കന്റെംപ്രറി, ട്രെഡീഷനൽ ശൈലികളുടെ മനോഹരമായ സമന്വയമാണ് കൊടുങ്ങല്ലൂരിലെ ഫൈസൽ റഹ്മാന്റെ വീടിനെ വേറിട്ടതാക്കുന്നത്. ഏഴംഗങ്ങളുള്ളതിനാൽ നാല് കിടപ്പുമുറികൾ വേണമെന്നതായിരുന്നു ആവശ്യം. 3700 ചതുരശ്രയടിയുള്ള വീടാണ് ആർക്കിടെക്ട് തനു ഷാനവാസ് ഒരുക്കിയിരിക്കുന്നത്. പ്ലോട്ടിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് പണിതത്. മരങ്ങളെല്ലാം മുറിക്കാതെ നിലനിർത്തി. ചുറ്റിലുമുള്ള പച്ചപ്പിനിണങ്ങും വിധം പച്ച നിറത്തിലുള്ള ഒാടാണ് മേൽക്കൂരയ്ക്ക്.

‘T’ ജംക്ഷനിലാണ് വീടിരിക്കുന്നതെന്നതിനാൽ വീട്ടിലേക്കു രണ്ട് പ്രവേശനകവാടങ്ങൾ നൽകിയിട്ടുണ്ട്. വാഹനങ്ങൾക്കു പ്രവേശിക്കാൻ സാധാരണ ഗെയ്റ്റും കാൽനടക്കാർക്ക് പടിപ്പുരയും. മനോഹരമായി ലാൻഡ്സ്കേപ്പിങ് ചെയ്ത മുറ്റത്തിന്റെ ഭംഗി കൂട്ടാൻ താമരക്കുളവുമുണ്ട്. പടിപ്പുര കയറി വരുമ്പോഴേ കുളം കാണാം.

മഴവെള്ള സംഭരണത്തിന്റെ ഭാഗമാണ് ഈ താമരക്കുളം. എന്നുമാത്രമല്ല, കുളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളം കിണർ റീചാർജിങ്ങിനായി ഉപയോഗിക്കുന്നു. മുന്നിലെ വരാന്ത ‘U’ ആകൃതിയിലാണ്. വരാന്തയിലെ ബെഞ്ചിലിരുന്ന് തൊട്ടരികിലെ കുളത്തിലെ മത്സ്യങ്ങളെയും അവിടെയെത്തുന്ന പക്ഷികളുടെയും കാഴ്ച ആസ്വദിക്കുന്നത് വീട്ടുകാരുടെ ഇഷ്ടവിനോദമാണ്. ടെറാക്കോട്ട ടൈലും ലപ്പോത്രയുമാണ് വരാന്തയിലെ ഫ്ലോറിങ്ങിന്.

ഫോയറും ലിവിങ്ങും കോർട്യാർഡും ഡബിൾഹൈറ്റിലാണ്. പൊതുഇടങ്ങളിൽ വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കാൻ ഇതു സഹായിക്കുന്നു. രാത്രിയിൽ ഒരൊറ്റ ലൈറ്റ് കൊണ്ട് രണ്ടുനിലകളിലെയും പൊതുഇടങ്ങളെ പ്രകാശമാനമാക്കാം എന്ന ഗുണവുമുണ്ട്. അതുവഴി വൈദ്യുതി ലാഭിക്കാം. ലിവിങ്ങും ഡൈനിങ്ങും തമ്മിലുള്ള പാർട്ടീഷന്റെ പ്രത്യേകത അതിലെ ‘റൊട്ടേറ്റിങ് ടിവി യൂണിറ്റാ’ണ്. അതായത് ആവശ്യാനുസരണം ടിവി ഏതു മുറിയിലേക്കും തിരിച്ചു വയ്ക്കാൻ സാധിക്കുന്ന രീതിയിലാണ് ടിവി യൂണിറ്റ് നിർമിച്ചിരിക്കുന്നത്.

ഡൈനിങ്ങിനും അടുക്കളയ്ക്കും ഇടയിലായാണ് ചെടികൾ വച്ചു ഭംഗിയാക്കിയ, വുഡൻ ഡെക്കിങ് ചെയ്ത ഡബിൾഹൈറ്റിലുള്ള കോർട്യാർഡ്. ഇവിടം മൾട്ടിപർപസ് സ്പേസ് ആയാണ് പ്രവർത്തിക്കുന്നത്. അടുക്കളയിൽ നിന്ന് കോർട്യാർഡിലേക്ക് ഓപനിങ്ങുണ്ട്. പാൻട്രി/ബ്രേക്ഫാസ്റ്റ് ടേബിൾ, പാചകം ചെയ്തു കൊണ്ടു കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യം തുടങ്ങി പല പ്രയോജനങ്ങൾക്കുതകുന്ന രീതിയിലാണ് ഇവിടം ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വകാര്യത വേണ്ടപ്പോൾ റോളർ ഷട്ടർ ഉപയോഗിച്ച് മറയ്ക്കുകയുമാകാം.
പ്ലൈവുഡ് ലാമിനേറ്റ് കൊണ്ടാണ് കിച്ചൻ കാബിനറ്റ്. രണ്ടു കിടപ്പുമുറികളിൽ ബേ വിൻഡോ സീറ്റിങ് ക്രമീകരിച്ചിട്ടുണ്ട്. ഗോവണിക്കു താഴെ സ്റ്റഡി ഏരിയ സജ്ജീകരിച്ചു.

പ്രകൃതിദത്ത വെളിച്ചവും കാറ്റും വീടിനുള്ളിൽ ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് മീറ്ററിനു മുകളിലായി ‘ഹങ് വിൻഡോ’ നൽകിയതും വെന്റിലേഷനു സഹായിക്കുന്നു. സീലിങ്ങിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തത് ചൂടും ചെലവും കുറച്ചു. ഓഫ് ഗ്രിഡ് സോളറും നൽകിയിട്ടുണ്ട്.

ഡിസൈൻ: തനു ഷാനവാസ്, ആർക്കിടെക്ട്, ഫോൺ – 99950 49767, 9567401068, ഇ മെയിൽ – ar.thanu.shanavas@gmail.com