Saturday 27 October 2018 02:26 PM IST

ആദാബിലെ മന്തി, മുഗൾ ദർബാറിലെ ദം ചിക്കൻ; ഹൈദരാബാദ് രുചിയുടെ പറുദീസ

Naseel Voici

Columnist

HB
Photo: Shreyas Joseph

ഹൈദരാബാദ് രുചികൾ; ഈ യാത്രയിൽ ഒരുപാട് ബിരിയാണി കഴിക്കേണ്ടി വരും. പലവിധ ഫ്രൂട്ട് സലാഡുകളും സൂപ്പുകളും രുചിക്കേണ്ടി വരും. ഒരുങ്ങിപ്പുറപ്പെടുക...

‘‘രണ്ടു ദിവസത്തെ യാത്രയ്ക്ക് ആവശ്യമുള്ളതെല്ലാം കരുതണം. രാവിലെ നേരത്തേ പുറപ്പെടണം. രാത്രി തിരിച്ചെത്താൻ വൈ കും. ഒരുപാട് നടക്കേണ്ടി വരും. എന്നാലും മുഴുവൻ കണ്ടു തീരില്ല. ഒരുവിധം തീർക്കാം’’– ഹൈദരാബാദ് രുചിയാത്രയ്ക്ക് കൂട്ടുവരാമോയെന്നു ചോദിച്ചപ്പോൾ സുഹൃത്ത് നയം വ്യക്തമാക്കി. ഒരു നഗരത്തിന്റെ രുചിയറിയാൻ രണ്ടു ദിവസമോ? ഏയ്, അങ്ങനെ വരാൻ വഴിയില്ലല്ലോ? ഏതായാലും സമ്മതം മൂളി. നൈസാമിന്റെ നാട്ടിലേക്ക് ടിക്കറ്റെടുത്തു.

ദോശ ബന്ദിയിൽ നിന്ന് തുടങ്ങാം

ക്ലോക്കിൽ സമയം ആറു മണിയടിച്ചപ്പോഴേക്കും ഒരുങ്ങിയിറങ്ങി. നഗരം ഉറക്കമുണർന്നു വരുന്നതേയുള്ളൂ. കടകൾക്കു മുൻപിലെ പത്രക്കെട്ടുകളും സ്കൂൾ കുട്ടികളുമാണ് കാഴ്ചകൾ. ട്രാഫിക്കിൽ വീർപ്പുമുട്ടി നിൽക്കുന്ന ചിത്രങ്ങളിലൂടെ പരിചയമുള്ള ഹൈദരാബാദിന്റെ വേറിട്ട ഭാവം.

HB1
Photo: Shreyas Joseph

‘‘നമുക്ക് ‘ദോശ ബന്ദി’യിൽ നിന്നു തുടങ്ങാം. അവരെ കാണണമെങ്കിൽ ഇന്നേരത്ത് പുറപ്പെടണം. വൈകിയാൽ അവർ അപ്രത്യക്ഷരാവും’’ – സുഹൃത്ത് ശ്രേയസ് പറഞ്ഞു. നഗരത്തിന്റെ രുചികേന്ദ്രങ്ങളിലൂടെ സ്ഥിരം ചുറ്റിയടിക്കുന്ന ആളാണ് കക്ഷി. അധികം നടക്കേണ്ടി വന്നില്ല. റോഡിനോട് ചേർന്ന് മരത്തണലിൽ ഒരു ബൈക്ക്. അതിനു പിന്നിൽ വലിയ പാത്രങ്ങൾ കെട്ടിവച്ചിരിക്കുന്നു. ചുറ്റും നിന്ന് ഭക്ഷണം കഴിക്കുന്നവർ. ‘‘ഇതാണ് നഗരത്തിന്റെ ദോശ ബന്ദി. കോളജിൽ പോകുന്നവരുടെയും ഓഫിസ് ജോലിക്കാരുടെയുമെല്ലാം ബ്രേക്ക് ഫാസ്റ്റ് പോയിന്റ്’’ – ശ്രേയസ് പറഞ്ഞു. രാവിലെ അഞ്ചു മണി മുതൽ ദോശയും ഇഡ്ഡലിയും കറികളുമൊക്കെയായി ദോശ ബന്ദികളിറങ്ങും. വീട്ടിൽ നിന്നും ഹോട്ടലുകളിൽ നിന്നും തയാറാക്കിയ ഭക്ഷണമാണ്. ദോശയാണ് ഹൈലൈറ്റ്. വില തുച്ഛം. ഗുണം മെച്ചം.

