ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തേടി ‘മന്ത്രവാദികളെ’ സമീപിച്ചിരിക്കുന്നു ചൈനക്കാർ. മരുന്നില്ലാത്ത പ്രശ്നങ്ങൾക്കും ഫെങ്ഷുയിയിൽ പ്രതിവിധിയുണ്ടെന്നാണ് ഗ്രാമീണരുടെ വിശ്വാസം. കോവിഡ് വൈറസ് വ്യാപനവും കാലദോഷമെന്ന് അവർ കരുതുന്നു. നാട്ടുകാരുടെ ഭീതിയിൽ കഴമ്പുണ്ടെന്നാണ് ഫെങ്ഷുയി മാസ്റ്റർമാരുടെ ‘കണ്ടത്തൽ’. വോങ് തായ് സിൻ ക്ഷേത്രത്തിൽ പ്രാർഥിച്ചാൽ ‘ഗ്രഹപ്പിഴ’ മാറുമെന്ന് അവർ മുളങ്കമ്പു കുലുക്കി പ്രവചനം നടത്തി. നാലിൽ (4) ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ വീട്ടു നമ്പറുകളിൽ മരണം കയറിയിറങ്ങുമെന്ന് അവർ മുന്നറിയിപ്പു നൽകുന്നു. ഭാഗ്യദോഷമെന്നു വേർതിരിച്ച് ചില അക്കങ്ങളെ പേടിച്ചു ജീവിക്കുന്നവരാണ് ഒരു വിഭാഗം ചൈനക്കാർ. നാല്, പതിനാല്, ഇരുപത്തിനാല്, അൻപത്തിനാല് തുടങ്ങിയ അക്ഷരങ്ങൾ അവരുടെ വിശ്വാസപ്രകാരം മരണത്തിന്റെ പ്രതീകങ്ങളാണ്.
ഷാങ്ഹായിലേക്കു കുടിയേറിയ ഫെങ്ഷുയി മാസ്റ്റർമാർക്ക് കോവിഡ് വൈറസ് ‘അനുഗ്രഹമായി’. വീട്ടുദോഷം പരിഹരിക്കാൻ വിഡിയോ കോൾ ചെയ്ത് ആളുകൾ ഫെങ്ഷുയി കൺസൽട്ടേഷൻ ആവശ്യപ്പെടുന്നു. മരണഭയം, ധനഷ്ടം, ബിസിനസ് പരാജയം തുടങ്ങി പരാതികളുടെ പ്രളയം. ഫെങ്ഷുയി മാസ്റ്റർമാർ ‘കാവു സിം’ ചെയ്താണ് പ്രശ്നം എന്താണെന്നു കണ്ടെത്തുന്നത്. കൂടയിൽ നിറച്ച മുളങ്കമ്പുകൾ കുലുക്കിയാണ് കാവു സിം പ്രവചനം. താഴെ വീഴുന്ന കമ്പിലെ അടയാളം നോക്കി മാസ്റ്റർമാർ പ്രശ്നം വിശകലനം ചെയ്യുന്നു. അതിനു ശേഷം പരിഹാരം നിർദേശിക്കുന്നു.
കോവിഡ് വ്യാപിച്ചപ്പോൾ വെയ് ലീ എന്ന യുവതിയുടെ ബിസിനസ് പൊളിഞ്ഞു. ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ലീ. ഫെങ്ഷുയി മാസ്റ്ററെ സമീപിച്ചപ്പോൾ വോങ് തായ് സിൻ ക്ഷേത്രത്തിൽ ദർശനം നടത്താൻ നിർദേശം ലഭിച്ചു. ചൈനീസ് – താവോയിസ്റ്റ് ക്ഷേത്രമാണു വോങ് തായ് സിൻ. ഫെങ്ഷുയി മാസ്റ്ററുടെ നിർദേശം പാലിച്ചതിനു ശേഷം കഷ്ടകാലം നീങ്ങിയെന്ന് ലീ വിശ്വസിക്കുന്നു. ചില ‘അക്കങ്ങൾ’ ഉപേക്ഷിക്കണമെന്ന് വോങ് തായ് സിൻ ക്ഷേത്രത്തിലെ ഫെങ്ഷുയി വിദഗ്ധൻ ലീയെ ഉപദേശിച്ചു. ‘‘ഷാങ്ഹായിലെ ഫെങ്ഷുയിക്കാരന്റെ വിശ്വാസപ്രകാരം 4,14, 24, 54 എന്നിവ ‘മരണം ക്ഷണിച്ചു വരുത്തുന്ന’ അക്കങ്ങളാണ്. കന്റോണീസ് വിശ്വാസ പ്രകാരം മരണത്തിന്റെ അക്കങ്ങളാണത്രേ 1404. 14 – മരണം അരികെ, 24 – ‘ഈസി ഡൈ’...’’ – ഫെങ് ഷുയി മാസ്റ്റർ പറഞ്ഞു.
