Thursday 29 April 2021 05:07 PM IST

സ്പുട്നിക് വാക്സീൻ ഇന്ത്യയിലേക്ക്: മദ്യപാനം പ്രശ്നമാകുമോ?

Asha Thomas

Senior Sub Editor, Manorama Arogyam

vaccine324

മേയ് 1 ഒാടു കൂടി റഷ്യയിൽ നിന്നുള്ള  സ്പുട്നിക് വി വാക്സീനിന്റെ അദ്യ ബാച്ച് ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. റഷ്യയിലെ ഗാമലേയ നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ആണ് സ്പുട്നിക് വാക്സീൻ വികസിപ്പിച്ചെടുത്തത്. 

 വാക്സീൻ ഇന്ത്യയിൽ ലഭ്യമാക്കുമ്പോൾ മദ്യപിക്കുന്നവർക്ക് വാക്സീൻ എടുക്കാമോ എന്ന ആശങ്ക വ്യാപകമാണ്. ഇതിനു കാരണമുണ്ട്.  മുൻപ് റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി തത്യാന ഗൊലികോവ ഒരു ഇന്റർവ്യൂവിൽ എല്ലാ റഷ്യക്കാരും വാക്സീൻ എടുത്തശേഷമുള്ള 42 ദിവസം മദ്യം കഴിക്കാതെയിരിക്കാൻ മുന്നറിയിപ്പു നൽകിയിരുന്നു. 

ഇതേക്കുറിച്ച് പ്രമുഖ വൈറോളജിസ്റ്റ് ഡോ. ജേക്കബ് ടി ജോൺ (വെല്ലൂർ) പറയുന്നതിങ്ങനെ.

‘‘അമിതമായി മദ്യം കഴിക്കുന്നതാണ് പ്രശ്നം. ഇമ്യൂണോ സപ്രസന്റ് അഥവാ പ്രതിരോധപ്രതികരണത്തെ അടിച്ചമർത്തുന്ന ഘടകമാണ് അമിത മദ്യപാനം. മദ്യപാനാസക്തിയുള്ളവർക്ക് രോഗപ്രതിരോധപ്രതികരണം (immune response) വളരെ കുറവായിരിക്കും. വാക്സീനിന്റെ കാര്യത്തിൽ സോഷ്യൽ ഡ്രിങ്കിങ് കൊണ്ട് വലിയ പ്രശ്നമില്ല. വൈൻ, ബിയർ എന്നിവയും ചെറിയ അളവിൽ കുഴപ്പമില്ല. ഏതു വാക്സീനിന്റെ കാര്യത്തിലും, അമിത അളവിൽ മദ്യം കഴിക്കുന്നവരിൽ, വാക്സീൻ  ശരീരത്തിൽ ഉളവാക്കുന്ന പ്രതിരോധപ്രതികരണം ദുർബലമായിപ്പോകാം. ’’ ഡോക്ടർ പറയുന്നു.

റഷ്യക്കാരുടെ മദ്യപാന രീതി പ്രത്യേകതയുള്ളതാണ്. അവർ പൊതുവേ നന്നായി മദ്യപിക്കും. വോഡ്കയാണ് ഇഷ്ടമദ്യം. അതിൽ ആൽക്കഹോൾ അളവ് വളരെ കൂടുതലാണ്. അതുതന്നെ നേർപ്പിക്കുകയൊന്നും ചെയ്യാതെ നേരേ കുടിക്കുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലം കണക്കിലെടുത്താകാം റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി മദ്യപാനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. സ്പുട്നിക് ഒഴിച്ച് മറ്റു വാക്സീനുകളുടെ കാര്യത്തിലൊന്നും മദ്യപാനം ഒഴിവാക്കണമെന്നു സംബന്ധിച്ച് നിർദേശമുള്ളതായി കണ്ടിട്ടില്ല.

സുരക്ഷിതവും ഫലപ്രദവുമെന്ന് റിപ്പോർട്ട്

അതിവേഗത്തിലുള്ള നിർമാണവും മനുഷ്യരിൽ നടത്തിയ ട്രയൽ ഡേറ്റ പുറത്തുവിടാത്തതും ഒക്കെ കൊണ്ട് സ്പുട്നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഒരു ആശങ്ക നിലവിലുണ്ടായിരുന്നു. എന്നാൽ ലാൻസെറ്റ് ജേണലിൽ ട്രയൽ ഡേറ്റ പ്രസിദ്ധപ്പെടുത്തിയതോടെ ആശങ്കകളൊക്കെ മാഞ്ഞുതുടങ്ങി. 20,000 പേരിലാണ് ഫേസ് 3 ക്ലിനിക്കൽ ട്രയൽ നടത്തിയത്. അതിലെ ഡേറ്റ അനുസരിച്ച് വാക്സീൻ തികച്ചും സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലാൻസെറ്റ് റിപ്പോർട്ട് പറയുന്നത്.

ആദ്യ ഡോസ് കഴിഞ്ഞ് 18–ാം ദിവസം മുതലേ വൈറസിന് എതിരെയുള്ള പ്രതിരോധപ്രതികരണം ഉളവായിത്തുടങ്ങുന്നുവെന്നാണ് റിപ്പോർട്ട്. വാക്സീനുമായി ബന്ധപ്പെട്ട് ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 91.6 ശതമാനം ഫലപ്രദമാണ് വാക്സീൻ എന്നും ലാൻസെറ്റ് പേപ്പർ പറയുന്നു. വാക്സീൻ എടുത്ത 3.8 മില്യൺ ആളുകളിൽ റഷ്യൻ ആരോഗ്യ മന്ത്രാലയം നടത്തിയ വിശകലനം അനുസരിച്ച് വാക്സീനിന്റെ ഫലപ്രാപ്തി 97.6 ശതമാനം ആണ്.

Tags:
  • Manorama Arogyam
  • Health Tips