മിനിസ്ക്രീൻ ഷോകളിൽ ഹൃദയം കൊണ്ടു സംസാരിക്കുന്ന ചില അവതാരകരുണ്ട്. മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷകമനസ്സുകളെ സ്വന്തമാക്കുന്നവർ. പ്രസരിപ്പിന്റെ പുതിയ ഉൗർജ്ജം കാഴ്ചക്കാരിൽ നിറച്ചും മറകളില്ലാതെ ചിരിച്ചും സംസാരിച്ചും അവർ നമ്മുടെ വീട്ടിലെ അംഗങ്ങളാകും. കാണെക്കാണെ ഏറെ പ്രിയപ്പെട്ടവരാകും. അടുത്ത കാലത്ത് മിനിസ്ക്രീൻ അവതാരകർക്കിടയിൽ ജനപ്രിയത കൊണ്ട് ഏറെ ശ്രദ്ധേയയായ ഒരു അവതാരകയുണ്ട്. ലക്ഷ്മി നക്ഷത്ര. ഹൃദയഹാരിയായ
അവതരണ ചാരുത കൊണ്ട് ‘സ്‌റ്റാർ മാജിക്’ എന്ന ജനപ്രിയ ഷോയുടെ ജീവതാളമായി മാറിക്കഴിഞ്ഞു ഈ തൃശ്ശൂർകാരി. സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയുമാണ് ലക്ഷ്മി.
ഷൂട്ടിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സൗന്ദര്യപരിചരണത്തിലും ലക്ഷ്മി ഏറെ ശ്രദ്ധിക്കാറുണ്ട്.
‘‘എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ടു ഒാവർ മെയ്ക്ക് ഒാവറുകൾ ഒഴിവാക്കും’’ – ലക്ഷ്മി മനസ്സു തുറക്കുന്നു.
My Super Beauty Drinks
‘‘ എനിക്ക് 59 കിലോ ഭാരമേയുള്ളൂ. എങ്കിലും സ്ക്രീനിൽ കാണുമ്പോൾ നല്ല തടിയുള്ളതായി തോന്നും’’– ലക്ഷ്മി പറയുന്നു. എത്ര ഭാരം കുറച്ചാലും‚സ്ക്രീനിൽ വണ്ണം തോന്നുന്നതിനാൽ വർക് ഒൗട്ടുകളൊന്നും ചെയ്യാറില്ല ലക്ഷ്മി. എന്നാൽ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനും ശരീരഭംഗിക്കുമായി പ്രിയപ്പെട്ട കുറേ ഡ്രിങ്കുകളുണ്ട് ലക്ഷ്മിക്ക്.
രണ്ടു ടേബിൾ സ്പൂൺ പെരുംജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെയാകുമ്പോൾ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈ വെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. ഈ പാനീയം വെറുംവയറ്റിൽ കുടിക്കും. ഇത് അടിവയർ ഒതുങ്ങുന്നതിനും നല്ലതാണ്.
മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേർക്കാം. ഉറങ്ങുന്നതിന് അൽപം മുൻപ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് ലക്ഷ്മി കുടിക്കുന്നത്. ഇതു രണ്ടു കുപ്പി നിറയെ ലക്ഷ്മി കൂടെ കരുതും. – ‘‘ ഇതൊരു ഡീ ടോക്സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശമകറ്റും, തടി വയ്ക്കാതിരിക്കാനും സഹായിക്കും’’ – ലക്‌ഷ്മിപറയുന്നു.
അഴകിനു വേണ്ടി ഒന്നിടവിട്ട ദിവസങ്ങളിൽ ബീറ്റ്റൂട്ട് ജ്യൂസും ലക്ഷ്മി കുടിക്കും. ഇതിൽ പഞ്ചസാര ചേർക്കില്ല. ഇനി ഇതിന്റെ രുചി ഇഷ്ടമില്ലാത്തവർക്ക് ഒരു കാരറ്റ് കൂടി ചേർക്കാം. ഫ്ളേവറിന് അൽപം പുതിനയിലയും. ആന്റി ഒാക്സിഡന്റുകളാൽ സമ്പന്നമാണീ ഡ്രിങ്ക്.
വിശദമായ വായന മനോരമ ആരോഗ്യം ഫെബ്രുവരി ലക്കത്തിൽ