ഈ കോവിഡ് കാലത്തേക്ക് കുഞ്ഞിക്കണ്ണുകൾ തുറന്നത് ഒട്ടേറെ നവജാതശിശുക്കളാണ്. എന്നാൽ അശാന്തിയുടെ, ആകുലതയുടെ ഈ കാലത്തേക്കു വന്ന തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ രോഗബാധയുണ്ടാകുമോ എന്ന ഭയം പുതിയ മാതാപിതാക്കളിൽ സ്വാഭാവികമാണ്. പ്രത്യേകിച്ചും ഇത്തരം ആശങ്കകൾ അമ്മമാരിൽ കൂടുതലാണ്. നവജാത ശിശുവിനും അമ്മയ്ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത എത്രത്തോളമാണ്?, എന്തൊക്കെ കരുതലെടുക്കണം... ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കു വയ്ക്കുന്നത് ഡോ. എസ്. ലതയാണ്.
28 വർഷക്കാലം കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചൈൽഡ് ഹെൽത്തിൽ സേവനമനുഷ്ഠിച്ച് മേധാവിയായാണ് ഡോ. ലത വിരമിച്ചത്. ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ശിശുരോഗവിഭാഗം പ്രഫസറാണ്.
പുതുതായി രൂപമെടുത്ത വൈറസ് ആയതു കൊണ്ടു തന്നെ ഗർഭസ്ഥശിശുവിനും നവജാതശിശുവിനും എന്തൊക്കെ പ്രത്യാഘാതങ്ങൾ സംഭവിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ഡിസംബർ മാസത്തിൽ വൈറസ് ആക്രമണം ഉണ്ടായ നാൾ മുതൽ ഗർഭസ്ഥശിശുവിനോ നവജാത ശിശുവിനോ ഈ വൈറസ് അത്ര അപകടകാരിയല്ല എന്ന് വേണം അനുമാനിക്കാൻ– അപൂർവമായി നവജാതശിശുക്കൾക്കു രോഗം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ജനനശേഷം അമ്മയിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ രോഗം ബാധിക്കാനാണ് കൂടുതൽ സാധ്യത എന്നാണു കരുതേണ്ടത്. കാരണം ഏതു വൈറസ് രോഗമാണെങ്കിലും ഗർഭകാലത്തെ ആദ്യത്തെ മൂന്നുമാസത്തിൽ അവയവങ്ങൾ രൂപം കൊള്ളുന്ന അവസ്ഥയിൽ കുഞ്ഞിനെ ബാധിക്കുകയാണെങ്കിൽ ഗുരുതരവൈകല്യങ്ങൾ ബാധിക്കാനിടയുണ്ട്. ( ഉദാ. റൂബല്ലാ, സിക്കാ വൈറസ് മുതലായവ)
കോവിഡിന്റെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ വിവിധതരം സാഹചര്യങ്ങൾ ഉണ്ട്.
1. അമ്മയ്ക്കു രോഗമില്ല. അമ്മ രോഗം ബാധിക്കാനിടയുള്ള ഒരു സാഹചര്യത്തിലൂടെയും കടന്നു പോയിട്ടില്ല. ഇത്തരം സാഹചര്യത്തിൽ സാധാരണ ഏതൊരാളിനുമുള്ള രോഗസാധ്യതയേ കുഞ്ഞിനുമുള്ളൂ. രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നതിനാൽ ഏതു രോഗമായാലും നവജാതശിശുവിൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് കൂടുതൽ കരുതലെടുക്കണം.
2. രോഗബാധിതരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ അമ്മയ്ക്കു രോഗ സാധ്യത ഉണ്ട്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗാണുവാഹക ആകാം. ഈ ഘട്ടത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും സ്രവ പരിശോധന ആവശ്യമാണ്. നിർബന്ധമായും നിരീക്ഷണത്തിൽ ആയിരിക്കണം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ രോഗമില്ല എന്ന് ഉറപ്പാക്കാം.
3. അമ്മയ്ക്കു രോഗം സ്ഥിരീകരിച്ചതാണ്. എന്നാൽ കുഞ്ഞിൽ ലക്ഷണങ്ങൾ ഇല്ല. ഈ സാഹചര്യത്തിൽ ചിന്തിക്കേണ്ട പ്രധാന വിഷയം ഗർഭകാലത്തോ, പ്രസവസമയത്തോ അമ്മയിൽ നിന്നു വൈറസ് കുഞ്ഞിന്റെ ശരീരത്തിൽ എത്താനിടയുണ്ട് എന്നതാണ്. കുഞ്ഞിന്റെ സ്രവപരിശോധന നടത്തണം. അമ്മ രോഗബാധിതയായതിനാൽ കുഞ്ഞും രോഗിയാകും എന്നു പറയാനാകില്ല. 100 കോവിഡ് പൊസിറ്റീവ് അമ്മമാർക്കു ജനിച്ച കുഞ്ഞുങ്ങളിൽ ആരും രോഗികളായില്ല എന്നു മുംബൈയിലെ നായർ ഹോസ്പിറ്റലിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.
4. അമ്മയ്ക്കു രോഗം സ്ഥിരീകരിക്കപ്പെടുന്നു. അതേ സമയം കുഞ്ഞിനും രോഗം കണ്ടെത്തുന്നു. അങ്ങനെയൊരു സാഹചര്യമുണ്ടാകാം.
രോഗം സ്ഥീരീകരിക്കപ്പെട്ട 115 അമ്മമാരുടെ കുഞ്ഞുങ്ങളിൽ മൂന്നു പേരാണ് രോഗബാധിതരായി കാണപ്പെട്ടത് എന്ന് മുംബൈയിലെ ലോകമാന്യ തിലക് മുൻസിപ്പൽ ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നു. 20 ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധിച്ചതായി ഇന്ത്യയിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുഞ്ഞിന് വൈറസ് ബാധ ഉണ്ടെങ്കിൽ രോഗ തീവ്രതയ്ക്കനുസരിച്ചുള്ള ചികിത്സ നൽകുന്നു.
എന്താണ് ശ്രദ്ധിക്കേണ്ടത്?
ഗർഭിണികൾക്കു ജാഗ്രത വേണം. പരിശോധനകൾ കൃത്യമായി ചെയ്യണം. പനി, ചുമ, ശ്വാസംമുട്ടൽ പോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്നു വൈദ്യസഹായം തേടണം. കോവിഡിനെതിരായ എല്ലാ സുരക്ഷാ മുൻകരുതലുകളുമെടുക്കണം. ആശുപത്രിയിൽ പോകുന്നതല്ലാതെ മറ്റു യാത്രകളൊന്നും വേണ്ട.
കോവിഡ് അമ്മയ്ക്കു സ്ഥീരീകരിച്ചാലും കുഞ്ഞിനു വരാൻ സാധ്യത കുറവാണ്. ആവശ്യമില്ലാത്ത സാമീപ്യങ്ങളൊക്കെ ഒഴിവാക്കണം. കുഞ്ഞിനെ എടുക്കുന്ന അടുത്ത ബന്ധുക്കൾ അമ്മ ഉൾപ്പെടെ കൈകൾ വൃത്തിയായി കഴുകണം. മറ്റാരെയും കുഞ്ഞിനെ എടുക്കാൻ അനുവദിക്കേണ്ടതില്ല.
കുഞ്ഞിനെ പരിചരിക്കുന്നവർ മാസ്ക് ധരിക്കണം. കഴിയുന്നതും കുഞ്ഞിനെ ഉമ്മ വയ്ക്കാതിരിക്കണം.
കോവിഡോ, മറ്റു രോഗങ്ങളോ അമ്മയ്ക്കുണ്ടെങ്കിലും കുഞ്ഞിനെ എടുക്കാം, പാലൂട്ടാം. അതിനു തടസ്സമില്ല. എന്നാൽ കുഞ്ഞിന്റെ പേരിടൽ ചടങ്ങ്, നൂലുകെട്ട്, ജ്ഞാനസ്നാനം ഇതെല്ലാം വേണ്ടപ്പെട്ടവർ ചേർന്നു നടത്തുക. പ്രതിരോധ കുത്തിവയ്പെടുക്കുന്നതിനല്ലാതെ കുഞ്ഞിനെയും കൊണ്ടുള്ള യാത്രകൾ ഒഴിവാക്കുക. രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരും കുഞ്ഞും അമ്മയുമുള്ള മുറിയിൽ പ്രവേശിക്കാതിരിക്കുക. കുഞ്ഞിനെ കുളിപ്പിക്കുന്നതിനും വൃത്തിയാക്കുന്നതിനും മുൻപും ശേഷവും അമ്മയുടെ കൈകൾ വൃത്തിയാക്കണം. അമ്മയും ശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കണം.
അൽപം കരുതലെടുത്താൽ മാത്രം മതി, നവജാത ശിശുവിന് കോവിഡ് വരുമോ എന്ന ആശങ്ക അകറ്റാം. കുഞ്ഞിന്റെ സുരക്ഷ പൂർണമായും ഉറപ്പാക്കണം. രോഗവ്യാപനത്തിനുള്ള നേരിയ സാധ്യത പോലും അകറ്റണം. സ്നേഹത്തിന്റെയും കരുതലിന്റെയും കണ്ണുകൾ തുറന്നു വച്ച് അമ്മ കാവലിരിക്കുമ്പോൾ കൺമണി സുഖമായിരിക്കും. അത് ഉറപ്പാണ്.