Saturday 15 June 2019 04:13 PM IST

പൊറുതി മുട്ടിക്കില്ല സ്ട്രെസ്; കൂളായിരിക്കാൻ പത്ത് എളുപ്പ വഴികൾ

Santhosh Sisupal

Senior Sub Editor

stress-1

പിരിമുറുക്കവും ടെൻഷനും കൊണ്ട് പൊറുതിമുട്ടുമ്പോൾ ഒരു ഗുളിക കഴിക്കും പോലെ പൊടുന്നനെ ടെൻഷൻ മാറ്റാൻ വഴിയുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു; അല്ലേ? എന്നാൽ അതിനു വഴിയുണ്ട്, ഒരു വഴിയല്ല പല വഴികൾ. നിമിഷങ്ങൾ കൊണ്ടു തന്നെ പിരിമുറുക്കം അകറ്റാൻ സഹായിക്കുന്ന 10 മാർഗങ്ങളാണ് ഇനി പറയുന്നത്. ഇവ ഒരിക്കലെങ്കിലും ചെയ്തു ശീലിച്ചാൽ സമയത്തിനും സൗകര്യത്തിനും സാഹചര്യത്തിനും അനുസരിച്ച് താൽപര്യമുള്ളവ തിരഞ്ഞെടുത്ത് ടെൻഷൻ വരുമ്പോൾ ഉപയോഗിക്കാം, പിരിമുറുക്കം മാറ്റാം.

ഡാൻസ്...ബേബീ... ഡാൻസ്

പാട്ടു കേൾക്കുന്നത് റിലാക്സേഷന് ഉപകരിക്കുമെന്നു കേട്ടിട്ടുണ്ടാകുമല്ലോ? എന്നാൽ പാട്ടു കേട്ടും പാടിയും ചുവടുവയ്ക്കുന്നതും നൃത്തംചെയ്യുന്നതും പിരിമുറുക്കം പൊടുന്നനെ കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണ്.

‘എനിക്കു പാടാനുമറിയില്ല നൃത്തം ചെയ്യാനുമറിയില്ല’ എന്ന ശങ്കയുണ്ടെങ്കിൽ, സങ്കടപ്പെടേണ്ട. കാരണം നിങ്ങളുടെ പിരിമുറുക്കമാണ് ഈ മാർഗം കൂടുതൽ വേഗം മാറ്റുക. മറ്റുള്ളവർ കാണാനോ കേൾക്കാനോ അല്ല നമുക്കു വേണ്ടി മാത്രമാണ് ഇതു ചെയ്യുന്നത്. ഒരു മിനിട്ടു നേരം ഇതു ചെയ്താൽ പോലും നിങ്ങളുടെ പിരിമുറുക്കം 70 ശതമാനത്തിലധികം അയഞ്ഞുപോകുന്നത് സ്വയം മനസ്സിലാക്കാം.. അപ്പോൾ, ഡാൻസ് ബേബി, ഡാൻസ്. വിത് റോക്കിങ് മ്യൂസിക്...

ഓടിമാറാം പിരിമുറുക്കത്തിൽ നിന്നും

stress

ശരീരത്തിലെ ഹോർമോൺ നിലയിൽ തന്നെ മാറ്റം വരുത്തി പിരിമുറുക്കവും ടെൻഷനും കുറയ്ക്കുന്ന ഫലപ്രദമായ മാർഗമാണ് വ്യായാമം. നടത്തം പോലെ പതിവു വ്യായാമം ചെയ്യുന്നവർക്ക് പിരിമുറുക്കപ്രശ്നങ്ങൾ കുറയും. എന്നാൽ വ്യായാമത്തിന് സമയവും സ്ഥലവും സൗകര്യങ്ങളും നോക്കേണ്ടിവരും. പിരിമുറുക്കമുള്ള സമയത്ത് അതു കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാൽ പെട്ടെന്നു തന്നെ പിരിമുറുക്കം കുറയ്ക്കാൻ ലളിതമായി ചെയ്യാവുന്ന ഒരു വ്യായാമ മാർഗമാണ് സ്റ്റാൻഡിങ് ജോഗിങ്.

വല്ലാതെ പിരിമുറുക്കം അനുഭവപ്പെടുന്ന സമയത്ത് മറ്റുള്ളവരുടെ കണ്ണിൽപെടാത്ത ഒരിടത്ത് മാറി നിന്ന് ഇതു ചെയ്യാം. ഒരു സ്ഥലത്ത് നിന്നുകൊണ്ടുതന്നെ ഓടുന്ന പ്രക്രിയയാണിത്. അരമിനിറ്റ് ചെയ്താൽ പോലും പേശീമുറുക്കവും ഹൃദയപ്രവർത്തന വേഗവും ശ്വാസഗതിയും മാറും. ഈ മാറ്റങ്ങൾ അപ്പോഴത്തെ പിരിമുറുക്കാവസ്ഥ പ്രകടമായിത്തന്നെ കുറയ്ക്കും.

