Thursday 28 November 2019 05:59 PM IST : By ഷെൽബിൻ ഡിഗോ

അൽഗോരിതം ഗ്രാഫുപോലെയിരിക്കുന്ന ഷാലി ടിബ്ബ, അതിന്റെ തുഞ്ചത്തൊരു അമ്പലം; ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത്

shali

‘‘എന്തെങ്കിലും നേടിയെടുക്കണമെന്ന് നമ്മൾ പൂർണമനസ്സോടെ ആഗ്രഹിച്ചാൽ ലോകം മുഴുവൻ നമ്മുടെ സഹായത്തിനെത്തും.” ഇതു ഞാൻ പറഞ്ഞതല്ല; പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് പറഞ്ഞതാണ്. മനസ് പറയുന്നതിനെയും നിമിത്തങ്ങളെയും അവഗണിക്കരുതെന്ന് പറഞ്ഞുതന്ന അതേ ആൽകെമിസ്റ്റ്. ആൽകെമിസ്റ്റ് എന്നാൽ രാസവിദ്യയുടെ മാന്ത്രികതയിലൂടെ പുതിയ സൃഷ്ടിയോ കണ്ടുപിടിത്തമോ നടുത്തുന്നയാൾ. അപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഒരംശത്തിന് വെളിച്ചവും വിദ്യയും ചേർത്ത് ചിത്രങ്ങളാക്കുന്ന ഫൊട്ടോഗ്രഫറും ഒരർത്ഥത്തിൽ ആൽകെമിസ്റ്റ് തന്നെയല്ലേ?

അങ്ങനെ പൗലോ കൊയ്‌ലോയുടെ വാക്കുകൾ നൽകിയ ചിറകുംകൊണ്ടാണ് ഞാനും ചെറുപ്പം മുതൽ മനസ്സിലിട്ട് മിനുക്കിയ ഹിമാലയം എന്ന സ്വപ്നത്തെ അടുത്തു കാണാൻ പറന്നത്. ആദ്യ യാത്ര വെറും പതിനഞ്ചു ദിവസം മാത്രമായിരുന്നെങ്കിൽ മൂന്നു വർഷങ്ങൾക്കിപ്പുറം ഇന്ന്, വർഷത്തിന്റെ മൂന്നിലൊന്ന് ഹിമാചലിലെ തണുപ്പിൽ അതിന്റെ മാസ്മരികതയില്‍ പൂണ്ടുകിടപ്പാണ്. താമസിക്കുന്നത് ഷിംലയിലെ ഷനാൻ എന്ന ഗ്രാമത്തിലാണെങ്കിലും മിക്കവാറും ലോക്കൽ ബസിൽ കയറി കറക്കംതന്നെയാണ് പരിപാടി. അതിനിടയിൽ അൽപം കൃഷിയും നാടകവും ഒക്കെ കടന്നു കൂടും, അത്രതന്നെ. ഷിംലയ്ക്കടുത്ത് ഷാലി ടിബ്ബ എന്ന ഒരു കൊച്ച് ഹിമാലയൻ മലയിലേക്ക് സഞ്ചരിക്കാനിടയായതും ഇതുപോലെതന്നെ.

s7

മലയുടെ തുഞ്ചത്തേക്ക്

ഷിംലയിലെ മാൾ റോഡിൽനിന്ന് സുഹൃത്ത് ആദ്യം കൈ ചൂണ്ടി ‘‘അതാണ് ഷാലി” എന്നു പരിചയപ്പെടുത്തിയപ്പോൾ എന്റെ കിളിപോയി. അൽഗോരിതം ഗ്രാഫുപോലെയിരിക്കുന്ന ഒരു മല. അതിന്റെ തുഞ്ചത്തിരിക്കുന്ന അമ്പലത്തിൽ പോകാനാണ് വിളിക്കുന്നത്. അക്കാലത്ത് നാട്ടിൽ ടോപ്സ്േറ്റഷനിലൊക്കെ പോയാൽതന്നെ മുട്ടിടിച്ചു നിന്നിരുന്ന എന്നെ ധൈര്യം തന്നു കൊല്ലാനാണ് സുഹൃത്തുക്കളുടെ പരിപാടി എന്നായിരുന്നു എന്റെ ചിന്ത. പിന്നെ. അവിടെ പക്ഷികൾ ഉണ്ട്, പുലി ഉണ്ട്, കരടി ഉണ്ട് എന്നൊക്കെ കേട്ടപ്പോൾ കാര്യങ്ങൾക്കൊരു തീരുമാനമായി.