മൊരിവോടെ ഒരു പ്ലേറ്റ് ദോശ അകത്താക്കി നടത്തം തുടർന്നു. ‘എല്ലായിടത്തു നിന്നും ഇത്തിരി മാത്രം’ എന്നതാണ് മുദ്രാവാക്യം. ഇനി പലയിടത്തു നിന്നും രുചിപരീക്ഷണങ്ങൾ നടത്തേണ്ടതാണല്ലോ?

നാം പള്ളിയായിരുന്നു അടുത്ത ലക്ഷ്യം. പണ്ടു മുതലേ കേൾക്കുന്ന ഒരു പേരുണ്ട്. ‘രാം കി ബന്ദി’. പ്രശസ്തരായ പലരും ദോശ രുചിയറിയാൻ വരാറുള്ളിടമാണത്രേ. ഓട്ടോക്കാരനോട് പറഞ്ഞപ്പോൾ അറിയാമെന്നു തലയാട്ടി. ഒരു ചെറിയ തട്ടുകടയുടെ മുൻപിലാണ് അയാൾ ബ്രേക്കിട്ടത്. ‘രാം കി ബന്ദി’ – തട്ടുകടയുടെ മുകളിൽ ചെറുതായി എഴുതിവച്ചിരിക്കുന്നു. ഇതാണോ സംഭവം? ‘‘പനീർ ദോശ, നെയ്യ് ദോശ, പനീർ സ്പെഷൽ ദോശ, വെജ് സാലഡ് ദോശ... എന്നിങ്ങനെ ഇരുപത് തരം ദോശകളുണ്ട്. ഏതാണ് സർ വേണ്ടത്?’’ – കടക്കാരന്റെ ചോദ്യം കേട്ടതോടെ സംശയം പമ്പ കടന്നു. രാവിലെ രണ്ടു മണി മുതൽ രാത്രി വൈകും വരെ ‘രാം കി ബന്ദി’ സജീവമാകും. കണ്ടാൽ ഫൈവ് സ്റ്റാർ സെറ്റപ്പില്ലെങ്കിലും ഹൈദരാബാദിലുടനീളം പ്രശസ്തമാണ് ഈ കട. പനീറും പച്ചക്കറികളുമെല്ലാം ചേർത്ത് വലിയ ദേശക്കല്ലിൽ നിരനിരയായി ദോശ ചുട്ടെടുക്കുന്നത് കാണാൻ തന്നെ ഒരഴകുണ്ട്.

ചാർമിനാറിനടുത്തൊരു ചായക്കട

ദോശവിശേഷങ്ങൾ കഴിഞ്ഞ് ഓൾഡ് സിറ്റിയിലേക്കു നടന്നു. ഇവിടെയാണ് നഗരത്തിലെ പ്രധാന രുചികേന്ദ്രങ്ങളിൽ പലതുമുള്ളത്. ഒരു ചായ കുടിക്കാനുള്ള മോഹം മനസ്സില്‍ ഡപ്പാക്കൂത്ത് നടത്താൻ തുടങ്ങിയിരുന്നു. ‘നിംറാ’ ക ഫേയിലേക്ക് കയറിച്ചെന്നു.

HB2
Photo: Shreyas Joseph

നഗരത്തിലെ ഏറ്റവും രുചിയുള്ള ചായ എവിടെ കിട്ടുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ചാർമിനാറിനടുത്തുള്ള നിംറാ കഫേ. പാൽ കുറുക്കി കുറുക്കിയൊരുക്കുന്ന ‘ഇറാനി’ ചായയാണ് ഇവിടുത്തെ ഹൈലൈറ്റ്. ചെറിയ കപ്പിൽ ഇത്തിരി ചായയേ ഉണ്ടാവുകയുള്ളൂ. പക്ഷേ അ തിന്റെ രുചി, അത് വേറെ ലെവലാണ്. കൂടെ ‘ഉ സ്മാനിയ’ ബിസ്കറ്റ് കൂടിയുണ്ടെങ്കിൽ പിന്നെ പറയണ്ട. ചായ കുടിക്കുന്നതോടൊപ്പം ചാർമിനാറിന്റെ പശ്ചാത്തലത്തിൽ അടിപൊളി ചിത്രങ്ങൾ പകർത്തുന്നതും ഇവിടത്തെ രീതിയാണ്.

