ഒറ്റ രാത്രി കൊണ്ടു ദരിദ്രർ കോടീശ്വരന്മാരായി മാറുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. മധ്യപ്രദേശിലെ പന്ന എന്ന ഗ്രാമത്തിലാണ് സ്വപ്നത്തിലെന്ന പോലെ ജീവിത സാഹചര്യം മാറുന്നത്. കുറഞ്ഞ കൂലിക്കു ഖനികളിൽ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങളുടെ നാടാണ് പന്ന. വീടിന്റെ മേൽക്കൂര മറയ്ക്കാൻ ഓടു വാങ്ങാൻ നിവൃത്തിയില്ലാത്ത പതിനായിരത്തിലേറെ തൊഴിലാളി കുടുംബങ്ങളുണ്ട് പന്ന ഗ്രാമത്തിൽ. നൂറ്റാണ്ടുകളായി ദാരിദ്ര്യം മാത്രം കൈമുതലായുള്ള പന്നയിലെ ഗ്രാമീണർക്ക് പ്രകൃതി നൽകിയ അനുഗ്രഹമാണ് അവിടുത്തെ മണ്ണ്. പന്നയിലെ പറമ്പുകളിൽ ഇരുപത്തഞ്ചോ മുപ്പതോ അടി കുഴിയെടുത്താൽ ഒന്നോ രണ്ടോ ചിലപ്പോൾ അതിൽ കൂടുതലോ രത്നങ്ങൾ കിട്ടും.
സുബാൾ എന്ന ചെറുപ്പക്കാരന് നാലഞ്ചു മാസം മുൻപ് കിട്ടിയത് മൂന്നു രത്നങ്ങൾ. ഒന്നിനു 35 ലക്ഷം വിലയിട്ട് മൂന്നു രത്നങ്ങൾക്ക് ഒരു കോടി അഞ്ചു ലക്ഷം രൂപ കിട്ടി. നേരം ഇരുട്ടി വെളുക്കുമ്പോൾ അയൽക്കാരൻ കോടീശ്വരനാകുന്നതു പന്ന നിവാസികൾക്കു പുതിയ അനുഭവമല്ല. ഇക്കഴിഞ്ഞ ദിവസം ഇതേ ഗ്രാമത്തിലെ റാണിപുരയിൽ താമസിക്കുന്ന ആനന്ദിലാൽ കുശ്വ എന്നയാൾക്കു കിട്ടിയത് പത്തു കാരറ്റ് മൂല്യമുള്ള ഡയമണ്ട്. വിറ്റു കിട്ടിയ തുക അൻപതു ലക്ഷം. ‘ഡയമണ്ട് വിളയുന്ന’ പന്നയിലെ ഖനികൾ കാണാൻ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ ഒഴുകുന്നു.
സ്ഥലപ്പേരു ‘പന്ന’ എന്നാണെങ്കിലും പ്രകൃതി നിക്ഷേപത്തിൽ സമ്പന്നമാണു പന്ന ഗ്രാമം. ചരിത്ര പ്രസിദ്ധമായ ഖജുരാഹോ ഗുഹയാണ് സമീപത്തുള്ള പ്രശസ്തമായ സ്ഥലം. പന്നയിലേക്കു ടൂർ സംഘങ്ങൾ പുറപ്പെടുന്നതു ഖജുരാഹോ ശിലാക്ഷേത്രത്തിനു മുന്നിൽ നിന്നാണ്. ഡയമണ്ട് കുഴിച്ചെടുക്കുന്നതു കാണാൻ പോകുന്ന സഞ്ചാരികൾ ബൃഹസ്പതി കുണ്ഡ് വെള്ളച്ചാട്ടം, പന്ന കടുവ സംരക്ഷണ കേന്ദ്രം, പാണ്ഡവ വെള്ളച്ചാട്ടം, അജയ്ഘട്ട് കോട്ട എന്നിവിടങ്ങൾ ട്രിപ്പിന്റെ ഭാഗമായി ഉൾപ്പെടുത്തുന്നു.
