Saturday 13 November 2021 06:37 PM IST : By സ്വന്തം ലേഖകൻ

എല്ലാ പ്രമേഹരോഗികൾക്കും ചികിത്സ ലഭ്യമാക്കുക: ലോക പ്രമേഹദിനത്തിലെ പുതുചിന്തകൾ അറിയാം

fgerge

1991 മുതല്‍ നവംബര്‍ 14 ആം തീയതി ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും പ്രമേഹരോഗ ദിനമായി കൊണ്ടാടുന്നു. ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം (Theme) 'എല്ലാ പ്രമേഹരോഗികള്‍ക്കും ചികിത്സയും സുരക്ഷയും സുഗമമാക്കുക' എന്നതാണ്. ഈ ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ ചില സമകാലീന വിവരങ്ങള്‍ നാം അറിയേണ്ടതുണ്ട്.

പ്രമേഹരോഗികളില്‍ 70 ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ്. പ്രമേഹ രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്ന ഇന്‍സുലിന്‍, സാമ്പത്തിക പരാധീനതകള്‍ മൂലം വാങ്ങുവാന്‍ നിവൃത്തിയില്ലാത്ത 30 ദശലക്ഷം രോഗികള്‍ ഭൂമുഖത്തുണ്ട്. 138 കോടി ജനങ്ങള്‍ നിവസിക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 86% പ്രമേഹരോഗികളും രോഗചികിത്സയ്ക്കും രോഗാനന്തര ഭവിഷ്യത്തുകളുടെ ചികിത്സയ്ക്കും വേണ്ടി അന്യ രാജ്യങ്ങളുടെ സഹായം തേടുന്നു. ഇതു കൊണ്ടാണ് ഈ ആശയം തന്നെ അടുത്ത രണ്ട് വര്‍ഷത്തേക്കും കൂടി ലോകാരോഗ്യസംഘടന തിരഞ്ഞെടുത്തിരിക്കുന്നത്.

ഏതു രാജ്യത്തിലായാലും എല്ലാ പ്രമേഹ രോഗികള്‍ക്കും സുഖമമായ ചികിത്സ കിട്ടുവാനും ഈ ആശയത്തിന്റെ പ്രബുദ്ധതയെപ്പറ്റി ബോധവത്ക്കരിക്കുവാനും ആശയം സുസാധ്യമാക്കാനും മൂന്ന് പ്രധാന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

1. മരുന്നുകളും സംരക്ഷണവും കിട്ടാതെ ഒരു പ്രമേഹരോഗിയും ഭൂമുഖത്ത് മരിക്കുവാന്‍ ഇടവരരുത്. (8 സെക്കന്റില്‍ ഒരു പ്രമേഹരോഗി മരിക്കുന്നു) ആധുനിക സമൂഹം അതിന് അനുവദിക്കരുത്. 2. പ്രമേഹരോഗം ദീര്‍ഘകാല രോഗമായതു കൊണ്ടും (Chronic) ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ വരുന്നതുകൊണ്ടും രോഗചികിത്സ ഒരു ദിവസം പോലും താമസിക്കുവാന്‍ പാടില്ല. (20 സെക്കന്റില്‍ ഒരു പ്രമേഹരോഗിയുടെ വിരലുകളോ കാലുകളോ മുറിച്ചു മാറ്റപ്പെടുന്നു). 3. ആധുനിക രോഗനിര്‍ണ്ണയ സാങ്കേതികവിദ്യകള്‍, ഗ്ലൂക്കോമീറ്റര്‍,  ഫലവത്തായ മരുന്നുകള്‍, വികലാംഗരായ പ്രമേഹ രോഗികളുടെ പുനരധിവാസം എന്നിവയ്ക്ക് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും രൂപം നല്‍കണം.

ആഗോള വിശപ്പു സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 94ല്‍ നിന്നും ഈ വര്‍ഷം 101 ആയി ഉയര്‍ന്നിരിക്കുകയാണ്. 116 രാജ്യങ്ങളിലെ കുട്ടികളുടെ ആഹാരം (കലോറി), തൂക്കം (ശരീര ശോഷിപ്പ് - Wasting), പൊക്കം (മുരടിപ്പ് - Stunting) എന്നിവയെ ആസ്പദമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ഏഴരക്കോടിയോളം പ്രമേഹ രോഗികള്‍ (ഇതില്‍ 1.3 ലക്ഷം ടൈപ്പ്1 പ്രമേഹ രോഗികമാണ് കുട്ടികള്‍ക്ക് വരുന്നത്) ഉള്ള ഭാരതത്തില്‍  ഈ ഉയര്‍ന്നുവരുന്ന വിശപ്പു സൂചിക പ്രമേഹ രോഗികളുടെ സമീകൃത ആഹാരക്രമത്തെയും ചികിത്സയെയും ബാധിക്കുമെന്നതില്‍ സംശയമില്ല.

മേല്‍പ്പറഞ്ഞ ആശയത്തിന്റെ സാംഗ്യത്വത്തെപ്പറ്റി, നമ്മുടെ കൊച്ചു കേരളത്തിലെ ചില വസ്തുതകള്‍ അറിയുമ്പോള്‍ വായനക്കാര്‍ക്ക് മനസ്സിലാകും. എസ് യു ടി ആശുപത്രിയില്‍ ഈയിടെ നടത്തിയ ഒരു പഠനത്തിന്റെ രത്ന ചുരുക്കം താഴെ വിവരിക്കുന്നു. 25% പ്രമേഹരോഗികള്‍, മരുന്നുകള്‍ മേടിക്കുവാന്‍ കഴിവില്ലാത്തവരാണ് ; 40% പേര്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പല ദിവസങ്ങളിലും ഇന്‍സുലിന്‍ മുടങ്ങുന്നു; 22% രോഗികള്‍ നിരാശ കൊണ്ട് സൗകര്യം കിട്ടിയാല്‍ ജീവിതം അവസാനിപ്പിക്കുമെന്നും പറയുന്നു.

പ്രായമായ മാതാപിതാക്കളെ പെരുവഴിയിലും അമ്പലങ്ങളിലും പള്ളികളിലും ഉപേക്ഷിച്ചു പോകുന്ന  ജനങ്ങളുള്ള സാക്ഷരത കേരളത്തില്‍, 2021ലെ ഈ പ്രമേഹരോഗത്തിന്റെ തീം (ആശയം) വളരെ പ്രസക്തിയുള്ളതാണ്.

ഡോ. കെ. പി. പൗലോസ്

പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്‍

എസ് യു ടി ഹോസ്പിറ്റല്‍, പട്ടം