കടുത്തുരുത്തിക്കാരൻ കുര്യന് അഞ്ചെട്ടു വർഷം മുൻപ് ഏഴിലംപാലയുടെ ഒരു തൈ കിട്ടി. ഇലയോടുകൂടി ആ കമ്പിന്റെ കഷണം അയാൾ ആയാംകുടിയിലെ പാടവരമ്പത്ത് നട്ടു. അതു കഴിഞ്ഞു വീട്ടിലേക്കു പോകാനൊരുങ്ങിയപ്പോൾ കുര്യനൊരു മനപ്രയാസം. എവിടെയോ കിളിർത്ത ചെടിയെ യാതൊരു പരിചയവുമില്ലാത്ത സ്ഥലത്ത് ഒറ്റയ്ക്കു നിർത്തി വീട്ടിൽ പോകുന്നതെങ്ങനെ... പ്രശ്നം പരിഹരിക്കാനായി ഒരു വള്ളിച്ചെടി വേരോടെ പറിച്ച് അയാൾ ഏഴിലം പാലയുടെ ചുവട്ടിൽ നട്ടു. ‘‘പുരുഷനായ വൃക്ഷമേ, വള്ളിച്ചെടിയാകുന്ന സ്ത്രീയും നീയുമായി ഇതാ വിവാഹം നടത്തപ്പെട്ടിരിക്കുന്നു’’ കൂര്യൻ മനസ്സിനുള്ളിൽ മൂന്നു തവണ വിളിച്ചു ചൊല്ലി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി അങ്ങനെ മരവും വള്ളിച്ചെടിയും കല്യാണം കഴിച്ചു.
‘‘വൃക്ഷ ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായോ എന്നു നോക്കാൻ എല്ലാ ദിവസവും ഞാൻ ഇവിടെ വരാറുണ്ട്’’ ഏഴിലംപാലയുടെ ചുവട്ടിൽ നിന്ന് എൻ. കെ. കുര്യൻ കഥ പറഞ്ഞു. നീലക്കൊടുവേലി മുതൽ കൃഷ്ണനാൽ വരെ ആയിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇതുപോലെ കൂര്യൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പതിനാലു വർഷം കൊണ്ടു പൂങ്കാവനമായി മാറിയ മരത്തോട്ടത്തിനു കുര്യനൊരു പേരിട്ടു – മാങ്കോ മെഡോസ്. മത്സ്യക്കുളം, ബോട്ട് സവാരി, റോപ് വേ, റസ്റ്ററന്റ്, റിസോർട്ട്, കൃഷിയിടം, കന്നുകാലി ഫാം... മാങ്കോ മെഡോസ് പടർന്നു പന്തലിച്ചൊരു തീം പാർക്കായി മാറി.
മീനൂട്ട്, ചാകര കാണാം
നാലായിരത്തി അഞ്ഞൂറിലേറെ ഇനം സസ്യങ്ങൾ, ഇതിൽ 700 ഇനം മരങ്ങൾ, 164 ഇനം പഴവർഗങ്ങൾ, എൺപത്തിനാലു തരം പച്ചക്കറികൾ, നാലു കുളങ്ങൾ, അൻപത് റിസോർട്ടുകൾ, കാവ്, കടവ്, കളി സ്ഥലം, അമ്പലം, പള്ളി, ബൈബിൾ, അൻപത്തിനാലു പ്രതിമകൾ... മുപ്പതേക്കർ കൃഷി ഭൂമിയിൽ കുര്യൻ സൃഷ്ടിച്ച കാഴ്ചകളുടെ ബാക്കി വിശേഷം വഴിയേ പറയാം.
അരി ഏതു ചെടിയിലാണ് വിളയുന്നതെന്നു പോലും അറിയാത്ത പുതുതലമുറയ്ക്കു വേണ്ടിയുള്ളതാണ് മാങ്കോ മെഡോസ് എന്നു കുര്യൻ പറഞ്ഞു. അതിനു ശേഷം, ഒരു കപ്പ് മീൻതീറ്റയുമായി പാലത്തിലേക്കു കയറി. അതിൽ നിന്നൊരു പിടി വെള്ളത്തിലേക്കിട്ടപ്പോൾ കുളത്തിനു നടുവിൽ ചാകര വന്ന പോലെ മീനുകൾ തുള്ളിച്ചാടി. ‘‘ഇതാണ് മീനൂട്ട്’’ – കുര്യൻ ചൂണ്ടിക്കാട്ടി. പരൽമീൻ മുതൽ മുപ്പതു കിലോയുള്ള അലങ്കാര മത്സ്യം വരെ നാൽപ്പതിലേറെ ഇനം മീനുകൾ വളരുന്ന കുളത്തിനു മുകളിലെ പാലമാണ് മീനൂട്ടിന്റെ കേന്ദ്രം.
