കാസർകോട്, പത്മനാഭന്റെ മണ്ണിൽ
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കാസർകോട് ജില്ലയിലെ കുമ്പളയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന അനന്തപുരം തടാക ക്ഷേത്രം / അനന്തപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരത്ത് ക്ഷേത്രം നിർമിക്കും മുൻപ് വരെ അനന്തപത്മനാഭൻ വസിച്ചിരുന്നത് ഈ തടാകക്ഷേത്രത്തിലായിരുന്നെന്ന് െഎതിഹ്യം. ഇതിന്റെ തെളിവെന്നോണം ഇന്നും തടാകത്തിന് വലതുഭാഗത്തായി ഗുഹ കാണാം. ഈ ഗുഹ ചെന്നെത്തുന്നത് തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണിലേക്കാണത്രേ. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭഗവാന്റെ പ്രതിഷ്ഠ കിടക്കുന്ന രൂപത്തിലാണെങ്കിൽ കാസർകോട് അനന്തപുരം ക്ഷേത്രത്തിലെ പത്മനാഭന്റെ പ്രതിഷ്ഠ ഇരിക്കുന്ന രൂപത്തിലാണ്. കാസർകോട് നിന്നും തിരുവനന്തപുരം വരെ നീണ്ട് നിൽക്കുന്ന ഗുഹയ്ക്ക് പിന്നിലും കഥകളേറെയുണ്ട്.
‘ വില്വമംഗലം സ്വാമികൾ കുറേക്കാലം അനന്തപുരം ക്ഷേത്രത്തിൽ ഉപവസിച്ചിരുന്നു. അന്ന് അദ്ദേഹത്തെ സഹായിക്കാനായി എവിടെ നിന്നോ ഒരു ബാലൻ കൂടെ കൂടി. പൂജാസാധനങ്ങൾ ഒരുക്കിക്കൊടുത്തും സ്വാമിയുടെ ആവശ്യങ്ങൾ നിറവേറ്റിയും അവൻ വില്വമംഗലത്തിന് പ്രിയപ്പെട്ടവനായി. ഒരിക്കൽ പൂജ ചെയ്തുകൊണ്ടിരിക്കെ ബാലൻ എന്തോ കുസൃതി കാണിച്ചു. ഇതിൽ ദേഷ്യം വന്ന വില്വമംഗലം ആ ബാലനെ തള്ളി മാറ്റി. ആ ശക്തിയിൽ അവൻ ചെന്നുവീണ ഇടം വലിയ ഒരു ഗുഹ പ്രത്യക്ഷപ്പെട്ടു. ബാലന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ സ്വാമികൾ തോഴുകൈകളോടെ അവന്റെ പുറകെ പോയി. അവനു പകരം സ്വാമി കണ്ടത് ഓംകാരത്തിന്റെ ജ്യോതിർലിംഗമാണ്. ആ ഗുഹ കടന്ന് വില്വമംഗലം സ്വാമി എത്തിയത് കേരളത്തിന്റെ തെക്കേ അറ്റത്ത് ഇന്നത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്താണ്. ’ എന്നതാണ് പ്രസിദ്ധമായൊരു കഥ.
തടാകത്തിന് നടുവിലെ ശ്രീകോവിൽ
ഒരു വലിയ തടാകത്തിന് നടുവിലാണ് അനന്തപുരം ക്ഷേത്രത്തിന്റെ ശ്രീകോവിൽ. ഭഗവാനെ കണ്ട് തൊഴാൻ ഭക്തർക്ക് പാലം കടക്കണം. തടാകത്തിന് നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ വർഷകാലത്ത് ജലനിരപ്പ് ഉയർന്ന് ശ്രീകോവിൽ മുങ്ങിപ്പോകില്ലേ എന്ന സംശയം ഇവിടെ എത്തുന്ന ആർക്കും തോന്നും. എന്നാൽ കാലവർഷം എത്ര കനത്താലും തടാകത്തിലെ ജലനിരപ്പിൽ നേരിയ വ്യത്യാസം പോലും ഉണ്ടാകുന്നില്ല എന്നതാണ് വലിയ അദ്ഭുതം. അപൂർവമായി മാത്രം നിർമിക്കുന്ന കടുശർക്കരയോഗം ഉപയോഗിച്ചാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെയും കാസർകോട് അനന്തപുരം തടാകക്ഷേത്രത്തിലെയും ശ്രീപത്മനാഭന്റെ പ്രതിഷ്ഠ നിർമിച്ചിരിക്കുന്നത്.
സസ്യാഹാരിയായ ബബിയ
ക്ഷേത്രത്തിന് ചുറ്റും കണ്ടുതീരാത്ത അദ്ഭുതങ്ങളാണ്. അതിൽ പ്രധാനപ്പെട്ടതാണ് ക്ഷേത്രക്കുളത്തിലെ മുതല. കുളത്തിനുള്ളിൽ രണ്ട് ഗുഹകളുണ്ട്. ഇതിലാണ് ബബിയ എന്ന മുതല വസിക്കുന്നത്. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണ് ഈ മുതലയുടെ ഭക്ഷണം.
ബ്രീട്ടീഷ് സൈന്യത്തിന്റെ താവളമായിരുന്നത്രേ പണ്ട് ഈ പ്രദേശം. അക്കാലത്ത് ഈ അദ്ഭുത മുതലയുടെ കഥ കേട്ട സൈന്യം മുതലയെ കാണാനെത്തി. പരീക്ഷണാർഥം ബബിയാ എന്ന പേര് ഉറക്കെ വിളിച്ചു. കുളത്തിന് പുറത്തേക്ക് വന്ന മുതലയെ കണ്ട് പേടിച്ച സൈന്യത്തിലൊരാൾ അതിനെ വെടിവച്ച് കൊന്നു. അതേ സമയം തന്നെ ആ സൈനികനും ഏതോ വിഷജീവിയുടെ ആക്രമത്തിൽ മരണപ്പെട്ടത്രേ. വേണ്ട എല്ലാ ചടങ്ങുകളോടെയും ബബിയയെ ക്ഷേത്രത്തിന് സമീപം സംസ്കരിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ മറ്റൊരു മുതല ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടു. ഭക്തർ അതിനെ ബബിയ എന്ന് വിളിച്ചുപോന്നു. അന്നുതൊട്ട് ഇപ്പോഴും ക്ഷേത്രക്കുളത്തിൽ ബബിയ ജീവനോടെ ഉണ്ട്.