ഷിംല പഴയ സ്റ്റാൻഡിൽനിന്ന് ലോക്കൽ ബസ്സിൽ ഘട്നോൽ എന്ന ഗ്രാമം വരെ പോകാം. അവിടെനിന്നും ആവശ്യമുള്ള ആഹാരസാധനങ്ങളും വെള്ളവും വാങ്ങി ഒരു മൂന്നു നാലു മണിക്കൂർ നടത്തം. ഘട്നോൽ വിട്ടാൽ നടപ്പാതയുടെ തുടക്കത്തിലുള്ള ഒന്നോ രണ്ടോ വീടുകളേ ഉള്ളു. ഒന്നര കി മീ നടന്നാൽ 1936 ൽ ഫരീദ്കോട്ടിലെ രാജാവ് പണിയിച്ച കല്ലു പാകിയ ഒരു നടപ്പാതയിലെത്താം. ഈ പാതയുടെ തുടക്കം വരെ വേണമെങ്കിൽ വാഹനത്തിലെത്താം. രാജാവ് പണിയിച്ച പാതയിലൂടെ മുകളിലെത്താനാണ് പദ്ധതിയെങ്കിൽ കുറഞ്ഞത് ആറു മണിക്കൂർ വേണം. ഇരുട്ടും മുൻപ് മുകളിലെത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ വഴിയിൽ ചില കൂട്ടുകാരെ കിട്ടിയെന്നിരിക്കും. നമ്മുടെ നാട്ടിൽ അവരെ കരടി, പുലി എന്നൊക്കെയാണ് പറയുന്നത്. അമ്പലത്തിലേക്ക് പോകുന്നവരെ അവർ പൊതുവെ ഉപദ്രവിക്കാറില്ല എന്നാണ് വെപ്പ്. എനിക്കാണെങ്കിൽ ഇവരെ പകൽ കണ്ടാൽ കൊള്ളാമെന്നുണ്ടെങ്കിലും രാത്രിയിലുള്ള കണ്ടുമുട്ടലിനോട് വലിയ താൽപര്യം ഇല്ല.

s4

വേഗം എത്തണമെങ്കിൽ ഈ നടപ്പാതയിൽ കുറുക്കുവഴികളുപയോഗിക്കാം. വളഞ്ഞുപുളഞ്ഞ് പോകുന്ന നടപ്പാത ഒഴിവാക്കി നാട്ടുകാരുണ്ടാക്കിയ വഴിയിലൂടെ തൊട്ടു മുകളിലുള്ള പാതയിലേക്ക് കുത്തനെ നടന്നു കയറുന്നതാണ് കുറുക്കുവഴിയുടെ സ്വഭാവം. ഓരോ ഷോർട് കട്ടും അഞ്ചു മുതൽ പത്തു മിനിട്ട് വരെ ലാഭിച്ചു തരുമെങ്കിലും കായികാധ്വാനം വളരെ കൂടുതലാണ്.

രാജാവിന്റെ വഴി

ഹിമാചലിലെ മറ്റു പല ട്രക്കിങ്ങുകളെ അപേക്ഷിച്ച് താരതമ്യേന എളുപ്പമുള്ളതാണ് ഷാലിയിലേക്കുള്ള സഞ്ചാരം. എന്നാലും നടന്നു ശീലമില്ലാത്തവർ ഓടിച്ചാടി അങ്ങോട്ട് പോകണ്ട. കാരണം, 9423 അടി ഉയരത്തിലാണ് ഷാലിയുടെ ഇരിപ്പ്. ആദ്യമായി ട്രക്കിങ്ങിനൊരുങ്ങുന്നവർ ഷിംലയിൽ രണ്ടു മൂന്നു ദിവസം നടന്നു ശീലിച്ചതിനു ശേഷം പോകുന്നതായിരിക്കും നല്ലത്. കൂടാതെ വഴി പരിചയമുള്ള ഒരു ലോക്കൽ ഗൈഡിനെയും കൂട്ടണം.

ഭക്ഷണവും വെള്ളവും കയ്യിൽ കരുതണമെന്ന് പറഞ്ഞുവല്ലോ, അതുകൊണ്ടു തന്നെ ബാഗുകൾക്ക് സാമാന്യം ഭാരമുണ്ടായിരിക്കും. ക്യാമറ കിറ്റുണ്ടെങ്കിൽ പറയുകയും വേണ്ട. ശൈത്യകാലത്താണ് യാത്രയെങ്കിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങളും ആവശ്യമാണ്. പറഞ്ഞുവന്നത്, ലഗേജ് ഒരുപാടുണ്ടെങ്കിൽ ഘട്നോലിൽ ഒരു രാത്രി തങ്ങിയിട്ട് പിറ്റേന്ന് രാവില ട്രക്കിങ് ആരംഭിക്കുന്നതാണ് നല്ലത്. താമസവും ഭക്ഷണവും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒന്നു രണ്ട് ഹോം സ്േറ്റകൾ ഗ്രാമത്തിലുണ്ട്. ഹിമാചലികളെപ്പോലെ ആതിഥ്യമര്യാദയുള്ള ഒരു ജനതയെ ഇന്ത്യയിൽ മറ്റെങ്ങും കാണാൻ സാധിക്കില്ല. തങ്ങളെക്കൊണ്ട് ആകുന്നതെല്ലാം അവർ ചെയ്തുതരും, അത്താഴത്തിന് ഹിമാചലിന്റെ തനതു വിഭവങ്ങൾ ആസ്വദിക്കുകയും ചെയ്യാം.

