Thursday 31 December 2020 04:59 PM IST

പനിയുള്ളപ്പോൾ കോവിഡ് ടെസ്റ്റ് വേണോ? സാധാരണ പനിയിൽ നിന്നും കോവിഡ് തിരിച്ചറിയാൻ ഈ വഴികൾ

Santhosh Sisupal

Senior Sub Editor

covidandfever324235

വിവിധ പനികൾ കേരളത്തിൽ പടരുന്ന സമയമാണ ഏതുതരം പനിവന്നാലും കോവി‍ഡാണോ എന്നുള്ള പേടിയാണ് മിക്കവർക്കും ഉടനേ തന്നെ കോവിഡ് പരിശോധന നടത്തിയാലേ പലർക്കും സമാധാനം കിട്ടുള്ളൂ. എന്നാൽ ആവശ്യമില്ലാതെ കോവിഡ് പരിശോധനകൾക്കായി ആശുപത്രിയും ലാബുകളുമൊക്കെ സന്ദർശിച്ചാൽ അവിടെനിന്നും കോവിഡ് പകരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. അതിനാൽ പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടാൽ അതു കോവിഡാണോ, അടിയന്തിരമായ ചികിത്സ വേണ്ട മറ്റു പനികളാണോ, അതോ ഒന്നു വിശ്രമിച്ചാൽ തന്നെ മാറുന്ന സാധാരണ പനിയാണോ എന്നൊക്കെ ഏറെക്കുറെ മനസ്സിലാക്കാൻ ലക്ഷണങ്ങൾ സഹായിക്കും.

കോവിഡ് സംശയിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. കോവിഡ് ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ (പ്രൈമറി കോണ്ടാക്ട്) സമ്പർക്കത്തിൽ വന്ന രണ്ടാമത്തെ വ്യക്തിയുമായി ഇടപഴകിയവർ (സെക്കൻഡറി കോണ്ടാക്ട്), കോവിഡ് ബാധിച്ച വ്യക്തിയുടെ വീട്ടിലെ ആൾക്കാർ, ആരോഗ്യപ്രവർത്തകർ, പൊതു ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, പൊതുചടങ്ങുകളിൽ പങ്കെടുത്തവർ – ഇത്തരക്കാർക്കാണ് പനി വരുന്നതെങ്കിൽ കോവിഡ് സാധ്യത സംശയിക്കാം. എന്നാൽ മറ്റൊരു ബന്ധങ്ങളുമില്ലാതെ വീട്ടിൽ സ്വസ്ഥമായിരിക്കുന്നവർക്ക് പനി വരുന്നത് പലപ്പോഴും കോവിഡ് ആവില്ല.

കോവിഡിൽ നിന്നും മറ്റ് പനികളെ വേർതിരിച്ചറിയാൻ സഹായിക്കുന്ന ചില സവിശേഷമായ ലക്ഷണങ്ങളുണ്ട്.

∙ കോവിഡിൽ മിക്കപ്പോഴും ലക്ഷണങ്ങൾ തീവ്രമായിരിക്കില്ല. 80 ശതമാനം പേർക്കും ലഘുവായ ലക്ഷണങ്ങളായിരിക്കും.

∙ കടുത്ത പനി, തലവേദന, തീവ്രമായ ശരീരവേദന, അതിശക്തമായ പേശീവേദന ഇവയെല്ലാം ഡെങ്കിപ്പനിയുടെയോ ചിലപ്പോൾ എലിപ്പനിയുടേയോ സൂചനയാണ് നൽകുന്നത്.

∙ കോവിഡിൽ പനിയോട് അനുബന്ധിച്ച് കഠിനമായ വേദനകൾ സാധാരണമല്ല.

∙ഡെങ്കിപ്പനിയെക്കുറിച്ചു പറയുന്നത് ബ്രേക്ക് ബോൺ ഫീവർ അതായത് എല്ലു നുറുങ്ങുന്ന വേദന സമ്മാനിക്കുന്ന പനി എന്നാണ്.

അതുപോലെ മണമറിയാനും രുചിയറിയാനുമുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നത് കോവിഡിന്റെ സവിശേഷ ലക്ഷണമായി പറയാം. രോഗം വന്ന ആദ്യഘട്ടത്തിലാവും ഇത്. എന്നാൽ എല്ലാവർക്കും ഈ ലക്ഷണം ഉണ്ടാകാറില്ല എന്നും ഓർക്കുക. പനിയുെട ആദ്യ ഘട്ടം കഴിയുമ്പോൾ ഈ ശേഷികൾ തിരിച്ചു കിട്ടുകയും ചെയ്യും. അതിനാൽ പലരും ഇത് അറിയാറുമില്ല.

 

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പത്മകുമാർ

പ്രഫസർ, മെഡിസിൻ വിഭാഗം,

മെഡിക്കൽ കോളജ്, ആലപ്പുഴ.

Tags:
  • Manorama Arogyam
  • Health Tips