ചൂണ്ടിക്കാണിക്കാൻ ദുരന്തങ്ങൾ ഒട്ടേറെയുണ്ടായിട്ടും വീണ്ടും വിനോദസഞ്ചാര സ്ഥലത്തു ‘സെൽഫി’ അപകടങ്ങളുടെ ആവർത്തനം. സാഹസികമായി ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിനു നെല്ലിയാമ്പതിയിലെ മലയിടുക്കിൽ ജീവൻ നഷ്ടപ്പെട്ടു. മൂവായിരം അടി താഴ്ചയുള്ള കൊക്കയാണു സീതാർകുണ്ടിലേത്, ബാരിക്കേഡ് ഇല്ല. മൺതിട്ടയിൽ നിന്നാൽ ‘ജെണ്ട’യ്ക്കപ്പുറത്തുള്ള താഴ്‌വര കാണാം. പാതയോരത്ത് ചില്ലകൾ നീണ്ടു നിൽക്കുന്ന ഭംഗിയുള്ള മരങ്ങളുണ്ട്. അരികു ചേർന്നു ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് കഴിഞ്ഞ ദിവസം ഒരാളുടെ ജീവനെടുത്തത്.
ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപാണു മരിച്ചത്. കോട്ടായി സ്വദേശി രഘുനന്ദൻ പരിക്കുകളോടെ മരണത്തിൽ നിന്നു രക്ഷപെട്ടു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പം നെല്ലിയാമ്പതി കാണാനെത്തിയതായിരുന്നു. സന്ദീപ് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാലിടറി വീണുവെന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രഘുനന്ദൻ അപകടത്തിൽ പെട്ടുവെന്നും പൊലീസ്. വനംവകുപ്പും ഫയർഫോഴ്സും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്.
ജീവിതത്തിൽ ഒരുപാടു യാത്രകൾ ബാക്കിയാക്കി സന്ദീപ് വേർപിരിഞ്ഞത് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. വിനോദസഞ്ചാര മേഖലയും അപകട വാർത്തയറിഞ്ഞു ഞെട്ടി. കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ലിൽ ഒരു വർഷം മുൻപ് രണ്ടു യുവാക്കൾ അപകടത്തിൽപെട്ടു മരിച്ചു. സാഹസികമായി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിതാവേശത്തിൽ അപകടം ആവർത്തിക്കപ്പെടുമ്പോൾ മുന്നറിയിപ്പു ബോർഡുകൾ പ്രദർശന വസ്തുക്കളായി മാറുന്നു.
നെല്ലിയാമ്പതി മേഖലയിലെ തേയിലത്തോട്ടം കടന്നാൽ വനമേഖലയാണ്. വ്യൂപോയിന്റിലും കേശവൻപാറയിലും മാൻപാറയിലും സുരക്ഷാ ഉദ്യോഗസ്ഥരില്ല. അപകട സാധ്യത മുന്നിൽ കണ്ടു ജാഗ്രതയോടെ പ്രകൃതിഭംഗി ആസ്വദിക്കണം. സീതാർകുണ്ട് വ്യൂ പോയിന്റ് മുതൽ ഒരു കിലോമീറ്റർ പാതയിൽ എവിടെ നിന്നാലും താഴ്‌വരയുടെ ഭംഗി ആസ്വദിക്കാം. സുരക്ഷിതമായി ഫോട്ടോ എടുക്കാവുന്ന ഒട്ടേറെ ലൊക്കേഷനുകൾ അവിടെയുണ്ട്. എതിർവശത്തുള്ള മൺതിട്ടയിൽ ചേർന്നു നിൽക്കുന്നത് അപകടം. കൊക്കയിലേക്കു ചാഞ്ഞു നിൽക്കുന്നതു വേരുറപ്പില്ലാത്ത മരങ്ങളാണ്. മരങ്ങളിൽ തൂങ്ങിയുള്ള ഫോട്ടോ ഷൂട്ടിനു സ്വന്തം ജീവൻ വിലയായി നൽകേണ്ടി വരും, ജാഗ്രത.
നെല്ലിയാമ്പതി ടൂർവർഷം മുഴുവൻ സന്ദർശന യോഗ്യമായ ടൂറിസം ഡെസ്റ്റിനേഷനാണു നെല്ലിയാമ്പതി. ഗ്രൂപ്പ്, സോളോ ഡെസ്റ്റിനേഷൻ. സമൂഹ മാധ്യമങ്ങളിൽ സീതാർകുണ്ടിന്റെ ഭംഗി വർണിക്കുന്ന ഒട്ടേറെ കുറിപ്പുകളും ഫോട്ടോയും പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ, അവിടെ പതിയിരിക്കുന്ന അപകടം പലപ്പോഴും ഹൈലൈറ്റ് ചെയ്യപ്പെടാറില്ല.
സീതാർകുണ്ടാണ് നെല്ലിയാമ്പതിയുടെ ‘ബിഗ് സീൻ’. കൊല്ലങ്കോടിന്റെ ഭൂരിഭാഗവും കണ്ടാസ്വദിക്കാനുള്ള വ്യൂപോയിന്റ് അവിടെയുള്ള വെള്ളച്ചാട്ടത്തിന്റെ പ്രശസ്തിയിൽ സീതാർകുണ്ടായി മാറുകയായിരുന്നു. നെല്ലിയാമ്പതിയെ രാമായണവുമായി ബന്ധിപ്പിക്കുന്ന കഥയാണ് സീതാർകുണ്ടിന്റെ പുരാണം. വനവാസത്തിനിടെ സീതാസമേതനായ രാമൻ നെല്ലിയാമ്പതിലെത്തി. മലമുകളിൽ നിന്നു കുതിച്ചിറങ്ങുന്ന പൊയ്കയിൽ രാമപത്നി നീരാടിയെന്ന് ഐതിഹ്യം. കാലക്രമത്തിൽ ആ നിരൊഴുക്കിന്റെ പേര് സീതാർകുണ്ടായി മാറി. ഇതുപോലെ നെല്ലിയാമ്പതി എന്ന പേരിനുമുണ്ടൊരു ഒരു കഥ. നല്ലി എന്നതു കാർഷിക വിശ്വാസത്തിലെ ദേവത. ‘പതി’ എന്ന വാക്കിനർഥം സ്ഥലം. വടകരപ്പതി, എരുത്തേമ്പതി, ഒഴലപ്പതി തുടങ്ങി പാലക്കാടിന്റെ കിഴക്കു പ്രദേശത്ത് പതികൾ വേറെയുമുണ്ട്.