ഈ സമയം തലച്ചോർ പുറപ്പെടുവിക്കുന്ന എൻഡോർഫിൻസ് എന്ന നാഡീരസങ്ങൾ പിരിമുറുക്കം മുതൽ വേദന വരെ കുറയ്ക്കാൻ സഹായിക്കും.അഞ്ചു മിനിറ്റ് നേരം ചെയ്താൽ എത്ര കടുത്ത പിരിമുറുക്കത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം കിട്ടും.

s2

മനസ് മാറ്റാൻ ട്രിക്

പിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നു മനസ്സിനെ പെട്ടെന്ന് അടർത്തിമാറ്റി റിലാക്സ് ആകാൻ സഹായിക്കുന്ന ഒരു സൂത്രമാണിത്. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവ നേരിടുന്നതിനു തൊട്ടുമുൻപ് അനുഭവപ്പെടുന്ന ശക്തമായ പിരിമുറുക്കത്തെ നൊടിയിടയിലകറ്റാൻ ഇതു സഹായിക്കും.

നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ചെയ്യാം. ഒരു കൈ ചിത്രത്തിൽ കാണും വിധം വയറിൽ നിന്ന് അൽപം അകറ്റിപ്പിടിക്കുക. തുടർന്ന് ശ്വാസം എടുത്തുകൊണ്ട് കൈ മുന്നോട്ടു നീക്കുക. ശ്വാസം എടുക്കുന്ന സമയം വയർ ബോധപൂർവം വീർപ്പിക്കാനും ശ്രമിക്കുക. വയർ വലുതാകുന്നതനുസരിച്ച് കൈ മുന്നോട്ടു നീക്കാൻ ശ്രമിച്ചാൽ മതി.

കൈപ്പത്തി പരമാവധി അകലത്തിൽ എത്തിക്കഴിഞ്ഞാൽ ശ്വാസം വിട്ടുകൊണ്ട് കൈ വയറിനടുത്തേക്കു, തുടക്ക നിലയിലേക്ക് കൊണ്ടു വരിക.

ശ്വാസഗതി സാധാരണമാകുകയും ചിന്ത പിരിമുറുക്ക വിഷയത്തിൽ നിന്നും പെട്ടെന്നു മാറുന്നതുമാണ് ഈ സൂത്രം ഫലപ്രദമാകുന്നതിനു പിന്നിലെ ശാസ്ത്രം.

മനക്കണ്ണിലെ ആനന്ദ കാഴ്ചകൾ

s4

അഞ്ചു മിനിറ്റ് എങ്കിലും സ്വസ്ഥമായി തനിച്ചിരിക്കാവുന്ന ഒരു സ്ഥലം കിട്ടിയാൽ മാത്രമേ ഈ മാർഗം പരീക്ഷിക്കാനാവൂ. സുഖകരമായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. തുടർന്ന് നാല് അഞ്ചു തവണ സാവധാനം ആഴത്തിൽ ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുക. ഈ സമയം കണ്ണുകൾ പതിയെ അടച്ച് ശ്വാസഗതിയിൽ മാത്രം ശ്രദ്ധിക്കുക. ശ്വാസം ഉള്ളിലേക്കു കടക്കുന്നതും ശ്വാസകോശത്തിൽ നിറയുന്നതും സാവധാനം പുറത്തേക്കു പോകുന്നതും മനസ്സിലാക്കുക. ദീർഘശ്വസനം കഴിഞ്ഞാൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരവും സന്തോഷം നൽകുന്നതുമായ ഒരു സ്ഥലത്ത് നിങ്ങൾ നിൽക്കുന്നതായി മനസ്സിൽ സങ്കൽപിക്കുക. ഒരു സിനിമയിൽ കാണുന്നപോലെ അവിടെയുള്ള കാഴ്ചകൾ മനസ്സിൽ കാണുക. അവിടെ സന്തോഷത്തോടെ പുഞ്ചിരിയോടെ നിൽക്കുന്ന മുഖം മനസ്സിൽ കാണുക. അഞ്ചുമിനിറ്റ് നേരം എങ്കിലും ഇങ്ങനെ തുടരുക. ഇനി കണ്ണു തുറക്കുക.