മാങ്കോ മെഡോസിലെ എല്ലാ റോഡുകളും പ്രകൃതിയുമായി ബന്ധമുള്ള പ്രശസ്തരുടെ പേരിലാണ് അറിയപ്പെടുന്നത്. പി. എസ്. വാരിയർ റോഡിലാണ് മീനൂട്ടിന്റെ കവാടം. ഇവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ബോട്ട് ജെട്ടി. വലത്തോട്ടുള്ള വഴി കേബിൾ കാറിനരികിലേക്ക്. മറൈൻ അക്വേറിയം, വെജിറ്റബിൾ ഗാർഡൻ, നക്ഷത്ര ജംക്‌ഷൻ എന്നിവയെല്ലാം വലതു ഭാഗത്താണ്. ചീനവല, ടെലിസ്കോപ് ടവർ, സർപ്പക്കാവ് തുടങ്ങിയവ കാണാനുള്ള വഴിയാണ് ഇടത്തോട്ട്. ഡോ. അബ്ദുൾ കലാം റോഡ്, എം.എസ്. സ്വാമിനാഥൻ റോഡ്, എച്ച്.ജി. വെൽസ് റോഡ്, ജെ.സി. ബോസ് റോഡ് തുടങ്ങി ആറു കിലോമീറ്റർ സ്ഥലത്ത് പത്തോളം റോഡുകളുണ്ട്.
വാലന്റൈൻ ഗാർഡൻ
തമിഴ്നാട്ടുകാരുടെ ‘മാങ്കായ്’ എന്ന വാക്കിൽ നിന്ന് ‘മാങ്കോ’ എന്ന ഇംഗ്ലിഷ് വാക്കിന്റെ ഉദ്ഭവം. king of fruits എന്ന പദവി നേടിയ മാങ്ങ ദക്ഷിണേന്ത്യയിൽ നിന്ന് അക്ബർ ച ക്രവർത്തിയിലൂടെ ലോകം മുഴുവനുമെത്തിയെന്നു ‘പഴം പുരാണം’. മാങ്ങയുടെ ഈ രാജകീയതയാണ് ‘മാങ്കോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്ക്’ എന്ന പേരിന്റെ പിറവിക്കു വഴിയൊരുക്കിയത്.
മാങ്കോ മെഡോസിന്റെ ഗൈഡ് ടൂറിൽ പങ്കെടുത്താൽ സർവ വിജ്ഞാന കോശം വായിച്ചതിനു തുല്യമാണു ഫലം. ഏദൻതോട്ടം, വാലന്റൈൻ ഗാർഡൻ, വാഴത്തോപ്പ്, മാന്തോപ്പ്, നക്ഷത്ര ജംക്‌ഷൻ, പച്ചക്കറിത്തോട്ടം, വളർത്തു മൃഗങ്ങളുടെ ഫാം, മത്സ്യക്കുളം, തേയിലത്തോട്ടം, ഏലത്തോട്ടം, സർപ്പക്കാവ്, അമ്പലക്കുളം, കുളക്കടവ്, ആയുർവേദ മരങ്ങൾ – ഇത്രയുമാണ് ഗൈഡ് ടൂർ. മാങ്കോ മെഡോസിൽ ചെന്നു കയറുന്നവർക്ക് അവിടുത്തെ സഹായികൾ കാര്യങ്ങൾ വിശദീകരിക്കും. രാമായണത്തിൽ പറയുന്ന സീതാദേവിയുടെ സഹനത്തിനു സാക്ഷിയായ ശിംശിപാ വൃക്ഷം മുതൽ ബുദ്ധഭിക്ഷുക്കളുടെ ഭക്ഷണപ്പാത്രമായ തിരുവട്ടക്കായ് ഉണ്ടാകുന്ന മരം വരെ അവർ പരിചയപ്പെടുത്തും.
സൈക്കിളെടുത്ത് റോഡിലൊന്നു കറങ്ങിയാൽ സ്ഥലത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. നാല് കുളങ്ങളും വഴികളും കളി സ്ഥലങ്ങളും റോപ് വേയും ബോട്ടുമെല്ലാം ഉപയോഗിക്കാം. ആദ്യം ബോട്ടിൽ കയറിയൊരു സവാരിയാകാം. വെളത്തിലേക്ക് നീണ്ടു നിൽക്കുന്ന കോട്ടേജുകളും റോപ് കാറുകളും ബോട്ട് സവാരിയിലെ കാഴ്ചകൾക്കു ചന്തംകൂട്ടുന്നു. പാലത്തിൽ നിൽക്കുന്നവർ തീറ്റയെറിയുമ്പോൾ കുതിച്ചു പൊങ്ങുന്ന മീനുകളാണ് ഈ യാത്രയ്ക്കു ത്രിൽ കൂട്ടുന്നത്.
നിറയെ ഫലങ്ങളുമായി ഏദൻ തോട്ടം
146 ഇനം പഴങ്ങൾ വിളഞ്ഞു നിൽക്കുന്ന സ്ഥലമാണ് ഏദൻതോട്ടം. തോട്ടത്തിനുള്ളിൽ ഹൗവ്വയുടെയും ആദമിന്റെയും ശിൽപ്പങ്ങളുണ്ട്. ബൈബിളിൽ പറയുന്ന അദ്ഭുതപ്പഴം, ഇസ്രയേൽ ഓറഞ്ച്, ചെറി, ആപ്പിൾ, പ്ലം... അപൂർവ പഴങ്ങൾ ഏദൻതോട്ടത്തിൽ നേരിട്ടു കാണാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ മാംഗോസ്റ്റിനാണ് തോട്ടത്തിന്റെ ഹൈലൈറ്റ്. പുസ്തകങ്ങളിൽ കഥാപാത്രങ്ങളായ സസ്യങ്ങളുടെ നിര അറിവിന്റെ പുതുലോകം തുറക്കുന്നു. ശ്രീകൃഷ്ണ ചരിതങ്ങളിലെ കടമ്പു മരം, ബുദ്ധനു ജ്ഞാനത്തിന്റെ തണലൊരുക്കിയ ബോധിമരം, ഒ.വി. വിജയന്റെ കഥയിലെ കരിമ്പന, തുഞ്ചൻപറമ്പിലെ കാഞ്ഞിരം... മാങ്കോ മെഡോസ് വ്യത്യസ്തമാകുന്നത് സാക്ഷാത്കാരങ്ങളിലൂടെയാണ്.
കാട്ടിൽ അകപ്പെട്ടുവെന്നു കരുതുക. വിശപ്പു സഹിക്കാതെ ഒതളങ്ങ പറിച്ചു കഴിച്ചാൽ എന്താകും അവസ്ഥ? ‘‘ മഞ്ഞ അരളി, ചുവന്ന അരളി, ആവണക്ക്, ഒതളങ്ങ എന്നിവ വിഷമാണ്. ചേരു മരത്തിന്റെ ഇലയോ പൂവോ ദേഹത്തു മുട്ടിയാൽ തൊലി തടിച്ചു പൊങ്ങി ജീവൻ നഷ്ടപ്പെടും. ഇതിനു മരുന്നു കണ്ടെത്തിയിട്ടില്ല.’’ മരങ്ങളുടെ ലോകത്തെക്കുരിച്ച് കുര്യൻ അറിവു പങ്കുവച്ചു.
ഡേ ടൂർ, റിസോർട്ട് ടൂർ, ആ യുർവേദ ചികിത്സ, സുഖവാസം, കേബിൾ കാർ, വാച്ച് ടവർ, ഗുഹാ കോട്ടേജ് എന്നിവയാണ് സവിശേഷതകൾ. നീന്തൽക്കുളം, പെഡൽ ബോട്ടിങ്, റോ ബോട്ടിങ്, വാട്ടർ സൈക്കിൾ, ഗോ കാർട്ട്, ജലചക്രം, മീനൂട്ട്, റോപ് കാർ, ആർച്ചറി, ട്രാംപോ ലൈൻ, ബംപർ കാർ, സ്നൂക്കർ... മാംഗോ മെഡോസിലെ തീം പാർക്കിന്റെ സമ്പൂർണത.
Travel Information
കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലാണ് മാംംഗോ മെഡോസ്. കേരളത്തിന്റെ തെക്കു ഭാഗത്തു നിന്നുള്ളവർക്ക് മെഡിക്കൽ കോളജ്, നീണ്ടൂർ, കടുത്തുരുത്തി വഴി ആയാംകുടിയിലെത്താം. എറണാകുളത്തു നിന്നു വരുന്നവർ കടുത്തുരുത്തിയിൽ നിന്ന് നേരേ ആയാംകുടി. പാർക്കിലെത്തുന്നവർ മരങ്ങളെ പരിചയപ്പെടുത്തുന്ന ഗൈഡ് ടൂറിൽ നിർബന്ധമായും പങ്കെടുക്കണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം. മാംഗോ മെഡോസിലെ അമ്പതു റിസോർട്ടുകളിൽ ഗുഹാ കോട്ടേജാണ് അദ്ഭുതകരമായ അനുഭവം.