ലോക് ഡൌൺ കാലത്ത് ഓഫീസിൽ പോയി ജോലി ചെയ്യുന്നത് ഭൂരിഭാഗം പേർക്കും പ്രായോഗികമല്ലാത്ത കാര്യമാണ്. ഈ സമയത്ത് വർക്ക് ഫ്രം ഹോം എന്ന രീതിയാണ് മിക്കവരും തിരഞ്ഞെടുത്തിരിക്കുന്നത്. മിക്ക കമ്പനികളും അത് അനുവദിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ മിക്ക വീടുകളിലും ഓരോ കുഞ്ഞ് ഓഫീസുകൾ പ്രവർത്തിക്കുകയാണ്. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ അത് വളരെ അനായാസേന ചെയ്യാമല്ലോ എന്ന് കേൾക്കുന്നവർക്ക് തോന്നാം. എന്നാൽ ഓഫീസ് ജോലി പോലെ അത്ര എളുപ്പമല്ല വർക്ക് ഫ്രം ഹോം രീതി.
ഓഫീസ് അന്തരീക്ഷത്തിൽ ജോലി ചെയ്യുമ്പോൾ മറ്റു കാര്യങ്ങളൊന്നും നമ്മെ അലട്ടാറില്ല. എന്നാൽ വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നമുക്ക് മാറി നിൽക്കാനാകില്ല. കുട്ടികൾ പങ്കാളി, മറ്റു കുടുംബാംഗങ്ങൾ എല്ലാവരെയും നാം പരിഗണിക്കേണ്ടതുണ്ട്. ഭാര്യയും ഭർത്താവും വീട്ടിലിരുന്നു ജോലി ചെയ്യുന്നവർ ആണെങ്കിൽ ജോലിയും വീട്ടിലെ കാര്യങ്ങളും ഒന്നുപോലെ മുൻപോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയും വരാനിടയുണ്ട്. അത് ചിലപ്പോൾ വാഗ്‌വാദങ്ങളിലേക്ക് നയിക്കാം.
വീട്ടു ജോലികൾ കൃത്യമായി വിഭജിച്ചല്ല ചെയ്യുന്നതെങ്കിൽ, പങ്കാളികളിൽ ഒരാൾക്ക് കൂടുതൽ ജോലിഭാരം വരാം. മിക്ക വീടുകളിലും സ്ത്രീകളാണ് വീട്ടു ജോലികളും കുട്ടികളുടെ പരിചരണവും ചെയ്യുന്നത്. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പങ്കാളിക്ക് അതുകൊണ്ട് തന്നെ വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ കൂടുതൽ പിരിമുറുക്കം അനുഭവപ്പെടുന്നു.
ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഒരു റൂട്ടീൻ ഉണ്ട്. അത് ജോലിയുടെ പ്രൊഡക്ടിവിറ്റി കൂട്ടും. വീട്ടിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ പ്രൊഡക്ടിവിറ്റി കുറയാനിടയുണ്ട്. അതു ജോലിയിൽ താമസം വരുത്താം. താമസം വരുമ്പോൾ ജോബ് പ്രഷർ കൂടുന്നു.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ കുട്ടികളുടെ ഇടപെടൽ ഉണ്ടാകാം. അതു ജോലിയിൽ കുറച്ചു തടസ്സങ്ങൾ വരുത്താം. കുടുംബാംഗങ്ങളുമൊത്തു കൂടുതൽ നേരം ചെലവഴിക്കുന്നതു ചിലരെ അസ്വാരസ്യങ്ങളിലേക്കു നയിക്കാം.
ഇന്റർനെറ്റ് അപര്യാപ്‌തതയും ഡാറ്റയുടെ പ്രവർത്തന ക്ഷമത കുറവും, ജോലി ചെയ്യുന്ന മുറിയുടെ സ്പേസ്, കസേരയുടെ പ്രശ്നങ്ങൾ, ഇരിപ്പു രീതി... ഇതൊക്കെ വീട്ടിലിരുന്നുള്ള ജോലിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങളാണ്.ഇവ ചിലപ്പോൾ ശാരീരിക വേദനകളിലേക്കും ബുദ്ധിമുട്ടുകളിലേക്കും നയിക്കാം.
ഓഫീസിൽ പോകുമ്പോൾ രാവിലെ ഉണർന്നു കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ചു പോകാം. സഹപ്രവർത്തകരുമായി സംസാരിക്കാം. സാമൂഹികമായ ഇടപെടൽ ഏറെ സജീവമാകുന്ന ഇടമാണ് ഓഫീസ്. എന്നാൽ വീട്ടിലിരിക്കുമ്പോൾ ഇതൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ മൂഡ് വളരെ ലോ ആകാനുള്ള സാധ്യതയുണ്ട്. മനസ്സിലെ ഊർജം ചോർന്നുപോകാം.
എന്താണ് ശ്രദ്ധിക്കേണ്ടത്
1. വീട്ടിലെ ജോലികളും ചുമതലകളും പങ്കിടുക.പങ്കാളിയോട് സഹായം ആവശ്യമെങ്കിൽ ചോദിക്കാൻ മടിക്കരുത്.
2. ഉറങ്ങുന്നതും ഉണരുന്നതും കൃത്യ സമയത്ത് ആയിരിക്കണം. ഓഫീസിൽ പോകുന്ന കാലത്ത് ഉണരുന്ന സമയവും ഉറങ്ങുന്ന സമയവും അതേപോലെ തന്നെ വർക്ക് ഫ്രം ഹോം കാലത്തും തുടരുന്നതാണ് അഭികാമ്യം.