പോബ്സിന്റെ തേയിലത്തോട്ടത്തിന്റെ അതിരിലാണ് സീതാർകുണ്ട്. തേയില ഔട്‌ലെറ്റിനു മുന്നിൽ സന്ദർശകർക്കു വാഹനം നിർത്തിയിടാം. അവിടെ നിന്ന് അഞ്ഞൂറ് മീറ്റർ നടന്നാൽ സീതാർകുണ്ടിനരികിലെത്താം. നിലത്തു വിരിച്ചിട്ട ഒരു ഭൂപടം മുകളിൽ നിന്നു നോക്കിക്കാണുന്നതുപോലെ കൊല്ലങ്കോട് പഞ്ചായത്ത് മുഴുവനായും ഇവിടെ നിന്നു കാണാം. കാഴ്ച ആസ്വദിക്കുമ്പോൾ ജാഗ്രത പാലിക്കുക. കൊക്കയോടു ചേർന്നുള്ള ചെടികളിലേക്ക് ചാഞ്ഞു നിന്നുള്ള ഫൊട്ടോഗ്രഫി അപകടം. മഴക്കാലത്ത് സീതാർകുണ്ട് സന്ദർശനം ഒഴിവാക്കുക.
നെല്ലിയാമ്പതിയിലെ മറ്റൊരു വ്യൂപോയിന്റാണ് കേശവൻ പാറ. കുത്തനെ നിൽക്കുന്ന മലയും താഴ്‌വരയും ക്യാമറയിൽ പകർത്താനാണ് സഞ്ചാരികൾ കേശവൻപാറയിലെത്താറുള്ളത്. കേശവൻപാറയിലൊരു കുഴിയുണ്ട്. കൊടും വേനലിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ഈ പാറക്കുഴിയിൽ കാട്ടുപോത്തും മാനുകളും ദാഹജലം തേടി എത്താറുണ്ട്. സമീപത്തു വീടുകളില്ല. കാട്ടുപോത്തിന്റെ സാന്നിധ്യം ഉള്ളതിനാൽ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക.
മൂന്നാറിലേക്കുള്ള മലമ്പാതയുടെ പാലക്കാടൻ വെർഷനാണ് നെല്ലിയാമ്പതിയിലെ ഈ റോഡ്. ഈ വഴിയിൽ ഒരു ജംക്‌ഷനേയുള്ളൂ – കൂനമ്പാറ. അവിടം കടന്ന് നൂറടിപ്പാലം താണ്ടി കരടിപ്പാറയിലെത്തിയാൽ തൂക്കുപാലം കാണാം. കരടിപ്പാറ വനത്തിലെ ഗോത്രവാസികളുടെ സെറ്റിൽമെന്റുകളിലേക്കു നിർമിച്ച തൂക്കുപാലം കാണാനാണ് സഞ്ചാരികൾ കരടിപ്പാറയിൽ പോകുന്നത്. തൂക്കുപാലത്തിനു സമീപം സന്ദർശകരുടെ ശ്രദ്ധയ്ക്കായി എഴുതിവച്ചിട്ടുള്ള ബോർഡിലെ നിർദേശങ്ങൾ പാലിക്കുക.
പോത്തുണ്ടി ഡാം കടന്നാൽ നെല്ലിയാമ്പതിയിലേക്കുള്ള വനപാത ആരംഭിക്കുന്നു. ഹെയർപിൻ വളവുകളിൽ എതിർവശത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ ഇടം നൽകുക. വളവുകളിൽ ഹോൺ മുഴക്കുക. യാത്രയുടെ ‘ത്രിൽ’ ആസ്വദിക്കാൻ പറ്റിയ സമയമല്ല മഴക്കാലം. വളവിലും തിരിവിലും മണ്ണിടിഞ്ഞു കിടക്കുന്നതു കൊണ്ട് ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധ വേണം. വിൻഡോ ഗ്ലാസ് താഴ്ത്തി കാടിന്റെ താളം ആസ്വദിച്ച് 40–50കി.മീ വേഗതയിൽ അയ്യപ്പൻതിട്ട വരെയുള്ള യാത്ര ആസ്വദിക്കണം. അയ്യപ്പൻതിട്ടയ്ക്കടുത്തു വച്ചാണ് നെല്ലിയാമ്പതിയുടെ പാതയോരക്കാഴ്ച രൂപം മാറുന്നത്. ഇവിടം മുതൽ വലതുഭാഗത്താണ് അഗാതമായ കൊക്ക. ഇടതുഭാഗത്ത് കൊടും കാട്. ഒട്ടുമിക്ക ദിവസവും ആനകൾ കടന്നു നടത്താറുണ്ട്. കാടിന്റെ നിയമങ്ങളും വനംവകുപ്പ്, പോലീസ് നിർദേശങ്ങളും പാലിക്കുക.