ഇനിയിപ്പോൾ ചായയല്ല. ഫ്രൂട്ട് ജ്യൂസാണ് വേണ്ടതെങ്കിൽ, അതിനും പ്രശസ്തമാണ് ചാർമിനാർ ഏരിയ. രാവിലെ ചായയുടെ നേരമായതുകൊണ്ടു പക്ഷേ കുറച്ചു കടകളേ തുറക്കൂ. ‘അൽ ഖാദർ’ ജ്യൂസ് ഷോപ്പിലേക്ക് കയറിച്ചെന്നു. രുചിയറിയാലോ എന്നു കരുതി ഒരു മുസംബി ജ്യൂസ് ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം സാധനം റെ ഡി. ഗ്ലാസിന്റെ വലുപ്പം കണ്ട് ഞെട്ടിപ്പോയി! മൂന്നാൾക്ക് കുടിക്കാൻ മാത്രമുണ്ട് അറുപതു രൂപയുടെ ഒരു ജ്യൂസ്. അത്രയ്ക്കും വലിയ ഗ്ലാസ്. ‘‘ദാഹവും ക്ഷീണവും മാറാനല്ലേ ഇത് കുടിക്കുന്നത്. അതുകൊണ്ട് അളവിന്റെ കാര്യത്തിൽ ഞങ്ങൾ പിശുക്കാറില്ല. വരുന്നവരുടെ മനസ്സും വയറും നിറയണമെന്നാണ് ഞങ്ങളുടെ പോളിസി’’ – കടയുടമ പറഞ്ഞു.

HB4
Photo: Shreyas Joseph

ജ്യൂസ് കുടിക്കുന്നതിലല്ല, ഇനി ബാക്കി ഭക്ഷണം കഴിക്കാൻ കഴിയാതെ വരുമോ എന്നതിലായിരുന്നു ഞങ്ങളുടെ പേടി. ‘റുമാൻ’ റസ്റ്ററന്റെന്ന അടുത്ത ലക്ഷ്യത്തിലേക്കുള്ള വഴി ചോദിച്ച് അൽ ഖാദറിൽ നിന്നിറങ്ങി. ഓട്ടോക്കാരന്റെ സഹായത്തോടെ റുമാനിലെത്തി. പ്രശസ്തമായ മക്കാ മസ്ജിദിന്റെ പിൻവശത്തുള്ള തെരുവിലാണ് റുമാൻ. ചായയും കേക്കും സമൂസയുമാണ് ഇവിടുത്തെ ആകർഷണം. പൂരിയും പരീക്ഷിക്കേണ്ടതാണ്. ബിരിയാണിയുടെ നേരമാവാത്തതുകൊണ്ട് വീണ്ടുമൊരു ചായ കൂടി നുണഞ്ഞു.

ലിസ്റ്റിലെ അടുത്ത രുചികേന്ദ്രത്തിലേക്ക് അൽപം ദൂരമുണ്ട്. ഓട്ടോവിളി ഒഴിവാക്കി. ദൂ രം കുടുതലാണെങ്കിലും നടക്കാൻ തീരുമാനിച്ചു. ഇത്തിരി ക്ഷീണിക്കണം. എന്നാലല്ലേ നന്നായി കഴിക്കാനൊക്കൂ. മക്കാ മസ്ജിദിന്റെ പിന്നിലെ ഗലികളിലൂടെ, ലാഡ് ബസാറും പിന്നിട്ട് നടന്നു.

ബിരിയാണി നേരമായി...