s8

ദേവദാരു–പൈൻ മരക്കാടുകളിലൂടെ വളഞ്ഞു പുളഞ്ഞ് പോകുന്ന വഴി അവസാനത്തെ അരമണിക്കൂർ കുത്തനെയുള്ള കയറ്റമാണ്. ‘രാജാവിന്റെ വഴി’ യാത്ര ഏറക്കുറെ ലഘുവാക്കി തരും. ഒടുവിൽ മുകളിലെത്തുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് 360 ഡിഗ്രി ചിത്രങ്ങളാണ്. ഇതോടൊപ്പമുള്ള ചിത്രങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ വാചാലമായിരിക്കും. ദൂരെ കുളുവിലെ മലനിരകളിൽ തുടങ്ങി ലഹോൽ–സ്പിതി, ശ്രീഖണ്ഡ് കൊടുമുടി, കിന്നൗറിലെ മലനിരകൾ, ചോപാൽ റേഞ്ച് എന്നിവയും ഉത്തരാഖണ്ഡിലെ ഗിരിശൃംഗങ്ങളും ദൃശ്യമാകും. നല്ല തെളിഞ്ഞ ദിവസമാണെങ്കിൽ ബദരിനാഥ് വരെ കാണാനാവും.

ഷാലിയിൽ രാത്രിയിലെ ആകാശക്കാഴ്ച അവിസ്മരണീയമായ ഒരു അനുഭവമാണ്. സാധാരണ നാം കാണുന്നതിന്റെ ആയിരം ഇരട്ടി നക്ഷത്രങ്ങൾ എന്നത്തെക്കാളും വ്യക്തമായി, പ്രകാശം പരത്തിക്കൊണ്ട് തലയ്ക്കു മുകളിൽ നിൽക്കുന്നു. പശ്ചാത്തലത്തിൽ കാറ്റിന്റെ ചൂളംവിളി. ചുമ്മാ പൊലിപ്പിക്കാൻ പറഞ്ഞതല്ല, കാറ്റടിക്കുമ്പോൾ പൈൻ കാടുകൾ സൃഷ്ടിക്കുന്ന കേൾക്കാൻ സുഖമുള്ള ഒരു വിസിലടി ഉണ്ട്. പിന്നെ, ഐസ്ക്രീമിന്റെ മുകളിൽ ചെറിപ്പഴമൊക്കെ വയ്ക്കില്ലെ; അതുപോലെ നല്ല കിടിലൻ തണുപ്പും ഉണ്ടാകും.

സീസണനുസരിച്ച് ഷാലിയിലെ തണുപ്പും കാഴ്ചകളുമൊക്കെ വ്യത്യസ്തമായിരിക്കും. തണുപ്പുകാലത്ത് മഞ്ഞുറഞ്ഞ് കൊടും തണുപ്പിൽ വിറങ്ങലിച്ചു കിടക്കുന്ന ഷാലി വേനലിൽ മൂടൽ മഞ്ഞിന്റെ ഒരു ആവരണത്തിൽ പൊതിഞ്ഞ് സുഖമുള്ള ഒരു തണുപ്പിന്റെ കുളിരിൽ അലിഞ്ഞുകിടക്കുന്നതാണ് നാം കാണുന്നത്. വർഷകാലമെത്തുമ്പോൾ വ്യത്യസ്തമായൊരു തണുപ്പിൽ പൊതിഞ്ഞ് പച്ചപ്പ് പടർന്ന പ്രകൃതിയോടെ നല്ല സ്‌റ്റൈലായിട്ടാകും കാണപ്പെടുക.

