Wednesday 26 July 2023 02:32 PM IST

‘കുട്ടികളെപ്പോലെ കുറുമ്പു കാണിക്കാനൊക്കെ ചിത്രയ്ക്ക് വലിയ ഇഷ്ടമാണ്’; ചിത്രയെ ആദ്യം കണ്ടുമുട്ടിയതു മുതലുള്ള സ്നേഹാനുഭവങ്ങളുമായി സുജാത

V R Jyothish

Chief Sub Editor

k-s-chithra356667

തിരുവനന്തപുരം ആകാശവാണിയില്‍ വച്ചാണു ചിത്രയെ ആദ്യമായി കാണുന്നത്. എം. ജി. രാധാകൃഷ്ണൻ ചേട്ടന്റെ പാട്ടു പാടാന്‍ അവിടെ ചെന്നതായിരുന്നു ഞാന്‍. ചിത്രയെ പരിചയപ്പെടുത്തിക്കൊണ്ടു ചേട്ടന്‍ പറഞ്ഞു, ‘എന്റെ ശിഷ്യയാണ്. നന്നായി പാടുന്ന കുട്ടിയാണ്...’

ഗായിക എന്ന നിലയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയതിനു ശേഷമാണ് ഈ സംഭവം. ചിത്ര അന്നു സിനിമയിൽ പാടിത്തുടങ്ങിയിട്ടില്ല എന്നാണ് ഓർമ. ഒരു പാട്ടു പാടാമോ എന്നു ചോദിച്ചപ്പോൾ അസാധ്യസുന്ദരമായി ചിത്ര പാടി.

അന്നു ഞാൻ കരുതിയതു ചിത്ര എന്നേക്കാൾ പ്രായക്കുറവുള്ള കുട്ടിയെന്നാണ്. കാരണം, തീരെ മെലി‍ഞ്ഞാണു ചിത്ര. പിന്നീട് അറിഞ്ഞു ഞങ്ങൾ ഒരേ വർഷമാണു ജനിച്ചതെന്ന്.

പിന്നീടൊരിക്കല്‍ ദാസേട്ടന്റെ തരംഗിണി സ്റ്റുഡിയോയിൽ പാട്ടു പാടാൻ ചെന്നപ്പോൾ കുറേ കുട്ടികൾ കോറസ് പാടാൻ ഉണ്ടായിരുന്നു. അതിലൊരാൾ ചിത്രയായിരുന്നുവെന്ന് ചിത്ര തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് പക്ഷേ, ആ ദിവസം ഓർമയില്ല.

അക്കാലത്ത് ദാേസട്ടന്‍റെയൊപ്പം ഗാനമേളകള്‍ക്കു പാടാന്‍ ഞാന്‍ പോകും. എറണാകുളത്തു ഗാനമേള നടക്കുമ്പോള്‍ എനിക്കു സുഖമില്ലാതായി. പകരം പാടാൻ വന്നതു ചിത്രയായിരുന്നു. ഞാനന്നു സദസ്സിലിരുന്നു ചിത്രയുടെ ആലാപനം കേട്ടു. എന്തു മനോഹരമായാണു പാടുന്നതെന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തു. ഇന്നും ചിത്ര പാടുന്നത് കേൾക്കുമ്പോൾ എനിക്ക് ആ മനസ്സാണ്.

പിന്നീടു ചിത്ര ദാസേട്ടന്റെ ഗാനമേള ട്രൂപ്പിെല ഗായികയായി. ഇതിനിടയിൽ എന്റെ വിവാഹം കഴിഞ്ഞു. സിനിമയിലും തിരക്കായി. അതുകൊണ്ടാകും ഒരുമിച്ചു ഗാനമേളകൾക്കു പോയ ഓർമകളൊന്നുമില്ല.

ഞങ്ങൾ രണ്ടുപേരും രണ്ടുവഴിക്കാണു വളർന്നത്. സൗഹൃദം വിടാെത കൂടെയുണ്ട്. ചിത്രയുെട ഒരു നല്ല പാട്ടു േകട്ടാലുടന്‍ വിളിച്ച് അഭിനന്ദിക്കും. അതുപോലെ ചിത്ര വിളിക്കും, എെന്‍റ പാട്ടിനെക്കുറിച്ചു പറയാന്‍...’