രസകരമാണ് ഹൈദരാബാദിന്റെ ഊടുവഴികൾ. കാഴ്ചകളും കഥകളുമായി നേരം പോകുന്നതറിയുകയേ ഇല്ല. പത്തു മണിനേരം കടന്ന് വെയിലിന് കട്ടിയേറിത്തുടങ്ങി. ‘പിസ്ത ഹൗസി’ലേക്കാണ് നടന്നു കയറിയത്. വിദേശത്തടക്കം ബ്രാഞ്ചുകളുള്ള ഹൈദരാബാദി രുചികേന്ദ്രമാണ് പിസ്ത ഹൗസ്. ബിരിയാണിയും ല വാസയും ചിക്കൻ പീസയുമെല്ലാമാണ് ഇവിടുത്തെ സൂപ്പർ ഹിറ്റുകൾ. മധുരപലഹാരങ്ങളും കെങ്കേമം. തൊട്ടടുത്തു തന്നെയാണ് ‘മത്‌വാലേ ദൂത് ഗർ’. ലസ്സിയും ഫലൂദയുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പിസ്ത ഹൗസിലെ മധുരവും മത്‌വാലേയിലെ സ്പെഷൽ ഫലൂദയും നുണഞ്ഞ് നടന്നു.

HB3
Photo: Shreyas Joseph

ബിരിയാണി കഴിക്കാൻ ‘ഷാദാബി’ലെത്തണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു. അവിടേക്കുള്ള വഴിയുമന്വേഷിച്ചു നടക്കുന്നതിനിടെയാണ് ‘മുഗൾ ബേക്കറി’യുടെ മുൻപിലെത്തിപ്പെട്ടത്. അൻപതു വർഷത്തിലേറെ പഴക്കമുള്ള കടയാണ്. പല വർണങ്ങളാൽ മുഗൾ ബേക്കറി എന്നെഴുതിവച്ചതു കാണാൻ തന്നെ നല്ല ചേല്. ഇവിടെയുണ്ടാക്കുന്ന ഫൈൻ ബിസ്കറ്റും ഉസ്മാനിയ ബിസ്കറ്റുമാണ് നഗരത്തിലെ പല ബേക്കറികളിലും വിൽപ്പനയ്ക്കുള്ളത്. ‘‘ഡാൽഡയും മൈദയും ഉപ്പുമാണ് ഫൈൻ ബിസ്കറ്റിന്റെ പ്രധാന കൂട്ട്. അത് പ്രത്യേകം തയാറാക്കിയ കനലടുപ്പിനകത്തുവച്ച് പാകപ്പെടുത്തും’’ – അടുപ്പിൽ നിന്ന് ബിസ്കറ്റെടുക്കുന്നതിനിടെ കടക്കാരൻ ഫറൂഖ് വിവരിച്ചു. അടുപ്പും വിൽപ്പനകേന്ദ്രവുമെല്ലാം അടുത്തടുത്തു തന്നെയാണ്.

നീലച്ചുമരുകളുള്ള മൂന്നു നില കെട്ടിടമാണ് ഷാദാബ്. നിലകൾ പലതുണ്ടായിട്ടും ഒരു സീറ്റിനു വേണ്ടി ക്യൂ നിൽക്കണം. അത്രയ്ക്കുമാണ് തിരക്ക്. ഉച്ചനേരങ്ങളിൽ ഇതിനു മുൻപിലെ റോഡ് സ്ഥിരമായി ബ്ലോക്കാവും. തിക്കിത്തിരക്കി സീറ്റ് പിടിച്ചു. ഹൈദരാബാദി ദം ബിരിയാണി ഓർഡർ ചെയ്തു. ഒരു വലിയ പ്ലേറ്റിൽ ബിരിയാണിയെത്തി. ‘‘ഹണ്ടിയെന്നാണ് ഇതിനു പറയുക. നമ്മുടെ നാട്ടിൾ ഡബിൾ എന്നൊക്കെ പറയില്ലേ. ഏതാണ്ട് അതുപോലെ. രണ്ടു കഷ്ണങ്ങളുണ്ടാവും. രണ്ടുപേർക്ക് കഴിക്കാം.’’ – ശ്രേയസ് വിശദീകരിച്ചു. ‘റായ്ത്ത’യും പച്ച ചട്നിയും ബിരിയാണിയോടൊപ്പമുണ്ട്. ഇതു രണ്ടുമുണ്ടെങ്കിൽ പിന്നെ കറിയുടെ ആവശ്യമില്ല. അത്രയ്ക്ക് രുചിയാണ്.

