Monday 11 October 2021 05:02 PM IST

ഒാർതോഗണൽ ഡിസൈൻ അഥവാ ചതുരമാണ് ഈ വീടിന്റെ മെയിൻ...

Sona Thampi

Senior Editorial Coordinator

SQ46677

ഈ വീട്ടിലെ ചതുരങ്ങൾ എണ്ണാമോ? ചോദ്യം ചോദിച്ചതിനു കാരണമുണ്ട്. നേർരേഖകളും ചതുരക്കളങ്ങളും വച്ചാണ് ആർക്കിടെക്ട് ടീം വീടിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ടു തന്നെ.

SQ54333

യുഎഇയിൽ ജോലി ചെയ്യുന്ന സുനീർ കൊടുങ്ങല്ലൂരിലാണ് നാട്ടിലെ തന്റെ വീട് പണിതത്. 14 സെന്റിലെ വീടിന് സുനീർ ആവശ്യപ്പെട്ടത് ഒന്നു മാത്രം; ലാളിത്യം. നാട്ടിൽ വരുമ്പോൾ ജീവിക്കാനുള്ള വീട് ലളിതവും എളുപ്പം വൃത്തിയാക്കാൻ പറ്റുന്നതും സാധനങ്ങൾ കുത്തിനിറക്കാത്തതും ആയിരിക്കണം എന്നതായിരുന്നു ഡിമാൻഡ്. ആർക്കിടെക്ട് ടീം ആണെങ്കിൽ കഴിവതും മിനിമൽ രീതിയിൽ വീടുകൾ ഡിസൈൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും. ചുറ്റുപാടുകളോട് ചേർന്നു പോവുന്ന ‘എർതി’ നിറങ്ങളോടാണ് ആർക്കിടെക്ട് ടീമിനു പ്രിയം. അങ്ങനെ രണ്ട് സമാന ഇഷ്ടങ്ങൾ ഒന്നിച്ചപ്പോൾ ആർക്കും പ്രണയം തോന്നുന്നൊരു ലാളിത്യം വീടിനു കൈവന്നു.

Sq1309088

‘‘ഒാർതോഗണൽ ഡിസൈൻ ആയാണ് ചെയ്തിരിക്കുന്നത്. അതായത് ചതുരങ്ങൾക്കും സമചതുരങ്ങൾക്കും പ്രാധാന്യം കൊടുത്തിട്ടുള്ള ഡിസൈൻ. ടൈലിലും മതിലിലും ഭിത്തിയിലുമെല്ലാം ഇൗ മോട്ടിഫുകൾ ആവർത്തിച്ച് കൊടുത്തു,’’ ആർക്കിടെക്ട് ടീമിലെ ഇബിൻഷാ പറയുന്നു. ഇനിയൊന്നു മതിലിലേക്കു നോക്കൂ. ദീർഘചതുരത്തിലുള്ള മതിലി‍ൽ വെട്ടുകല്ലിന്റെ ഉൾഭാഗവും ചതുരത്തിൽ. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മുഴുവൻ ചതുരങ്ങൾ.

SQ3987

‘‘കഴിവതും നിർമാണവസ്തുക്കളോട് നീതി പുലർത്തണമെന്ന് ആഗ്രഹിക്കുന്നതിനാൽ ക്ലാഡിങ്ങിനു പകരം വെട്ടുകല്ല് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്,’’ ഇബിൻഷാ പറയുന്നു. അതായത്, വെട്ടുകല്ല് കാണുന്ന മതിലും ജാളി ഭിത്തികളും പോർച്ച് ഭിത്തിയുമെല്ലാം വെട്ടുകല്ലിൽ തന്നെ പണിത് ക്ലിയർ കോട്ട് അടിച്ചതാണ്. ‌മുറ്റത്ത് ചതുരത്തിലുള്ള ബാംഗ്ലൂർ സ്റ്റോൺ പേവ്മെന്റ്. വൃത്തിയാക്കൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വീടിനോടും മതിലിനോടും ചേർന്ന ഭാഗത്തും മാത്രമാണ് പുൽത്തകിടി വച്ചത്.

Sq259088

കണ്ണിനു പ്രശ്നമില്ലാത്തതും ‘ഒൗട്ട് ഒാഫ് ഫാഷൻ’ ആവാത്തതുമായ ന്യൂട്രൽ നിറങ്ങളോടാണ് ആർക്കിടെക്ട് ടീമിനു പ്രിയം. ഇൗ ഇഷ്ടം കൊണ്ടാണ് വെള്ള, ഗ്രേ, ചെങ്കൽനിറം തുടങ്ങിയവയ്ക്ക് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. മുൻവശത്ത് കാണുന്ന ചതുരക്കളങ്ങളുള്ള ചെങ്കല്ലിന്റെ ജാളി വീടിന്റെ ഭിത്തിയല്ല. ഇതിനു പിറകിൽ ഒരു സ്വകാര്യ ഗാർഡൻ സ്പേസ് ആണ്. സിറ്റ്ഒൗട്ടിൽ നിന്ന് ഇങ്ങോട്ട് ഇറങ്ങാം. ഫാമിലി ലിവിങ്ങിന്റെ ജനലുകളും ഇങ്ങോട്ടു തുറക്കാം.