3. ജോലി സമയം പ്ലാൻ ചെയ്ത് എല്ലാ ദിവസവും കൃത്യമായി പാലിക്കുക. ഓരോ ദിവസത്തെയും വർക്ക് ഫ്ലോ പ്ലാൻ ചെയ്യുക.
4. ടൈം മാനേജ്മെന്റ് ഏറെ പ്രധാനമാണ്. ജോലി കഴിവതും പെന്റിങ് ആകാതെ നോക്കണം. പെന്റിങ് ആയാൽ പിരിമുറുക്കം കൂടാം.
5. ജോലിക്കിടയിൽ ആവശ്യത്തിന് ബ്രേക്ക് എടുക്കുക. അൽപനേരം വിശ്രമം നല്ലതാണ്. അതു പുതിയൊരു ഊർജം പകരും. എന്നാൽ വിശ്രമം അധികം വേണ്ട. ബ്രേക്ക് ടൈമിൽ വീട്ടിലെ കുറച്ചു ജോലികളും ചെയ്യാം.
6. വീട്ടിലെ ഒരു റൂം ഓഫീസ് പോലെ നന്നായി ക്രമീകരിക്കാം. സൗകര്യപ്രദമായ രീതിയിൽ കസേരയും മേശയും ഇട്ട് , ലാപ്ടോപ് വച്ച് അവിടെ ഇരുന്നു മാത്രം ജോലി ചെയ്യുക. അപ്പോൾ ശ്രദ്ധ മാറാതിരിക്കും.
7.വീട്ടിലെ ജോലികൾ ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞു എൻജോയ് ചെയ്ത് പൂർത്തിയാക്കുക. പാചകം, കുട്ടികളുടെ പരിചരണം അങ്ങനെ എന്ത് ചെയ്താലും എല്ലാം മൈൻഡ് ഫുൾ ആയി ചെയ്യുക. മൈൻഡ് ഫുൾ നെസ് ഏറെ പ്രധാനമാണ്. അതു കൂടുതൽ സന്തോഷം നൽകും. മനസ്സിന്റെ സന്തോഷം ജോലിയിലും പ്രതിഫലിക്കും.
8. വീട്ടിലുള്ളവരുമായി സ്നേഹത്തിലും സൌഹൃദത്തിലുമായിരിക്കുക. കുടുംബത്തിന്റെ പിന്തുണയും വീട്ടിലിരുന്നുള്ള ജോലിയ്ക്ക് മുതൽക്കൂട്ടാണ്.
9. ജോലി ആരംഭിക്കുന്ന സമയവും തീർക്കുന്ന സമയവും കൃത്യമായി ഒരു ബുക്കിൽ എഴുതി വയ്ക്കാം. അത് ആത്മ സംതൃപ്തി നൽകും.
10. എല്ലാ ദിവസവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ ഫോണിൽ വിളിച്ചു മൂന്നോ നാലോ മിനിട്ട് സംസാരിക്കാം. നമ്മുടെ മനസ്സിന് കൂടുതൽ സന്തോഷം പകരുന്നവരോട് സംസാരിക്കുമ്പോൾ കൂടുതൽ പോസിറ്റീവ് ഊർജം കിട്ടും.
11. ഓരോ ആഴ്ചയുടെയും അവസാനം ഒരു സിനിമ കാണുന്നതു മനസ്സിന് ആശ്വാസം നൽകും. ദിവസവും പാട്ടു കേൾക്കാനും കുട്ടികൾക്ക് ഒപ്പം കളിക്കാനും കുട്ടികളോട് സംസാരിക്കാനും കുറച്ചു സമയം മാറ്റി വയ്ക്കണം.
12. എന്തെങ്കിലും ഹോബികൾ ഉണ്ടെങ്കിൽ അവ ബ്രേക്ക് സമയങ്ങളിൽ ചെയ്യാം.
13. ഓരോ ദിവസവും ആരോഗ്യകരമായ ഡയറ്റ് പ്ലാൻ ചെയ്യുക. അതനുസരിച്ചു പാചകം ചെയ്യുക. എണ്ണ, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര ഇതൊക്ക കഴിയുന്നത്ര കുറഞ്ഞ അളവിൽ മതി. അമിതമായി കഴിക്കുകയും വേണ്ട. ഇല്ലെങ്കിൽ അമിതഭാരം ഉണ്ടാകാം.
14. വ്യായാമം മുടങ്ങാതെ ചെയ്യണം. വീട്ടിനുള്ളിൽ ചെയ്യുന്ന ലഘു വ്യായാമങ്ങൾ ആയാലും മതി. യോഗയും നല്ലതാണ്.
15. എല്ലാ ദിവസവും കുറച്ചു സമയം പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി മാറ്റി വച്ചോളൂ. മനസ്സ് സമ്മർദമൊഴിഞ്ഞു ശാന്തമാകും. ജോലി ചെയ്യുമ്പോൾ മനസ്സിന് കൂടുതൽ കരുത്തു കിട്ടും.
ഇങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വർക്ക് ഫ്രം ഹോം സുന്ദരമായി മുൻപോട്ടു കൊണ്ടുപോകാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ.ടെസ്സി ഗ്രേസ് മാത്യൂസ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഐ സി എച്ച്
മെഡിക്കൽ കോളേജ് , കോട്ടയം