s3

ഭീമകാളി മന്ദിർ

മുകളിൽ താമസിക്കാൻ അമ്പലത്തോട് ചേർന്ന് രണ്ട് സത്രങ്ങളുണ്ട്. താഴെ ഗ്രാമത്തിലെ പണ്ഡിത്ജിയാണ് ഷാലി ഭീമകാളി മന്ദിറിലെ പൂജാരി. അദ്ദേഹം തന്നെയാണ് സത്രങ്ങളുടെ സൂക്ഷിപ്പുകാരനും. പണ്ഡിത്ജി മിക്കവാറും അവിടെ തന്നെ കാണും. രണ്ടു സത്രങ്ങളിലായി 10–20 പേർക്ക് താമസിക്കാനുള്ള സ്ഥലവും കമ്പിളിപുതപ്പുമൊക്കെ ഉണ്ടെങ്കിലും മിക്കവാറും വിരലിലെണ്ണാവുന്ന ആളുകളോ വിജനതയോ ആയിരിക്കും നമുക്കു കൂട്ടുണ്ടാകുക. അത്യാവശ്യം ഒന്നുരണ്ട് ഫിലമെന്റ് ബൾബും പ്ലഗ് പോയിന്റും ഉണ്ടെങ്കിലും കറന്റിന്റെ കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. മുകളിലെ സത്രത്തോട് ചേർന്ന് ഒരു അടുക്കളയും അതിലൊരു വിറകടുപ്പുമുണ്ട്. ചായ തിളപ്പിക്കൽ, ഭക്ഷണമുണ്ടാക്കൽ, തണുപ്പത്ത് അൽപം ചൂടുകായൽ എല്ലാം അവിടെയാണ്. അടുക്കളയിൽ മുകളിൽവരെ വെള്ളമെത്തിക്കാനുള്ള പൈപ്പും സംഭരിക്കാൻ ഒരു ടാങ്കും ഉണ്ടെങ്കിൽപോലും അതിലെ വെള്ളം മിക്കവാറും കുടിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും. അതുകൊണ്ട് കയ്യിൽ കരുതുന്ന ജലം സൂക്ഷിച്ച് ഉപയോഗിക്കണം. ആധുനിക രീതിയിലുള്ള ശൗചാലയം ഒരെണ്ണം നിർമിച്ചിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാതിരുന്നതിനാൽ ഉപയോഗശൂന്യമായി കിടക്കുന്നു.

s2

ഷാലിയിലെ സൂര്യോദയങ്ങൾ ജീവിതത്തിൽ ഇന്നുവരെ കണ്ടതിലേക്കുംവച്ച് മനോഹരങ്ങളാണ്. സൂര്യനുദിക്കുന്നതോടെ പക്ഷികൾ വരാൻ തുടങ്ങും. താഴെ കാടുകളിൽനിന്ന് കഴുകന്മാരും പരുന്തുകളും ഒക്കെ വട്ടമിട്ട് പറന്ന് ‘ഐ ലെവലിൽ’ വരും. ബേഡ് ഫൊട്ടോഗ്രഫർമാരുടെ സ്വപ്നഭൂമിയാണ് ഇവിടം. ഹിമാലയൻ ഗ്രിഫൺ, ലാമർഗെയർ, ഗോൾഡൻ ഈഗിൾ, ഫാൽകണുകൾ എന്നുവേണ്ട ഒട്ടേറെ ദേശാടകിളികളും ഷാലിയിൽ ഉണ്ട്, ഇടയ്ക്കൊക്കെ ലംഗൂറുകൾ കൂട്ടത്തോടെ വരുമെങ്കിലും അവരത്ര ശല്യക്കാരല്ല. ഹിമാലയത്തിൽ അത്രയൊന്നും സുലഭമല്ലാത്ത യെല്ലോ ത്രോട്ടഡ് മാർടൻ എന്ന സസ്തനിയും ഷാലിയിൽ ഉണ്ട്. പുലിയുടെയും കരടിയുടെയും ശബ്ദം രാത്രികാലങ്ങളിൽ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണാൻ എനിക്ക് ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല. ചുരുക്കി പറഞ്ഞാൽ കാടും മേടും താണ്ടി നമ്മൾ നടന്നു കയറുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സുന്ദരമായ കാഴ്ചകളിലേക്കാണെന്നതിൽ ഒരു സംശയവും വേണ്ട.

s5

ഞാനെത്ര പ്രാവശ്യം ഷാലിയിൽ പോയിട്ടുണ്ട് എന്നത് കൃത്യമായി ഓർക്കുന്നില്ല. എങ്കിലും, ഓരോതവണയും ഷാലിയിൽനിന്ന് ഇറങ്ങി ഷിംലയിലെത്തുമ്പോഴേക്കും ചിലപ്പോൾ മേഘങ്ങൾക്കുള്ളിൽ മറഞ്ഞുനിന്ന്, മറ്റു ചിലപ്പോൾ മറവുകളേതുമില്ലാതെ ഷാലി വിളിക്കുന്നതു കേൾക്കാം ‘കമോൺ... ഇവിടെ.... കമോൺ...’

s6