ഖജുരാഹോ – പന്ന രണ്ടു മണിക്കൂർ യാത്ര. എൺപതു കിലോമീറ്റർ ചുറ്റളവിലാണ് ഖനനം നടക്കുന്നത്. പഹാരിക്കേര മുതൽ മജ്ഗാവൻ വരെയുള്ള ഖനനത്തിലാണ് കൂടുതൽ ഡയമണ്ട് കിട്ടിയിട്ടുള്ളത്. ഇരുപത്തഞ്ചു മുതൽ മുപ്പത് അടി താഴ്ചയിലാണ് രത്നം നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. വലിയ മെഷീൻ ഉപയോഗിച്ച് മണ്ണിളക്കിയാണ് ഖനനം. രത്നത്തിന്റെ സാന്നിധ്യമുള്ള മൺകട്ടകൾ തൊഴിലാളികൾക്ക് തിരിച്ചറിയാം. അതിൽ നിന്നു ശാസ്ത്രീയമായി ഡയമണ്ട് വേർ തിരിച്ചെടുക്കുന്നു. സ്വയം രൂപീകൃതമായ രത്നക്കല്ലുകളും മണ്ണിനടിയിൽ നിന്നു ലഭിക്കാറുണ്ട്. മണ്ണിന്റെ നിറവും കനവും നോക്കി രത്നത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ വൈദഗ്ധ്യമുള്ള തൊഴിലാളികൾ പന്നയിലുണ്ട്.
മോടിചുൾ, മാണിക്, പന്ന, ബുൺസ്പുട് – നാല് ഇനം രത്നങ്ങളാണ് പന്നയിലെ ഖനികളിൽ നിന്ന് ഇതുവരെ കുഴിച്ചെടുത്തിട്ടുള്ളത്. സുതാര്യമായ മോടിചുൾ രത്നം ഡയമണ്ട് വിപണിയിൽ ഒന്നാം നിരയിൽ വിൽക്കപ്പെടുന്നു. ഓറഞ്ച് നിറം കലർന്നതാണു മാണിക് രത്നം. പച്ച നിറം കലർന്ന പന്ന, തവിട്ടു നിറമുള്ള ബുൺസ്പുട് എന്നിവയ്ക്കു കുറഞ്ഞ വിലയേ ലഭിക്കൂ.
നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണ് ഡയമണ്ട് മൈനിങ് നടത്തുന്നത്. ഖനനം ചെയ്തെടുക്കുന്ന രത്നം എല്ലാ വർഷവും ജനുവരിയിൽ ലേലത്തിനു വയ്ക്കും. ജില്ലാ മജിസ്ട്രേന്റിന്റെ നേതൃത്വത്തിലാണ് ലേലം. അയ്യായിരം രൂപ കെട്ടിവയ്ക്കുന്നവർക്കു ലേലത്തിൽ പങ്കെടുക്കാം. സ്വന്തം പറമ്പിൽ നിന്നു രത്നം കുഴിച്ചെടുത്താൽ മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണു നിയമം. ലേലത്തിൽ ലഭിക്കുന്ന തുക ഡയമണ്ട് കണ്ടെത്തിയയാൾക്ക് നൽകും.
പന്ന ഗ്രാമം സന്ദർശനം ഖജുരാഹോ ടൂറിന്റെ ഭാഗമാക്കാം. ‘റൗണ്ട് ട്രിപ്പ് എക്സ്കർഷൻ’ നടത്തുന്ന ഏജന്റുമാരുണ്ട്. ഡയമണ്ട് ഖനനം, ഡയമണ്ട് കട്ടിങ് ഫാക്ടറി സന്ദർശനം, ബൃഹസ്പതി വെള്ളച്ചാട്ടം, പൈതൃക ഭക്ഷണം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. ഖജുരാഹോ എയർപോർട്ടാണ് പന്ന ഗ്രാമത്തിന്റെ സമീപത്തുള്ള വിമാനത്താവളം. സത്‍ന റെയിൽവേ േസ്റ്റഷനിലേക്ക് 75 കി.മീ. മധ്യപ്രദേശിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും ഡൽഹിയിലേക്കും പന്നയിൽ നിന്നു ബസ് സർവീസുണ്ട്.