുകളിൽ അതിന്റെ കെട്ടിപ്പൂട്ടു കണ്ട് ദാസേട്ടൻ ചോദിച്ചു, ‘കൈക്ക് എന്തുപറ്റി.’
ദാസേട്ടനിൽ നിന്ന് അനുകമ്പയോടെ അങ്ങനെയൊരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ പറഞ്ഞു, ‘അതു ചൊറിയാ.’ ദാസേട്ടൻ പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ എ ന്റെ കൈ പിടിച്ചു കുലുക്കി.
പിന്നീടൊരിക്കല്‍ ബീനച്ചേച്ചിയുടെ കൂടെ റിക്കോർഡിങ്ങിനു കൂട്ടുപോയപ്പോഴും ദാസേട്ടനെ കണ്ടു. ഇടയ്ക്കെപ്പോഴോ ദാസേട്ടൻ അടുത്തുണ്ടെന്നു പോലുമോർക്കാതെ ഞാൻ പാട്ടു മൂളി. ദാസേട്ടൻ വാത്സല്യം കലർന്ന ശബ്ദത്തോടെ എന്നോടു ചോദിച്ചു, ‘മോൾക്കു പാടണോ?’
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം എന്നോട് അതേ അളവിൽ വാത്സല്യം ചൊരിയുന്നുവെന്നതു ജീവിതത്തിലെ മഹാഭാഗ്യമായാണു കണക്കാക്കുന്നത്.
എത്രയെത്ര പാട്ടുകൾ. എത്രയെത്ര വേദികൾ... ചില വേദികളിൽ ദാസേട്ടൻ ‘രാമകഥാഗാനലയം’ പോലുള്ള പാട്ടുകൾ പാടുമ്പോൾ ഞാൻ തരിച്ചിരിക്കുകയാകും. ദാസേട്ടൻ പാടിത്തീർന്നു കഴിയുമ്പോൾ എന്റെ മനസ്സിൽ ഒറ്റ പ്രാർഥനയേയുണ്ടാകുകയുള്ളൂ. അടുത്ത പാട്ടു പാടാൻ എന്നെ വിളിക്കരുതേ ഈശ്വരാ...
ഞാൻ ആദ്യമായി ഇന്ത്യയ്ക്കു പുറത്തു പോകുന്നത് ദാസേട്ടന്റെ സംഘത്തിനൊപ്പമാണ്. ബഹ്‌റൈനിലേക്കുള്ള ആ യാത്രയുടെ ഒരുക്കങ്ങൾ ഇപ്പോഴുമോർമയുണ്ട് യാത്ര പോകേണ്ട ദിവസം രവീന്ദ്രൻമാഷിന്റെ ഒരു പാട്ടിന് ഹമ്മിങ് കൊടുക്കണം. ‘ഇരുഹൃദയങ്ങളിൽ ഒന്നായ് വീശി...’ ആണെന്നാണ് ഓർമ. പാട്ടു തീർന്നതും ഓരോട്ടമായിരുന്നു എയർപോർട്ടിലേക്ക്. ആദ്യ േദശീയ പുരസ്കാര വാര്‍ത്ത അറിയുന്നതും ദാസേട്ടനോടൊപ്പമുള്ള ഒരു വിദേശപര്യടനത്തിനിടയ്ക്കാണ്.
യാത്രകളിലും ദാസേട്ടൻ കൂടുതൽ സംസാരിക്കുന്നതുപാട്ടിനെക്കുറിച്ചു തന്നെ. പാടുന്നവർ സ്വരമാധുര്യം നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു പറയും. ഓരോ ബ്ലഡ് ഗ്രൂപ്പിലുള്ളവരും കഴിക്കേണ്ട ഭക്ഷണമുണ്ടത്രേ. ദാസേട്ടന്റെ കയ്യിൽ അതിന്റെ ചാർട്ടുണ്ട്. ആ ചാർട്ടിനനുസരിച്ചു ഞാൻ കഴിക്കേണ്ടത് ഓട്സാണ്, എനിക്കേറ്റവും ഇഷ്ടമില്ലാത്ത ഭക്ഷണം. എനിക്കേറ്റവും ഇഷ്ടമുള്ള ചോറ് കഴിക്കാനേ പാടില്ല.
ദാസേട്ടൻ എപ്പോഴും ഉപദേശിക്കും, സിനിമാപ്പാട്ടിനൊപ്പം കച്ചേരിയും കൊണ്ടുപോകണം, ശാസ്ത്രീയസംഗീത കച്ചേരികള്‍ നടത്തണം. ദാസേട്ടന്റെ ഉപദേശങ്ങളിൽ എനിക്കു പാലിക്കാൻ പറ്റാത്തത് അതു മാത്രമാണ്.