Wednesday 19 January 2022 03:09 PM IST : By സ്വന്തം ലേഖകൻ

ലിവിങ് റൂമിന് നൽകാം ഫ്ലോറൽ കുഷ്യൻസ്, ഡൈനിങ്ങിന് മിക്സഡ് ഷേഡ്: ഇരിപ്പിടത്തിന് ഏതു നിറം?

interior-sitting

കാലുകൾ നീട്ടി വച്ച് കണ്ണുകളടച്ച് റിലാക്സ് ചെയ്ത് കിടക്കാൻ വീടിന്റെ ഉമ്മറത്തൊരു ചാരുകസേര. അതായിരുന്നു ഒരുകാലത്ത് വീട്ടിലെ ഏറ്റവും പ്രൗഢമായ ഇരിപ്പിടം.

എന്നാലിപ്പോൾ മിനിമലിസലത്തിന്റെ ക്യൂട്ട് ലുക്കിലേക്ക് ഇരിപ്പിടങ്ങൾ മാറി. മെറൂൺ, ബ്രൗൺ, ബെയ്ജ് നിറങ്ങൾ വിട്ട് ഏതു നിറത്തിലും വീട്ടിലെ സോഫയെ സുന്ദരമാക്കാം എന്നായി. ഒരിക്കലും ഇരിപ്പിടത്തിൽ സ്ഥാനം കിട്ടില്ല എന്നു ക രുതിയ ബ്ലാക് ആൻഡ് വൈറ്റ് പോലും ഇപ്പോൾ സ്വീകരണമുറിയിൽ ചിരിച്ചു കൊണ്ടു നിൽക്കുന്നു.

വരാന്തയും സ്വീകരണമുറിയും ഡൈനിങ് റൂമും ബെഡ് റൂമും എന്നുവേണ്ട അടുക്കള വരെ അഴകായ് മാറ്റാൻ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഇരിപ്പടങ്ങൾ മതി.

അതിഥി മുറിക്ക് ഇളംനിറങ്ങൾ

ലിവിങ് ഏരിയയ്ക്ക് സോഫ തിരഞ്ഞെടുക്കുമ്പോൾ ലൈറ്റ് ഷേഡുകൾക്കാണ് ഇപ്പോൾ ഏറ്റവും പ്രിയം. ബെയ്ജ്, സിൽവർ, വൈറ്റ്, ഗ്രേ ഏതു തീമിലുള്ള മുറികളിലും ഇണങ്ങിച്ചേരും. മിക്സ് ആൻഡ് മാച്ച് ആയി കർട്ടന്റെയോ, ഡെക്കോറുകളുടേയോ മാച്ചിങ് കുഷ്യനുകളും നൽകാം.

വീട്ടുകാർക്കും അതിഥികൾക്കും മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഫ്ലോറൽ ഫർണിച്ചറിനു കഴിയും. ലിവിങ് റൂമിലോ ഡ്രോയിങ് റൂമിലോ മിനിമലിസം ഇഷ്ടപ്പെടുന്നവർക്ക് ലൈറ്റ് ഷേഡ് ഫ്ലോറൽ പ്രിന്റുകൾ തിരഞ്ഞെടുക്കാം.

പ്ലെയിൻ നിറങ്ങളിലുള്ള പഴയ ഫർണിച്ചർ ഫ്ലോറൽ ഔട്ട്ലുക്ക് നൽകി പുതിയതാക്കി മാറ്റാം. ഫ്ലോറൽ കുഷ്യൻസ് നൽകിയും മേക്കോവർ നടത്താം.

ഡൈനിങ് റൂമിൽ മിക്സഡ് ഷേഡ്

മുറിയുടെ വലുപ്പത്തിനും വെളിച്ചത്തിനും അനുസരിച്ചു വേണം ഡൈനിങ് റൂമിലെ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കാൻ. സിംഗിൾ നിറങ്ങളേക്കാൾ രണ്ട് മൂന്ന് നിറങ്ങളിലുള്ള ‍ഡിസൈനോടു കൂടിയ ഇരിപ്പിടങ്ങളാണ് ഇപ്പോൾ ട്രെൻഡ്. വുഡൻ ഫ്രെയിമിൽ സ്ട്രോങ് നിറങ്ങളായ ഓറഞ്ച്, മജന്ത എന്നിവയുടെ കുഷ്യൻ സീറ്റിങ് നൽകുന്നുണ്ട്. ഡൈനിങ് ടേബിളിന്റെ ഒരു വശത്ത് ഇരിപ്പിടമായി ബഞ്ചും ബാക്കി കസേരകളും ഇടുന്ന സ്റ്റൈൽ ഇപ്പോഴും ഉണ്ട്.

ബാർ ഏരിയയിൽ ബ്ലാക് ആണ് താരം. ഏത് ക ളർ തീമിന്റെ കൂടെയും മിക്സ് ചെയ്യാമെന്നതും കറുപ്പ് നിറത്തിന്റെ മെച്ചമാണ്.

ഫോക്കൽ പെയിന്റായി ഫ്ലൂറസെന്റ്

പിങ്ക്, പച്ച, മഞ്ഞ തുടങ്ങിയ ഫ്ലൂറസെന്റ് നിറങ്ങളിലുള്ള ചെയറുകളെ ഫോക്കൽ പോയിന്റായി ഉപയോഗിക്കാം. അതായത് മുറിക്കുള്ളിലെ ഏതെങ്കിലും ഒരു കോർണർ അൽപം മുന്നിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അവിടെ ഫ്ലൂറസെന്റ് നിറത്തിലുള്ള ചെയർ നൽകാം.

വെളിച്ചം കുറവുള്ളതോ, കുറച്ച് ഇരുണ്ട ഫ്ലോറിങ് ഉള്ളതോ ആയ റൂം ആണെങ്കിൽ ഫ്ലൂറസെന്റ് നിറത്തിലുള്ള ഒന്നോ രണ്ടോ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കാം. പഴയ മരത്തിന്റെ കടഞ്ഞെടുത്ത കസേരകൾക്ക് മോഡേൺ ഫ്ലൂറസെന്റ് ലുക്ക് നൽകിയും മേക്കോവർ നടത്താം. ഫ്ലൂറസെന്റ് ഇരിപ്പിടങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അവയുടെ എണ്ണം മിനിമൽ ആയിരിക്കണം എന്നതാണ്.

വിവരങ്ങൾക്കു കടപ്പാട് :
രഞ്ജിത് പുത്തൻപുരയിൽ
ഇന്റീരിയർ ഡിസൈനർ,
രഞ്ജിത് അസോഷ്യേറ്റ്സ്, കൊച്ചി