മഞ്ഞിന്റെ താഴ്‌വരയിലേക്ക് വീണ്ടും സ്വാഗതം പറയുന്നു ഹിമാചൽ പ്രദേശ് വിനോദസഞ്ചാര വകുപ്പ്. കുളു–മണാലി ടൂറിസം മേഖലയിൽ കോവിഡ‍് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ നിരോധനം നീക്കി. കുളുവിലും മണാലിയിലും ഏപ്രിൽ ആദ്യവാരം അടച്ച സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 30 നു ശേഷം തുറന്നു പ്രവർത്തിക്കാമെന്നാണു സർക്കാർ ഉത്തരവ്.
അൻപതു ശതമാനം ഹോട്ടൽ, റസ്റ്ററന്റുകൾ ഒക്ടോബർ ഒന്നിനു തുറന്നതായി കുളു–മണാലി ഹോട്ടലിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുപ് താക്കൂർ പറഞ്ഞു. പ്രാദേശികമായി കോവിഡ് പരിശോധനാ കേന്ദ്രം തുറക്കണമെന്ന് താഴ്‌വരയിലെ ബിസിനസുകാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ചർച്ച നീണ്ടതിനെ തുടർന്നാണ് രാജ്യത്ത് ഏറ്റവുമധികം ടൂറിസ്റ്റുകൾ എത്തുന്ന കുളു–മണാലി മേഖല ടൂറിസം വാതിലുകൾ തുറക്കാൻ വൈകിയത്.
ഒക്ടോബർ ഒന്നിനു ബുക്കിങ് ആരംഭിച്ച ഹോട്ടലുകളിൽ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു ഫോൺ വിളികൾ വരുന്നുണ്ട്. ഓൺലൈൻ ബുക്കിങ് ആപുകളിൽ നാൽപതു ശതമാനം ബുക്കിങ് ആയെന്നു ഹോട്ടൽ ഉടമകൾ പറയുന്നു. സെപ്റ്റംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെയാണ് കുളു–മണാലിയിൽ സീസൺ. മഞ്ഞു പുതയ്ക്കുന്ന മലനിരയിൽ ഇക്കാലത്ത് ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്നു.
ട്രക്കിങ്, ജീപ്പ് സഫാരി, പാരാ ഗ്ലൈഡിങ്, സൈറ്റ് സീയിങ് എന്നിവയാണ് പ്രധാനപ്പെട്ട ടൂറിസം പരിപാടികൾ. മണാലിയിൽ നിന്നു ലേയിലേക്ക് പർവതത്തിന് അടിയിലൂടെ നിർമിച്ച ‘അടൽ ടണൽ’ തുറന്നതിനു ശേഷമുള്ള ആദ്യത്തെ വിനോദസഞ്ചാര സീസൺ ആണ് ഇത്തവണത്തേത്. രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാത (9.02 കി.മീ) കാണാൻ ജനപ്രവാഹം ഉണ്ടാകുമെന്നാണ് ഹിമാചൽ ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.