സുഗന്ധം പരക്കട്ടെ, പിരിമുറുക്കം അകലട്ടെ..

stress-2

പിരിമുറുക്കം അകറ്റാൻ ലളിതമായ ഒരു മാർഗമാണ് സുഗന്ധചികിത്സ അഥവാ അരോമ തെറപി. സുഗന്ധം നൂറു തരത്തിലുണ്ട്. റോസാപൂവിന്റേയും മുല്ലയുടേയും സുഗന്ധം മുതൽ തുളസിയുടെയും മിന്റിന്റെയും ഫ്രഷ്നസ് നൽകുന്ന ഗന്ധങ്ങൾ വരെയുണ്ട്. അതിൽ ഓരോരുത്തർക്കും ഓരോ തരം ഗന്ധങ്ങളോടാണ് പ്രിയം. ചിലർക്ക് ചില ഗന്ധം ഇഷ്ടമാവുകയുമില്ല.

പിരിമുറുക്കം അകറ്റാനായി സുഗന്ധം ഉപയോഗിക്കുമ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഗന്ധമാണ് ഫലപ്രദമാവുക. സുഗന്ധ എണ്ണകളോ , പെർഫ്യൂമുകളോ പൂക്കൾ നേരിട്ടോ ഉപയോഗിക്കാം. കണ്ണുകളടച്ച് സുഗന്ധത്തിന്റെ ഓരോ അംശവും നുകർന്നെടുക്കുക. അത്ഭുതകരമായ വേഗത്തിൽ പിരിമുറുക്കം വിട്ടകലുന്നത് മനസ്സിലാക്കാം.

പലവിധത്തിലാണ് സുഗന്ധം പിരിമുറുക്കം അകറ്റുന്നത്. മൂക്കിലൂടെ കടന്നെത്തുന്ന സുഗന്ധ കണങ്ങൾ നാഡികളെ ഉത്തേജിപ്പിക്കുകയും തലച്ചോറിൽ വികാരങ്ങളുെട ഇരിപ്പിടമായ ലിംബിക് സിസ്റ്റത്തെ ഉണർത്തുകയും ചെയ്യുന്നു. ഇതു കൂടാതെ ഇഷ്ടസുഗന്ധം നല്ല ഓർമകളെയാണ് ഉണർത്തുക. അത്തരം പൊസിറ്റീവ് ഓർമകളും നമ്മളെ റിലാക്സ് ആക്കുന്നു.

s3

സ്ട്രെസ്സിനു സ്ട്രെച്ചു മതി

നല്ല പിരിമുറുക്കം അനുഭവപ്പെടുമ്പോൾ മേൽ ശരീരഭാഗത്ത് പ്രത്യേകിച്ച് കഴുത്ത്, ചുമലുകൾ, മുതുക് ഭാഗങ്ങളിലെ പേശികൾ വലിഞ്ഞു മുറുകും. ഈ പേശികളെ അയച്ചു വിടാൻ സഹായിക്കുന്ന സ്ട്രെച്ചിങ് വ്യായാമങ്ങൾ പിരിമുറുക്കത്തിന് നൊടിയിടയിൽ ആശ്വാസം നൽകും. ചിത്രത്തിൽ കാണുന്ന പോലുള്ള സ്ട്രെച്ചിങ്ങുകൾ ഏതു സാഹചര്യത്തിലും ചെയ്തു നോക്കാവുന്നവയാണ്.

പ്രോഗ്രസ്സിവ് മസിൽ റിലാക്സേഷൻ

s5

ക്രമാനുഗതമായി ശരീരത്തിലെ വിവിധ പേശികളെ അൽപം മുറുക്കി പിടിച്ചശേഷം അയച്ചുവിടുന്നതിലൂെട പിറിമുറുക്കവും ടെൻഷനും മറികടക്കുന്ന മനശ്ശാസ്ത്ര സൂത്രമാണ് പ്രോഗ്രസ്സിവ് മസിൽ റിലാക്സേഷൻ.

സ്വസ്ഥമായി ഒരിടത്ത് ഇരുന്ന ശേഷം നെറ്റി, കണ്ണുകൾ, മൂക്ക് , താടിയെല്ലുകൾ, മുഖമാകെ.. ഓരോന്നായി മുറുക്കി അയച്ചു വിടുന്നു. നാക്ക് വായുടെ മേൽത്തട്ടിലേക്ക് അമർത്തിപ്പിടിച്ചശേഷം വിടാം. കഴുത്ത്, മുതുക്, നെഞ്ച്, വയറ്, കൈകൾ, തുടകൾ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി പാദം വരെ മുറുക്കി അയച്ചു വിടുന്നതോടെ പിരിമുറുക്കം അകലും. അൽപം കൂടുതൽ സമയമെടുക്കുമെങ്കിലും ഏറ്റവും ഫലം നൽകുന്ന രീതിയാണിത്.

