അരുവിത്തുറ വെയിൽകാണാപ്പാറയിലെ 125 വർഷത്തിലേറെ പഴക്കമുള്ള പ്ലാത്തോട്ടത്തിൽ തറവാട് കേടുപാടുകളെല്ലാം തീർത്ത് പുതുക്കിപ്പണിതിരിക്കുന്നു. പ്ലാത്തോട്ടത്തിൽ എന്നു പറയുമ്പോൾ പി.സി. ജോർജിന്റെ തറവാട് തന്നെ. പി.സിയുടെ പിതാവ് ചാക്കോച്ചന്റെ ഇളയ സഹോദരൻ എസ്തപ്പാന്റെ മകൻ ചാക്കോച്ചൻ എന്നു വിളിക്കുന്ന ലാൽസൺ പി. സ്റ്റീഫനും കുടുംബവുമാണ് ഇപ്പോൾ ഇവിടെ താമസം.

പഴയ വീട് പൊളിച്ച് പുതിയതു പണിയരുതോ എന്നു ചോദിക്കുന്നവരോട് ‘ പഴയതല്ലേ... അതങ്ങനെ കളയാൻ പറ്റുമോ’ എന്നേ സ്റ്റീഫന് പറയാനുണ്ടായിരുന്നുള്ളൂ. പാരമ്പര്യത്തിന്റെ മൂല്യവും പഴയതിന്റെ വിലയും നന്നായി അറിയാമായിരുന്നതു കൊണ്ടാണ് തറവാട് പൊളിക്കുന്നതിനെപ്പറ്റി ചിന്തിക്കുക കൂടി ചെയ്യാഞ്ഞത് എന്ന് ചാക്കോച്ചൻ പറയുന്നു.
പറമ്പിൽ നിന്നിരുന്ന പടുകൂറ്റൻ ആഞ്ഞിലിയും പ്ലാവും തേക്കുമൊക്കെ വെട്ടിയാണ് വീടുപണിതത് എന്ന് കാരണവന്മാർ പറഞ്ഞുള്ള ഓർമയുണ്ട് ചാക്കോച്ചന്. ആശാരിമാർ അവിടെത്തന്നെ താമസിച്ചായിരുന്നു വീടുപണി. ഒറ്റത്തടിയിലുള്ളതാണ് ഉത്തരവും ബീമുകളും. നല്ല മൂപ്പെത്തിയ തടി മാത്രമേ അന്ന് ഉപയോഗിച്ചിരുന്നുള്ളൂ. നൂറ് വർഷത്തിലധികം പിന്നിട്ടിട്ടും തടിക്ക് കാര്യമായ കേടൊന്നും ഇല്ലാത്തതിന്റെ കാരണം അതാണെന്ന് ചാക്കോച്ചൻ ഉറപ്പിക്കുന്നു.
മുൻവശത്ത് നീളൻ വരാന്തയും ഉള്ളിൽ അറയും നിരയുമുള്ള രീതിയിലായിരുന്നു വീട്. തടികൊണ്ടായിരുന്നു ചുമരുകൾ മുഴുവൻ. ഒന്നല്ല, രണ്ട് അറകളാണ് വീടിനുള്ളിലുണ്ടായിരുന്നത്. പകുതി ഭൂമിക്കടിയിൽ വരുന്ന രീതിയിലായിരുന്നു ഒരെണ്ണം. മുറികളുടെ ഘടനയ്ക്കൊന്നും മാറ്റം വരുത്താതെയാണ് വീടു പുതുക്കിയത്. മച്ച്, മേൽക്കൂര തുടങ്ങി വളരെക്കുറച്ചിടത്തു മാത്രം കേടുവന്ന തടി മാറ്റി. തടി മുഴുവനായി പോളിഷ് ചെയ്തു. ഉള്ളിൽ മാറ്റ് ഫിനിഷും പുറംഭാഗത്ത് ഗ്ലോസി ഫിനിഷും നൽകി. വീട്ടുകാരുടെ ‘സ്വന്തം ഐഡിയ’അനുസരിച്ചായിരുന്നു പണികളെല്ലാം.

സിമന്റ് തറയായിരുന്നു മുൻപ്. അതു മുഴുവനായി മാറ്റി ടൈൽ ഒട്ടിച്ചു. തടിയുടെ തന്നെ പുതിയ ഫർണിച്ചർ പണിയിച്ചു.
ഇപ്പോൾ വീടു കാണുന്ന എല്ലാവർക്കും ഒന്നേ പറയാനുള്ളൂ. ‘ഗംഭീരമായിരിക്കുന്നു... അല്ലെങ്കിലും പഴയതിന് പകരം നിൽക്കാൻ പുതിയതിനാകുമോ?’