ഇനിയൊരു പാൻ ചവയ്ക്കാം

ഹൈദരാബാദ് ഭക്ഷണത്തിന്റെ ഭാഗമാണ് പാൻ. എല്ലാ ഹോട്ടലിനോടും ചേർന്ന് ഒരു പാൻ കടയെങ്കിലും കാണും. ഒരു രക്ഷയുമില്ല. ഇനിയെന്തെങ്കിലും കഴിക്കണമെങ്കിൽ വൈകുന്നേരമാവണം. ലഹരിയില്ലാത്ത പാനിന്റെ രുചി ഒരിത്തിരി നുണഞ്ഞ് നഗരക്കാഴ്ചകളിലേക്ക്...

HB_6
Photo: Shreyas Joseph

വൈകുന്നരമാവുമ്പോഴേക്കും ഓൾഡ് സിറ്റി പരിസരം കൂടുതൽ രുചിമയമാവുമെന്ന് പലയിടത്തും വായിച്ചിരുന്നു. വിശപ്പ് തിരികെ വരും വരെ പലയിടത്തും കറങ്ങി നടന്ന് നേരം ഇരുട്ടിയപ്പോഴേക്കും ചാർമിനാറിന്റെ മുറ്റത്ത് തിരിച്ചെത്തി. നേരെ ‘മിലൻ’ ജ്യൂസ് സെന്ററിലേക്ക് ചെന്നു. നഗരത്തിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളിലൊന്നാണിത്. ‘‘മൾബറി മലായ്, കസ്റ്റാഡ് ആപ്പിൾ മലായ്, അവോകാഡോ തുടങ്ങി അറുപതു ഇനം ജ്യൂസും സ്പെഷൽ ഡ്രൈഫ്രൂട്ട് സലാഡും ഇവിടെ ലഭ്യമാണ്. എല്ലാം സന്ദർശകർക്കു മുൻപിൽ വച്ച് ഫ്രഷായി ഉണ്ടാക്കുന്നു’’ – മിലൻ ജ്യൂസ് സെന്റർ ഉടമ ബാസിത് പറയുന്നു. രുചിയറിയാൻ മാത്രം ഇത്തിരി ഫ്രൂട്ട് സാലഡ് നുണഞ്ഞ് ബാസിത്തിനോട് യാത്ര പറഞ്ഞു.

നടന്ന് നടന്ന് ‘ഷാഗൗസി’ലെത്തിയപ്പോഴേക്കും വിശപ്പ് ആളിത്തുടങ്ങിയിരുന്നു. രാത്രി ബിരിയാണിയുടെ നേരം. ഹൈദരാബാദി മട്ടൺ ബിരിയാണിയും പായലുമാണ് ഷാഗൗസിന്റെ അടയാളമെന്ന് ശ്രേയസ്. അതു തന്നെ ഓർഡർ ചെയ്തു. ആടിന്റെ കാല് തിളപ്പിച്ച്, അതിലേക്ക് മസാലകൾ ചേർത്തുണ്ടാക്കുന്ന പ്രത്യേക തരം സൂപ്പാണ് പായൽ. ഇത്തിരി എരിവേറും. അതിലേറെയാണ് രുചി. ബിരിയാണിയോടൊപ്പമോ അതിനു ശേഷമോ രുചിച്ചറിയാം. പായൽ രുചിച്ചപ്പോഴേക്കും ‘ഖുർബാനി കാ മീത്താ’യെത്തി. ആപ്രിക്കോട്ട് പഴം കൊണ്ടുണ്ടാക്കുന്ന മധുരമാണ് ഖുർബാനി കാ മീത്താ.

ഷാഗൗസിൽ നിന്നിറങ്ങിയപ്പോഴേക്കും നേരം വൈകി. ഇ നി കഴിക്കാൻ വയറിലിടമില്ല. ത ത്കാലം ഇന്നത്തെ യാത്ര അവസാനിപ്പിക്കാമെന്നു പറഞ്ഞപ്പോ ൾ ശ്രേയസ് ചിരിച്ചു–‘‘രണ്ടു ദിവസം വേണമെന്ന് പറഞ്ഞപ്പോൾ ഇ ത്രയ്ക്ക് കരുതിയില്ല... ല്ലേ.’’

