Monday 21 December 2020 04:18 PM IST : By സ്വന്തം ലേഖകൻ

സ്റ്റീജിൽ ഉയരുന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള പുതിയ ചാപ്പൽ

stiege 1

ജർമൻ ഗ്രാമമായ സ്റ്റീജിൽ നാട്ടുകാർ പുതിയ ചാപ്പലിന്റെ അടിത്തറ കെട്ടാൻ മണ്ണെടുക്കുകയാണ്. കുറച്ചു നാളുകൾക്കുശേഷം അവിടെ പുതിയ ചാപ്പൽ ഉയരും, 115 വർഷത്തിന്റെ പഴക്കമുള്ള ‘പുതിയ’ ചാപ്പൽ. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള, ഒട്ടേറെ അപൂർവതകളും സവിശേഷതകളുമുള്ള ദേവാലയമാണ് സ്റ്റീജ് ഗ്രാമത്തില്‍ ഉയരുന്നത്. ഗ്രാമത്തോടു ചേർന്നുള്ള കൊടുങ്കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന, 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിർമിച്ച പള്ളിയാണ് ഇപ്പോൾ സംരക്ഷണാർഥം ജനവാസ കേന്ദ്രത്തിലേക്കു മാറ്റി സ്ഥാപിക്കുന്നത്.

അപൂർവത്തിൽ അപൂർവം

സ്‌റ്റേവ് ചർച്ച് എന്നു വിളിക്കുന്ന പൂർണമായും തടികൊണ്ടു നിർമിക്കുന്ന പള്ളികൾ യൂറോപ്പിന്റെ പല ഭാഗത്തും കാണാം. ജർമനിയിൽ ഇത്തരത്തിൽ മൂന്നു പള്ളികൾ മാത്രമേ അവശേഷിക്കുന്നുള്ളു ഇപ്പോൾ. അതിലൊന്നാണ് സാക്സൻ അൻഹാൽട്ടിലെ ഹർസ് ജില്ലയിലെ സ്റ്റീജ് ഗ്രാമത്തോടു ചേർന്നുള്ളത്. വടക്കൻ യൂറോപ്പിൽ, പ്രത്യേകിച്ചും നോർവെയിലാണ് ഏറ്റവുമധികം സ്‌റ്റേവ് ചർച്ചുകൾ കാണുന്നത്. മധ്യകാല യൂറോപ്യൻ നിർമാണ കലയുടെ പ്രധാന മാതൃകകളായി കണക്കാക്കുന്ന ഈ നോർഡിക് നിർമാണ ശൈലിയിൽ‌ ബഹുനില ദേവാലയങ്ങളും കാണാം. കരിങ്കല്ലിൽ അടിത്തറ കെട്ടി, ഭാരം വഹിക്കാൻ കെൽപ്പുള്ള നാലു തൂണുകൾ നാലു മൂലയിലും ഉറപ്പിച്ച് അതിനു മുകളിൽ മേൽക്കൂര കയറ്റുന്നതാണ് സ്‌റ്റേവ് രീതി. പലകകൾ കൊണ്ടാണ് ചുമരുകൾ തീർക്കുന്നത്. സ്‌റ്റീജ് ഗ്രാമത്തിൽ നിന്ന് ഏതാനും കിലോ മീറ്റർ അകലെയുള്ള കാട്ടിനുള്ളിലെ സ്‌റ്റേവ് ചർച്ച് ജർമനിയിലെ ഇത്തരത്തിലുള്ള ഏറ്റവും മനോഹര നിർമിതിയായിട്ടാണ് കണക്കാക്കുന്നത്.

stiege 4

രോഗികളുടെ സാന്ത്വനാലയം

ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകന്ന് ഹർസ് മലനിരകളിലെ കാടിനുള്ളിൽ ഈ ദേവാലയം നിർമിച്ചതിനു പ്രത്യേക കാരണമുണ്ട്. ക്ഷയരോഗ ബാധിതരായ ആൾക്കാർക്കു വേണ്ടി കാടിനോടു ചേർന്ന് ഒരു പരിചരണകേന്ദ്രം സ്ഥാപിച്ചു. അവർക്കുവേണ്ടിയാണ് ഹാർസ് സ്‌റ്റേവ് ചർച്ച് നിർമിച്ചത്. 1905 ൽ ആൽബർട്ട് ഹൗസ് എന്ന സാനറ്റോറിയത്തിന്റെയും പള്ളിയുടെയും ഉദ്ഘാടന വേളയിൽ ‍പ്രഷ്യൻ സാമ്രാജ്യത്തിന്റെ പ്രതിനിധിയായി പ്രിൻസ് ആൽബർടും പങ്കെടുത്തിരുന്നു. പ്രഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷവും ആൽബർട് സെന്റർ ക്ഷയരോഗികളെയും മറ്റു ശ്വാസകോശ രോഗങ്ങളുള്ളവരെയും പരിചരിക്കുന്നതിനുള്ള കേന്ദ്രമായി തുടർന്നു പോന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു സ്പെഷിലൈസ്ഡ് ഹോസ്പിറ്റലായി ഉയർത്തപ്പെട്ട ഈ കേന്ദ്രം 1990 കളിൽ പുനരധിവാസ കേന്ദ്രമാക്കി മാറ്റിയിരുന്നു. ക്ഷയരോഗവും മറ്റും വൈദ്യശാസ്ത്ര നിയന്ത്രണത്തിലായതോടെ രോഗികളുടെ എണ്ണം കുറഞ്ഞു, 1993 ൽ ആൽബർട് സെന്റർ പ്രവർത്തനം അവസാനിച്ചു. പിന്നീട് ഇവിടം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും അതു പ്രാവർത്തികമായില്ല.

