Tuesday 30 January 2024 02:30 PM IST : By സ്വന്തം ലേഖകൻ

പ്രകൃതിയിലേക്കു കണ്ണും നട്ട് മുറികൾ; വീടിനും ജീവൻ നൽകാമെന്നറിഞ്ഞാണ് ‘അകം’ പണിതത്

akm1

കുട്ടിക്കാലം മുതൽ തന്നെ വീടിനെപ്പറ്റി ചില സ്വപ്നങ്ങൾ എല്ലാവരുടേയും മനസ്സിലുണ്ടാകും. പുതിയ ദേശങ്ങളും കാഴ്ചകളുമൊക്കെ പരിചിതമാകുന്നതനുസരിച്ച് സങ്കൽപങ്ങളും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കും. എന്റെ അനുഭവവും മറിച്ചല്ല. ആർക്കിടെക്ചർ പഠനം പൂർത്തിയാക്കിയതോടെയാണ് വീടിനെപ്പറ്റി മനസ്സിലുണ്ടായിരുന്ന ആശയങ്ങൾക്ക് ഏറെക്കുറെ വ്യക്തമായൊരു രൂപവും ഭാവവും കൈവന്നത്. വിവാഹിതനായി മക്കൾ പിറന്നതോടെ അതിൽ വീണ്ടും മാറ്റങ്ങൾ വന്നു തുടങ്ങി. കാലക്രമത്തിൽ പുതിയ സാഹചര്യങ്ങളും ആവശ്യങ്ങളുമൊക്കെ രൂപപ്പെടുമ്പോൾ മനസ്സിലെ വീടിനും മാറ്റം വരാം. ഈ ബോധ്യത്തിൽ നിന്നാണ് ‘അകം’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ പിറവി. ഇപ്പോഴുള്ളതിനെ മാത്രമല്ല, ഇനി വരാനിരിക്കുന്ന ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും സ്വീകരിക്കാനുള്ള പ്രാപ്തി വീടിനു വേണം എന്നായിരുന്നു രൂപകൽപനാ വേളയിലെ പ്രാർഥന.

akm2

ആർക്കിടെക്ടായ ഞാൻ, ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രി, സ്കൂൾ വിദ്യാർഥിനികളായ രണ്ട് മക്കൾ. ഒപ്പം തിരുവനന്തപുരം ഏണിക്കരയിലെ ചെറിയ കുന്നിൻ മുകളിലുള്ള ഒൻപതര സെന്റ്. സമയരേഖയിലെ ഒരു പ്രത്യേക ബിന്ദുവിൽ ഞങ്ങളുടെ ആഗ്രഹങ്ങളും സ്ഥലത്തിന്റെ പ്രത്യേകതകളുമൊക്കെ എന്തായിരുന്നോ അതിന്റെ പ്രതിഫലനമാണ് ‘അകം’. മൂന്ന് നിലകളിലായി 2300 ചതുരശ്രയടിയാണ് വീടിന്റെ വലുപ്പം. ഇഷ്ടിക കൊണ്ടുള്ള ചുമരും എക്സ്പോസ്ഡ് കോൺക്രീറ്റ് സീലിങ്ങും തറയോടും ഓക്സൈഡും ടൈലും ചേരുന്ന നിലവുമൊക്കെ പ്രതിഫലിപ്പിക്കുന്നത് ഞങ്ങളുടെ ഇഷ്ടങ്ങൾ തന്നെയാണ്.

akm6

പടിഞ്ഞാറുഭാഗത്ത് വഴിയും കിഴക്ക് താഴ്‌വാരവും വരുന്ന രീതിയിലായിരുന്നു പ്ലോട്ട്. വഴിക്ക് അഭിമുഖമായി വീടിനു സ്ഥാനം കണ്ടു. താഴ്‌വരയുടെയും അതിനു പിന്നിലുള്ള മലനിരകളുടെയും മനോഹാരിതയിലേക്ക് മിഴിയും മനസ്സുമെത്തും രീതിയിലാണ് പൊതുഇടങ്ങളുടെയെല്ലാം സ്ഥാനം. താഴത്തെ നിലയിലുള്ള ലിവിങ്, ഡൈനിങ്, രണ്ടാം നിലയിലെ ഫാമിലി ലിവിങ് മൂന്നാം നിലയിലെ യൂട്ടിലിറ്റി റൂം എന്നിവിടങ്ങളിൽ നിന്നെല്ലാം പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാം. ഈ ഭാഗത്ത് വരാന്തകളും സിറ്റ്ഔട്ട് മാതൃകയിലുള്ള ഇടങ്ങളും കൂടുതലായി നൽകി. കാറ്റും വെളിച്ചവും വീടിനുള്ളിലേക്കെത്തും വിധമാണ് ഈ ഭാഗത്തെ വാതായനങ്ങൾ.

akm3

താഴത്തെ രണ്ടുനിലകളിലായി മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. മൂന്നാം നിലയിൽ യൂട്ടിലിറ്റി റൂം, ഗസീബോ, 35,000 ലീറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, ഓപ്പൻ ടെറസ് എന്നിവയാണ് ഇപ്പോഴുള്ളത്.

akm2

ഭാവിയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമുള്ളൊരു ‘വർക് സ്പേസ്’ ആയി യൂട്ടിലിറ്റി റൂം മാറ്റാം. ലൈബ്രറിയോ ജിമ്മോ വേണമെങ്കിൽ ഓപ്പൻ ടെറസിൽ അതും ക്രമീകരിക്കാം. മറ്റ് ആവശ്യങ്ങൾക്കായി എളുപ്പത്തിൽ പരുവപ്പെടുത്താവുന്ന രീതിയിലാണ് ഒന്നും രണ്ടും നിലകളിലെ പൊതുഇടങ്ങളുടെ ഘടനയും. വരുംകാലത്തിന്റെ സ്വപ്നങ്ങൾക്കും ഇത്തിരി ഇടം കരുതി വെച്ചിട്ടുണ്ട് ഞങ്ങളുടെ ‘അകം’.

akm4

PROJECT FACTS

Area: 2300 sqft Owner: ജിനോജ് & ഗായത്രി Location: ഏണിക്കര, തിരുവനന്തപുരം Design: ഇഷ്ടിക ഡിസൈൻ സ്റ്റുഡിയോ, തിരുവനന്തപുരം Email: ishtika.ar@gmail.com

akm5