ആദാബിലെ മന്തിയും മുഗൾ ദർബാറിലെ ദം ചിക്കനും

ഗച്ചി ബൗളിയിലെ ‘കറാച്ചി ബേക്കറി’യില്‍ നിന്നായിരുന്നു രണ്ടാം ദിവസത്തിന്റെ രുചി തുട ക്കം. പ്രശസ്തമായ കറാച്ചി ബിസ്കറ്റും സൂഷേ റോളുമെല്ലാം ഇവിയെപ്പോഴും ത യാറാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലായി ഈ ബേക്കറിയുടെ ശാഖകളുണ്ട്. ഇതിനടുത്തു തന്നെയാണ് പ്രശസ്തമായ പാരഡൈസ് ഹോട്ടൽ. ഹൈദരാബാദി ബിരിയാണിയുടെ ഈറ്റില്ലമാണ് പാരഡൈസ്.

ബിരിയാണി ഒന്നു മാറ്റിപ്പിടിക്കണമെന്ന മോഹവുമായാണ് ഉച്ചഭക്ഷണത്തിന് ആദാബ് ഹോട്ടലിലേക്ക് കയറിയത്. സാധാരണ സീറ്റുകളല്ല, മറിച്ച് പരവതാനി വിരിച്ച, കുഷ്യനുകളുള്ള അറബ് ൈസ്റ്റലിൽ ഉൾവശം. ചിക്കൻ ഫഹം മന്തി ഓർഡർ ചെയ്തു. നാലു പേർക്ക് കഴിക്കാൻ മാത്രമുള്ള മന്തി പെട്ടെന്നു തന്നെയെത്തി. സീറ്റിന്റെ നടുവിലേക്ക് വച്ചു. ‘‘പ്ലേറ്റ് കാത്തിരിക്കേണ്ട. ഇവിടെ ഒരു പാത്രത്തിൽ നിന്നാണ് എല്ലാവരും കഴിക്കുക’’ – ശ്രേയസ് പറഞ്ഞു. രുചികരമായ മന്തി. പകരം വയ്ക്കാനില്ലാത്ത ആംബിയൻസ്. ഇതാണ് ആദാബ്.

HB5
Photo: Shreyas Joseph

പകലു മുഴുവൻ ടോളിചൗക്കിയിലെ ഭക്ഷണ േകന്ദ്രങ്ങളിലൂടെ ചുറ്റിയടിച്ച്, ‘കാബൂൾ ദർബാറിൽ’ നിന്ന് അ ഫ്ഗാനി രുചി പരീക്ഷിച്ച് നടക്കുമ്പോഴും മനസ്സിൽ ‘ഹലീമാ’യിരുന്നു. ഹൈദരാബാദിന്റെ രുചിയടയാളമാണ് ആട്ടിറച്ചി കൊ ണ്ടുണ്ടാക്കുന്ന ഹലീം. അന്വേഷിക്കുന്നിടത്തു നിന്നെല്ലാം റമസാൻ മാസത്തിൽ മാത്രമേ ഇതു കിട്ടൂ എന്നായിരുന്നു മറുപടി. മടങ്ങും വഴി പെട്ടെന്നാണ് ഒരു ബോർഡ് ശ്രദ്ധിച്ചത്. ഹലീം തയാർ! നാം പള്ളിയിലെ ഡെക്കാൻ ഷെഫ് റസ്റ്ററന്റ്. ‘‘ഇവിടെ എപ്പോഴും ഹലീം ലഭിക്കും. കോഴി കൊണ്ടുള്ളതും ആട്ടിറച്ചി കൊണ്ടുള്ളതുമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സ്ഥിരം വിഭവമാണ്. റമസാനിലെ അതിഥിയല്ല’’ – കടയുടമ അദീബ് വിവരിച്ചു. അഞ്ചു മണിക്കൂറെടുത്താണ് കോഴിയിറച്ചികൊണ്ടുള്ള ഹലീമുണ്ടാക്കുന്നത്. ആട്ടിറച്ചി കൊണ്ടുള്ളതിനു എട്ടു മുതൽ 10 മണിക്കൂർ വരെയെടുക്കും. ഗോതമ്പും ഇറച്ചിയുമെല്ലാം ചേർത്തുള്ള അടിപൊളി പാചകം.

ഹലീം കിട്ടിയ സന്തോഷത്തിൽ തൊട്ടടുത്തുള്ള ‘ഫേമസ്’ ഐസ്ക്രീം സെന്ററിൽ കയറി. സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞെങ്കിലും ഈ ഹൈദരാബാദിനെന്താ... രുചി!