തിരുവനന്തപുരത്തു പരേഡ് നയിച്ച മേജർ സി. എസ്. ആനന്ദ് അമ്മ സുശീലയെ ചേർത്തുനിർത്തിയ വൈറൽ ചിത്രം പ്രചരിച്ചത് ഈ തലക്കെട്ടിൽ, ‘വേറിട്ടൊരു കാഴ്ച: തൂപ്പുകാരിയായി ജോലി ചെയ്തു മകനെ മേജറാക്കിയ അമ്മ.’
സോഷ്യൽ മീഡിയയിൽ ആരോ പ്രചരിപ്പിച്ച കഥയുടെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണത്തിൽ കേട്ടത് ഏതു സ്ത്രീയുടെയും മനസ്സുണർത്തുന്ന ജീവിത കാഴ്ചപ്പാടാണ്.
തച്ചോട്ടുകാവ് പിടാരത്തെ ആശിർവാദ് എന്ന വീട്ടിലിരുന്നു സുശീല എന്ന അമ്മ സംസാരിച്ചതു വൈറലായ കഥയല്ല, റിയലായ ജീവിതകഥയാണ്. മകൻ സൈനികജോലി തുടങ്ങിയ കാലത്തു തന്നെയാണ് പട്ടം പിഎസ്‌സി ഓഫിസിൽ ക്ലാസ് ഫോർ ജീവനക്കാരിയായി സുശീലയ്ക്കു ജോലി കിട്ടിയത്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു പതിനൊന്നര വരെയാണു ജോലി സമയം. ആറിനു മുൻപുണർന്നു റെഡിയായി ഓഫിസിലേക്കു പോകാൻ ഉത്സാഹമാണു സുശീലയ്ക്ക്.

‘‘പാങ്ങോട് ക്യാംപിലേക്കു സ്ഥലംമാറി വന്ന മോൻ റിപ്പബ്ലിക് ദിന പരേഡ് നയിച്ചതു കാണാൻ ഞങ്ങളെല്ലാവരും കൂടി പോയി. അവിടെ വച്ച് എടുത്ത ഫോട്ടോ ഇത്തരത്തിൽ പ്രചരിപ്പിക്കുമെന്നു ചിന്തിച്ചു പോലുമില്ല. മേജറായ മോൻ അമ്മയെ ജോലിക്കു വിടുന്നതെന്തിന് എന്നാണ് എല്ലാവരും ചോദിക്കുന്നത്. 18 വർഷമായി ഈ ജോലി ചെയ്യുന്നു, രണ്ടു വർഷം കൂടി കഴിഞ്ഞാൽ പെൻഷനാകും. എനിക്കു ജോലിയൊന്നും ഇല്ലാത്ത കാലത്ത് അമ്മ വിഷമത്തോടെ പറയുമായിരുന്നു, ‘പദ്മനാഭന്റെ പത്തു ചക്രം കൈനീട്ടി വാങ്ങാൻ യോഗം വേണ’മെന്ന്. എനിക്ക് ആ യോഗം വന്നതു കണ്ടിട്ടാണ് അമ്മ സന്തോഷത്തോടെ കണ്ണടച്ചത്. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുന്നത് അഭിമാനമല്ലേ.’’
അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.