ഒന്നിച്ചു പാടിയ െെവഡ്യൂര്യക്കമ്മല്‍

നിറം എന്ന ചിത്രത്തിലെ ‘യാത്രയായ് സൂര്യാങ്കൂരം, ഏകയായ് നീലാംബരം...’ എന്ന ഗാനം േകട്ട് സ്റ്റുഡിയോയിൽ ഇരുന്നു ഞാന്‍ കരഞ്ഞിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗര്‍ ഈണമിട്ട വരികളാണ്. ഇപ്പോഴും ആ പാട്ടു കേട്ടാൽ സങ്കടം വരും. അത്ര മനോഹരമായാണ് ചിത്ര അതു പാടിയിരിക്കുന്നത്.

ഞങ്ങൾ ഒരുമിച്ച് ഒരുപാടു പാട്ടുകൾ പാടിയിട്ടുണ്ട്. അ തിൽ ഏറെ ഇഷ്ടമുള്ളതിലൊന്ന്  ‘വൈഡൂര്യ കമ്മലണിഞ്ഞ്, െവണ്ണിലാവ് രാവില്‍ െനയ്യും...’ എന്ന മനോഹരഗാനമാണ്. ഇതും ഗിരീഷിന്‍റെ വരികളാണ്. ജോണ്‍സൺന്റെ സംഗീതം. ചെൈന്ന എ.വി.എം സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. സിനിമയില്‍ മഞ്ജു വാരിയരും ചിപ്പിയും കൂടിയാണ് ആ പാട്ടു പാടുന്നത്. അതുപോലെ ഞങ്ങളും ഒരുമിച്ചു നിന്നാണ് ആ വരികള്‍ ആലപിച്ചത്.

എ.ആർ. റഹ്മാന്റെ ഷോകളിലും ഒന്നിച്ചു പാടാന്‍ അവസരമൊരുങ്ങിയിട്ടുണ്ട്. അടുത്തകാലത്ത് ഒന്നിച്ചു പാടിയതു മഴവിൽ മനോരമയുെട പരിപാടിക്കാണ്. ലതാജിയുടെ പാട്ടുകളാണ് അന്നു കൂടുതലും പാടിയത്.

എന്റെ മകൾ ശ്വേതയെ പാട്ടു പഠിപ്പിച്ചത് ബിന്നി കൃഷ്ണകുമാറാണ്. ചിത്രയാണ് ബിന്നിയെക്കുറിച്ചു പറയുന്നതും ശ്വേതയെ അവിടെ പഠിപ്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തതും. അത് എനിക്കും അവൾക്കും ഒരിക്കലും മറക്കാൻ പറ്റില്ല. ശ്വേത നല്ലൊരു പാട്ടുകാരിയാണെന്നു മറ്റുള്ളവർ പറയുമ്പോൾ ഞാൻ ബിന്നിയെയും ചിത്രയെയും ഓർക്കും.

ചിത്ര പലപ്പോഴും ഒരു കുഞ്ഞാണെന്നു തോന്നിയിട്ടുണ്ട്. കുട്ടികളെപ്പോലെ കുറുമ്പു കാണിക്കാനൊക്കെ വലിയ ഇഷ്ടമാണ്. പിന്നെ, വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല. എത്ര വലിയ ഹോട്ടലിൽ പോയാലും മുറി ഒന്നുകൂടി വൃത്തിയാക്കും. വീട്ടിലാണെങ്കിലും അലമാരയിൽ നിന്നു സാധനങ്ങൾ പുറത്തെടുത്ത് ഒന്നുകൂടി അടുക്കും. ഇന്ന് എന്തായിരുന്നു അടുക്കിപ്പെറുക്കിയതെന്നു ഞങ്ങൾ തമാശയ്ക്കു ചോദിക്കും. ആ വലിയ ഗായിക ഇനിയും ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന പ്രാർഥന മാത്രമാണു മനസ്സില്‍ എപ്പോഴും...

Tags:
  • Movies