Wednesday 26 July 2023 02:58 PM IST : By വി.ആർ.ജ്യോതിഷ്, അമ്മു ജൊവാസ്

‘സന്തോഷങ്ങളില്‍ മാത്രമല്ല സങ്കടങ്ങളിലും ചേച്ചി ഒപ്പം നിന്നിട്ടുണ്ട്, ആ മുഖം ഒരിക്കലും മറക്കില്ല’; ‘ചിത്രാ’നുഭവങ്ങളുമായി മിൻമിനി

chithra-minmini

ചിത്രചേച്ചിയുടെ ഒരു പാട്ടു കേൾക്കാതെയോ മൂളാതെയോ മലയാളിയുടെ ഒരു ദിവസം കടന്നുപോകുമെന്നു തോന്നുന്നില്ല. ചിത്രചേച്ചിയെ ക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിലും ഒഴുകിയെത്തുന്നത് ഒന്നിനു പുറകേ ഒന്നായി ഒരായിരം പാട്ടുകളാണ്. പൂവരമ്പിൻ താഴെ..., ഒരേ സ്വരം..., തങ്കത്തോണി..., മൗനസരോവരം..., കണ്ണാടി ആദ്യമായെൻ..., ഉൻ പാർവയിൽ ഒരായിരം..., കണ്ണാളനേ...

എനിക്ക് 16 വയസ്സുള്ളപ്പോഴാണ് ചിത്രചേച്ചിയുടെ സ്നേഹം ആദ്യമായി അരികിലെത്തിയത്. ഒരു ഭക്തിഗാന കസറ്റിലെ എന്റെ പാട്ടിനു അഭിനന്ദനമായെത്തിയ ഗ്രീറ്റിങ് കാർ‍ഡിന്റെ രൂപത്തിൽ. അതു ഞാൻ നിധി പോലെ സൂക്ഷിച്ചിരുന്നു. ചിത്രചേച്ചിക്ക് ട്രാക്ക് പാടി, അതു പാട്ടായി മാറിയതാണ് എനിക്കു സിനിമയിലേക്കുള്ള വാതിൽ തുറന്നത്. സ്വാഗതം എന്ന സിനിമയിലെ പാട്ടുകൾ ചിത്രചേച്ചിക്കു വേണ്ടി ട്രാക് പാടിയതാണെങ്കിലും എന്റെ ശബ്ദത്തിലൂടെയാണു മലയാളികൾ കേട്ടത്. 

ചേച്ചിയെ ആദ്യമായി നേരിൽ കണ്ടത് ഒളിമങ്ങാത്ത ഓർമയാണ്. 1991ൽ ഇളയരാജ സാറിന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു അത്. പരിചയപ്പെടുത്തിയതും എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെ കണ്ടുമുട്ടലുകൾ എപ്പോഴും റിക്കോർഡിങ് സ്റ്റുഡിയോകളിൽ വച്ചായിരുന്നു. തെലുങ്കിലും തമിഴിലുമൊക്കെ ചിത്രചേച്ചിക്കൊപ്പം പാട്ടുകൾ പാടാനും എനിക്കു കഴിഞ്ഞു. 

എന്റെ പാട്ടുകളിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ളത് ‘ചിന്ന ചിന്ന ആശൈ...’ ആണ്. തമിഴിൽ ഞാൻ പാടിയ ഈ ഗാനത്തിന്റെ മലയാളം വേർഷൻ പാടിയത് ചിത്രചേച്ചിയാണെന്നത് വലിയ അഭിമാനമാണ്. 

പ്രിയമുള്ള ഒരോർമ കൂടി പറയാം. എനിക്ക് മകൾ ജനിച്ച സമയം. എന്നെയും കുഞ്ഞിനെയും കാണാന്‍ ചിത്രചേച്ചി വീട്ടിൽ വന്നു. 18 വർഷം മുൻപ് എന്റെ അടുത്തിരുന്നു മോൾ അന്ന കീർത്തനയെ ലാളിച്ച ആ മുഖം ഒരിക്കലും മറക്കില്ല. സന്തോഷങ്ങളിൽ മാത്രമല്ല സങ്കടങ്ങളിലും ചേച്ചി ഒപ്പം നിന്നിട്ടുണ്ട്. എന്റെ അപ്പച്ചൻ മരിച്ചപ്പോൾ ആ ദുഃഖത്തിൽ പങ്കുചേരാനും ഒരുപാടു തിരക്കുകൾക്കിടയിൽ നിന്ന് ഓടിവന്നിരുന്നു. എല്ലാവരോടും എപ്പോഴും സ്നേഹമാണ് ചിത്രചേച്ചിക്ക്. ചിത്രചേച്ചിയോടും എല്ലാവർക്കും അങ്ങനെ തന്നെയാണല്ലോ. 

Tags:
  • Movies