SQ69878

ഇരട്ടിപ്പൊക്കമുള്ള സ്വീകരണമുറിയിൽ വെളിച്ചത്തിന് യാതൊരു കുറവുമില്ല. തിരശ്ചീനമായ അഴികളുള്ള വലിയ ജനാലകൾ. മധ്യഭാഗം ഫിക്സഡും ഇരുവശത്തേതും തുറക്കാവുന്നതുമായ ജനലുകൾ സ്വീകരണമുറിയെ പ്രകാശമാനമാക്കുന്നു. ജനലിനു പിറകിലെ ചെടികൾ നല്ലൊരു പശ്ചാത്തലം ഒരുക്കുന്നു എന്നു പറയാം. പ്രധാന വാതിൽ തുറക്കുമ്പോൾ കണ്ണുടക്കുന്നത് നേരെ പിറകിലുള്ള ഭിത്തിയിലെ ഭംഗിയുള്ള ഒരു ബുക്‌ഷെൽഫിലാണ്. മുകളിൽ നിന്ന് സൂര്യപ്രകാശം വീഴുന്ന ഇവിടിരുന്ന് വായന ആസ്വദിക്കാം.

ഒരു വശത്ത് ഡൈനിങ് ഏരിയയും മറുവശത്ത് ഫാമിലി ഏരിയയുമുള്ള ഹാളിലാണ് വീട്ടുകാർ കൂടുതൽ സമയവും. ഫാമിലി സ്പേസും ഡൈനിങ് സ്പേസും തമ്മിൽ തർക്കം ഒഴിവാക്കാൻ യഥാക്രമം വുഡൻ ഫ്ലോറിങ്ങും വിട്രിഫൈഡ് ടൈലും ഒരു നേർരേഖയ്ക്ക് അപ്പുറവും ഇപ്പുറവുമായി ക്രമീകരിച്ചു. കണ്ണിൽ കുത്താത്ത ഫർണിച്ചറാണ് എങ്ങും. ഉൗണുമേശയുെട കസേരകളും ബെഞ്ചും ഫാമിലി ഏരിയയിലെ ഇരിപ്പിടങ്ങളും വിനയത്തോടെ കിടക്കുന്നു. നേർരേഖകളോടുള്ള ഇഷ്ടം സീലിങ്ങിൽ വരെ കാണാം Ð ഗ്രൂവ് രൂപത്തിൽ.

ഫാമിലി ഏരിയയിലാണ് സ്റ്റെയറിന്റെ സ്ഥാനം. തടിയുടെ പടികളും സ്റ്റീൽ അഴികളുമെല്ലാമായി ചന്തമുള്ളൊരു സ്റ്റെയർ. അതിന്റെ മുകൾഭാഗത്തും ഒരു വശത്തും തടികൊണ്ടുള്ള അഴികളുമുണ്ട്. പ്ലൈയും വെനീറും കൊണ്ടാണ് അടുക്കളയിലെ കാബിനറ്റുകൾ. ബെഡ്റൂമുകൾ ആകെ നാല്. രണ്ടെണ്ണം വീതം താഴെയും മുകളിലും. തറയിൽ നിന്ന് ലിന്റൽ വരെ എത്തുന്ന ജനലുകളാണ് ബെഡ്റൂമുകളിൽ. കട്ടിലിന്റെ ഹെഡ്ബോർഡിന് ഭിത്തിയിൽ െകാടുത്തിരിക്കുന്ന പാറ്റേണുകൾ തീർത്തും ലളിതം. തേപ്പിൽ തന്നെ ചെയ്ത ഗ്രൂവുകളും ഫാബ്രിക് കൊണ്ട് പൊതിഞ്ഞ പ്ലൈയുമെല്ലാമാണ് അതിനുപയോഗിച്ചിരിക്കുന്നത്. കർട്ടനും ലൈറ്റിങ്ങിനും കൂടുതൽ മിഴിവ് കിട്ടുന്ന രീതിയിൽ സീലിങ് കോവ് ഡിസൈനിൽ ചെയ്തു.

SQ765544

‘‘ഭാവിയിൽ മാറ്റം വേണമെന്ന് തോന്നിയാലും ഇന്റീരിയർ പെട്ടെന്ന് മാറ്റാൻ സാധിക്കും; വീടിന്റെ ആർക്കിടെക്ചറിന് മാറ്റം വരുത്താതെ തന്നെ,’’ ഇബിൻഷാ വെളിപ്പെടുത്തുന്നു. കാലം വരുത്തുന്ന മാറ്റങ്ങൾക്കും താൻ റെഡിയാണെന്ന് പറയാതെ പറയുകയാണ് വീട്.

ഡിസൈൻ: സ്റ്റുഡിയോ മൈനസ്, കൊച്ചി design@studiominus.in

Tags:
  • Vanitha Veedu
  • Architecture