stiege 3

ജനകീയ കൂട്ടായ്മയുടെ വിജയം

2013 ൽ ആൽബർട് സെന്റർ ഒരു കാട്ടുതീയിൽ നശിച്ചതോടെ ദേവാലയം വേണ്ടത്ര ശ്രദ്ധ കിട്ടാതെ നാശോൻമുഖമായി. ദേശീയ പ്രാധാന്യമുള്ള ഒരു സാംസ്കാരിക മന്ദിരം എന്ന നിലയ്ക്ക് കാടിനുള്ളിലെ സ്‌റ്റേവ് ദേവാലയം സംരക്ഷിക്കാൻ ഗ്രാമീണരായ കുറച്ചു പേർ മുന്നിട്ടിറങ്ങുകയായിരുന്നു ആദ്യം. തുരുമ്പു പിടിച്ച മേൽക്കുരയും ലോഹ തകിടുകൊണ്ടുള്ള ജനാലകളും മാറ്റി കാട്ടിനുള്ളിൽ‌ തന്നെ സംരക്ഷിക്കാനുള്ള ശ്രമം വർഷങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു എങ്കിലും അതൊന്നും വിജയത്തിലെത്തിയില്ല. അങ്ങനെയാണ് സ്‌റ്റേവ് ദേവാലയത്തെ പൂർണമായും ഇളക്കിയെടുത്ത് ഗ്രാമകേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നിശ്ചയിച്ചത്.

stiege 2

തടികൊണ്ടുള്ള നിർമിതിക്ക് കേടുപാടുകൾ കൂടാതെ മാറ്റി സ്ഥാപിക്കുന്നത് ഏറെ ദുർഘടവും സാഹസികവുമാണ്. പ്രദേശവാസികൾ ഒത്തുകൂടി ഒരു സംഘടന ഇതിനായി രൂപീകരിച്ചിട്ടുണ്ട്. 1.3 മില്യൻ ഡോളർ ചെലവു പ്രതീക്ഷിക്കുന്ന ഈ പുനരുദ്ധാരണ–പുനസ്ഥാപന പദ്ധതിക്ക് ജർമൻ സർക്കാറിന്റെ സാംസ്കാരിക വിഭാഗം സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്. ഒക്ടോബർ അവസാനത്തോടെ ശിൽപഭംഗി തികഞ്ഞ ഉൾഭാഗം പൂർണമായും ഇളക്കി എടുത്തുകഴിഞ്ഞു. ഇപ്പോൾ സ്റ്റീജിൽ വിട്ടുകിട്ടിയ സ്ഥലത്ത് അടിത്തറ കെട്ടുന്നു.

സ്‌റ്റേവ് ദേവാലയത്തെ ഓരോ പലകയായി ഇളക്കി മാറ്റി ഗ്രാമത്തിലേക്കു കൊണ്ടുവരാനാണ് പദ്ധതി. മാർച്ച് മാസത്തോടെ കെട്ടിടം പൂർണമായും അഴിച്ചെടുക്കാൻ സാധിക്കും എന്നു കരുതുന്നു. ജൂണിൽ വേനൽ ആരംഭിക്കുന്നതോടെ ഗ്രാമത്തിലെ പുതിയ അടിത്തറയിൽ കെട്ടിടത്തിന്റെ ഉൾഭാഗങ്ങൾ പുനസംയോജിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കാട്ടിൽ നിന്നും നാട്ടിലെത്തിച്ച് സംരക്ഷിക്കുന്നതോടെ മനോഹരമായ ഈ ദേവാലയം കാണാൻ സന്ദർശകരും സമീപനഗരമായ ഹാഹ്നെൻക്‌ലീയിലാണ് ജർമനിയിലെ ഏറ്റവും വലിയ സ്‌റ്റേവ് ദേവാലയ സമുച്ചയം. എത്തുമെന്നു പ്രതീക്ഷിക്കുന്നു. അവിടെത്തുന്ന വിനോദസഞ്ചാരികളേ സ്‌റ്റീജ് ഗ്രാമത്തിലേക്കു കൂടി ആകർഷിക്കാനും അതുവഴി ഹാർസ് ജില്ലയുടെ തന്നെ വിനോദസഞ്ചാരത്തെ വികസിപ്പിക്കാം എന്നും അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations