Tuesday 28 July 2020 04:26 PM IST : By സ്വന്തം ലേഖകൻ

ദർവിശ് നർത്തകരുടെ നഗരത്തിൽ

mevl1

സമ്പന്നമായ ചരിത്രവും പുരാവൃത്തവുമുണ്ട് തുർക്കിക്ക്. ഇസ്താംബുളിൽ നിന്ന് 700 കിലോ മീറ്റർ അകലെയുള്ള കൊന്യ നഗരത്തിന്റെ ചരിത്രം ബിസി 4000വരെ പിന്നോട്ടു പോകുന്നു. ഹിറ്റിറ്റൈസ് ജനങ്ങളും റോമൻകാരും തുർക്കികളുമൊക്കെ ഓരോരോ പേരിട്ടു വിളിച്ച ഈ നഗരം പ്രാചീന പട്ടുപാതയിലെ അതിപ്രധാന കേന്ദ്രമായിരുന്നു. ഇന്ന് കൊന്യ നഗരത്തിലേക്ക് ലോക സഞ്ചാരികളെ ആകർഷിക്കുന്നത് തുർക്കിഷ് സെൽജുക് സുൽത്താനേറ്റിന്റെ വാസ്തുശിൽപ കലയും ലോകപ്രസിദ്ധ കവിയും സൂഫി ആചാര്യനുമായ റൂമിയുടെ മുസോളിയവുമാണ്. വട്ടം കറങ്ങി നൃത്തം ചെയ്ത് ദൈവത്തെ ആരാധിക്കുന്ന മെവ്‌ലവി വിഭാഗത്തിന് തുടക്കമിട്ട നഗരം എന്ന നിലയ്ക്ക് ദർവിശ് നർത്തകരുടെ നഗരം എന്നും കൊന്യ അറിയപ്പെടുന്നു.

റൂമിയിലെ ജലാലുദ്ദിൻ

ജലാലുദ്ദിൻ റൂമിയുടെ കവിതാശകലങ്ങൾ കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും. ജീവിതത്തെയും പ്രണയത്തെയും കുറിച്ചുള്ള ഉദാത്തമായ ചിന്തകൾ കാവ്യശകലങ്ങളായി റൂമിയിൽനിന്നു രൂപംകൊണ്ടത് കൊന്യയിൽ വച്ചായിരുന്നു. സമകാലിക അഫ്ഗാനിസ്ഥാനിലെ ബാൾഖിൽ 1207 ൽ ജനിച്ച ജലാൽ ഉദ്–ദിൻ മുഹമ്മദ് പിതാവിനൊപ്പമാണ് റൂമിലെ സെൽജുക്ക് സുൽത്താനേറ്റിന്റെ തലസ്ഥാനമായിരുന്ന കൊന്യയിലെത്തുന്നത്. പ്രഗത്ഭനായ ഇസ്‌ലാമിക ദൈവശാസ്ത്രജ്ഞൻ, നീതിജ്ഞൻ, പണ്ഡിതൻ, കവി എന്നീ നിലകളിലൊക്കെ പേരെടുത്ത റൂമി പേർഷ്യയ്ക്കു പുറത്ത് അറിയപ്പെട്ടത് കവിതകളിലൂടെ ആയിരുന്നു. മൗലാന എന്നർഥംവരുന്ന മെവ്‌ലാന എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. 1273 ഡിസംബറിൽ മെവ്‌ലാന കൊന്യയിൽ വച്ച് മരണമടഞ്ഞു. കൊന്യയിൽ അച്ഛന്റെ മുസോളിയത്തിനു സമീപംതന്നെയാണ് റൂമിയുടെ ഖബറിടം ഒരുക്കിയതും. ‘സ്വർഗത്തിനു മുന്നിൽ വിരിച്ചിരിക്കുന്ന യവനികയാണ് ശ്മശാനഭൂമി’ എന്നു കുറിച്ചിട്ട റൂമിയുടെ ശവകുടീരം ഗ്രീൻ ടോംബ് എന്നും അറിയപ്പെടുന്നുണ്ട്.

mevl2

ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും പൊരുൾ തേടുവാൻ ജലാലുദ്ദിന്‍ റൂമി മുന്നോട്ടു വച്ച ദർശനങ്ങളും സിദ്ധാന്തങ്ങളും ആധാരമാക്കി ജീവിതം നയിക്കാൻ മകന്റെ നേതൃത്വത്തിൽ ഒട്ടേറെ ആളുകൾ എത്തുകയും ക്രമേണ അവർ സൂഫികൾക്കിടയിൽ മെവ്‌ലവി എന്നൊരു പ്രത്യേക കൂട്ടമായി മാറുകയും ചെയ്തു. ആരാധനാ ചടങ്ങിന്റെ ഭാഗമായി വട്ടത്തിൽ കറങ്ങിക്കൊണ്ടുള്ള ഇവരുടെ നൃത്തം വേളിംഗ് ദർവിശ് നൃത്തം ഏറെ പ്രശസ്തമാണ്. മെവ്‌ലവി വിഭാഗത്തിലുള്ളവരെ വേളിംഗ് ദർവിശുകൾ എന്നും വിളിക്കാറുണ്ട്.

വേളിംഗ് ദർവിശുകളുടെ ആസ്ഥാനം അഥവാ ദർവിശ് ലോഡ്ജ് കൊന്യയിലെ റൂമിയുടെ മുസോളിയം തന്നെയാണ്.

റോസ് ഗാർഡനിലെ മുസോളിയം

റൂമിയുടെ മുസോളിയത്തെ ഏറെ വ്യത്യസ്തമാക്കുന്നത് ശവകുടീരത്തിനു മുകളിലുള്ള കോണാകൃതിയിലുള്ള താഴികക്കുടമാണ്. റൂമിയുടെ പിതാവിന്റെ മുസോളിയം നിർമിക്കാനായി അക്കാലത്തെ സെൽജുക്കസ് സുൽത്താൻ തന്റെ പനിനീർ പുഷ്പങ്ങളുടെ ഉദ്യാനം റൂമിക്കു വിട്ടു നൽകിയിരുന്നു. കാലങ്ങൾക്കു ശേഷം പിതാവിന്റെ മുസോളിയത്തിനു സമീപമാണ് റൂമി ആഗ്രഹിച്ചതുപോലെ, അദ്ദേഹത്തിന്റെ ശവകുടീരം തീർത്തതും. സഹിഷ്ണുതയും സർവജന സമഭാവനയും ഉയർത്തി പിടിച്ച റൂമിയുടെ ആശയങ്ങളെ പിൻപറ്റുന്ന ലോകമെമ്പാടുമുള്ള സൂഫികൾക്ക് കൊന്യയിലെ ഈ മുസോളിയം ഒരു തീർഥാടന സ്ഥലമാണ്. ‘നിങ്ങൾ ആരുമാകട്ടെ, വരൂ. നിങ്ങളൊരു അവിശ്വാസിയോ ദുർവിശ്വാസിയോ, അഗ്ന്യാരാധകനോ ആകട്ടെ... വന്നോളു. നൈരാശ്യത്തിലാണ്ടവരുടെ ഒരു സാഹോദര്യമല്ല ഞങ്ങളുടേത്. പശ്ചാത്തപിക്കുമ്പോൾ ചെയ്യുന്ന പ്രതിജ്ഞകൾ ഒരു നൂറുവട്ടം ലംഘിച്ചവനായാലും വന്നോളൂ... ’ എന്ന് എല്ലാവരെയും സ്വാഗതം ചെയ്യുന്ന റൂമിയുടെ നാട്ടിലേക്ക് ഇന്നും ഒട്ടേറെ ആളുകൾ വന്നുകൊണ്ടിരിക്കുന്നു.

mevl3

കൊന്യയുടെതന്നെ അടയാളമായി മാറിയിട്ടുണ്ട് മെവ്‌ലാന മുസോളിയത്തിന്റെ പച്ചനിറമുള്ള താഴികക്കുടം. ആനക്കാലുകൾ എന്നു വിളിക്കുന്ന നാലു വലിയ തൂണുകളിലാണ് ഈ താഴികക്കുടം സ്ഥാപിച്ചിരിക്കുന്നത്. ബദർദിൻ തെബ്രിസിയാണ് മുസോളിയത്തിന്റെ ശിൽപി. മെവ്‌ലാന മ്യൂസിയത്തിന്റെ കെട്ടിടങ്ങളിൽ റൂമിയുടെ ജീവിതകാലത്തേതായി ബാക്കിനിൽക്കുന്നത് മുസോളിയം ഇരിക്കുന്ന ഭാഗം മാത്രമേയുള്ളു. ബാക്കി ഭാഗങ്ങൾ 16 ാം നൂറ്റാണ്ടില്‍ പുനരുദ്ധാരണം നടത്തി നിർമിച്ച കെട്ടിടങ്ങളാണ്.

ദർവിശുമാരുടെ കവാടം എന്നു വിളിക്കുന്ന പ്രധാന കവാടത്തിലൂടെ അകത്തേക്കു പ്രവേശിച്ചാൽ ഒരു നടുമുറ്റത്താണ് എത്തുക. ഈ അങ്കണത്തിനു വടക്കും പടിഞ്ഞാറും വശങ്ങളിൽ ദർവിശുമാർക്കുള്ള മുറികളാണ്. കിഴക്കുവശത്താണ് പ്രധാന കെട്ടിടങ്ങളും മസ്ജിദും റൂമിയുടെയും അദ്ദേഹത്തിന്റെ പിതാവിന്റെയും മുസോളിയങ്ങളും. റൂമിയുടെ പത്നിയുടെയും രണ്ടു കുട്ടികളുടെയും മെവ്‌ലാനയ്ക്കൊപ്പം കൊന്യയിൽ എത്തിയ 6 ദർവീശുകളുടെയും ശവകുടീരങ്ങൾ ആ സമുച്ചയത്തിനുള്ളിലുണ്ട്.

മെവ്‌ലാനയുടെ മുസോളിയം സ്ഥിതി ചെയ്യുന്ന ഹാളിലേക്കു വെള്ളി കൊണ്ടുള്ള ഒരു കവാടത്തിലൂടെയാണ് പ്രവേശിക്കുന്നത്. മെവ്‌ലാനയുടെ പ്രശസ്ത കൃതി മസ്നവിയുടെയും ദിവാൻ–ഇ കബീറിന്റെയും നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്തു പ്രതികൾ ഇവിടെ ചില്ലുകൂടുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. മൂന്നു താഴികക്കുടങ്ങളുള്ള ഈ ഹാളിന്റെ വടക്കേ അറ്റത്തുള്ള താഴികക്കുടത്തിനു ചേർന്നാണ് പച്ച നിറത്തിൽ, കോണാകൃതിയിലുള്ള താഴികക്കുടം. അതിനു നേരെ താഴെയാണ് ജലാലുദ്ദിൻ റൂമിയുടെയും മകൻ സുൽത്താൻ വലീദിന്റെയും ശവകുടീരങ്ങൾ. ശവകുടീരത്തെ പൊതിഞ്ഞ് സ്വർണനൂലുകൾ തുന്നിച്ചേർത്ത ഒരു പട്ടു കാണാം, സെൽജുക്ക് കലയുടെ ഉത്തമമാതൃകയായിട്ടാണ് ഇതിനെ വിശേഷിപ്പിക്കാറ്.

mevl4

മാർബിളിൽ നിർമിച്ചതാണ് മെവ്‌ലാനയുടെയും മകന്റെയും ശവകുടീരങ്ങൾ. ആദ്യകാലത്ത് തടികൊണ്ടുള്ള കുടീരമായിരുന്നു. 16 ാം നൂറ്റാണ്ടിൽ ഒട്ടോമൻ ചക്രവർത്തിയായിരുന്നു സുലൈമാൻ ശവകുടീരങ്ങൾ കാണാൻ ഇടവരികയും മാർബിളിൽ പുനർനിർമിച്ചു നൽകുകയും ചെയ്തു. ജലാലുദ്ദിൻ റൂമിയുടെ മുസോളിയത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ വരികൾ ‘ഞങ്ങളുടെ സ്മൃതികുടീരങ്ങള്‍ തേടേണ്ടത് ഈ മണ്ണിലല്ല, അവ കാണപ്പെടുക ജ്ഞാനോദയം സംഭവിച്ച മനസ്സുകളിലാണ്’ ഒരു നിമിഷം ആരെയും ചിന്തിപ്പിക്കും.

സെമാന എന്ന ആരാധനാ ഹാൾ, അങ്കണത്തിലെ മാർബിൾ ഫൗണ്ടൻ തുടങ്ങിയവയും ഇവിടുത്തെ കൗതുകകാഴ്ചകളാണ്.

mevl5

കാണാം തനതു ദർവിശ് നൃത്തം

തീർഥാടകരും സഞ്ചാരികളും ഒരുപോലെ എത്തിച്ചേരുന്ന കൊന്യ മെവ്‌ലാന മ്യൂസിയം തുർക്കിയിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന ആദ്യ അഞ്ച് സ്ഥലങ്ങളിലൊന്നാണ്. 1926 ൽ മ്യൂസിയമായി പരിഷ്കരിച്ചതോടെ അങ്കണത്തോടു ചേർന്ന് മുൻകാലങ്ങളിൽ ദർവീശ് വിദ്യാർഥികൾ താമസിക്കാൻ ഉപയോഗിച്ചിരുന്ന മുറികൾ ഒരു പ്രദർശനശാലയാക്കി മാറ്റി. കാർപറ്റുകൾ, മെവ്‌ലവി വിഭാഗത്തിൽ പെട്ടവർ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ലോഹനിർമിതവും തടികൊണ്ടുള്ളവയുമായ പല വസ്തുക്കൾ, ഖുറാന്റെ അത്യപൂർവങ്ങളായ പ്രതികൾ ഉൾപ്പടെയുള്ള പുസ്തകങ്ങൾ തുടങ്ങിയവ ഇവിടെ കാണാം.

മെവ്‌ലാന മ്യൂസിയം സന്ദർശിക്കുന്നവർക്ക് തനതു ദർവിശ് നൃത്തം കാണാൻ അവസരം ഒരുക്കാറുണ്ട്. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമാണ് നൃത്തം അരങ്ങേറുക. തുർക്കിയിൽ മറ്റു ചിലഭാഗങ്ങളിലും ദർവിശ്നൃത്തം കാണാൻ സാധിക്കുമെങ്കിലും അവ പലപ്പോഴും പ്രൊഫഷനൽ നർത്തകർ അവതരിപ്പിക്കുന്നതായിരിക്കും. എന്നാൽ മെവ്‌ലാന മ്യൂസിയത്തിൽ അരങ്ങേറുന്നത് പരമ്പരാഗതമായ രീതിയിൽ മെവ്‌ലവി ഓർഡറിലേക്ക് പ്രവേശിച്ച സൂഫികൾ‍ അവതരിപ്പിക്കുന്നതാണ്. ഇന്നു തുർക്കിയിൽ യാഥാസ്ഥിതിക മനോഭാവത്തെ മുറുകെ പിടിച്ചു നിൽക്കുന്ന നഗരങ്ങളിലൊന്നാണ് കൊന്യ, മെവ്‌ലാന മ്യൂസിയത്തിലെ കാഴ്ചകൾക്കൊപ്പം റൂമി കവിതകളും ചിന്തകളും ഇവിടെത്തുന്ന സന്ദർശകരുടെ ഹൃദയം നിറയ്ക്കുന്നു.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations