Thursday 27 July 2023 11:00 AM IST : By വി.ആർ.ജ്യോതിഷ്, അമ്മു ജൊവാസ്

‘ആ നിമിഷത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണു നിറയും’; സ്നേഹം മഴയായി പെയ്ത ഒരു ഫോൺകോൾ, രാജലക്ഷ്മി പറയുന്നു

rajalakshmi8865

ചിത്രചേച്ചിയോട് ആദ്യമായി സംസാരിച്ച ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. എന്റെ ഭർത്താവ് വലിയൊരു അപകടത്തിൽപ്പെട്ട് ഇന്റൻസീവ് കെയർ യൂണിറ്റിലാണ്. അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. ‘ഒന്നും പറയാറായിട്ടില്ല’ എന്നാണ് എന്റെ ഭർത്താവിനെക്കുറിച്ച് ഡോക്ടർ പറഞ്ഞത്. ആശുപത്രിയിൽ ഐസിയൂണിറ്റിനു മുന്നിൽ നിൽക്കുമ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ ഞാൻ സേവ് ചെയ്തിട്ടുള്ള നമ്പർ അല്ല.

‘രാജലക്ഷ്മിയാണോ?’ വിളിച്ച ആൾ എന്നോടു ചോദിച്ചു.

‘അതേ...’ ഞാൻ മറുപടി പറഞ്ഞു.

മോളേ... ചിത്രചേച്ചിയാണ്.’

ആ നിമിഷത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണു നിറയും. കാരണം അന്നേവരെ ഞാൻ ചിത്രചേച്ചിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. കുട്ടിക്കാലം മുതൽ ഒന്നു കാണാനും സംസാരിക്കാനും ആഗ്രഹിച്ചു നടന്ന വ്യക്തിയാണ് എന്നെ വിളിക്കുന്നത്. അതും തകർന്നു തരിപ്പണമായി ആശുപത്രി വരാന്തയിൽ നിൽക്കുന്ന എന്നെ. അന്നു ചേച്ചി പറഞ്ഞു. ‘രാജലക്ഷ്മിയെ എനിക്കു നേരത്തെ അറിയാം. നന്നായി പാടുന്ന കുട്ടിയാണ്. ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു. സമാധാനമായിട്ടിരിക്കണം. ഒന്നും സംഭവിക്കില്ല...’

അന്നു ചേച്ചി എന്നോട് ഒരുപാടു നേരം സംസാരിച്ചു. എനിക്ക് ഔഷധം പോലെയായിരുന്നു ചേച്ചിയുടെ വാക്കുകൾ. അങ്ങനെ ആദ്യമായി വിളിച്ചപ്പോൾ ചേച്ചിയുടെ സാന്ത്വനവാക്കുകൾ കേൾക്കാൻ കഴിഞ്ഞു. അത്തരം ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവർക്കേ ഞാൻ ഈ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവൂ. ചിത്രചേച്ചിയുടെ സാന്ത്വനം പോെല എന്റെ പ്രാർഥനയും ഫലിച്ചു. എന്റെ ഭർത്താവ് ജീവിതത്തിലേക്കു തിരിച്ചു വന്നു. അതിനുശേഷം ഇങ്ങോട്ട് ചിത്രചേച്ചി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നെക്കാൾ എത്രയോ ഉയരത്തിലാണു േചച്ചിയെന്ന് എനിക്കറിയാം. എങ്കിലും ഏറെ കാരുണ്യത്തോടെയും വാത്സല്യത്തോടെയുമാണ് എന്നോടു പെരുമാറുന്നത്. എന്നോടെന്നല്ല എല്ലാവരോടും ചേച്ചി അങ്ങനെയാണ്.

ചിത്രചേച്ചിയെ കാണാൻ പറ്റുന്ന ഒരു സന്ദർഭവും ഞാൻ ഒഴിവാക്കാറില്ല. അപ്പോഴൊക്കെ എന്നെ അദ്ഭുതപ്പെടുത്തുന്നതു സംഗീതത്തോടുള്ള ചേച്ചിയുടെ സമർപ്പണമാണ്. ഇപ്പോഴും സംഗീതത്തെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ കുട്ടികളെപ്പോലെ നിന്നു കേൾക്കുന്നതു കണ്ടിട്ടുണ്ട്.

ഗാനമേളകൾക്കും മറ്റു പരിപാടികൾക്കും ചേച്ചി എന്നെയും കൂട്ടാറുണ്ട്. സ്വദേശത്തും വിദേശത്തുമൊക്കെ പരിപാടികൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ എന്നെ ചേച്ചി വീണ്ടും അദ്ഭു‌തപ്പെടുത്തും. തന്നെ കാണാൻ വരുന്ന ഒരാളെപ്പോലും ചേച്ചി നിരാശപ്പെടുത്താറില്ല. എത്ര ക്ഷീണമുണ്ടെങ്കിലും അതൊക്കെ മറന്നു മറ്റുള്ളവരോടു സംസാരിക്കും.

മറ്റാർക്കും അറിയാത്ത ഒരു ചിത്രചേച്ചിയെ ഞങ്ങൾക്ക് അറിയാം. ഒരമ്മയെപ്പോലെ മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന, വിലപ്പെട്ട സമ്മാനങ്ങൾ കൊടുക്കുന്ന ചിത്രചേച്ചിയാണത്. യാത്രകളിൽ കഴിക്കാൻ എന്തെങ്കിലും ചേച്ചി കരുതിയിട്ടുണ്ടാവും. അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഒരു മടിയുമില്ല. ജന്മദിനങ്ങൾക്കു മറ്റാരുടെ സമ്മാനം കിട്ടിയില്ലെങ്കിലും ചിത്രചേച്ചിയുടെ സമ്മാനം ഉറപ്പാണ്. 

വാണിയമ്മ മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത് ചിത്രചേച്ചി സമ്മാനിച്ച സാരി ഉടുത്താണെന്ന് ‘വനിത’യിൽ തന്നെ വായിച്ചിരുന്നു

വ്യക്തിപരമായി എനിക്ക് ചിത്രച്ചേച്ചി ഒരു സംഗീതജ്ഞ മാത്രമല്ല അമ്മയുടെ സ്ഥാനമുള്ള ഒരാളാണ്. സംഗീതത്തിൽ മാത്രമല്ല, ജീവിതത്തിലും അങ്ങനെതന്നെ. ജീവിതത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും ചേച്ചിയെ വിളിച്ച് അറിയിക്കാറുണ്ട്. കോവിഡ് സമയത്ത് ഞാൻ തിരുവനന്തപുരത്ത് ഒരു മ്യൂസിക് സ്കൂൾ തുടങ്ങി. ചേച്ചിയുടെ അനുഗ്രഹം വാങ്ങിയാണു തുടങ്ങിയത്. ‘പകർന്നു കൊടുക്കുന്തോറും തെളിഞ്ഞുകത്തുന്ന പ്രകാശമാണു രാജി സംഗീതം’ എന്നു പറഞ്ഞു ചേച്ചി അനുഗ്രഹിച്ചു. ഇന്ന് നൂറോളം കുട്ടികൾ അവിടെ പഠിക്കാനെത്തുന്നു.

ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന ഒരു പ്രതിസന്ധിയിലാണ് ചിത്രചേച്ചി എന്നെ ആദ്യമായി വിളിക്കുന്നതെന്നു പറഞ്ഞല്ലോ? ആ സാന്ത്വനം എന്റെ മരണം വരെ ഉണ്ടാകണേ എന്നാണു ഞാൻ പ്രാർഥിക്കുന്നത്.

Tags:
  • Movies