പുതിയ അപാർട്മെന്റിൽ 1404 നമ്പർ ഫ്ളാറ്റാണ് ലീക്കു ലഭിച്ചത്. ആ ഫ്ളാറ്റ് കാണാൻ പോലും ലീ പോയില്ല. മരണം വിളിച്ചു വരുത്താൻ തയാറല്ലെന്നാണ് അപാർട്മെന്റ് ഉടമയെ ലീ അറിയിച്ചത്. ഹോങ്കോങ്ങിലെ അപാർട്മെന്റ്, ആശുപത്രി, ഓഫീസ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളിൽ മുറികൾക്കു നമ്പർ ഇടുമ്പോൾ ഈ അക്കങ്ങൾ ഒഴിവാക്കുന്നു. മൂന്നു കഴിഞ്ഞാൽ അഞ്ച്, പതിമൂന്നു കഴിഞ്ഞാൽ പതിനഞ്ച്, കെട്ടിടങ്ങളിൽ ഇരുപത്തി മൂന്നാം നില കഴിഞ്ഞാൽ ഇരുപത്തഞ്ച് ! അബദ്ധവശാൽ ഈ നമ്പറുകൾ എഴുതിയാൽ കെട്ടിടത്തിന്റെ മുൻഭാഗത്ത് ‘തു ഡി ഗോങ് ’ ക്ഷേത്രം നിർമിച്ചു പരിഹാരം കാണണമെന്ന് അവരുടെ വിശ്വാസം.
ഹോങ്കോങ് നഗരത്തിൽ ബാങ്ക് ഓഫ് ചൈന കെട്ടിടം നിർമിച്ചപ്പോൾ ‘തടസ്സം മുറിച്ചു കളയാൻ’ ബ്ലേഡ് ശിൽപം സ്ഥാപിച്ചു. ‘ഷാ ക്വി’ എന്നാണു ബ്ലേഡ് പ്രതീകം അറിയപ്പെടുന്നത്. ‘കൊല്ലുന്ന ഊർജം’ എന്നു ഫെങ് ഷുയി വിശ്വാസം. ലോകപ്രശസ്തമായ മറ്റൊരു ബാങ്ക് ചൈനീസ് ബാങ്കിനു സമീപത്തു കെട്ടിടം നിർമിച്ചു. അവർക്കു ബിസിനസിൽ തുടർച്ചയായി നഷ്ടം സംഭവിച്ചു. കെട്ടിടത്തിനു മുകളിൽ പീരങ്കി ശിൽപം സ്ഥാപിക്കാനാണു ഫെങ്ഷുയി മാസ്റ്റർ പുതിയ ബാങ്കിന്റെ അധികൃതരോടു നിർദേശിച്ചത്. ബാങ്ക് ഓഫ് ചൈനയ്ക്കു നേരേ പുതിയ ബാങ്കുകാർ പീരങ്കി ശിൽപം സ്ഥാപിച്ചു. പ്രധാന കവാടത്തിന്റെ ഇരുവശത്തും സിംഹത്തിന്റെ തലയുടെ പ്രതിമ വച്ചു. അതോടെ ആ ബാങ്കിന്റെ ബിസിനസ് മെച്ചപ്പെട്ടെന്നും അവർക്കു ലോകത്ത് മുൻനിര ബാങ്കുകളിൽ ആറാം സ്ഥാനം ലഭിച്ചെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഫെങ് ഷുയി എന്ന വാക്കിനർഥം ‘കാറ്റും ജലവും’. പരമ്പരാഗത തന്ത്രവിധികൾ പ്രകാരം കാറ്റിനെയും ജലത്തെയും സ്വാധീനിച്ച് നെഗറ്റിവ് എനർജി നീക്കം ചെയ്യലാണ് ഫെങ്ഷുയിയെന്നു ഹോങ്കോങ്ങിലെ മാസ്റ്റർമാർ പറയുന്നു. എന്നാൽ ജന്മികളുടെ സമ്പ്രദായമാണ് അതെന്നു ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ് സർക്കാർ മെയിൻലാൻഡ് ചൈനയിൽ ഫെങ്ഷുയി നിരോധിച്ചു. അതോടെ പ്രവചനം തൊഴിലാക്കി ജീവിച്ചിരുന്നവർ തായ്‌വാനിലേക്കു കുടിയേറി.