സ്പീഡ് മെഡിറ്റേഷൻ

s6

ചിത്രത്തിൽ കാണുന്നതു പോലെ ഇരിക്കണമെന്നു നിർബന്ധമില്ല. സ്വസ്ഥമായി റിലാക്സ്ഡ് ആയി ഇരിക്കുക. അതിനു ശേഷം കണ്ണുകൾ അടച്ച് 10–15 സെക്കൻഡ് കഴിയുന്നത്ര വേഗം ശ്വാസമെടുത്ത് വിടുക. തുടർന്ന് 30 സെക്കൻഡു മുതൽ ഒരു മിനിറ്റ് വരെ ശ്വാസഗതി വളരെ സാവധാനത്തിലും ആഴത്തിലും ആക്കുക. ദീർഘമായി ശ്വാസമെടുത്ത് സാവധാനം പുറത്തുവിടുക. ഒാരോ ശ്വാസത്തിലും ശ്വാസഗതി ശ്രദ്ധിക്കുക. ശരീരത്തിൽ വരുന്ന മാറ്റങ്ങൾ–ഹൃദയമിടിപ്പ്, നെഞ്ചിന്റെ ഉയർച്ച താഴ്ചകൾ, വയറിന്റെ ചലനം എന്നിവ ശ്രദ്ധിക്കുക. പിരിമുറുക്കം വിട്ടകലും. കൂടുതൽ റിലാക്സേഷൻ വേണമെന്നു തോന്നിയാൽ വേഗശ്വസനവും സാവധാനശ്വസനവും ആവർത്തിക്കുക.

പിരിമുറുക്കം തലതിരിയും

stress-1

യോഗയിലെ വിപരീതകരണിപിരിമുറുക്കം വളരെ പെട്ടെന്നു കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആസനമാണ്. യോഗ ചെയ്തു ശീലമില്ലാത്തവർക്കും പെട്ടെന്നു പിരിമുറുക്കം കുറയ്ക്കാനായി വിപരീതകരണിയുെട വകഭേദം ചെയ്യാം.

നിലത്തു കിടന്ന ശേഷം കാലുകൾ ലംബമായി ചുവരിലേക്ക് ഉയർത്തിവയ്ക്കുന്നരീതിയാണിത്. രക്തചംക്രമണരീയിൽ വരുന്ന മാറ്റത്തിലൂെടയാണ് ഈ ശരീര നില ശരീരത്തിനും മനസ്സിനും റിലാക്സേഷൻ നൽകുന്നത്. തലയുൾപ്പെടെ മേൽ ശരീരഭാഗത്ത് രക്തസഞ്ചാരം കൂടുകയും തലച്ചോറിന് കൂടുതൽ‌ ഓക്സിജൻ ലഭിക്കാനും ഇത് സഹായിക്കും.

അതുമാത്രമല്ല ഈ ശരീരനില പിരിമുറക്കം കുറയ്ക്കാൻ കാരണം. ഈ ശരീര നിലയിൽ കിടക്കുമ്പോൾ കാണുന്ന കാഴ്ചകൾ അതുവരെ നമ്മൾ കണ്ടുവന്നിരുന്ന കാഴ്ചകളുെട വിപരീതമാണ്. തറയിൽ‌ നിന്ന് മുകളിലേക്കു കാര്യങ്ങളെ നോക്കികാണുകയാണ്. ഇതു നമ്മുെട മനസ്സിലെ കുട്ടിത്തം കൂടി ഉണർത്തും. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചിച്ചു നോക്കിക്കോളൂ. അഞ്ചു മിനിറ്റ് ചെയ്യാം. തലവേദനയുള്ളപ്പോൾ ചെയ്യേണ്ടതില്ല.

s1

അമർത്തിമാറ്റാം പിരിമുറുക്കം

പിരിമുറുക്കം അകറ്റാൻ റിഫ്ലക്സോളജിയിലെ ഒരു ലളിതമാർഗമാണിത്. ചിത്രത്തിൽ വിരൽ തൊട്ടിരിക്കുന്ന രണ്ടു ബിന്ദുക്കളിൽ വിരലുപയോഗിച്ച് നന്നായി അമർത്തിപ്പിടിക്കുക. ഒരു 30 സെക്കൻഡ് എങ്കിലും അമർത്തിവയ്ക്കുക. തലച്ചോറിലെക്കുള്ള രണ്ടു നാഡീ ഉത്തേജനമാണ് ഇവിടെ സംഭവിക്കുന്നത്. ഇത് തലച്ചോറിലെ അമിഗ്ഡലയിൽ പെട്ടെന്നു തന്നെ വരുത്തുന്ന മാറ്റത്തിലൂെട റിലാക്സേഷൻ സംഭവിക്കുന്നത് അനുഭവിച്ചറിയാനാകും. ഇങ്ങനെ അമർത്തിപ്പിടിക്കുമ്പോൾ തന്നെ പിരിമുറുക്ക ചിന്തകൾ മനസ്സിൽ നിന്നു താൽകാലികമായെങ്കിലും ഒഴിഞ്ഞുപോകും.